X
    Categories: columns

കാര്‍ഷിക നിയമങ്ങളും അവശ്യസാധന നിയമ ഭേദഗതിയും ആര്‍ക്കുവേണ്ടി

 

 

അഡ്വ. മുഹമ്മദ് ഷാ

കാര്‍ഷിക സൗഹൃദ നിയമങ്ങള്‍ എന്ന വ്യാജേനെ പാര്‍ലമെന്റില്‍ മൂന്ന് ബില്ലുകള്‍ പാസ്സാക്കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള അധികാരം ഒരു ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര സര്‍ക്കാറിനുണ്ടോ എന്ന ആദ്യ ചോദ്യത്തിന്റെ മറുപടിയോടെ തുടങ്ങാം. ഭരണഘടനയുടെ 246 ാം അനുച്ഛേദമനുസരിച്ചുള്ള 7 ാം ഷെഡ്യൂള്‍ ആണ് നിയമം നിര്‍മിക്കാനുള്ള കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും അധികാരങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഷെഡ്യൂള്‍ 7ല്‍ കേന്ദ്രത്തിന് നിയമനിര്‍മ്മാണം നടത്താവുന്ന 97 എന്‍ട്രികളും സംസ്ഥാനങ്ങള്‍ക്ക് നിയമ നിര്‍മ്മാണം നടത്താവുന്ന 66 എന്‍ട്രികളും കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമ നിര്‍മാണം നടത്താവുന്ന 47 എന്‍ട്രികളും 3 ലിസ്റ്റുകളിലായി പ്രതിപാദിച്ചു. കേന്ദ്രത്തിന് അധികാരം നല്‍കുന്ന ഒന്നാം ലിസ്റ്റിലുള്‍പ്പെടുന്ന ഒരു എന്‍ട്രിയിലും നിയമം നിര്‍മ്മിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലാത്തതും സംസ്ഥാനങ്ങള്‍ക്ക് നിയമം നിര്‍മ്മിക്കാവുന്ന രണ്ടാം ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഒരു എന്‍ട്രിയിലും നിയമം നിര്‍മ്മിക്കാന്‍ കേന്ദ്രത്തിന് അധികാരമില്ലാത്തതുമാണ് എന്ന് ഭരണഘടനയുടെ 246 ാം അനുച്ഛേദം അസന്നിഗ്ധമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഷെഡ്യൂളിലെ മൂന്നാം ലിസ്റ്റായ കണ്‍കറന്റ് ലിസ്റ്റില്‍ കേന്ദ്ര നിയമം ഉണ്ടാക്കുമ്പോള്‍ രണ്ടാം ലിസ്റ്റില്‍ വരുന്ന സംസ്ഥാനത്തിന്റെ എന്‍ട്രികളില്‍ പൊരുത്തക്കേട് വരാന്‍ പാടില്ലാത്തതുമാണ്. കൃഷി എന്നതും മാര്‍ക്കറ്റ് എന്നതും സംസ്ഥാനത്തിന് അധികാരമുള്ള രണ്ടാം ലിസ്റ്റിലെ എന്‍ട്രി 14 ലും 28 ലും പെട്ടതാണ് ഏഴാം ഷെഡ്യൂളിലെ 3ഉം 33ഉം എന്‍ട്രിയായ വ്യാപാരവും വാണിജ്യവും സംസ്ഥാനത്തിലും കേന്ദ്രത്തിലും ഒരുപോലെ അധികാരമുള്ളതാണ്. അതിനോടൊപ്പം കേന്ദ്രത്തിനധികാരമുള്ള ഒന്നാം ലിസ്റ്റിലെ 42 ാം എന്‍ട്രിയായ അന്തര്‍ സംസ്ഥാന വ്യാപാരം വാണിജ്യം എന്ന എന്‍ട്രിയും ഉപയോഗപ്പെടുത്തിയാണ് ഈ നിയമം ഉണ്ടാക്കിയത്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് പരമാവധി വില ലഭിക്കുന്നതിനാണ് കാര്‍ഷിക ഉത്പന്ന വിപണന സംഘം (അജങഇ) രൂപീകരിക്കുന്നതിനുള്ള നിയമങ്ങള്‍ സംസ്ഥാനങ്ങള്‍ ഉണ്ടാക്കുന്നത്. മഹാരാഷ്ട്ര ഉള്‍പ്പെടെയുളള 13 സംസ്ഥാനങ്ങളില്‍ നിലവില്‍ ഉത്പന്ന വിപണന സംഘം നിയമങ്ങള്‍ ഉള്ളതാണ്. കേരളത്തില്‍ അത്തരമൊരു സംവിധാനം നിലവില്‍ രൂപീകരിക്കപ്പെട്ടിട്ടില്ല. ഇടനിലക്കാര്‍ കുറഞ്ഞവിലക്ക് കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങിക്കൂട്ടുകയും മാര്‍ക്കറ്റില്‍ വലിയ വിലക്ക് വില്‍ക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് അജങഇ മാര്‍ക്കറ്റുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. രാജ്യത്തൊട്ടാകെ 2477 പ്രാഥമിക ഉത്പന്ന വിപണന സംഘം മാര്‍ക്കറ്റുകളും 4843 ഉപമാര്‍ക്കറ്റുകളും നിലവിലുണ്ട്. ഈ മാര്‍ക്കറ്റുകളൊക്കെ നിലനില്‍ക്കെ ഇടനിലക്കാര്‍ക്ക് നിയമപരമായിത്തന്നെ ഇടപെട്ട് കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങിക്കൂട്ടി സംഭരിക്കാനും വിലനിശ്ചയിച്ച് രാജ്യത്ത് വില്‍ക്കാനും രാജ്യത്തിന് പുറത്ത് കയറ്റുമതി ചെയ്യാനുമുളള സാഹചര്യം ഒരുക്കികൊടുക്കലാണ് ആത്യന്തികമായി ഈ നിയമങ്ങളുടെ ഫലം. കയറ്റുമതിയും രാജ്യവ്യാപകമായ കണ്‍സ്യൂമര്‍ സ്റ്റോറുകളുടെ ശൃംഖലയും ഉപയോഗപ്പെടുത്തിക്കൊണ്ട് കാര്‍ഷിക ഉത്പന്നങ്ങളുടെ വില തീരുമാനിക്കാന്‍ ഇടനിലക്കാരുടെ രൂപത്തില്‍ കോര്‍പറേറ്റുകളെത്തുന്നു എന്നതാണ് യഥാര്‍ത്ഥ ആശങ്ക. ഉത്പന്ന വിപണന സംഘം മാര്‍ക്കറ്റുകളെ ആശ്രയിക്കാതെ വില്‍പ്പന നടത്താം എന്ന് കര്‍ഷകര്‍ തീരുമാനിച്ചാല്‍ ഈ മാര്‍ക്കറ്റുകളെല്ലാം ഒടുവില്‍ നിറുത്തിപോകേണ്ടിവരും. അത്തരം സാഹചര്യത്തില്‍ ഇടനിലക്കാരല്ലാതെ മറ്റാരെയും കര്‍ഷകര്‍ക്ക് ആശ്രയിക്കാന്‍ കഴിയില്ല. ടെലികോം മേഖലയിലും മറ്റും കുറഞ്ഞനിരക്കില്‍ കടന്നുകയറ്റം നടത്തിയ കുത്തകകളുടെ കയ്യിലാണല്ലോ ഇന്ന് ടെലികോം മേഖലയുടെ നിയന്ത്രണം. ആവശ്യസാധനമെന്നത് ടെലികമ്യൂണിക്കേഷനേക്കാള്‍ ജന ജീവിതത്തിന് അത്യന്തം അനിവാര്യമാണ് എന്നത് കൊണ്ടുതന്നെ ഈ മേഖലയിലുളള കോര്‍പറേറ്റുകളുടെ കുത്തകവത്കരണം എല്ലാ ജനങ്ങളേയും ബാധിക്കുന്നു. ചെറുകിടക്കാര്‍ ഇടനിലക്കാരായി വന്നാല്‍പോലും കോര്‍പറേറ്റുകളുമായി മത്‌സരിച്ച് ജയിക്കാന്‍ കഴിയാതെ ഒടുവില്‍ ഇല്ലാതാവുകയുള്ളൂ. ഈ നിയമത്തിന് കര്‍ഷക സൗഹൃദനിയമമെന്ന് ഓമനപ്പേരിട്ടാലും അവസാനം കോര്‍പറേറ്റുകള്‍ നിര്‍ണ്ണയിക്കുന്ന ഉത്പന്നങ്ങള്‍മാത്രം കോര്‍പറേറ്റുകള്‍ നിര്‍ണ്ണയിക്കുന്ന വിലക്ക് നല്‍കാതെ നിവൃത്തിയില്ലാത്ത സാഹചര്യം ഉണ്ടാവും. തത്വത്തില്‍ താങ്ങുവില നല്‍കുന്ന ഉത്പന്ന വിപണന സംഘം മാര്‍ക്കറ്റുകളെ നശിപ്പിച്ച് കോര്‍പറേറ്റ് ഇടനിലക്കാര്‍ക്ക് ഇടം ഉണ്ടാക്കി കൊടുക്കലാണ് ഈ നിയമനിര്‍ണ്ണയങ്ങളുടെ ഉദ്ദേശം.
കാര്‍ഷിക ഉത്പന്ന വ്യാപാര വാണിജ്യ (പ്രോത്‌സാഹിപ്പിക്കല്‍ സൗകര്യപ്പെടുത്തല്‍) നിയമം 2020 നിഷ്‌കര്‍ഷിക്കുന്നത് ഉത്പന്ന വിപണന സംഘം മാര്‍ക്കറ്റുകള്‍ക്ക് പുറത്ത് ഓണ്‍ലൈന്‍ ഇലക്‌ട്രോണിക് വ്യാപാരങ്ങളും ഇടപാടുകളും നടത്താനുള്ള പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടാക്കി അതിലൂടെ കാര്‍ഷിക ഉത്പന്നങ്ങള്‍ കര്‍ഷകരെക്കൊണ്ട് കച്ചവടം നടത്തിക്കുക എന്നതാണ്. ആ്വദ്യഘട്ടത്തില്‍ കണ്‍സ്യൂമര്‍ ഔട്‌ലെറ്റുകളുടെയും കയറ്റു മതിയുടെയും പിന്തുണയോടെ കൂടിയ വിലക്ക് കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ രൂപത്തില്‍വരുന്ന കുത്തകകള്‍ക്ക് സാധിക്കും. എന്നാല്‍ ഉത്പന്ന വിപണന സംഘം മാര്‍ക്കറ്റുകള്‍ പൂട്ടികഴിഞ്ഞാല്‍ കര്‍ഷകരെ ചൂഷണം ചെയ്യാന്‍ കുത്തകകള്‍ക്ക് സാധിക്കുമെന്നുമാത്രമല്ല പൊതുസമൂഹവും കുത്തകകള്‍ നിര്‍ണ്ണയിക്കുന്ന വിലക്ക് കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങേണ്ടിവരും.
കര്‍ഷക (ശാക്തീകരണ സംരക്ഷണ) വിലയുറപ്പ് സേവന കരാര്‍ നിയമത്തില്‍ സ്‌പോണ്‍സര്‍മാരുടേയും സേവന ദാതാക്കളുടേയും രൂപത്തില്‍ കുത്തകകള്‍ക്ക് കടന്നുകയറാന്‍ അവസരം കൊടുക്കുകയാണ്. ഈ നിയമത്തിന്റെ രണ്ടാം അധ്യായം കൃഷിക്കരാര്‍വെക്കുന്നത് സംബന്ധിച്ചാണ്. കൃഷി തുടങ്ങുന്നതിന് മുമ്പ്തന്നെ ഉത്പന്നം ഏതുവേണമെന്നും എന്തു വിലക്ക് വാങ്ങാമെന്നും സ്‌പോണ്‍സര്‍മാര്‍ കര്‍ഷകന് നിര്‍ദേശം നല്‍കും. ഉത്പന്ന വിപണന സംഘം മാര്‍ക്കറ്റുകള്‍ ഉള്ള സാഹചര്യത്തില്‍ കര്‍ഷകന് ഏതു ഉത്പന്നം വേണം എന്ന കാര്യത്തിലും വിലയുടെ കാര്യത്തിലും അഭിപ്രായം പറയാന്‍ സാധിക്കും. ഉത്പന്ന വിപണന സംഘം മാര്‍ക്കറ്റുകള്‍ നിര്‍ത്തലാക്കിയാല്‍ സ്‌പോണ്‍സര്‍മാരുടെ രൂപത്തില്‍ വരുന്ന കുത്തകകള്‍ പറയുന്ന ഉത്പന്നങ്ങള്‍ അവര്‍ ആവശ്യപ്പെടുന്ന വിലക്ക് നല്‍കുകയല്ലാതെ നിവര്‍ത്തിയില്ലാതെയാകുന്നു. കാര്‍ഷിക ഉത്പന്നങ്ങള്‍ ഏതുവേണമെന്ന് കുത്തകകള്‍ തീരുമാനിക്കുന്നത് രാജ്യത്തെ ജനങ്ങളുടെ ആവശ്യകത നോക്കിയായിരിക്കില്ല. എന്നാല്‍ ആ ഉത്പന്നം മൂലം കുത്തക കമ്പനികള്‍ക്ക് ലഭിക്കുന്ന ലാഭത്തിന്റെ നിരക്കിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. മാര്‍ക്കറ്റില്‍ ലഭ്യമല്ലാത്ത ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്കാവശ്യമായിവന്നാല്‍ ഇറക്കുമതി ചെയ്തിട്ടായാലും കുത്തകകള്‍ നിര്‍ണയിക്കുന്ന വിലക്ക് വാങ്ങേണ്ട അവസ്ഥ ജനങ്ങള്‍ക്കുണ്ടാകുന്നു. ആവശ്യസാധന നിയമത്തിന്റെ ഭേദഗതി കര്‍ഷക സൗഹൃദ തലക്കെട്ടോടെയാണ് അവതരിപ്പിച്ചതെങ്കിലും അതില്‍ കുത്തകകള്‍ക്ക് പരമാവധി ഉത്പന്നങ്ങള്‍ സംഭരിക്കാനുള്ള അവസരം പരോക്ഷമായി നല്‍കിയിട്ടുണ്ട്.
ഇന്ത്യ സോഷ്യലിസ്റ്റ് സ്വഭാവത്തില്‍നിന്നും മുതലാളിത്ത സ്വഭാവത്തിലേക്ക് വഴിമാറുന്നു. ഭൂരിപക്ഷമുപയോഗിച്ച് അത് നടപ്പില്‍ വരുത്തുന്നു. ചോദ്യം ചെയ്താല്‍ ഇത് കര്‍ഷകര്‍ക്ക് വേണ്ടി ഉണ്ടാക്കിയത് എന്ന് പറയും. ഉത്പന്ന വിപണന സംഘം മാര്‍ക്കറ്റുകളെല്ലാം പൂട്ടിയതിനുശേഷം കര്‍ഷകര്‍ അതിനെ ചോദ്യം ചെയ്താല്‍ നിങ്ങള്‍ താല്‍പര്യമുണ്ടെങ്കില്‍ കൃഷി ചെയ്താല്‍ മതി എന്നു പറയും. ഒന്നുകില്‍ കാര്‍ഷിക സേവന ദാതാക്കളുടെ രൂപത്തിലോ അല്ലെങ്കില്‍ നേരിട്ടോ ഉത്പാദനവും കുത്തകകളുടെ കയ്യിലെത്തിയേക്കും. പ്രതിരോധിക്കാതെ നിവൃത്തിയില്ല. എന്നാല്‍ ഈ പ്രതിരോധം കൊണ്ടോ പ്രതിഷേധം കൊണ്ടോ അര്‍ത്ഥമുണ്ടോയെന്നറിയില്ല. കേന്ദ്ര സര്‍ക്കാരിന് ഭരണഘടനപരമായി സാധിക്കാത്തത് ഭൂരിപക്ഷത്തിന്റെ തണലില്‍ ചെയ്തുകൊണ്ട് ഈ നിയമങ്ങള്‍ ഉണ്ടാക്കിയത് കുത്തകകളെ സഹായിക്കുന്നതിനാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.

web desk 1: