X
    Categories: columns

കേരള ബാങ്ക് എന്ന അടുക്കള വിപ്ലവം

ജനങ്ങളുടെ സമ്പത്ത് അവരിലേക്കുതന്നെ തുല്യമായി വീതിച്ചുനല്‍കുകയാണ് ആധുനിക ക്ഷേമ രാഷ്ട്രത്തിന്റെ കാഴ്ചപ്പാട്. ഇതിനെയാണ് സോഷ്യലിസം അഥവാ സ്ഥിതി സമത്വം എന്ന് നാം വിളിച്ചുപോരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ ബ്രിട്ടനില്‍ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കപ്പെടുന്നതും ഈയൊരു ലക്ഷ്യം മുന്നില്‍കണ്ടുകൊണ്ടായിരുന്നു. ഒരു തരത്തിലുള്ള സാമ്പത്തികമായ ജനകീയ ജനാധിപത്യമാണ് ഇതുകൊണ്ട് വിവക്ഷിക്കപ്പെട്ടത്. എന്നാല്‍ സഹകരണ പ്രസ്ഥാനത്തിന്റെ ശതാബ്ദി വേളയില്‍ അതിനെ ഇഞ്ചിഞ്ചായി കഴുത്തുഞെരിച്ചു കൊല്ലുന്ന നയങ്ങളും നിലപാടുമാണ് ഭരണകൂടങ്ങള്‍ മിക്കതും സ്വീകരിച്ചുപോരുന്നതെന്നത് ഏറെ ആശങ്കയുളവാക്കുന്നു. സാധാരണക്കാരുടെയും താഴേക്കിടയിലുള്ളവരുടെയും പണം ലാഭക്കൊതിയന്മാരല്ലാത്ത ആവശ്യക്കാരിലേക്ക് എത്തിക്കുകയാണ് സഹകരണ പ്രസ്ഥാനംകൊണ്ട് പ്രാഥമികമായി ലക്ഷ്യമിടുന്നത്. ഇതിന് ഇപ്പോള്‍ കഴിയുന്നുണ്ടോ എന്ന ചോദ്യമാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ആവിഷ്‌കരിച്ചുനടപ്പാക്കിയ കേരള ബാങ്ക് കൊണ്ട് ഉയര്‍ന്നിരിക്കുന്നത്. എഴുപതിനായിരം കോടി രൂപ നിക്ഷേപവും അതിലേറെ ആസ്തികളുമുള്ള കേരളത്തിലെ ജില്ലാ ബാങ്കുകളെയും സഹകരണ മേഖലയെയും കറവപ്പശുവായി കാണുന്നതാണ് ഇടതു സര്‍ക്കാരിന്റെ നയമെന്നുവേണം കേരള ബാങ്കുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിലയിരുത്തുമ്പോള്‍ തോന്നുക.
കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിന് മുമ്പുതന്നെ കേരളത്തിലെ ത്രിതല സഹകരണ പ്രസ്ഥാനത്തെ രണ്ടായി വിഭജിച്ച് കേരള ബാങ്ക് രൂപീകരിക്കുക എന്ന നയം ഇടതുപക്ഷമുന്നണി സ്വീകരിച്ചിരുന്നു. അതിനനുസൃതമായ പ്രകടനപത്രികയാണ് തിരഞ്ഞെടുപ്പിനുമുമ്പ് മുന്നണി പുറത്തിറക്കിയത്. കേള്‍ക്കുമ്പോള്‍ ഏറെ ഭാവനാസമ്പന്നമെന്നു തോന്നിക്കുന്ന ആശയമാണ് കേരള ബാങ്ക് കൊണ്ട് ഇടതുമുന്നണി സംസ്ഥാനത്തെ ജനതയുടെ മുന്നിലേക്ക് വെച്ചത്. എന്നാലിന്ന് കേരള ബാങ്ക് രൂപീകരണം കീറാമുട്ടിയായി തുടരുന്ന കാഴ്ചയാണ് ഇടതു ഭരണത്തിന്റെ നാലാം വാര്‍ഷികത്തിന് ശേഷവും കാണാന്‍ കഴിയുന്നത്. മതിയായ ഗൃഹപാഠത്തിന്റെ അഭാവവും അനാവശ്യമായ തിടുക്കവും അനവധാനതയും ആത്മപ്രശംസയുമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ ആണിക്കല്ലായ സഹകരണ ബാങ്കുകളെ ആന കയറിയ കരിമ്പിന്‍ പാടമായി മാറ്റിയിരിക്കുന്നത്.
14 ജില്ലാസഹകരണ ബാങ്കുകളെ നിലവിലെ സംസ്ഥാനസഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടതെങ്കിലും സഹകാരികളായ വലിയ വിഭാഗം ജനങ്ങളുടെയും നിക്ഷേപകരുടെയും എതിര്‍പ്പും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങളുമാണ് ഇല്ലത്തുനിന്ന് തുടങ്ങി അമ്മാത്തൊട്ടെത്തിയതുമില്ല എന്ന അവസ്ഥയിലേക്ക് സംസ്ഥാനത്തെ സഹകരണ ബാങ്കിംഗ് മേഖലയെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. 14ല്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഈ ആശയത്തിന്റെ അപ്രായോഗികതയും സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും ദുഷ്ടലാക്കും തിരിച്ചറിഞ്ഞുകൊണ്ട് ആദ്യം മുതല്‍തന്നെ കേരള ബാങ്കിനെതിരായ നിലപാടാണ് സ്വീകരിച്ചത്. എന്തുതന്നെ എതിര്‍പ്പുകളും ന്യായവാദങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടാലും സഹകാരികളുടെ സ്വത്തില്‍ കൈവെക്കാന്‍ അവര്‍ക്ക് പുറത്തുള്ളവരെയോ ഇടതു സര്‍ക്കാരിനെയോ അനുവദിക്കില്ലെന്ന ധീരമായ തീരുമാനമാണ് മലപ്പുറം ജില്ലാബാങ്കും അത് ഭരിക്കുന്ന മുസ്്‌ലിംലീഗും സ്വീകരിച്ചത്. യു.ഡി.എഫിന്റെ പൊതുവായ നയത്തിന് അനുസൃതവുമായിരുന്നു ഇത്. കേരളബാങ്ക് രൂപീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിയുമ്പോഴും പ്രസ്തുത ബാങ്ക് ഇനിയും യാഥാര്‍ഥ്യമാകാത്തതിന് കാരണം സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയും ദുര്‍വാശിയുമാണ്. മലപ്പുറം ജില്ലാബാങ്കും യു.ഡി.എഫും മുസ്‌ലിംലീഗും മുന്നോട്ടുവെക്കുന്നത് കേരള ബാങ്ക് എന്ന ആശയംതന്നെ റദ്ദാക്കി പഴയ ത്രിതല വ്യവസ്ഥയിലേക്ക് കേരളത്തിലെ സഹകരണ ബാങ്കുകളെ തിരിച്ചുകൊണ്ടുവരണമെന്നാണ്.
റിസര്‍വ് ബാങ്ക് കേരള ബാങ്കിന് താല്‍കാലികാനുമതിയാണ് നിലവില്‍ നല്‍കിയിട്ടുള്ളത്. അതും സംസ്ഥാന സഹകരണ ബാങ്ക് എന്ന പേരിനുമാത്രവും. എന്നാല്‍ കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ നടത്തിയ കേരള ബാങ്ക് ഉദ്ഘാടനമാമാങ്കങ്ങളും ഉദ്യോഗസ്ഥരുടെ വിന്യാസവുമെല്ലാം പഴയ കുപ്പിയിലെ പുതിയ വീഞ്ഞ് എന്ന തോന്നലാണ് ജനങ്ങളിലുളവാക്കുന്നത്. ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണ സമിതികള്‍ക്കാണ് കേരള ബാങ്കില്‍ അഥവാ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിക്കണമോ വേണ്ടയോ എന്ന ്തീരുമാനിക്കാനുള്ള അവകാശമെന്ന് റിസര്‍വ ്ബാങ്ക് നല്‍കിയ 19 ഇന നിബന്ധനകളില്‍ എടുത്തുപറയുന്നുണ്ട്. ജില്ലാബാങ്കുകള്‍ ഘടക സമിതികളുടെ യോഗം ചേര്‍ന്ന് ഇതിന് അനുമതി നല്‍കേണ്ടതുണ്ട്. സംസ്ഥാന ബാങ്ക് ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ അനുമതി ചോദിച്ചിട്ടും കോടതി അത് നല്‍കിയിട്ടില്ല. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം കഴിഞ്ഞദിവസം ഡിവിഷന്‍ ബെഞ്ചും ശരിവെച്ചിരിക്കുകയാണ്.
ഭരണസമിതിയുടെ കാലാവധി അവസാനിച്ച് മൂന്നു വര്‍ഷത്തിനകം പുതിയ ഭരണസമിതി ചുമതലയേല്‍ക്കണമെന്നാണ് സഹകരണ നിയമമെന്നിരിക്കെ നിലവില്‍ ജില്ലാബാങ്ക് ഭരണ സമിതികള്‍ ആ കാലാവധിയിലേക്ക് അടുക്കുകയാണ്. ആദായ നികുതി വിധേയമാക്കുക, പ്രവാസി നിക്ഷേപം സ്വീകരിക്കാതിരിക്കുക തുടങ്ങിയ വ്യവസ്ഥകളും നിബന്ധനകളിലുണ്ട്. മതിയായ ജീവനക്കാരുടെയും വിവര സാങ്കേതികതയുടെയും അഭാവം കേരള ബാങ്കിനെ ഇതര പൊതുമേഖലാബാങ്കുകള്‍ക്കിടയില്‍ ശ്വാസംമുട്ടിച്ച് കൊല്ലുമെന്ന ഭയം വിദഗ്ധരും സാധാരണക്കാരും ഒരുപോലെ പങ്കുവെക്കുകയാണ്. ഇനി പൊതുമേഖലാ-ഷെഡ്യൂള്‍ഡ് ബാങ്കുകളെ പോലെ സാങ്കേതികവിദ്യ നേടിയാല്‍ തന്നെയും സാധാരണക്കാരുടെയും ചെറുകിട വ്യവസായികളുടെയും വ്യാപാരികളുടെയും കര്‍ഷകരുടെയും ആവശ്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ കേരള ബാങ്കിന് കഴിയുമോ എന്ന ആധിയും പരക്കെയുയരുന്നുണ്ട്. കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും ഏറ്റവുംഅടുത്ത,് ഏറ്റവും എളുപ്പത്തില്‍ ചെറിയ സാമ്പത്തിക സഹായമാണ് സഹകരണമേഖല ഇതുവരെയും പ്രാപ്്തമാക്കിയതെങ്കില്‍ ഇടതുസര്‍ക്കാരിന്റെ തലതിരിഞ്ഞ സാമ്പത്തിക നയം ഇതെല്ലാം പൊളിച്ചടുക്കുകയാണ്. പറ്റിയ പിഴ ഏറ്റുപറഞ്ഞ് സംസ്ഥാന-ജില്ലാ-പ്രാഥമിക സംവിധാനത്തിലേക്ക് കേരളത്തിലെ സഹകരണ മേഖലയെ തിരിച്ചെത്തിക്കുകയാണ് പിണറായി സര്‍ക്കാരിന് ജനങ്ങളോടും പാവപ്പെട്ടവരോടും കൂറുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ചെയ്യേണ്ടത്. രാജ്യം കടുത്ത സാമ്പത്തിക പ്രയാസത്തിലകപ്പെട്ടിരിക്കവെ സാധാരണക്കാര്‍ക്ക് ആശ്വാസമാകേണ്ട സഹകരണ മേഖലയെ പൊന്‍മുട്ടയിടുന്ന താറാവിനെപോലെ കൊന്നു തിന്നുന്നതിനെ കലികാലവൈഭവം എന്നേ പറയേണ്ടൂ.

 

web desk 1: