X
    Categories: columns

ഖുര്‍ആനും കമ്യൂണിസ്റ്റ് നിലപാടുകളും

 

 

സുഫ്‌യാന്‍ അബ്ദുസ്സലാം

‘പൂവന്‍പഴം കൊണ്ട് കഴുത്തറുക്കുക’ എന്ന ചൊല്ല് മലയാളികള്‍ക്ക് വളരെ സുപരിചിതമാണ്. കൂടെനിന്ന് സൗഹൃദം നടിച്ച് ആളെ കൊല്ലുക എന്നാണ് പഴഞ്ചൊല്ലിന്റെ സാരം. ആധുനിക കമ്യൂണിസ്റ്റുകള്‍ മുസ്‌ലിംകളോട് ചെയ്തുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. വിശുദ്ധ ഖുര്‍ആനെ പഴഞ്ചനെന്നും കാലത്തിനു യോജിക്കാത്ത, ചവറ്റുകൊട്ടയില്‍ എറിയേണ്ട ഗ്രന്ഥമെന്നുമെല്ലാം കാലാകാലങ്ങളിയായി ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്ന പഴയകാല കമ്യൂണിസ്റ്റുകള്‍ ആധിപത്യം കിട്ടിയപ്പോഴൊക്കെ ഖുര്‍ആന്‍ നിരോധിക്കാനും പള്ളികള്‍ അടച്ചുപൂട്ടാനും ഖുര്‍ആന്റെ അനുയായികളെ ഉന്മൂലനം ചെയ്യാനും മാത്രമേ ശ്രമിച്ചിട്ടുള്ളൂ എന്നത് ചരിത്രവസ്തുതയാണ്.
കമ്യൂണിസത്തിന്റെ ഏറ്റവും ഉന്നതവും പ്രകടവുമായ രൂപം സോവിയറ്റ് റഷ്യയിലായിരുന്നല്ലോ. 1922 ല്‍ സോവിയറ്റ് റഷ്യ രൂപം കൊള്ളുമ്പോള്‍ 26000 മുസ്‌ലിം പള്ളികള്‍ അവിടെ ഉണ്ടായിരുന്നുവെങ്കില്‍ 1941 ആയപ്പോഴേക്ക് കേവലം ആയിരമായി അത് ചുരുങ്ങി. ഖുര്‍ആന്റെ അനേകായിരം കോപ്പികള്‍ ചുട്ടെരിക്കപ്പെട്ടു. ഇസ്‌ലാം നിരോധിക്കപ്പെട്ടു. നിരീശ്വരത്വം ഔദ്യോഗിക മതമായി പ്രഖ്യാപിച്ച രാജ്യത്ത് പിന്നീട് ഇസ്‌ലാമിക ആചാരങ്ങള്‍ നിര്‍വഹിക്കുന്നത് പോലും തടയപ്പെട്ടു. ഖുര്‍ആന്‍ മദ്രസകള്‍ മുഴുവന്‍ അടച്ചുപൂട്ടി. നിരീശ്വരത്വത്തെ രാജ്യത്തിന്റെ ഔദ്യോഗിക ‘മത’മായി അവതരിപ്പിച്ച കമ്യൂണിസ്റ്റുകള്‍ രാജ്യത്ത് ഒരു സായുധ നാസ്തികത (ാശഹശമേി േമവേലശാെ) ഇസ്‌ലാമിക വിശ്വാസികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചു. പക്ഷേ വിശുദ്ധ ഖുര്‍ആനിലെ ആശയങ്ങളെ നെഞ്ചോട് ചേര്‍ത്തിരുന്ന അവിടുത്തെ മുസ്‌ലിംകളെ സായുധ നാസ്തികതയിലൂടെ ചിന്താപരമായി മരവിപ്പിക്കാമെന്നും ബൗദ്ധികമായി കീഴ്‌പെടുത്താമെന്നും കരുതിയ കമ്യൂണിസ്റ്റുകള്‍ക്ക് വിജയിക്കാനായില്ല. വംശീയ ഉന്മൂലനം (ലവേിശര രഹലമിശെിഴ) ആയിരുന്നു കമ്യൂണിസ്റ്റുകള്‍ കണ്ട മറ്റൊരു പോംവഴി. ഇത് സോവിയറ്റ് യൂണിയന്റെ മാത്രം അവസ്ഥയായിരുന്നില്ല. ചൈനയിലും ഇതര കമ്യൂണിസ്റ്റ് രാജ്യങ്ങളിലും അങ്ങനെ തന്നെയായിരുന്നു. മാവോ സെതുങിന്റെ കാര്‍മ്മികത്വത്തില്‍ ചൈനീസ് സാംസ്‌കാരിക വിപ്ലവത്തിന്റെ (ഇവശിലലെ ഈഹൗേൃമഹ ഞല്ീഹൗശേീി) ഭാഗമായി രൂപംകൊണ്ട ‘റെഡ് ഗാര്‍ഡ്‌സ്’ തകര്‍ത്ത പള്ളികളുടെയും നശിപ്പിച്ച മുസ്ഹഫുകളുടെയും എണ്ണം കണക്കില്ലാത്തതാണ്.
ഖുര്‍ആന്‍ മാനവിക വിരുദ്ധ ഗ്രന്ഥമാണെന്നും തീവ്രവാദത്തിനും ഭീകരവാദത്തിനും ചൂട്ടുപിടിക്കുന്ന സംഹിതയാണെന്നുമെല്ലാം തെറ്റിദ്ധരിപ്പിച്ചുകൊണ്ടായിരുന്നു കമ്യൂണിസം കഴിഞ്ഞ ദശകങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. അതിന്റെ ഭാഗമായാണ് ഖുര്‍ആന്‍ ചുട്ടെരിച്ചിരുന്നതും ഇസ്‌ലാമിക വിശ്വാസികളെ കൂട്ടക്കൊല ചെയ്തിരുന്നതും പള്ളികളും സ്ഥാപനങ്ങളും നശിപ്പിച്ചിരുന്നതും. പക്ഷേ അതുകൊണ്ട് ഖുര്‍ആനെയോ ഇസ്‌ലാമിനെയോ നശിപ്പിക്കാന്‍ സാധ്യമല്ലെന്നു കണ്ട കമ്യൂണിസ്റ്റുകള്‍ വംശീയ ഉന്മൂലനത്തിനു കോപ്പുകൂട്ടി. ഖുര്‍ആനെതിരെ കമ്യൂണിസ്റ്റുകള്‍ ഉയര്‍ത്തിവിട്ട യുദ്ധങ്ങളെല്ലാം ഖുര്‍ആന്റെ പ്രചാരണത്തിന് കാരണമായി. പ്രശസ്ത മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന റോജര്‍ ഗരോഡിയെ പോലെ ഒട്ടനവധി കമ്യൂണിസ്റ്റ് ചിന്തകര്‍ ഖുര്‍ആന്റെ വക്താക്കളായി. അവര്‍ ഇസ്‌ലാം മതം സ്വീകരിച്ചു. അടിച്ചേല്‍പ്പിക്കപ്പെടുന്ന കമ്യൂണിസ്റ്റ് ആശയങ്ങളോട് എതിര്‍പ്പ് പ്രകടപ്പിച്ച മാക്‌സിം റോഡിന്‍സനെ പോലെയുള്ളവര്‍ ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച സാമ്പത്തിക വീക്ഷണമാണ് മുതലാളിത്തത്തിന് പകരമായി ലോകത്തിന് പകരം വെക്കാനുള്ളതെന്നു സിദ്ധാന്തിച്ചു. മുതലാളിത്തത്തിന്പകരം നില്‍ക്കാന്‍ കമ്യൂണിസത്തിന് സാധിക്കില്ലെന്നും അദ്ദേഹം വിളിച്ചുപറഞ്ഞു. കമ്യൂണിസത്തിന് ഖുര്‍ആന് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയ കമ്യൂണിസ്റ്റ് ആചാര്യന്മാര്‍ ഖുര്‍ആന് തീവ്രവാദ മുഖം നല്‍കി തെറ്റിദ്ധരിപ്പിക്കാനായിരുന്നു പിന്നീട് ശ്രമിച്ചത്.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഖുര്‍ആന്‍ വിമര്‍ശനത്തിലും ഇസ്‌ലാം വിരോധത്തിലും സോവിയറ്റിനെയും ചൈനയെയും മാതൃകയാക്കി. കമ്യൂണിസത്തിന് നിരക്കാത്ത ജനാധിപത്യ മാര്‍ഗത്തിലൂടെ ലോകത്താദ്യമായി സര്‍ക്കാര്‍ രൂപീകരിച്ച കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ നിരന്തരം ഒളിഞ്ഞും തെളിഞ്ഞും ഖുര്‍ആനെയും ഇസ്‌ലാമിക ശരീഅത്തിനെയും അറബി ഭാഷയെയും കടന്നാക്രമിച്ചു. മുസ്‌ലിംലീഗിന്റെ ശക്തമായ സാന്നിധ്യമാണ് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് കേരളത്തില്‍ മുസ്‌ലിം സമുദായത്തിന്റെ മുമ്പോട്ടുള്ള ഗമനത്തിന് തടസ്സം നില്‍ ക്കാന്‍ സാധിക്കാതെ പോയത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ചോദ്യം ചെയ്യപ്പെടാത്ത സ്വര്‍ഗങ്ങളായി അറിയപ്പെട്ടിരുന്ന ബംഗാളിലും ത്രിപുരയിലും രാഷ്ട്രീയ ഭരണമേഖലകളില്‍ മുസ്‌ലിം സമുദായത്തിന് മുമ്പോട്ട് കുതിക്കാന്‍ സാധിക്കാതെപോയത് മുസ്‌ലിംലീഗിന്റെ ശക്തമായ സാന്നിധ്യമില്ലാത്തത് കൊണ്ടായിരുന്നു എന്നത് ഇതിനോടൊപ്പം മനസ്സിലാക്കേണ്ട യാഥാര്‍ഥ്യമാണ്. കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ മസ്തിഷ്‌കങ്ങളില്‍ രൂഢമൂലമായ ഖുര്‍ആനിക പ്രതിബദ്ധത നിര്‍വീര്യമാക്കുന്നതിനുവേണ്ടി അവരെ മസ്തിഷ്‌കപ്രക്ഷാളനം നടത്തി നിരീശ്വരത്വവും നാസ്തികതയും അവരില്‍ സന്നിവേശിപ്പിക്കാനാണ് മാര്‍ക്‌സിസ്റ്റ് ബുദ്ധികേന്ദ്രങ്ങള്‍ ശ്രമിച്ചിരുന്നത്. ചിന്ത, പ്രഭാത് പോലെയുള്ള പ്രസിദ്ധീകരണാലയങ്ങള്‍ ഖുര്‍ആനിക ആശയങ്ങള്‍ക്കെതിരെ നിരന്തരം ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. യുറീക്ക പോലെയുള്ള പ്രസിദ്ധീകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ട് അവര്‍ വിദ്യാര്‍ത്ഥികളില്‍ നിരീശ്വരത്വം കുത്തിവെക്കാന്‍ ശ്രമിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്തും മാര്‍ക്‌സിസ്റ്റ് അധ്യാപക സംഘടനകളും ഇതിനുവേണ്ടി ധാരാളം യത്‌നിച്ചു. വിദ്യാഭ്യാസ നവീകരണത്തിന്റെ മറവില്‍ ‘ഭാഷ ബോധനം’ എന്ന പേരില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അടുക്കളകളില്‍ പാകം ചെയ്തുകൊണ്ടിരുന്ന നിയമങ്ങള്‍ മുഴുവനും ഖുര്‍ആന്റെ ഭാഷയായ അറബിയെ ഇല്ലാതാക്കുന്നതിന് വേണ്ടിയായിരുന്നു. കലാ സാഹിത്യ രംഗങ്ങളില്‍ പിടിമുറുക്കി മുസ്‌ലിം സമുദായത്തെ ഖുര്‍ആനില്‍ നിന്നകറ്റി അവരില്‍ നിരീശ്വരത്വം കുത്തിവെക്കാന്‍ വേണ്ടിയായിരുന്നു ‘ജ്ജ് നല്ല മന്‌സനാകാന്‍ നോക്ക്’ തുടങ്ങിയ നാടകങ്ങള്‍ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികര്‍ ആവിഷ്‌കരിച്ചത്. ഖുര്‍ആന്‍ പഠന കേന്ദ്രങ്ങളില്‍നിന്നും മദ്‌റസകളില്‍ നിന്നുമെല്ലാം മതകാര്യങ്ങള്‍ ആത്മാര്‍ത്ഥമായും പഠിച്ചു മനസ്സിലാക്കി വന്ന മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ മനസ്സിലേക്ക് നിര്‍മത ചിന്തകളെ തിരുകിക്കയറ്റുന്നതിനുവേണ്ടി പാഠപുസ്തകങ്ങളില്‍ ‘മതമില്ലാത്ത ജീവന്‍’ തുടങ്ങിയ പേരില്‍ അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ ശ്രമിച്ച മാര്‍ക്‌സിസ്റ്റ് കുബുദ്ധികളുടെ കുത്സിത ശ്രമങ്ങള്‍ കേരളം മറന്നിട്ടില്ല. ‘മതമല്ല മതമല്ല മതമല്ല പ്രശ്‌നം, എരിയുന്ന പൊരിയുന്ന വയറാണ് പ്രശ്‌നം’, ‘ഞങ്ങളിലില്ലാ ഹൈന്ദവ രക്തം, ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം, ഞങ്ങളിലില്ലാ മുസ്‌ലിം രക്തം, ഞങ്ങളിലുള്ളത് മാനവരക്തം’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിദ്യാര്‍ത്ഥികളെക്കൊണ്ടും യുവാക്കളെക്കൊണ്ടും വിളിപ്പിച്ചിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തെക്കുറിച്ച് വലിയ പ്രതീക്ഷയുണ്ടായിരുന്നു. ഖുര്‍ആനും ഇസ്‌ലാമും മറ്റു മതങ്ങളൊന്നുമില്ലാത്ത ഒരു ‘ഉട്ടോപ്യന്‍’ സാമ്രാജ്യം.
പക്ഷേ, കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ നിരന്തര ബോധവത്കരണ പ്രവര്‍ത്തനങ്ങളും മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ ഇടപെടലുകളും കമ്യൂണിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായി. മുസ്‌ലിം സമുദായത്തില്‍ ചേക്കാറാമെന്നു വിചാരിച്ച് പലവിധ ശ്രമങ്ങള്‍ നടത്തിയ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് മുസ്‌ലിം സമുദായത്തിന്റെ ഹൃദയ ഭിത്തികളെ ഭേദിക്കാന്‍ കഴിഞ്ഞില്ല. ഭരണത്തിന്റെ മുഷ്‌ക്ക് ഉപയോഗിച്ച് ശരീഅത്തിനെയും അറബി ഭാഷയെയും ഖുര്‍ആനെയും തളര്‍ത്താമെന്നു വിചാരിച്ചവര്‍ മുസ്‌ലിം ജനതയുടെ സമരങ്ങള്‍ക്ക് മുമ്പില്‍ തളര്‍ന്നുവീണു. മുസ്‌ലിം സമുദായം നടത്തുന്ന സമരങ്ങളെ പതിനാലാം നൂറ്റാണ്ടിന്റെ പ്രാകൃത ബോധമെന്ന് വിളിച്ച് പ്രവാചകനിലേക്ക് ചേര്‍ത്ത് അപഹസിക്കാനും അവര്‍ മറന്നില്ല. ‘അവഹേളനം ഖുര്‍ആനോടോ?’ എന്ന കോടിയേരി ബാലകൃഷ്ണന്റെ ചോദ്യം കമ്യൂണിസ്റ്റുകളോടാണെന്നു തന്നെയാണ് മനസ്സിലാകുന്നത്. ഖുര്‍ആനിനെ എത്ര തന്നെ അവഹേളിച്ചാലും അത് അജയ്യമായി നിലനില്‍ക്കുമെന്ന് ചരിത്രത്തിലൂടെയും അനുഭവജ്ഞാനത്തിലൂടെയും അദ്ദേഹം മനസ്സിലാക്കിയിരിക്കുന്നു. കേരള മുസ്‌ലിം മനസ്സുകളെ എത്ര തന്നെ ഉഴുതു മറിച്ചാലും അവിടങ്ങളില്‍ കമ്യൂണിസത്തിന്റെയോ നാസ്തികതയുടെയോ നിര്‍മ്മതവാദത്തിന്റെയോ വിത്തുകള്‍ മുളച്ചുപൊങ്ങില്ലെന്ന യാഥാര്‍ഥ്യം വൈകിയാണെങ്കിലും അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. അത്തരം തിരിച്ചറിവുകളുടെ ജാള്യതയില്‍നിന്നും ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം തെരഞ്ഞെടുത്ത മാര്‍ഗമാണ് മയപ്പെടുത്തി ഇല്ലാതാക്കുക എന്നത്. ഇങ്ങനെ മയപ്പെടുത്തി ഇല്ലാതാക്കുന്നതിന് അവര്‍ കണ്ടെത്തിയ മാര്‍ഗമാണ് ഖുര്‍ആനെ മഹത്വപ്പെടുത്തുകയും അതിനു കമ്യൂണിസ്റ്റ് വ്യാഖ്യാനങ്ങള്‍ നല്‍കുകയും ചെയ്യുക എന്നത്.
ചൈനീസ് ഇതര സമൂഹങ്ങളെ ചൈനീസ് സംസ്‌കാരത്തിന്റെ വലയത്തിലേക്ക് കൊണ്ടുവരുന്ന പ്രകിയയെ സൂചിപ്പിക്കുന്ന പദമാണ് ‘സിനിസിസേഷന്‍’ (ടശിശരശ്വമശേീി). മുസ്‌ലിംകള്‍ അടക്കമുള്ള ചൈനയിലെ ന്യൂനപക്ഷങ്ങളെ ഭൂരിപക്ഷ വംശീയതയില്‍ ലയിപ്പിക്കുക എന്നതാണ് ഈ പ്രക്രിയയുടെ ലക്ഷ്യം. ചൈനയിലെ ഉയ്ഗുര്‍ മുസ്‌ലിംകള്‍ക്ക്‌നേരെ ചൈനീസ് അധികാരികള്‍ കാണിക്കുന്ന പീഡനങ്ങളുടെ പിന്നില്‍ ഭൂരിപക്ഷ വംശീയതയില്‍ ലയിക്കാന്‍ ഉയ്ഗുര്‍ മുസ്‌ലിംകള്‍ തയ്യാറാവുന്നില്ല എന്നതാണ്. സിനിസിസേഷന് തയ്യാറല്ലാത്ത ഉയ്ഗുര്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ക്കെതിരെ ലോക സമൂഹം പ്രതികരിച്ചു തുടങ്ങിയപ്പോള്‍ ചൈന പുതിയ തന്ത്രവുമായി വന്നിരിക്കുകയാണ്. ഖുര്‍ആന്‍ കമ്യൂണിസത്തിനനുസരിച്ച് വ്യാഖ്യാനിച്ച് പ്രസിദ്ധീകരിക്കുകയും അത് അച്ചടിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ വിതരണം ചെയ്യാനുമാണ് അവര്‍ ഉത്തരവിട്ടിരിക്കുന്നത്. ഇങ്ങനെ സ്വന്തമായ വ്യാഖ്യാനങ്ങള്‍ നല്‍കി ഖുര്‍ആനെ അവതരിപ്പിക്കാനാണ് കമ്യൂണിസ്റ്റുകള്‍ക്ക് താല്‍പര്യം.
ഖുര്‍ആന് കമ്യൂണിസത്തിന്റേതായ വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ പലപ്പോഴും കേരളത്തിലും ശ്രമങ്ങളുണ്ടായിട്ടുണ്ട്. ശരീഅത്ത് വിവാദകാലത്തും അതിനുശേഷവും പലരും ശ്രമിച്ചിട്ടുണ്ട്. ഖുര്‍ആന്‍ സൂക്തങ്ങള്‍ തെറ്റായി ഉദ്ധരിച്ചും പ്രവാചക വചനങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചുമെല്ലാം മുസ്‌ലിം സമൂഹം പരമ്പരാഗതമായി വിശ്വസിച്ചും ആചരിച്ചുംവരുന്ന കാര്യങ്ങള്‍ക്കെതിരെ പ്രസംഗിച്ചും എഴുതിയും നാടകം കളിച്ചും പല കമ്യൂണിസ്റ്റുകാരും രംഗത്ത്‌വന്നിരുന്നു. ശരീഅത്ത് നിരോധിച്ച് ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് വാദിച്ചിരുന്ന കമ്യൂണിസ്റ്റുകള്‍ അന്ന് വിവാഹമോചനം, ജീവനാംശം തുടങ്ങിയ വിഷയങ്ങളില്‍ ഖുര്‍ആനിലെ ചില വചനങ്ങള്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി ദുര്‍വ്യാഖ്യാനിച്ചിരുന്നു. എന്നാല്‍ ഇയ്യിടെയായി കുറേക്കൂടി സജീവമായി മുസ്‌ലിം മന്ത്രിമാരെയും മറ്റും ഉപയോഗിച്ച് തെറ്റായ സന്ദേശങ്ങള്‍ നല്‍കാനാണ് അവര്‍ ശ്രമിച്ചുവരുന്നത്. ‘സ്വിറാത്തിന്റെ പാലവും’ സ്വര്‍ഗനരകവും തുടങ്ങി താടി വരെയുള്ള ഒട്ടേറെ വിഷയങ്ങള്‍ക്ക് മുസ്‌ലിം സമൂഹം മനസ്സിലാക്കിയിട്ടില്ലാത്ത അര്‍ത്ഥവും വ്യാഖ്യാനവുമെല്ലാം നല്‍കി മുസ്‌ലിംകളെ നിര്‍മത വാദത്തിലേക്ക് തെളിക്കാനാണ് ഖുര്‍ആന്‍ സൂക്തങ്ങള്‍ ഇവര്‍ ഉപയോഗപ്പെടുത്തുന്നത്. ഈമാനുള്ള വ്യക്തി, മുനാഫിഖല്ലാത്ത ആള്‍ തുടങ്ങിയ പ്രയോഗങ്ങള്‍ പോലും ഇന്ന് കമ്യൂണിസ്റ്റു മന്ത്രിമാര്‍ യാതൊരു മടിയും കൂടാതെ ഉപയോഗിച്ചുവരുന്നു. ഇസ്‌ലാം പഠിപ്പിക്കുന്ന ഈമാനിന്റെ മാധുര്യം കമ്യൂണിസ്റ്റുകള്‍ക്കും മനസ്സിലായിത്തുടങ്ങിയെങ്കില്‍ അത് വളരെ നല്ലതുതന്നെ. പക്ഷേ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കും വ്യക്തിപരമായ രക്ഷപ്പെടലുകള്‍ക്കുംവേണ്ടി അനവസരത്തില്‍ അവ ഉപയോഗിക്കുന്ന പ്രവണത ഒട്ടും ഭൂഷണമല്ല. ‘സത്യം വന്നു; അസത്യം പരാജയപ്പെട്ടു; അസത്യം പരാജയപ്പെടുകതന്നെ ചെയ്യും’ എന്ന ഖുര്‍ആനിലെ ഒരായത്ത് ഒരു മന്ത്രി അദ്ദേഹം എത്തിപ്പെട്ടുനില്‍ക്കുന്ന കേസില്‍നിന്നും രക്ഷപ്പെടുക തന്നെ ചെയ്യുമെന്ന് സൂചിപ്പിക്കാന്‍വേണ്ടി മാധ്യമ പ്രവര്‍ത്തകന് മുമ്പില്‍ ചിരിച്ചുകൊണ്ട് ഉദ്ധരിക്കുകയുണ്ടായി. പക്ഷേ പരാജയപ്പെട്ടു എന്നതിന്റെ ‘സഹഖ’ എന്ന അറബി പദം അദ്ദേഹം ഓതിയത് ‘ളഹിക’ (ചിരിച്ചു) എന്നായിരുന്നു. ‘സത്യം വന്നു; അസത്യം ചിരിച്ചു’ എന്നര്‍ത്ഥം. പൊട്ടിച്ചിരിക്കുന്ന അസത്യം!
ഖുര്‍ആനെയും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വെല്ലുവിളിച്ചുകൊണ്ട് കളം നിറഞ്ഞു കളിച്ച കമ്യൂണിസവും മാര്‍ക്‌സിസവും ഖുര്‍ആന് മുന്നില്‍ ഒടുവില്‍ മെലിഞ്ഞൊട്ടി ഇല്ലാതായിക്കൊണ്ടിരിക്കുമ്പോള്‍ കാണിക്കുന്ന ചില അഭ്യാസപ്രകടനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കാണിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ പ്രേമം. മുസ്‌ലിം സമൂഹത്തിനുമുമ്പില്‍ ചിരിച്ചുകാട്ടി ഖുര്‍ആന്‍ ഓതി ഖുര്‍ആന്റെ സംരക്ഷകരെന്നു വരുത്തിതീര്‍ത്ത് പൂവന്‍ പഴം കാണിച്ച് ‘സിനിസിസൈസ്’ ചെയ്യുകയാണ് കമ്യൂണിസ്റ്റുകാര്‍. വിശുദ്ധ ഖുര്‍ആനെ രാഷ്ട്രീയ പ്രതിരോധങ്ങള്‍ക്കുള്ള പരിചയായി ഉപയോഗിക്കരുതെന്നാണ് ഖുര്‍ആനെ സ്‌നേഹിക്കുന്നവര്‍ക്ക് പറയാനുള്ളത്.

web desk 1: