X
    Categories: columns

തിരുനബി (സ); അതിരുകളില്ലാത്ത പ്രണയത്തിന്റെ ഒഴുക്ക്

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

മുള്‍ച്ചെടിയെ
പനിനീര്‍ പ്പൂവാക്കുന്നു സ്‌നേഹം.
വിഷത്തെ പിയൂഷമാക്കുന്നു സ്‌നേഹം.
ആതുരതയെ
ആരോഗ്യമാക്കുന്നു.
കാരാഗൃഹത്തെ പൂങ്കാവനമാക്കുന്നു.
ചക്രവര്‍ത്തിയെ ഭൃതനാക്കുന്നു സ്‌നേഹം
ജലാലുദ്ധീന്‍ റൂമി
സ്‌നേഹത്തെക്കുറിച്ച് തിരുനബി (സ) പറയുന്നുണ്ട്. നിങ്ങള്‍ എല്ലാറ്റിനുമുപരി എന്നെ സ്‌നേഹിക്കണം. അക്ഷരാര്‍ത്ഥത്തിലൂടെ ഈ വാക്കുകളെ നിരീക്ഷിച്ച വിമര്‍ശകര്‍ ഇതില്‍ സ്വാര്‍ത്ഥതയുണ്ടെന്ന് പറയാറുണ്ട്. യഥാര്‍ത്ഥത്തില്‍ സ്‌നേഹ നിര്‍വചനങ്ങളില്‍ ഈ വാക്കുകളുടെ ശക്തി അളന്നെടുക്കാന്‍പോലും കഴിയാത്തവിധം ആഴവും പരപ്പുമുള്ളതാണ്.
തിരുനബി(സ)യെ സ്‌നേഹിക്കുന്നതിലൂടെ ഇഹ പര വിജയത്തിലേക്കുള്ള രണ്ടു വഴികള്‍ തെളിയുന്നുണ്ട്. അതാണതിന്റെ പൊരുള്‍. 1. സ്‌നേഹം ഹൃദയത്തിലൊളിപ്പിച്ചതാണെങ്കിലും സ്‌നേഹത്തില്‍ നിന്നുല്‍ഭവിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുറത്തേക്ക് ഒഴുകും. തിരുനബി(സ) യോടുള്ള സ്‌നേഹം പ്രകടമാക്കുന്നതാണ് അവിടുത്തെ ചര്യ ജീവിതത്തില്‍ പകര്‍ത്തുക എന്നത്. വാക്ക്, പ്രവര്‍ത്തി, അനുവദിച്ചത് എന്നിവ അനുസരിക്കുക തന്നെയാണ് പ്രധാനം. തിരുനബി(സ)യെ സ്‌നേഹിക്കുന്നതിലൂടെ ഒരാള്‍ നബി(സ)യുടെ ചര്യ ജീവിതത്തില്‍ പകര്‍ത്തുന്നവനായിരിക്കും. അതിലൂടെ ലോകത്തെ സ്‌നേഹിക്കാന്‍ പഠിക്കുന്നു. ലോക സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ സാധ്യമാകുന്നു. മാതാപിതാക്കളോട്, ഗുരുജനങ്ങളോട്, ഭാര്യയോട്, ഭര്‍ത്താവിനോട്, മക്കളോട്, കുടുംബത്തോട്, അയല്‍വാസികളോട്, ഭരണാധികാരികളോട്, തൊഴിലാളിയോട്, ജീവജാലങ്ങളോട്, പരിസ്ഥിതിയോട്, ജീവിതത്തിന്റെ വൈവിധ്യങ്ങളിലെല്ലാം പെരുമാറ്റങ്ങളില്‍ സ്‌നേഹത്തിന്റേയും, സമാധാനത്തിന്റേയും, മാന്യതയുടേയും വഴിയാണ് തിരുനബി(സ) പഠിപ്പിച്ചത്. അതുകൊണ്ടാണ് തിരുനബി(സ) യെ ‘ലോകത്തിന് അനുഗ്രഹം’ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്.
മനുഷ്യ ചിന്തകളെ ചൂട്പിടിപ്പിക്കുന്ന വലിയ തിയറി പഠിപ്പിച്ച് മാറിനില്‍ക്കുകയായിരുന്നില്ല തിരു നബി (സ) ചെയ്തത്. ജീവിതത്തിലേക്കും ആത്മീയതയിലേക്കും ആളുകളെ ക്ഷണിച്ചത് വാക്കുകളിലൂടെയല്ല, വിശുദ്ധമായി ജീവിച്ച് കാണിക്കുകയായിരുന്നു. ആ ജീവിതം മാനവിക മൂല്യങ്ങളുടെ സാകല്യമായിരുന്നു. അല്ലാഹുവില്‍ നിന്നുള്ള വെളിപാടുകള്‍ക്കനുസരിച്ച് ജീവിച്ച് മാതൃക സൃഷ്ടിക്കുകയായിരുന്നു നബി. എങ്ങിനെയായിരുന്നു നബി തിരുമേനിയുടെ ജീവിതം എന്ന് അവിടുത്തെ പത്‌നി ആയിശാ ബീവിയോടുള്ള ചോദ്യത്തിന് അവര്‍ നല്‍കിയ മറുപടി അവിടുത്തെ ജീവിതം ഖുര്‍ആന്‍ കല്‍പ്പിച്ച പോലെ എന്നായിരുന്നു. ഈ റസൂലിന്‍ നിങ്ങള്‍ക്ക് ഉത്തമമായ മാതൃകയുണ്ടെന്നും ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്നുണ്ട്.
2. തിരു നബി(സ)യെ സ്‌നേഹിക്കുന്നതിലൂടെ അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാനും പരലോക മോക്ഷത്തിനും സാധിക്കുമെന്ന് ഖുര്‍ആന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പരിശുദ്ധ ഖുര്‍ആന്‍ 3:31ല്‍ പറയുന്നു: നബിയേ, പറയുക. നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യും. തിരുനബി(സ)യെ സ്‌നേഹിക്കുന്നതിലൂടെ ലോക ക്ഷേമവും പരലോക മോക്ഷവും സാധ്യമാകുന്നു എന്നു സാരം. മനുഷ്യ സ്‌നേഹത്തിലൂടെ ലോകസമാധാനവും പരലോക വിജയവും സാധ്യമാകും.
ഒരിക്കല്‍ തിരുനബി(സ)പറഞ്ഞു: ‘നീ നിന്റെ സഹോദരനെ സഹായിക്കണം അവന്‍ അക്രമിയാണെങ്കിലും, അക്ക്രമിക്കപ്പെടുന്നവനാണെങ്കിലും’ അനുചരന്‍മാര് ചോദിച്ചു. മര്‍ദ്ദിതനെ സഹായിക്കാന്‍ കഴിയും, എന്നാല്‍ മര്‍ദ്ദകനെ എങ്ങിനെ സഹായിക്കും. നബിതിരുമേനി(സ)പറഞ്ഞു. അക്രമം എന്ന തിന്മ ചെയ്യുന്നതില്‍നിന്ന് അവനെ മാറിനില്‍ക്കാന്‍ സഹായിക്കലാണ്. ഇത് വ്യക്തികള്‍ക്കപ്പുറം രാജ്യകാര്യങ്ങളുടെയും ലോകത്തിന്റേയും വിശാലതയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ ലോകം സമാധാനത്തിന്റെ ഭൂമികയാവും.
അനുകരണീയമായ ഒരു ജീവിതം സമര്‍പ്പിച്ചാണ് തിരുദൂതര്‍ കണ്‍മറഞ്ഞത്. പില്‍ക്കാല മനുഷ്യ സമൂഹത്തിന് മാതൃകയാക്കാവുന്ന സമ്പൂര്‍ണ ജീവിതമായിരുന്നു അത്. മനുഷ്യ ജീവിതത്തിന്റെ പ്രയാണ വീഥിയില്‍ ആ മാതൃക വെളിച്ചമുണ്ട്. അത് തിരിച്ചറിയാന്‍ കഴിയുന്നവര്‍ രക്ഷപ്പെടും. സുരക്ഷിത മേഖലയില്‍ നിന്നുകൊണ്ട് സൃഷ്ടിച്ചെടുത്തതല്ല ആ മാതൃക. ത്യാഗങ്ങളിലൂടെയും സമര്‍പ്പണത്തിലൂടെയുമാണ് ആ ജീവിത മാതൃക രൂപപ്പെടുത്തിയത്. പ്രവാചക ലബ്ധിക്കു മുമ്പുതന്നെ വിശ്വസ്തന്‍ എന്നര്‍ത്ഥം വരുന്ന അല്‍ അമീന്‍ എന്നാണ് നബി അറിയപ്പെട്ടത്. കഅബ പുനര്‍നിര്‍മ്മാണശേഷം ഹജറുല്‍ അസ്‌വദ് പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അറേബ്യന്‍ സമൂഹത്തിലെ ഗോത്രങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായി. അഭിപ്രായ ഭിന്നത ചേരിതിരിഞ്ഞ് യുദ്ധത്തിലേക്ക് എത്തിപ്പെടും എന്ന സമയത്താണ് തിരുനബി മധ്യസ്ഥനായത്. അതെല്ലാവരും അംഗീകരിച്ചു. ഒരു തുണി വിരിച്ച് അതിലേക്ക് ഹജറുല്‍ അസ്‌വദ് എടുത്തുവെച്ച് ഓരോ ഗോത്രപ്രതിനിധികളോടും തുണിയില്‍ പിടിക്കാന്‍ ആഹ്വാനം ചെയ്തു. ഹജറുല്‍ അസ്‌വദ് യഥാസ്ഥാനത്ത് പുന:സ്ഥാപിച്ചു. അക്കാലത്ത് മക്കാനിവാസികള്‍ അവരുടെ പണവും വിലയുള്ള വസ്തുക്കളും സമ്പാദ്യമായി സൂക്ഷിക്കാന്‍ എല്‍പ്പിച്ചിരുന്നത് നബിയുടെ കൈവശമായിരുന്നു. അതുകൊണ്ടാണ് ഹിജ്‌റ പോകാന്‍ ഒരുങ്ങുന്ന സമയത്ത് തിരിച്ച് കൊടുക്കാനുള്ളവ തിരിച്ചുകൊടുക്കാന്‍ ഒരാളെ ചുമതലപ്പെടുത്തിയത്.
വിശ്വസ്തനും സ്വീകാര്യനുമായിരുന്ന തിരുനബിക്ക് സത്യപ്രബോധകനായതിനുശേഷം സഹിക്കേണ്ടിവന്നത് ശാരീരികവും മാനസികവുമായ കടുത്ത പീഢനങ്ങളായിരുന്നു. സത്യവാനായ നബിയുടെ വിശിഷ്ട ഗുണങ്ങളെ പ്രകീര്‍ത്തിച്ച സമൂഹത്തില്‍ നിന്നുതന്നെ ദൈവിക സത്യം വിളിച്ചുപറഞ്ഞപ്പോള്‍ മുഖംതിരിക്കുകയും എതിര്‍ ചേരി രൂപപ്പെടുത്തുകയും ചെയ്തു. നുബുവ്വത്തിന്റെ തുടക്കം മുതല്‍ മക്കം ഫതഹ് വരെ സഹിച്ച പീഢനങ്ങള്‍ വിവരണാതീതമായിരുന്നു. പരിഹാസങ്ങള്‍, അപവാദങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍പോലും അനുവദിക്കാതെയുള്ള ബഹിഷ്‌ക്കരണങ്ങള്‍, കൂടെനിന്നവരോടും കൊടിയ മര്‍ദ്ദനങ്ങളും ജീവഹത്യയും. പിന്നെ പലായനങ്ങള്‍, പച്ചിലകള്‍കൊണ്ട് വിശപ്പടക്കിയ നാളുകള്‍, യുദ്ധങ്ങള്‍.. മാതൃകസൃഷ്ടിച്ച ആ അനുഗ്രഹ ജീവിതത്തിന്റെ ഗതിവിഗതികളില്‍ ത്യാഗത്തിന്റെ മുദ്രകള്‍ ചാര്‍ത്തിയിട്ടുണ്ട് എന്ന കാര്യം തിരുചര്യയിലൂടെയുള്ള സഞ്ചാരത്തില്‍ ഓര്‍ക്കാനാവണം.
തിരുനബി അവിടുത്തെ വഫാത്തിന്റെ രണ്ടുനാള്‍ മുമ്പ് അനുചരന്‍മാരെ വിളിച്ചുകൂട്ടി. അവരോടായി പറഞ്ഞു: ഞാനാരെയെങ്കിലും പ്രയാസപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതുപോലെ അവര്‍ക്ക് എന്നേയും തിരിച്ച് ചെയ്യാം. ആരും പ്രതികരിച്ചില്ല. പിന്നീട് നബി പറഞ്ഞു: സാമ്പത്തികമായി ആര്‍ക്കെങ്കിലും ഞാന്‍ കടം വീട്ടാനുണ്ടെങ്കില്‍ പറയണം. ഒരാള്‍ പറഞ്ഞു എനിക്ക് മൂന്നു വെള്ളി തരാനുണ്ട്. തിരുനബിയുടെ കൈവശമുണ്ടായിരുന്ന ഒന്‍പത് വെള്ളിയില്‍നിന്നു മൂന്നെണ്ണമെടുത്ത് കടംവീട്ടാന്‍ സംവിധാനമൊരുക്കി. ഈ സംഭവം ഉദ്ധരിച്ച് ഇംഗ്ലീഷ്ചരിത്രകാരനായ എഡ്വേഡ് ഗിബ്ബണിന്റെ ഒരു നിരീക്ഷണമുണ്ട്. മുഹമ്മദിന് വേണമെങ്കില്‍ ഒരു രാഷ്ട്രം നിര്‍മ്മിക്കാമായിരുന്നു. അനുസരണ ശീലമുള്ള അനുയായികളും മറ്റു സംവിധാനങ്ങളുമുണ്ടായിരുന്നു. പക്ഷെ അങ്ങനെയൊരു രാഷ്ട്രം സ്ഥാപിച്ചില്ല. പകരം ആത്മീയമായൊരു രാഷ്ട്രമാണ് പ്രവാചകന്‍ കെട്ടിപ്പടുത്തത്.
യഥാര്‍ത്ഥത്തില്‍ ഹൃദയത്തില്‍ സ്ഥാപിച്ച ആ സ്‌നേഹ സാമ്രാജ്യത്തിലൂടെയാണ് എല്ലാ ഭൂഖണ്ഡങ്ങളിലേക്കും ഇസ്‌ലാമിന്റെ വെളിച്ചം പടര്‍ന്നത്. നബിയോടുള്ള സ്‌നേഹത്തിന് കാല ദേശങ്ങളില്ല. തിരുദൂതരുടെ വഫാത്തിനുശേഷം നബിയില്ലാത്ത മദീന വിട്ട് ബിലാല്‍ (റ) പോയത്, യമനിലെ ഗവര്‍ണ്ണറായി ഉദ്യോഗം നല്‍കിയപ്പോള്‍ തിരുനബിയെ വിട്ടുപിരിയുന്ന ദു:ഖത്താല്‍ അവിടുത്തെ മുഖത്ത്‌നിന്നും കണ്ണെടുക്കാതെ മുആദ് (റ) കരഞ്ഞത്, നബി (സ)യുടെ വഫാത്തിന്റെ വേളയില്‍ നബി വിടപറഞ്ഞു എന്ന് പറഞ്ഞാല്‍ തലയെടുക്കുമെന്ന് വാളുയര്‍ത്തി ഉമര്‍ (റ) ശബ്ദിച്ചത്, ഒരിക്കലും കണ്ടിട്ടില്ലാത്ത തിരുനബിയുടെ മുന്‍ പല്ല് ഉഹ്ദില്‍ പൊട്ടിയെന്ന് കേട്ടപ്പോള്‍ തനിക്കും ഇനി ആ പല്ലുവേണ്ടെന്ന് പറഞ്ഞ് ഉവൈസുല്‍ ഖര്‍നി സ്വന്തം പല്ല് പിഴുതെടുത്തത്… ആ സ്‌നേഹം ആയിരത്തി അഞ്ഞൂറ് വര്‍ഷമായി പെയ്തുകൊണ്ടേയിരിക്കുന്നു. ഗദ്യമായും പദ്യമായും ഇഷ്ഖിന്റെ ദാഹം തീര്‍ത്തുകൊണ്ടേയിരിക്കുന്നു. മദീനയില്‍ അവിടുത്തെ ചാരത്ത്‌വന്ന് നന്‍മകള്‍ വര്‍ഷിക്കാനുള്ള ഹൃദയങ്ങളുടെ ഒഴുക്കും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു, കാലദേശങ്ങളുടെ അതിര്‍ത്തികളില്ലാത്ത പ്രണയത്തിന്റെ ഒഴുക്കാണത്.

web desk 1: