X

കാവിയുടെ കോഴവഴികള്‍

 
വര്‍ഷം 2000. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമ സ്ഥാപനമായ ദൂരദര്‍ശന്റെ കേരളത്തിലെ വാര്‍ത്താനിര്‍മാതാവിന്റെ പദവി വഹിക്കുന്നയാള്‍ക്ക് അഗര്‍ത്തലയിലേക്ക് ഒരു സ്ഥലംമാറ്റം. കാരണം മറ്റൊന്നുമല്ല, റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്മാരുമൊക്കെ ചെല്ലുന്നുണ്ടെങ്കിലും പാര്‍ട്ടിയുടെ സംസ്ഥാന ആസ്ഥാന മന്ദിരത്തില്‍ ന്യൂസ് പ്രൊഡ്യൂസറെ കാണുന്നില്ല. സംസ്ഥാന ഒര്‍ഗനൈസിങ് സെക്രട്ടറി നേരിട്ട് വിളിച്ചുപറഞ്ഞു. ഇത് ശരിയല്ല. പാര്‍ട്ടി ഓഫീസില്‍ വരണം. എന്തുചെയ്യാം. നേരെവാ നേരെപോ എന്നു ചിന്തിക്കുകയും ഒരാളുടെയും കാലുപിടിച്ചുശീലവും ഇല്ലാത്തതുകൊണ്ട് ഈ ജേണലിസ്റ്റ് പറ്റില്ലെന്നങ്ങ് തുറന്നുപറഞ്ഞു. അതിന്റെ പിറ്റേ ആഴ്ചയാണ് ട്രാന്‍സ്ഫര്‍ എന്ന വാറോല ഓഫീസിലെത്തുന്നത്. സ്വാഭാവികമായും മാന്യനായ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഓര്‍ഡര്‍ അവഗണിച്ചു. പൊല്ലാപ്പായി. ത്രിപുര തലസ്ഥാനത്ത് ചുമതലയേറ്റില്ലെങ്കില്‍ പണികളയുമെന്ന് ഭീഷണി. ആവട്ടെയെന്ന് ഉദ്യോഗസ്ഥനും. ഒടുവില്‍ കേന്ദ്ര ഭരണ കക്ഷിയുടെ തിരുവനന്തപുരത്തെ ആസ്ഥാനത്തുനിന്ന് വിളിയെത്തി. ട്രാന്‍സ്ഫര്‍ ഒഴിവാക്കിത്തരാം. പക്ഷേ പ്രോട്ടോകോള്‍ പാലിക്കണം. പ്രോട്ടോകോള്‍ എന്തെന്നറിയാതെ ഉദ്യോഗസ്ഥന്‍ അന്തംവിട്ട് നില്‍ക്കെ ബന്ധുവായ ബി.ജെ.പി നേതാവ് സംശയ നിവൃത്തി വരുത്തിക്കൊടുത്തു. കാശന്നേ, അല്ലാണ്ടെന്താ.
പിന്നെ പറയേണ്ടല്ലോ. നക്കാപൈസ പോലും കൈക്കൂലി സ്വീകരിക്കാത്ത പട്ടിക ജാതിക്കാരനായ ഉദ്യോഗസ്ഥന്‍ നേരെ ചെന്നുകണ്ടത് മുന്‍മുഖ്യമന്ത്രി കെ. കരുണാകരനെ. അദ്ദേഹം നിമിഷനേരെ കൊണ്ട് കാര്യം ശരിയാക്കിക്കൊടുത്തു. നയാപൈസയുടെ ചെലവില്ലാതെ.
പ്രോട്ടോകോള്‍ എന്നാണ് ബി.ജെ.പിക്കകത്ത് കോഴക്കുള്ള ഇരട്ടപ്പേര്. മഞ്ചേരിക്കാരനായ സംസ്ഥാന നേതാവാണ് ആദ്യ കാലത്ത് ഇടനിലക്കാരന്‍. കേന്ദ്രത്തിലെയും വേണ്ടിവന്നാല്‍ സംസ്ഥാന തലത്തിലെ കേന്ദ്ര പൊതുമേഖലയിലെയും ആനുകൂല്യങ്ങളും പദവികളുമൊക്കെ ഇദ്ദേഹം വഴിയാണ് നടപ്പ്. കോടികള്‍ ഉണ്ടാക്കിയവരുണ്ട്. ഇതില്‍ പങ്കുപറ്റാത്തവര്‍ പാര്‍ട്ടിയില്‍ ഇല്ലെന്നുതന്നെയാണ് പറയേണ്ടത്. അപ്പോള്‍ ഗ്രൂപ്പോ എന്ന് ചോദിച്ചേക്കരുത്. അതെല്ലാം കിട്ടിയ ‘പ്രോട്ടോകോള്‍’ പങ്കുവെക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മാത്രം.
1998ലാണ് പതിമൂന്ന് ദിവസം അധികാരത്തിലേറിയശേഷം പ്രഥമ ഭാരതീയ ജനതാപാര്‍ട്ടി മന്ത്രിസഭ സ്വയം പിരിഞ്ഞുപോയത്. അവിശ്വാസപ്രമേയത്തില്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിക്ക് മതിയായത്ര വോട്ടുകള്‍ സമാഹരിക്കാനായില്ല. പിന്നെ വന്നതാണ് വനമാല. ശരിക്കും ബി. ജെ.പിക്ക് കിട്ടിയ സുവര്‍ണാവസരമായിരുന്നു 1999-2004ലെ വാജ്‌പേയിയുടെയും ബി.ജെ. പിയുടെയും രണ്ടാമൂഴം. ഇന്ന് നാട്ടുലയര്‍ന്നുകേള്‍ക്കുന്ന ബി.ജെ.പിക്കെതിരെയുള്ള അഴിമതികളുടെയെല്ലാം ഉല്‍ഭവവവും പരിശീലനക്കളരിയുമായിരുന്നു വാജ്‌പേയിയുടെ രണ്ടാംകാലഘട്ടം. സംഘ്പരിവാറിന്റെ ഒളി അജണ്ടയാണ് വാജ്‌പേയി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്നത് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണമുന. എന്നാല്‍ അഴിമതി എങ്ങനെ അതിവിദഗ്ധമായും തെളിച്ചത്തിലും നടത്താമെന്നതിന്റെ കളരിപരമ്പരയായിരുന്നു ഈ കാലഘട്ടം.
രാജ്യത്ത് സ്വതന്ത്രാനന്തരം ഇത്രയും അധികം പെട്രോള്‍ പമ്പുകളും വാതക ഏജന്‍സികളും അനുവദിക്കപ്പെട്ട കാലഘട്ടമായിരുന്നു ഇത്. ചോദിച്ചവര്‍ക്കെല്ലാം പമ്പ് കിട്ടും. എന്നാല്‍ ഒറ്റ നിബന്ധനമാത്രം. പാര്‍ട്ടിക്കാരന്‍ ആവണമെന്നില്ല, പണം പാര്‍ട്ടിയുടെ അക്കൗണ്ടിലെത്തണം. പാര്‍ട്ടിക്കാര്‍ തന്നെയാണ് സ്വാഭാവികമായും ചാക്കുകളുമായി പിരിവിനിറങ്ങിയത്. സ്ഥലത്തെ പണച്ചാക്കുകളെ സമീപിച്ചു. ലക്ഷങ്ങള്‍ വാങ്ങി പമ്പുകള്‍ വാങ്ങിക്കൊടുത്തു. ഇതിനിടെ നടന്ന ഒരു ആത്മഹത്യയും ആരും ശ്രദ്ധിക്കാതെ പോയി. പിന്നീട് കേന്ദ്രമന്ത്രിയായ ബി.ജെ.പി നേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫാണ് പമ്പ് അഴിമതിയില്‍ ജീവന്‍ നഷ്ടപ്പെട്ടയാള്‍. പാലക്കാട് സ്വദേശിയായ ഈ റിട്ട. അധ്യാപകന്‍ പമ്പ് തരാമന്ന ്പറഞ്ഞ് വിശ്വസിപ്പിച്ച് വാങ്ങിയ ലക്ഷങ്ങള്‍ തിരിച്ചുകൊടുക്കാനാവാതെ വന്നതോടെ സ്വയം വിഷം കഴിക്കുകയായിരുന്നു. നേതാവാകട്ടെ കൈയൊഴിയുകയും ചെയ്തു. പട്ടിക ജാതിക്കാരുടെ സംവരണത്തില്‍ അടിച്ചെടുത്ത പെട്രോള്‍ പമ്പിന് വേണ്ടിയായിരുന്നു കൈക്കൂലി കൈപ്പറ്റിയത്. സുന്ദരന്‍ എന്ന പട്ടികജാതിക്കാരന്‍ പമ്പ് കിട്ടിയതോടെ താന്‍ ബിനാമിക്ക് നല്‍കില്ലെന്ന് പറഞ്ഞിടത്തുനിന്നതാണ് മാഷിന്റെ സ്വയാഹുതിയിലേക്ക് നയിക്കപ്പെട്ടത്. ഈ പമ്പ് ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. പഴയ ബി.ജെ.പിക്കാരനായ യഥാര്‍ഥ ഉടമയാകട്ടെ ഇന്ന് ലീസിന് കൊടുത്ത് കൈനനയാതെ മീന്‍പിടിക്കുകയാണ്. ബി.ജെ. പിയില്‍ നിന്നൊക്കെ എന്നോ വഴിപിരിഞ്ഞു നേതാവ്. എറണാകുളത്ത് ജ്യേഷ്ഠന്റെ മകന്റെ പേരിലുള്‍പ്പെടെ രണ്ട് പെട്രോള്‍ പമ്പുകള്‍ എസ്. സി ചെലവില്‍ വാങ്ങിയെടുത്ത സംസ്ഥാന നേതാവും ഇന്നും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സജീവമായുണ്ട്.
2005ല്‍ സി.പി.ഐ എം.പി പി.കെ വാസുദേവന്‍ നായര്‍ മരണപ്പെട്ട ഒഴിവില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി സി.കെ പത്മനാഭന്‍ തോല്‍ക്കാനിടയായതിനെക്കുറിച്ച് അന്വേഷിച്ച രാമന്‍പിള്ള സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍, പെട്രോള്‍ പമ്പ് അഴിമതിയാണ് തോല്‍ക്കാനിടയായത് എന്നായിരുന്നു എഴുതിവെച്ചിരുന്നത്. സ്വാഭാവികമായും നടപടി മാധ്യമ ചര്‍ച്ചകളില്‍ ഒതുങ്ങി. തൊടാന്‍ പാര്‍ട്ടിയില്‍ പാപം ചെയ്യാത്തവരില്ലെന്നതായിരുന്നു. അഞ്ചരക്കോടി രൂപ വാങ്ങി മെഡിക്കല്‍ കോളജ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പറ്റിച്ചവരുടെ കാര്യത്തില്‍ ഒരാളെ ബലിയാടാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും ഇതുകൊണ്ടൊക്കെത്തന്നെയാണ്. അതും ജൂണ്‍ ആറിനുകൊടുത്ത റിപ്പോര്‍ട്ടിന്മേല്‍ ഒന്നരമാസം അടയിരുന്ന ശേഷം. പാഴ്‌ചെടികളും ഇത്തിള്‍ക്കണ്ണികളും പാര്‍ട്ടിക്കകത്ത് ഇന്നുമുണ്ടെന്ന് പരസ്യമായി സമ്മതിക്കുന്ന സംസ്ഥാന അധ്യക്ഷന് അവയെ നീക്കാന്‍ കഴിയാത്തത് ഒത്തുതീര്‍പ്പ് ക്വട്ടേഷന്‍ കൊണ്ടാണെന്ന് പറയുന്നത് പാര്‍ട്ടിയിലെ പുതിയ സേവ് ഫോറം.
അഴിമതിയുടെ പേരില്‍ പാര്‍ട്ടി വിട്ടൊരു മുതിര്‍ന്ന വനിതാനേതാവും ബി.ജെ.പിക്കകത്തുതന്നെ ഉണ്ട്. ഒരു ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മല്‍സരിച്ചതിന്റെ ചെലവുകണക്ക് പാര്‍ട്ടി ജില്ലാനേതാവിനോട് ചോദിച്ചതാണ് പുറത്താകലിന് കാരണം. ഇന്ന് ഇവര്‍ ഇടതുപക്ഷ അധ്യാപക സംഘടനയിലെ സജീവാംഗമാണ്. ഇങ്ങനെ പാര്‍ട്ടി തെരഞ്ഞെടുപ്പിന്റെ ചെലവ് ചോദിച്ചതിന് പുറത്തായവര്‍ ബി. ജെ.പിയില്‍ എണ്ണിയാലൊടുങ്ങില്ല. ഛോട്ടാ നേതാക്കള്‍ മുതല്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് വരെ ഇങ്ങനെ പുറത്താക്കപ്പെട്ടവരാണ്. മഞ്ചേശ്വരത്തെ പാര്‍ട്ടി സംസ്ഥാന നേതാവിന്റെ നിയമസഭാ സ്ഥാനാര്‍ഥിത്വ വേളയില്‍ എത്തിയത് കോടി എവിടെപോയെന്ന് ഇന്നും പാര്‍ട്ടിക്ക് അറിയില്ല. ഇതേക്കുറിച്ച് ആര്‍ക്കും ചോദിക്കാനും ത്രാണിയില്ല. കാരണം മറ്റൊന്നുമല്ല; ചോദിച്ചാല്‍ സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലെയും കണക്കുകള്‍ പാര്‍ട്ടി നേതൃത്വം നിരത്തേണ്ടിവരും. ഇതിന് പക്ഷേ പുതിയ നിസ്വാര്‍ഥ സംസ്ഥാന കാര്യവാഹകിനും കഴിയില്ല. കാരണം അങ്ങനെയൊരു കണക്കവതരണവും പാസാക്കലുമൊന്നും നടന്നിട്ടില്ല എന്നതുതന്നെ.
ധര്‍മം ശരണം ഗച്ഛാമി എന്ന പ്രാര്‍ഥന ഇപ്പോള്‍ ബി.ജെ.പിയില്‍ ധനം ശരണം ഗച്ഛാമി എന്നായിരിക്കുന്നുവെന്നാണ് ഒരു ജില്ലാ നേതാവ് പറഞ്ഞത്. ഇതുപറയുമ്പോള്‍ ഏതെങ്കിലുമൊരു പക്ഷത്ത് നിലയുറപ്പിക്കേണ്ട ഗതികേടിലാണ് ഈ നേതാവും. അല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചുപോകേണ്ടിവരും. ഇങ്ങനെ രാജിവെച്ചുപോയവരും ഇല്ലാതില്ല. കണ്ണൂരിലുള്‍പ്പെടെ നിരവധി പാര്‍ട്ടി ജില്ലാ നേതാക്കള്‍ പാര്‍ട്ടി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. ഇങ്ങനെ അഴിമതി വെറുത്ത് പാര്‍ട്ടി വിട്ടവരിലൊരാള്‍ ഇന്ന് മുസ്‌ലിംലീഗിന്റെ പഞ്ചായത്ത് നേതാവാണ്.
(നാളെ നേതാക്കളുടെ കോഴവഴികള്‍)

chandrika: