X
    Categories: columns

സംവരണം: പിന്നാക്ക ദലിത് മെമ്മോറിയലിന്റെ അനിവാര്യത

മിസ്ഹബ് കീഴരിയൂര്‍

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തുനിഞ്ഞപ്പോള്‍ മുന്നാക്ക വിഭാഗങ്ങളുടെ ശക്തമായ സംവരണ വിരുദ്ധ സമരം ഉത്തരേന്ത്യയില്‍ അരങ്ങേറി. സമരത്തിന് ശക്തിപകരാന്‍ ആത്മഹുതി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രാജീവ് ഗോസാമിമാര്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പും ത്യാഗോജ്ജ്വലമായ സമര മുന്നേറ്റങ്ങളും അന്വേഷണങ്ങളുടെ ബാഹുല്യവും മുന്നോട്ട്‌വെച്ച അവഗണനയുടെ കണക്ക് പുസ്തകങ്ങള്‍ കണ്ടപ്പോള്‍ മാത്രമാണ് അധികാരികള്‍ ന്യായമായ പിന്നാക്ക സംവരണമെന്ന അവകാശം വകവെച്ച്‌കൊടുത്തതെങ്കില്‍ മുന്നാക്ക സംവരണം നടപ്പിലാക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനംമുതല്‍ രാഷ്ട്രപതി ഒപ്പിടുംവരെയുള്ള അഞ്ചു ദിനങ്ങള്‍ മതിയായിരുന്നു. പ്രാതിനിധ്യത്തിന്റെ പാരമ്യതയില്‍ പോലും സ്വത്വബോധത്താല്‍ പ്രചോദിതമായി സമര ജീവിതം നയിച്ച ഗോസാമിമാര്‍ എന്തുകൊണ്ട് പിന്നാക്ക വിഭാഗങ്ങളുടെ ഇടയില്‍ നിന്നും ഉയര്‍ന്നുവന്നില്ല.
പിന്നാക്ക വിഭാഗങ്ങളുടെ അരക്ഷിതബോധം മൂലധനമാക്കി പ്രതിഷ്ഠിക്കപ്പെട്ട അധികാര ബിംബങ്ങള്‍ എന്ത്‌കൊണ്ട് അവകാശങ്ങള്‍ക്ക്‌വേണ്ടി കാര്യമായ ഇടപെടല്‍ നടത്തിയില്ല. വിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കിയ സംവരണം സൃഷ്ടിച്ച അതിഭീകര വിവേചനത്തിനെതിരെ സംവരണീയരായവര്‍ ചെറുതെങ്കിലുമായ ചെറുത്ത്‌നില്‍പ്പ് നടത്തുമ്പോള്‍തന്നെ അവരുടെ സമരങ്ങളെ കൊഞ്ഞനം കാട്ടി ഹുജൂര്‍ കച്ചേരിയിലെ ഗൂഢാലോചനയില്‍ പി.എസ്.സി നിയമനങ്ങളിലും മുന്നാക്ക സംവരണം തീരുമാനിക്കാന്‍ ഇടതുപക്ഷത്തിന് എങ്ങനെയാണ് ധൈര്യമുണ്ടായത്.
പിന്നാക്ക വിഭാഗങ്ങളുടെ ആത്മവിശ്വാസങ്ങളുടെമേല്‍ റീത്ത് വെച്ചതിന് സംഘ്പരിവാരവും ഇടതുപക്ഷവും ഒരുപോലെ പ്രതിപ്പട്ടികയിലാണ്. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടക്കില്ലായെന്ന കേള്‍ക്കാനെങ്കിലും സുഖമുള്ള ഡയലോഗ് പറഞ്ഞ ഒന്നിലധികം അവയവങ്ങള്‍ ഉണ്ടെന്ന് അനുയായികളാല്‍ ആഘോഷിക്കപ്പെടുന്ന കേരള മുഖ്യന്‍ ഇത്ര ധൃതിയില്‍ എന്തുകൊണ്ടാണ് ഈ നിയമം നടപ്പിലാക്കുന്നത്. സംഘ്പരിവാര അജണ്ട മാത്രമല്ല ഇടതുപക്ഷ അജണ്ട കൂടിയാണിതെന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിനായി പുറത്തിറക്കിയ പ്രകടനപത്രികയില്‍ സംവരണനയം എന്ന തല വാചകത്തിനു താഴെ മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നടപ്പിലാക്കുമെന്ന വാഗ്ദാനം ഇടതുപക്ഷം എഴുതിവെച്ചിട്ടുണ്ട്. സംവരണനയത്തില്‍ എഴുതിവെച്ച എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കുള്ള സ്വകാര്യ മേഖലയിലെ സംവരണം ഉള്‍പ്പെടെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അനുകൂലമായ വാഗ്ദാനങ്ങള്‍ എന്തുകൊണ്ട് നടപ്പിലാക്കിയില്ലായെന്ന ഇരട്ടത്താപ്പിനെ ചോദ്യംചെയ്യേണ്ടവര്‍ നിലവിലുള്ള സംവരണീയ സമൂഹമല്ലേയെന്ന ചോദ്യം അവശേഷിക്കുകയാണ്. സംഘ്പരിവാരം ഭരണനേതൃത്വം നല്‍കുന്ന സംസ്ഥാനങ്ങള്‍പോലും പൂര്‍ണമായി നടപ്പിലാക്കാന്‍ തുടങ്ങാത്ത നിയമം കോടതിയില്‍ എതിര്‍ ഹരജികള്‍ ഉണ്ടെന്നിരിക്കെ തീര്‍പ്പ് കല്‍പിക്കുന്നത് കാത്ത്‌നില്‍ക്കാതിരിക്കാന്‍ മാത്രം എന്തിനാണിത്ര വേഗത.
ദലിത് വിഭാങ്ങള്‍ക്ക് അമ്പലത്തില്‍ പൂജാരികളാകാന്‍ മാത്രം വിപ്ലവത്തിന് തിരികൊളുത്തിയവരാണെന്ന ഇടതുപക്ഷ അവകാശവാദങ്ങള്‍ എത്രമാത്രം പ്രകടനപരതയാണെന്ന് ഇത് ബോധ്യപ്പെടുത്തുന്നു. അമ്പലങ്ങളില്‍ പൂജാരികളാകലല്ല സംവരണമാണ് ഞങ്ങളുടെ ജീവല്‍ പ്രശ്‌നമെന്ന ദലിത് അഭിപ്രായങ്ങള്‍ക്ക് മുന്നില്‍ തീരാവുന്നതേയുള്ളൂ ഈ അധരവ്യായാമങ്ങളും വ്യാജ പിന്നാക്ക ദലിത് സ്‌നേഹത്തിന്റെ അവകാശവാദങ്ങളും. 10 ശതമാനം വരെയെന്ന ഭേദഗതി എന്ത്‌കൊണ്ട് അഞ്ചോ ആറോ ഏഴോ ശതമാനമാകാതെ പരമാവധി നടപ്പിലാക്കുന്നത് ഈഴവ, മുസ്‌ലിം, ദലിത് വിഭാഗങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ജനസംഖ്യാപരമായും ഏറെ താഴെയുള്ള മുന്നാക്ക വിഭാഗങ്ങള്‍ അല്ലേ ഇപ്പോള്‍ സംവരണം കൊണ്ട് കൂടുതല്‍ ഗുണം നേടുന്നത്. ഇത് സംവരണം എന്ന അടിസ്ഥാന ത്വതത്തില്‍ നിന്നുള്ള വ്യതിചലനമാണ്.
സാമുദായിക സംവരണം പൂര്‍ണമായി നിര്‍ത്തലാക്കാനുള്ള തന്ത്രപരമായ ഈ നിയമം ഉണ്ടാക്കുന്ന പ്രത്യാഘാതം ദീര്‍ഘകാല പ്രതിസന്ധി സൃഷ്ടിക്കും. സാമ്പത്തികം മാത്രമാകണം സംവരണത്തിന്റെ മാനദണ്ഡമെന്ന ചുവരെഴുത്തുകള്‍ ഉടന്‍ പ്രത്യക്ഷപ്പെടും. സാമുദായിക സംവരണം തുടക്കകാലം മുതല്‍ എതിര്‍ത്ത ഇ.എം.എസിന്റെ പിന്മുറക്കാര്‍ അതിന് ചൂട്ടു പിടിക്കുന്നത് കാണേണ്ടി വരും. ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ഇവിടെ സംവരണം എന്നത് സമുദായികമെന്നത് മാറി സാമ്പത്തികമെന്നതായി. ഒ.ബി.സി വരുമാന പരിധിയിലേക്ക് മുന്നാക്ക വിഭാഗങ്ങളുടെ പരിധി ഉയര്‍ത്താനുള്ള വളരെ ലഘുവാണെന്ന് ധരിപ്പിക്കാന്‍ സാധിക്കുന്ന ആവശ്യങ്ങള്‍ ഉയര്‍ത്തി ഇനി തെരഞ്ഞെടുപ്പ്‌വിലപേശലുകള്‍ നടക്കാന്‍ സാധ്യതയേറെയാണ്. നിലവില്‍തന്നെ ശശിധരന്‍ നായര്‍ കമ്മീഷന്‍ മുന്നോട്ടുവെച്ച വരുമാന വ്യവസ്ഥകളിലെ ഭൂമിയളവ് കാണിക്കുന്നത് സംവരണത്തിന് അര്‍ഹത നേടുന്ന മുന്നാക്കക്കാര്‍ ‘പാവപ്പെട്ട പണക്കാര്‍’ ആയിരിക്കുമെന്നതാണ്.
പഞ്ചായത്ത് പരിധിയില്‍ 2.5 ഏക്ര നഗരസഭ പരിധിയില്‍ 75 സെന്റ് കോര്‍പറേഷന്‍ പരിധിയില്‍ 50 സെന്റ് എന്നതാണ് അയ്യോ പാവമാകാനുള്ള മാനദണ്ഡം. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ 20 ലക്ഷം വിലയുള്ള 50 സെന്റ് ഭൂമിയുണ്ടെങ്കില്‍ 10 കോടി ആസ്തിയുള്ള അയാളും ഈ മാനദണ്ഡപ്രകാരം ദരിദ്രനാണെന്നര്‍ത്ഥം.’എത്ര വലിയ നടക്കാത്ത മനോഹര സ്വപ്‌നം’ എന്ന് മുന്നാക്ക വിഭാഗക്കാര്‍പോലും കോടതി വിധിയുടെ കാരണത്താല്‍ കരുതിയിരുന്ന മുന്നാക്ക സംവരണമിതാ സകല പ്രതാപങ്ങളുടെയും പീലിവിടര്‍ത്തി വ്യവസ്ഥാപിതമായി തീര്‍ന്നിരിക്കുന്നു. പിന്നാക്ക സംവരണം നടപ്പിലാക്കുമ്പോള്‍ ആളിക്കത്തിയ സംവരണ വിരുദ്ധ സമരങ്ങള്‍ അധികാരികളെ വിറപ്പിച്ചപ്പോള്‍ മുന്നാക്ക സംവരണത്തിനെതിരെ പലരും ഉത്തരവാദിത്വം മറന്നപ്പോള്‍ മുസ്‌ലിംലീഗ് അംഗങ്ങളുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിന്റെ മൂന്ന് വോട്ടുകള്‍ മാത്രമാണ് വരും തലമുറയോട് പറയാനുള്ള ചരിത്രം. റൈസീനകുന്നിലെ ദലിത് സ്വത്വം ചൂണ്ടിക്കാണിച്ചാണ് ബി. ജെ.പി അവരുടെ ദലിത് സ്‌നേഹം പറയാറുള്ളത്.
2009 ല്‍ രംഗനാഥ മിശ്ര കമ്മീഷന്‍ മുന്നോട്ട് വെച്ച സര്‍ക്കാര്‍ വകുപ്പുകളില്‍ സംവരണം എന്ന ശിപാര്‍ശ അവഗണിച്ച് സംവരണം ആവശ്യമില്ലെന്നും മുസ്‌ലിംകളും ക്രിസ്ത്യാനികളും വിദേശീയരാണെന്നു പരസ്യമായി പറയുകയും ചെയ്ത അത്തരം ഊതിവീര്‍പ്പിച്ച ബലൂണുകള്‍ പിന്നാക്ക ദലിത് അവകാശങ്ങളോടും ഇതേ സമീപനം പുലര്‍ത്തിയതാണ് മുന്നാക്ക സംവരണ നിയമം ഒപ്പു ചാര്‍ത്തിയതിലൂടെ കാണാന്‍ സാധിക്കുന്നത്. ഈ കര്‍മ്മത്തിന്റെ പാപഭാരം ആ പിന്നാക്കക്കാരനിലുമുണ്ടെന്നും പിന്നാക്കകാരെ കൊണ്ട്തന്നെ ഇത്തരം സെല്‍ഫ് ഗോളടിക്കാനുള്ള പുതിയ ഭരണ തന്ത്രമാണ് ബി.ജെ. പി അജണ്ടയെന്നും സംഘ മിത്രങ്ങളായ ദലിത് പ്രതിനിധാനങ്ങള്‍ മനസ്സിലാക്കുന്നത് നല്ലതാണ്. സംഘ്പരിവാരം സ്വപ്‌നം കാണുന്ന രാമരാജ്യത്ത് നിങ്ങളും ഞങ്ങളുമൊന്നുമില്ലയെന്ന യാഥാര്‍ഥ്യം നേരത്തെതന്നെ തിരിച്ചറിഞ്ഞതാണ്. ഇടതുപക്ഷം കിനാവ് കാണുന്ന ‘സമത്വ സുന്ദര കിണാശ്ശേരി’യിലും നമ്മളാരുമില്ലെന്നതിന്റെ സൂചനകളായി ഈ നിയമത്തെ നോക്കി കാണേണ്ടതുണ്ട്.
കഴിഞ്ഞ വര്‍ഷം മുന്നാക്ക സംവരണം നടപ്പിലാക്കിയ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ അന്തരം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ കേന്ദ്ര മാനദണ്ഡ പ്രകാരമുള്ള പിഴവ് സംഭവിച്ചതാണെന്ന് വിശദീകരിച്ച് വിഷണ്ണരായ കേരള സര്‍ക്കാരിന് എന്‍ജിനിയറിങ് വിദ്യാഭ്യാസ മേഖലയിലെ മെറിറ്റ് അട്ടിമറിയെ സംബന്ധിച്ച് എന്താണ് പറയാനുള്ളത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പഠനം നടത്താന്‍ പരിഗണനാപട്ടികയില്‍ മുന്‍ നിരയില്‍ ഉള്‍പ്പെടുത്തുന്ന തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍ സംസ്ഥാന ജനറല്‍ മെറിറ്റ് പ്രകാരം (247) പിന്നാക്ക സംവരണ പ്രകാരം ഈഴവ (413) മുസ്‌ലിം (399) ലത്തീന്‍ (503) പ്രകാരം പ്രവേശനത്തിന്റെ അവസാന റാങ്കുകാരാകുമ്പോള്‍ 632 ാം റാങ്കുള്ള മുന്നാക്ക വിഭാഗം വിദ്യാര്‍ത്ഥിവരെ പ്രവേശനം നേടുന്നു. ടി. കെ.എം എഞ്ചിനീയറിങ് കോളജില്‍ സംസ്ഥാന മെറിറ്റ് (508) പിന്നാക്ക വിഭാഗ പ്രകാരം ഈഴവ (563) മുസ്‌ലിം (623) എന്നാകുമ്പോള്‍ പിന്നാക്ക വിഭാഗങ്ങളുടെ ഇരട്ടി വിദൂരതയിലുള്ള 1223 ാം റാങ്കുകാരനായ മുന്നാക്ക വിഭാഗം വിദ്യാര്‍ത്ഥിക്ക് അവസരം ലഭിക്കുന്നു.
564 ാം റാങ്കുള്ള ഈഴവ വിദ്യാര്‍ത്ഥിക്കും 624 റാങ്കുള്ള മുസ്‌ലിം വിദ്യാര്‍ത്ഥിക്കും അവരുടെ സംവരണംകൊണ്ട് ലഭിക്കാത്ത സൗകര്യം 1223 റാങ്കുള്ള മുന്നാക്ക വിഭാഗം വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്നുവെന്ന് ചുരുക്കം. ഇതിലും താഴ്ന്ന റാങ്കില്‍ പ്രവേശനം നേടിയത് പട്ടിക ജാതി, വര്‍ഗ വിദ്യാര്‍ത്ഥികള്‍ മാത്രമായിക്കും. യഥാര്‍ത്ഥത്തില്‍ സാമൂഹിക നീതി അട്ടിമറിക്കാന്‍ മാത്രമാണ് മുന്നാക്ക സംവരണം കാരണമായതെന്ന് ഇത്തരം കണക്കുകളാല്‍ വ്യക്തമായതിനാല്‍ സര്‍ക്കാര്‍ ഈ സംവരണ രീതി മാറ്റാനുള്ള പുനപരിശോധന നടത്തല്‍ അനിവാര്യമാണ്. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം മുസ്‌ലിംകള്‍ കേരളത്തില്‍പോലും മതിയായ പ്രാതിനിധ്യം കൈവരിക്കാത്ത കണക്കുകളാണ് പുറത്തുവന്നത്. നരേന്ദ്രന്‍ കമ്മീഷന്‍ പ്രകാരം പിന്നാക്ക വിഭാഗങ്ങളില്‍പെട്ട മുസ്‌ലിംകള്‍ (7383) ഈഴവര്‍ (5) ലത്തീന്‍ (4370) നാടാര്‍ (2614) ധീവരര്‍ (1256) പരിവര്‍ത്തിത ൈ

ക്രസ്തവര്‍ (2290) മറ്റു പിന്നാക്ക വിഭാഗങ്ങള്‍ (460) വിശ്വകര്‍മ്മര്‍ (147) എന്നീ പ്രകാരം പ്രാതിനിധ്യനഷ്ടം സംഭവിച്ചുവെന്നിരിക്കെ അര്‍ഹമായത് ലഭിക്കാന്‍ ഇനിയും ഏറെയുണ്ടെന്ന കണക്ക് പരിഹരിക്കാതെ തന്നെ കിടക്കുമ്പോള്‍ അത് പരിഗണിക്കാതെ മുന്നോട്ട്‌പോകുന്നവര്‍ 10 വര്‍ഷം കഴിഞ്ഞു മറ്റൊരു കമ്മീഷന്‍വെച്ച് പരിശോധന നടത്തിയാല്‍ സംവരണത്തിന്റെ തുടക്കകാലത്തുള്ള ഭീകരമായ അന്തരം മുന്നാക്ക പിന്നാക്ക വിഭാഗങ്ങള്‍ തമ്മിലുണ്ടാകുമെന്നത് തിരിച്ചറിയണം.
നിലവില്‍തന്നെ ജനസംഖ്യയുടെ നിരവധി മടങ്ങ് പ്രാതിനിധ്യം മുന്നാക്ക വിഭാഗങ്ങള്‍ക്കുണ്ടെന്ന യാഥാര്‍ഥ്യം ജാതി തിരിച്ച ഉേദ്യാഗസ്ഥ പ്രാതിനിധ്യ കണക്ക് പ്രസിദ്ധീകരിച്ചാല്‍ വ്യക്തമാകും. ആയതിനാല്‍ മലയാളി മെമ്മോറിയല്‍, ഈഴവ മെമ്മോറിയല്‍, പൗര സമത്വ വാദ പ്രക്ഷോഭം, പി.എസ്.സിയുടെ രൂപീകരണത്തിലേക്ക് നയിച്ച ഈഴവ, മുസ്‌ലിം, ക്രിസ്ത്യന്‍ കൂട്ടായ്മയില്‍ തുടങ്ങിയ നിവര്‍ത്തന പ്രക്ഷോഭങ്ങള്‍, പൗര സമത്വ വാദ പ്രക്ഷോഭം തുടങ്ങിയ സംവരണ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മലയാളക്കര ഭരണഘടന അനുശാസിച്ച സംവരണ അവകാശം സംരക്ഷിക്കാന്‍ മറ്റൊരു നിവര്‍ത്തന പ്രക്ഷോഭം സംഘടിപ്പിക്കണം. സംവരണ അട്ടിമറി നടന്നതിന് ശേഷം അടുത്ത ദിവസത്തിലെ പത്രത്തില്‍ വരുന്ന ഒരു ദിവസം മാത്രം നീളുന്ന വാര്‍ത്താപ്രാധാന്യമുള്ള പ്രതിഷേധങ്ങള്‍കൊണ്ട് സംവരണം സംരക്ഷിക്കാന്‍ സാധ്യമല്ല. പഴയ സമര പാരമ്പര്യം മാത്രം പറഞ്ഞ് പ്രസക്തമായ ഒരു സമര ചരിത്രം പറയാന്‍ പോലുമില്ലാതെ പോകുന്നത് ഖേദകരമാണ്.
പിന്നാക്ക ദലിത് മെമ്മോറിയല്‍ എന്നോ പേര് നല്‍കി അവകാശ പത്രികകള്‍ തയ്യാറാക്കി പുതിയ സമര മുഖങ്ങള്‍ തുറക്കണം. ചരിത്രം ആ സമരം രേഖപ്പെടുത്തിവെക്കണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമം പ്രതിലോമകരമായി ബാധിക്കാത്ത ഭൂരിപക്ഷ സമൂഹം കാണിച്ച സമാനതകളില്ലാത്ത മാതൃകകള്‍ സാമൂഹിക നീതിയുടെ നിലനില്‍പിന് മുന്നാക്ക വിഭാഗങ്ങളുടെ ഭാഗത്ത്‌നിന്നുണ്ടാകണം. തമ്മില്‍ തമ്മിലുള്ള അവര്‍ണ സവര്‍ണ വേര്‍തിരിവുകള്‍ക്ക് കാരണമാകാതെ സംവരണം നിര്‍ത്തലാക്കാന്‍ മാത്രം സാമൂഹിക വ്യവസ്ഥ മെച്ചപ്പെടുകയും ചെയ്യുന്ന നാള്‍വരേക്കും സാമൂഹിക നീതിയെന്ന പൊതു കാഴ്ചപ്പാടില്‍ ഇതിനെ വിലയിരുത്താന്‍ കഴിയട്ടെ.

web desk 1: