X

വിദ്യാഭ്യാസ നയത്തിലെ കാണാപ്പുറങ്ങള്‍

 

ചുനക്കര ഹനീഫ

ഇപ്പോള്‍ പിന്തുടര്‍ന്നുവരുന്ന 1986 ലെ വിദ്യാഭ്യാസ നയം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് തലനാരിഴ കീറി പരിശോധിച്ച് ആവശ്യമായ ഭേദഗതികള്‍ അംഗീകരിച്ച് ഇന്ത്യന്‍ ജനതയുടെ ആത്മാവിന്റെ കൈയ്യൊപ്പ് വാങ്ങിയശേഷമാണ് നടപ്പിലാക്കിയത്. പുതിയ വിദ്യാഭ്യാസ നയം അത്തരത്തിലുള്ള ജനാധിപത്യ നടപടിക്രമങ്ങളില്‍നിന്ന് വഴിമാറിയാണ് സഞ്ചരിച്ചത്. പുതിയ നയത്തിന്റെ കരടുരേഖ പുറത്തുവന്നപ്പോള്‍ തന്നെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. അത്തരം ആക്ഷേപങ്ങള്‍ കണ്ടില്ലെന്നു നടിച്ചും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ ഭേദഗതികളും നിര്‍ദ്ദേശങ്ങളും മുഖവിലക്കെടുക്കാതെയുമാണ് പുതിയ നയവുമായി സര്‍ക്കാര്‍ മുമ്പോട്ടുപോയത്. ഉള്ളടക്കത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്നാല്‍ പക്ഷപാതിത്വം നിഴലിക്കുന്നതും സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവരെ പരിഗണിക്കാതെയുള്ള നിര്‍ദ്ദേശങ്ങളുമാണെന്ന് കാണാന്‍ കഴിയും. പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമല്ലാതിരുന്ന അംഗന്‍വാടി/ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം കൂടി ഉള്‍പ്പെടുത്തി മൂന്നു വയസ് മുതല്‍ ആറ് വയസു വരെയുള്ള കാലയളവും ആറു വയസ് മുതല്‍ 8 വയസ് വരെയുള്ള കാലളവും ചേര്‍ത്ത് ഒന്നും രണ്ടും ക്ലാസുകള്‍ ഉള്‍പ്പെടെ ഫൗണ്ടേഷണല്‍ സ്റ്റേജായി പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുമ്പോള്‍ പൊതുവിദ്യാലയങ്ങളോടുചേര്‍ന്ന് അംഗന്‍വാടി/ പ്രീ പ്രൈമറി സ്‌കൂളുകള്‍ സ്ഥാപിക്കുമെന്നോ അതിനുള്ള പദ്ധതി എന്തെന്നോ പറയുന്നില്ല. നിലവിലുള്ള ലക്ഷക്കണക്കിനു അംഗന്‍വാടി വര്‍ക്കര്‍മാരെ യും ഹെല്‍പര്‍മാരെയും പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമാക്കുമെന്നൊ പറയുന്നില്ല. രാജ്യത്ത് നിലവിലുള്ള അംഗന്‍വാടികളെ ലോകോത്തര നിലവാരമുള്ളവയാക്കി മാറ്റുമെന്നും അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് ആറു മാസത്തെ പ്രത്യേക പരിശീലനം നല്‍കുമെന്നുമാണ് പറയുന്നത്. 2025 ഓടുകൂടി എല്ലാ സെക്കണ്ടറി സ്‌കൂളുകളും സര്‍വ്വ സജ്ജമാക്കണമെന്നും അത്തരം സ്‌കൂളുകളുടെ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ അംഗന്‍വാടികളും പ്രീ പ്രൈമറി പ്രൈമറി സ്‌കൂളുകളും ഈ സ്ഥാപനത്തിന്റെ ഭൗതിക സൗകര്യം ഉപയോഗപ്പെടുത്തണമെന്നും സ്‌കൂള്‍ കോംപ്ലക്‌സുകളുമായി ബന്ധിപ്പിക്കണമെന്നുമാണ് നിര്‍ദ്ദേശിക്കുന്നത്. ഈ നിര്‍ദ്ദേശത്തോടെ വീണ്ടും അര നൂറ്റാണ്ടു പിന്നിലേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്.
കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അന്നത്തെ സാഹചര്യത്തില്‍ ഈ നിര്‍ദ്ദേശം ഉന്നയിച്ചിരുന്നതാണ്. ആ നിര്‍ദ്ദേശം തന്നെ വീണ്ടും കടമെടുക്കുമ്പോള്‍ പഴയ കുറ്റിയില്‍ തന്നെയാണ് നാം കറങ്ങുന്നതെന്ന വസ്തുതക്കുനേരെ കണ്ണടച്ചിട്ടു കാര്യമില്ല. സെക്കണ്ടറി സ്‌കൂളുകള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം മെച്ചപ്പെട്ട സൗകര്യങ്ങളോടു കൂടിയ പ്രീ പ്രൈമറി/ പ്രൈമറി സ്‌കൂളുകള്‍ രാജ്യത്തെമ്പാടും സ്ഥാപിച്ചാലേ പാര്‍ശ്വവല്‍ക്കൃത പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം കൈയെത്തുംദൂരത്ത് ലഭ്യമാകൂ. മൂന്നു വയസ് മുതല്‍ ആറ് വയസ് വരെയുള്ള കാലയളവിലെ ഫൗണ്ടേഷണല്‍ വിദ്യാഭ്യാസം തുടര്‍ച്ചയായ അഞ്ചു വര്‍ഷമാണെന്നതിനാല്‍ മതിയായ പ്രീ പ്രൈമറി സ്‌കൂളുകളുടെ അഭാവം വന്‍തോതില്‍ പ്രീപ്രൈമറി സ്‌കൂളുകളുടെ വാണിജ്യവത്കരണത്തിനും അതിലൂടെ കൊള്ള ലാഭത്തിനുമുള്ള അവസരമായി മാറാന്‍ ഇടയുണ്ടാകും. അത്തരം സാഹചര്യങ്ങള്‍ സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും വലിയ തിരിച്ചടിയാകും. ഹെല്‍ത് ചെക്കപ്പിനെക്കുറിച്ചും മോണിറ്ററിങിനെക്കുറിച്ചും പറഞ്ഞത് നല്ല കാര്യമാണെങ്കിലും ശേഖരിക്കപ്പെടുന്ന ആരോഗ്യ സംബന്ധമായ അടിസ്ഥാന വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഇല്ലാതില്ല. ഇതുവരെ പിന്തുടര്‍ന്നുവന്നിരുന്നത് വിദ്യാര്‍ത്ഥി സൗഹൃദ ബോധന രീതിയായിരുന്നെങ്കില്‍ പുതിയ നയത്തില്‍ അധ്യാപക കേന്ദ്രീകൃത ബോധന രീതിക്കാണ് മുന്‍തൂക്കം. ക്ലാസ്മുറിയിലെ ബോധന രീതിശാസ്ത്രം അധ്യാപകന്റെ താല്‍പര്യത്തിനനുസരിച്ചു മാറുമ്പോള്‍ അധ്യാപകന്റെ അറിവിന്റെ ഉയര്‍ന്ന നിലവാരത്തിലേക്ക് ബോധനം വഴിമാറുകയും വിദ്യാര്‍ത്ഥി സൗഹൃദമല്ലാതായി മാറുകയും പഠന വിരസതക്കു കാരണമായിതീരുകയും ചെയ്യും.
വിവിധ ഫെലോഷിപ്പുകള്‍ക്കും പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും ഡിഗ്രി, ഡിഗ്രിയെതര കോഴ്‌സുകള്‍ക്കും സ്വയം ഭരണാധികാരത്തോടുകൂടിയ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി സംവിധാനം നിലവില്‍വരുന്നു. ഇത് വിദ്യാഭ്യാസത്തിന്റെ സാമൂഹ്യ നീതിവല്‍ക്കരണത്തിന് ഗുണകരമാകുമൊ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചും ഭാഷാന്യൂനപക്ഷങ്ങളെ സംബന്ധിച്ചും മൗനം പാലിക്കുന്നു. എല്ലാവിധ സ്‌കോളര്‍ഷിപ്പുകളും ഒരു ഏജന്‍സിയുടെ കീഴില്‍ പുനസംഘടിപ്പിക്കുന്നതിലൂടെ സ്വതന്ത്രാധികാരമുള്ള പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജുമെന്റിന്റെ നിയന്ത്രണത്തിനുവിധേയമാക്കിയാല്‍ സ്‌കോളര്‍ഷിപ്പുകള്‍ക്കും നിയന്ത്രണങ്ങള്‍ പ്രതീക്ഷിക്കാം. അത് ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക് തിരിച്ചടിയാകാന്‍ സാധ്യത കൂടുതലാണ്. ഭാവി തലമുറ ഇനി ഒരു വിഷയത്തെക്കുറിച്ചും ആഴത്തില്‍ പഠിച്ചും ഗവേഷണം നടത്തിയും അറിവ് നേടേണ്ടതില്ലെന്നതാണ് പുതിയ നയത്തിന്റെ പോരായ്മ. എം.ഫില്‍ കോഴ്‌സ് നിര്‍ത്തല്‍ ചെയ്തത് ഇതിന്റെ ഭാഗമാണെന്ന് കരുതാം. മതപരമായും സാംസ്‌കാരികപരമായും നാനാത്വം പുലര്‍ത്തുന്ന രാജ്യത്ത് ഇന്ത്യന്‍ സമ്മിശ്ര സംസ്‌കാരത്തിന്റെ സമ്പന്നത ഉള്‍ക്കൊള്ളുക വിദ്യാഭ്യാസ പ്രക്രിയയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതിനാല്‍ അതിനുകൂടി മുന്‍തൂക്കം നല്‍കേണ്ടിയിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും സ്വതന്ത്രഅധികാരത്തോടുകൂടിയ സ്റ്റേറ്റ് സ്‌കൂള്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി എന്ന സ്ഥാപനമായിരുക്കും ഇനി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരവും സുരക്ഷിതത്വവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് സ്ഥാപനം നിലനിര്‍ത്തണമൊ വേണ്ടയൊ എന്നു തീരുമാനിക്കുന്നത്. സാമ്പത്തികാധിപത്യത്തിന്റെ പിന്‍ബലത്തില്‍ സൂപ്പര്‍ ഹൈടെക് സംവിധാനങ്ങള്‍ ഉള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തഴച്ചുവളരാനുള്ള സുവര്‍ണ്ണാവസരമായി ഇത് മാറുകയും ക്രമേണ പൊതുമേഖലയിലെ സ്ഥാപനങ്ങള്‍ അപ്രത്യക്ഷമാകാന്‍ ഇടയാകുകയും ചെയ്യുമെന്ന ആശങ്ക തള്ളിക്കളയാവതല്ല. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍പെട്ടവര്‍ക്കും സാമൂ ഹ്യമായും വിദ്യാഭ്യാസപരമായും പിന്നില്‍നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും ദേശീയ ഓപ്പണ്‍സ്‌കൂള്‍ സ്ഥാപനം വഴി 3,5,8 ക്ലാസുകള്‍ക്ക് തുല്യമായ എ.ബി.സി നിലവാരത്തിലുള്ള പരീക്ഷകളും 10,12 ക്ലാസുകള്‍ക്കു തുല്യമായ സെക്കണ്ടറി വിദ്യാഭ്യാസ പരിപാടികളും നടപ്പാക്കുമെന്നു പറയുന്നു. 2025 ഓടുകൂടി ഉന്നത വിദ്യാഭ്യാസ മേഖലയില്‍നിന്നും സ്‌കൂളുകളില്‍ നിന്നും അന്‍പതു ശതമാനം വിദ്യാര്‍ത്ഥികളെയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കുമെന്നും അടുത്ത ദശകത്തില്‍ ഇത്തരംസ്ഥാപനങ്ങളെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവുമായി സംയോജിപ്പിക്കുമെന്നതും നല്ലതായി തോന്നാമെങ്കിലും കേവലമായ തൊഴില്‍ പരിശീലനത്തിനപ്പുറം ആധുനിക വൈദഗ്ധ്യത്തോടുകൂടിയ ഉയര്‍ന്ന നിലവാരത്തിലുള്ള വിദേശ രാജ്യങ്ങളിലടക്കം അംഗീകരിക്കുന്ന തൊഴില്‍ പരിശീലനത്തിനാകണം പ്രാധാന്യം നല്‍കേണ്ടത്.
ഭാഷാപഠനത്തിലും മുന്‍വിധിയോടുകൂടിയ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഒരുഭാഷയും അടിച്ചേല്‍പ്പിക്കില്ലെന്നു പറയുന്നുണ്ടെങ്കിലും ചില ഭാഷകളുടെ നിലനില്‍പുതന്നെ അപകടത്തിലാക്കുന്നതാണ് പുതിയ നയം. ത്രിഭാഷാനയം തുടരുമെങ്കിലുംചില നിബന്ധനകള്‍ക്കുവിധേയമാണ് ഭാഷാനയം. ചില ഭാഷകളോടുള്ള അയിത്തം പ്രകടമാണ്. സംസ്ഥാനങ്ങള്‍ക്കും കുട്ടിക്കും തീരുമാനിക്കാമെന്നും അപ്രകാരം തീരുമാനിക്കുമ്പോള്‍ മൂന്നില്‍ രണ്ടു ഭാഷകള്‍ ഇന്ത്യന്‍ ഭാഷകളായിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് ഉള്ളത്. രണ്ട് ഇന്ത്യന്‍ ഭാഷകള്‍ എന്ന് നിബന്ധന വെച്ചതിലൂടെ സംസ്‌കൃതവും ഹിന്ദിയും കഴിഞ്ഞാല്‍ വിവിധ സംസ്ഥാനങ്ങളിലെ മാതൃ ഭാഷകളോ പ്രാദേശിക ഭാഷകളൊ ആയിരിക്കും പിന്നെ അവശേഷിക്കുന്നത്. ഈ ഭാഷാ നയ വ്യതിയാനം വിവിധ സംസ്ഥാനങ്ങളില്‍ തുടര്‍ന്നുവരുന്ന പല ഭാഷകളും ഉന്മൂലനം ചെയ്യപ്പെടുന്നതിലേക്കോ പഠന സൗകര്യം നിഷേധിക്കപ്പെടുന്നതിലേക്കോ വഴിതെളിക്കും. ഫൗണ്ടേഷണല്‍ ഘട്ടം മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖല വരെ സംസ്‌കൃതം പഠിക്കാന്‍ അവസരമുള്ളപ്പോള്‍ ചില ഭാഷകള്‍ക്ക് കടിഞ്ഞാണിടുന്ന സ്ഥിതിയാണുള്ളത്. ഇന്ത്യന്‍ ഭാഷകള്‍കള്‍ക്കും ഇംഗ്ലീഷിനും പുറമെ ലോക വിജ്ഞാനവും സംസ്‌കാരവും നേടാന്‍ വിദേശ ഭാഷകളായ കൊറിയന്‍, ജാപനീസ്, തായ്, ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, റഷ്യന്‍ ഭാഷകള്‍ പഠിക്കാന്‍ സെക്കണ്ടറി തലത്തില്‍ അവസരമുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന് മുഖ്യപങ്കു വഹിച്ചതും ഭാരതീയസംസ്‌കാരത്തിനുംസാഹിത്യത്തിനും ഒട്ടറെ സംഭാവനകള്‍ നല്‍കിയതും ഇന്ത്യന്‍ ഭാഷകളുടെ ഗണത്തില്‍പ്പെട്ടതുമായ ഉറുദു ഭാഷയുടെ പേര് ഒരിടത്തും പരാമര്‍ശിച്ചിട്ടില്ലെന്നത് ഖേദകരംതന്നെ. പൗരാണിക കാലം മുതല്‍ ഇന്ത്യയുമായി അടുത്ത ബന്ധവും സൗഹൃദവും പുലര്‍ത്തുന്ന ഗള്‍ഫ് നാടുകളിലെ മാതൃ ഭാഷയായ അറബി അവിടങ്ങളിലെ ഏതാണ്ടെട്ട് മില്യന്‍ ഇന്ത്യ ജനതയുടെ അന്നത്തിന്റെ ഭാഷകൂടിയായിരുന്നിട്ടുപോലും നിരവധി വിദേശ ഭാഷകളെക്കുറിച്ച് വാചാലമാകുന്ന പുതിയ നയത്തില്‍ വിദൂര സാന്നിധ്യമായിപ്പോലും പരാമര്‍ശമില്ല. ഭാഷകളെപോലും വംശീയവത്കരിക്കുന്നതിലേക്ക്ചിന്തയെ എത്തിച്ച കാലത്തെയോര്‍ത്ത് ഉത്കണ്ഡപ്പെടുകയല്ലാതെ മറ്റെന്തു ചെയ്യാന്‍.

 

web desk 1: