X

വേണം മുസ്‌ലിം ഐക്യം വിശാല ഐക്യവും

അഹമ്മദ്കുട്ടി ഉണ്ണികുളം

കേരളീയ മുസ്‌ലിംകള്‍ക്കിടയില്‍ ഐക്യം രൂപപ്പെടാനുള്ള ഏതു ശ്രമവും ശ്ലാഘനീയമാണ്. ആ നിലക്ക് നടക്കുന്ന ശ്രമങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ശുഭപ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യാം. ഒരേ ഖുര്‍ആനില്‍, നബിചര്യയില്‍ വിശ്വസിക്കുന്നവര്‍ക്ക് ഐക്യം പരിപാവനമാണ്. മുമ്പ് ശരീഅത്ത് വിഷയം വന്നപ്പോള്‍ മുസ്‌ലിം രാഷ്ട്രീയരംഗത്ത് കൂടിച്ചേരലുണ്ടായി. ഇന്ന് മുസ്‌ലിം ജനവിഭാഗം മുമ്പെന്നത്തേക്കാളും സമുദായത്തിന്റെ ഐക്യപ്പെടലിന് ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഇന്ത്യയിലും അന്താരാഷ്ട്ര രംഗത്തും ഭീഷണികള്‍ സര്‍വ്വത്രയാണ്. ഇവിടെ മോദി; ലോകത്തിന്റെ തലപ്പത്ത് ഡൊണാള്‍ഡ് ട്രംപ്. രണ്ടും ഹിതകരമല്ല.

 

ഏകീകൃത സിവില്‍കോഡ്, പശുഇറച്ചി, ബാബരി, മുസ്‌ലിം സ്ഥാപനങ്ങളെ വേട്ടയാടല്‍, തുടങ്ങി ധാരാളം പ്രശ്‌നങ്ങളുണ്ട്. ലോകാടിസ്ഥാനത്തില്‍ ഫലസ്തീനും സിറിയയും ലിബിയയും ഇറാഖുമൊക്കെ മുസ്‌ലിം ലോകത്തിന് വേദനയാണ്. കമ്യൂണിസം തകര്‍ന്നപ്പോള്‍ ശാക്തികച്ചേരിയുടെ കുന്തമുന മുസ്‌ലിം ലോകത്തെയാണ് ലക്ഷ്യം വെക്കുന്നത്. ലോകത്തെങ്ങുമുള്ള മുസ്‌ലിം ജനതയുടെ ഐക്യപ്പെടല്‍ കൊണ്ടു മാത്രമെ ഈ സമസ്യയെ നേരിടാന്‍ സാധിക്കുകയുള്ളു.

 

നാം ഇന്ത്യക്കാര്‍, അല്ലെങ്കില്‍ കേരളീയര്‍, നമ്മുടെ നാട്ടില്‍ ഐക്യം എങ്ങനെയൊക്കെ നേടിയെടുക്കാമെന്നാണ് പ്രഥമമായും ആലോചിക്കേണ്ടത്. വ്യക്തികളും കുടുംബങ്ങളും സമുദായ സംഘടനകളും മുസ്‌ലിം രാഷ്ട്രീയ-സാമൂഹ്യ സംഘടനകളുമെല്ലാം ഈ യജ്ഞത്തില്‍ പങ്കാളികളാവണം. വിശുദ്ധ ഖുര്‍ആന്‍ അധ്യായം 3 ആലും ഇംറാന്‍ 103ാം സൂക്തം നമ്മെ ഉണര്‍ത്തുന്നു. നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ചു പോവരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക.

 

അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായി തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഠത്തിന്റെ വക്കിലായിരുന്നു. എന്നിട്ട് അതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചു തരുന്നു. നിങ്ങള്‍ നേര്‍മാര്‍ഗ്ഗം പ്രാപിക്കുവാന്‍ വേണ്ടി. മേല്‍ സൂക്തങ്ങള്‍ പ്രവാചകന്റെ കാലത്തുള്ളവര്‍ക്കും ഇപ്പോഴുള്ള നമുക്കും വരാനിരിക്കുന്നവര്‍ക്കും എല്ലാം ബാധകമാണ്. അധ്യായം 49 ഹുജുറാത്തിലെ ഒമ്പതാം സൂക്തത്തില്‍ വിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗം പോരടിച്ചാല്‍ അവര്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പ് ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുന്നു. ദുല്‍ഹജ്ജ് പത്തിന് വാഹനപ്പുറത്തു നിന്ന് നടത്തിയ ലഘുവായ അഭിസംബോധനയില്‍-ഓരോ മുസ്‌ലിമിന്റെയും രക്തവും ധനവും അഭിമാനവും പവിത്രമാണ്.

 
ഈ മാസത്തിന്റെ പവിത്രത പോലെ, ഈ പുണ്യഭൂമിയുടെ പവിത്രത പോലെ…. എന്നിങ്ങനെയാണ് പ്രവാചകന്‍ (സ) കല്‍പ്പിച്ചത്. ഈ ലോകത്തോട് വിടപറയും മുമ്പുള്ള മറ്റൊരു ദിവസത്തില്‍ പ്രവാചകന്‍ (സ) ഉഹ്ദ് രക്തസാക്ഷികളെ സന്ദര്‍ശിച്ച് മിമ്പറിലേക്ക് സാവധാനം കയറുകയും ഞാന്‍ മുമ്പേ പോകുന്നുവെന്നും നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുമെന്നും വിടവാങ്ങല്‍ പോലെ പറയുകയും ചെയ്തു. തുടര്‍ന്നു പറഞ്ഞ വചനങ്ങള്‍- അല്ലാഹുവാണേ, ഞാന്‍ എന്റെ ഹൗള് ഇപ്പോള്‍ കാണുന്നുണ്ട്. ഭൂമിയുടെ ഖജനാവുകളുടെ താക്കോലുകള്‍ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു. എനിക്കു ശേഷം നിങ്ങള്‍ ബഹുദൈവാരാധന ചെയ്യുന്നതിനെയല്ല ഞാന്‍ ഭയപ്പെടുന്നത്. പ്രത്യുത, നിങ്ങള്‍ ദുനിയാവില്‍ പരസ്പരം മാത്സര്യം കാണിക്കുന്നതിനെയാണ്.
പരസ്പര മാത്സര്യം അപകടകാരിയാണ്.

 

പ്രവാചകന്‍(സ) പറഞ്ഞു: സത്യവിശ്വാസികള്‍ അന്യോന്യം സ്‌നേഹിക്കുകയും ദയ കാണിക്കുകയും അനുഭാവം കാണിക്കുകയും ചെയ്യുന്നതില്‍ അവരുടെ ഉപമ ഒരു ശരീരം പോലെ ആയിരിക്കും. അഥവാ അങ്ങനെ ആയിരിക്കണം. അതിന്റെ ഒരവയവത്തിന് അസുഖം നേരിട്ടാല്‍ ആ ശരീരത്തിന്റെ മറ്റെല്ലാ അവയവങ്ങളും ഉറക്കമൊഴിച്ചും പനി പിടിച്ചും അതിനുവേണ്ടി മുറവിളി കൂട്ടുന്നതാണ് (ബുഖാരി, മുസ്‌ലിം). സമൂഹത്തില്‍ പ്രവര്‍ത്തിക്കുക എന്നതാണ് എല്ലാ സംഘടനകളുടെയും ലക്ഷ്യം. സംഘടനകള്‍ക്ക് അതിന്റെതായ സ്ഥാനമുണ്ട്-നിങ്ങള്‍ സംഘടനയെ മുറുകെ പിടിക്കുക. കാരണം കൂട്ടത്തില്‍ നിന്ന് അകന്നുനില്‍ക്കുന്ന ആടിനെയാണ് ചെന്നായ തിന്നുക. (അബൂദാവൂദ്). സംഘടിതമായിരക്കല്‍ നിങ്ങള്‍ക്ക് ബാധ്യതയാണ്.

 

നിങ്ങള്‍ ഭിന്നതയെ സൂക്ഷിക്കുക. കാരണം പിശാച് ഒറ്റപ്പെട്ടവന്റെ കൂടെയാണ്. ഒന്നിക്കുന്ന രണ്ടാളുകളില്‍ നിന്ന് അവന്‍ കൂടുതല്‍ അകന്നു നില്‍ക്കുന്നു (തിര്‍മുദി) എന്ന പ്രവാചക വചനവും ചിന്തനീയമാണ്. പ്രവാചകന്‍ (സ) കല്‍പിച്ച അഞ്ചു കാര്യങ്ങള്‍ സംഘടന, ശ്രദ്ധ, അനുസരണം, ഹിജ്‌റ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദ് (തിര്‍മുദി, അഹ്മദ്) എന്നിവയാണ്. ഇനി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പ്രാധാന്യം നോക്കാം. പ്രവാചക വചനം ഇബ്‌നുമാജ റിപ്പോര്‍ട്ടു ചെയ്യുന്നു- ജനങ്ങളുമായി കൂടിക്കലരുകയും അവരുടെ ഉപദ്രവങ്ങള്‍ സഹിക്കുകയും ചെയ്യുന്ന സത്യവിശ്വാസിയാണ് അവരുമായി കൂടിക്കലാതിരിക്കുന്ന സത്യവിശ്വാസിയെക്കാള്‍ കൂടുതല്‍ പ്രതിഫലത്തിന് അവകാശപ്പെട്ടവന്‍.

 
സംഘടന, സമൂഹത്തിലെ പ്രവര്‍ത്തനം എന്നിവയുടെ അനിവാര്യതയാണ് ഇവിടെ കണ്ടത്. വിശ്വാസ സംരക്ഷണത്തിനായി നിലകൊള്ളുമ്പോള്‍ തന്നെ, യാതൊന്നും അന്യന് അഭിമാനക്ഷതം വരുത്തിക്കൊണ്ടാവരുത്. അബൂദ്ദര്‍ദാഅ് (റ) നിവേദനം: വല്ലവനും തന്റെ സ്‌നേഹിതന്റെ അഭിമാനത്തെ ക്ഷതംവരുത്തുന്നതിനെ പ്രതിരോധിച്ചാല്‍ അന്ത്യദിനത്തില്‍ അല്ലാഹു നരകത്തെ അവന്റെ മുഖത്തു നിന്നും തടുക്കുന്നതാണ് (തിര്‍മുദി 1932) ഭിന്നാഭിപ്രായമുള്ള ദീനീസേവകരെ ഇടിച്ചു താഴ്ത്തുന്ന സമീപനവും ശരിയല്ല. സഊദ്ബ്‌നു മുസ്വയ്യിബിനെ (റ) ഉദ്ധരിക്കട്ടെ-ഏത് മാന്യനും പണ്ഡിതനും ശ്രേഷ്ഠനും ന്യൂനതകള്‍ ഇല്ലാതിരിക്കില്ല. കുറ്റങ്ങളും കുറവുകളും പറയാന്‍ പാടില്ലാത്തവരുമുണ്ട് ജനങ്ങളില്‍. ഒരാളുടെ യോഗ്യത അയാളുടെ പോരായ്മകളെക്കാള്‍ അധികമാണെങ്കില്‍ ആ യോഗ്യതയാണ് ഉയര്‍ത്തിക്കാട്ടേണ്ടത്.

 
മുസ്‌ലിം സമുദായ ഐക്യത്തോടൊപ്പം തന്നെ വിശാല ഐക്യത്തിനുള്ള പ്രവര്‍ത്തനവും മുസ്‌ലിംകള്‍ ഏറ്റെടുക്കേണ്ടതുണ്ട്. ബഹുസ്വര സമൂഹത്തില്‍ ജീവിച്ചുകൊണ്ടാണ് പ്രവാചകന്‍ (സ) ഇസ്‌ലാം പ്രബോധനം ചെയ്തത്. മക്കയിലെ ബഹുസ്വര സമൂഹത്തിലെ അല്‍അമീന്‍ (വിശ്വസ്തന്‍) ആയിരുന്നു പ്രവാചകന്‍. മദീനയിലും അങ്ങനെ തന്നെ. ഇരുപതാം വയസ്സില്‍ തന്നെ മക്കക്കാരുടെ വിശാല ഐക്യത്തിനു വേണ്ടിയാണ് പ്രവാചകന്‍ (സ) നിലകൊണ്ടത്. അബ്ദുല്ലാഹിബ്‌നു ജദ്‌നൂന്‍ രൂപം കൊടുത്ത മാന്യന്മാരുടെ ഐക്യകരാറിന് (ഹില്‍ഫുല്‍ ഫുദുല്‍) പിന്നില്‍ ഒരു ശക്തിയായി പ്രവാചകന്‍ (സ) നില കൊണ്ടു.

 

എല്ലാ സമൂഹങ്ങളെയും മുഖവിലക്കെടുത്തു കൊണ്ടുള്ള സമീപനം! മദീനയില്‍ പ്രവാചകന്‍ (സ) രൂപം കൊടുത്ത മദീന കരാര്‍ മുഹാജിറുകള്‍, ബനൂ ഔഫുകാര്‍, ബനൂ നജ്ജാറുകാര്‍,ബനൂ ജശ്മുകാര്‍, ബനൂ അംറ്ബ്‌നു ഔഫ് വംശജര്‍, ബനുല്‍ ഔസ് വംശം, ജൂതര്‍ എന്നിവരെയെല്ലാം ഒരു പോലെ ഉള്‍ക്കൊള്ളുന്നതായിരുന്നു. വിശാല ഐക്യമായിരുന്നു പ്രവാചകന്‍(സ) ലക്ഷ്യം. എന്താണ് വര്‍ഗീയതയെന്ന് സഹാബികള്‍ പ്രവാചകനോട് ചോദിച്ചപ്പോള്‍ സ്വന്തം അനുയായികളെ അന്യായത്തില്‍ പിന്തുണക്കുക എന്നായിരുന്നു മറുപടി. വിഭാഗീയതയിലേക്കു ക്ഷണിച്ചവനും വിഭാഗീയതക്കു വേണ്ടി യുദ്ധത്തിലേര്‍പ്പെട്ടവനും അതുവഴി മരിച്ചവനും നമ്മില്‍പ്പെട്ടവന്‍ അല്ലെന്നായിരുന്നു തിരുമേനി അരുള്‍ ചെയ്തത്.

 

പ്രവാചകന്‍(സ) കാലത്ത് ഒരു ജൂതനെയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയെന്ന് എതിരാളികള്‍ പോലും ആക്ഷേപിച്ചിട്ടില്ല. പ്രവാചകന്‍(സ) വഫാത് ആവുമ്പോള്‍ മദീനയുടെ സര്‍വാധികാരിയായിരുന്നു. പ്രവാചകന്‍ (സ) എന്തെങ്കിലും സാമ്പത്തിക ആവശ്യമുണ്ടെങ്കില്‍ അത് നിര്‍വഹിച്ചു കൊടുക്കാന്‍ ഉസ്മാനുബ്‌നു അഫ്ഫാനെ (റ)പ്പോലെ, അബ്ദുറഹ്മാനുബ്‌നു ഔഫി(റ)നെപ്പോലെ അതി സമ്പന്നന്‍ ചുറ്റുമുണ്ടായിരുന്നു. എന്നാല്‍ മരണത്തിന് മുമ്പ് തന്റെ പടയങ്കി പണയം വെക്കാന്‍ പ്രവാചകന്‍(സ) തെരഞ്ഞെടുത്തത് ഒരു ജൂത സഹോദരനെയായിരുന്നു.

 

മദീനയില്‍ എല്ലാവരെയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യിച്ചിരുന്നുവെങ്കില്‍ അയല്‍പക്കത്ത് ഒരു ജൂതന്‍ ഉണ്ടാകുമായിരുന്നോ? ഹിജ്‌റ സമയത്ത് പ്രവാചകന്റെ വഴികാട്ടി അവിശ്വാസിയായ അബ്ദുല്ലാഹിബ്‌നു ഉറൈഖത്ത് ആയിരുന്നു. മനുഷ്യാവകാശങ്ങള്‍ മുറുകെ പിടിക്കുന്നതായിരുന്നു ജുഹൈന ഗോത്രവുമായി രൂപം കൊടുത്ത നിഷ്പക്ഷ കരാര്‍. സാമൂറ-ബനുമുദ്‌ലിജ് ഗോത്രങ്ങളുമായുണ്ടാക്കിയ പ്രതിരോധ-സഹകരണ കരാറും മനുഷ്യാവകാശങ്ങളുടെ വിളംബരമായിരുന്നു.

 

മുസ്‌ലിം അല്ലാത്ത അബ്‌സീനിയയിലെ നേഗസ് രാജാവിന് അടുത്തേക്കാണ് രണ്ട് സഹാബി സംഘങ്ങളെ നബി(സ) അഭയാര്‍ത്ഥികളായി അയച്ചത്. അബ്ദുല്ലാഹിബ്‌നു ജഹ്ശിന്റെ (റ) നേതൃത്വത്തിലുള്ള ആദ്യസംഘത്തില്‍ പന്ത്രണ്ട് പുരുഷന്മാരും നാല് സ്ത്രീകളും! ജഅഫറിനുബ്‌നു അബീ താലിബിന്റെ(റ) നേതൃത്വത്തിലുള്ള സംഘത്തില്‍ 83 പേര്‍. നബി(സ)യുടെ സംരക്ഷണം തന്നെ അബൂത്വാലിബ് ആയിരുന്നല്ലോ ഏറ്റെടുത്തത്. മരണസമയത്ത് അദ്ദേഹത്തെ കൊണ്ട് കലിമ ചൊല്ലിക്കാന്‍ പ്രവാചകന്‍(സ) ഏറെ പാടുപെട്ടെങ്കിലും അതു നടന്നില്ല.

 

കൊടുംപരീക്ഷണം നേരിട്ട ശിഅ്ബ് അബൂത്വാലിബില്‍ ബനൂഹാശിം ഗോത്രക്കാരായ അവിശ്വാസികള്‍ ഏറെയുണ്ടായിരുന്നു. ഹിശാമിബ്‌നു അംറ് അല്‍ ആമിരി, ഹകീം ഇബ്‌നു നിസാം, അബുല്‍ ബുഖ്തറി എന്നീ അവിശ്വാസികളില്‍ നിന്നെല്ലാം അന്ന് സഹായം സ്വീകരിച്ചിരുന്നു. മാതാപിതാക്കള്‍ അവിശ്വാസികളാണെങ്കിലും അവരോട് നല്ലനിലയില്‍ സഹവസിക്കുക (31/15) എന്നാണ് ഖുര്‍ആന്റെ കല്പന. അസ്മ(റ) വന്ന് നബി(സ)യോട് ചോദിച്ചു-പ്രവാചകരെ, ബഹുദൈവ വിശ്വാസിയായ എന്റെ മാതാവ് സഹായം ചോദിക്കുന്നു.

 

ഞാന്‍ എന്തു ചെയ്യണം? ഉടനെ മറുപടി വന്നു- നീ കുടുംബബന്ധം പുലര്‍ത്തുക! ജാബിര്‍ ഇബ്‌നു അബ്ദുല്ല (റ) പറഞ്ഞതായി ഇമാം ബുഖാരി രേഖപ്പെടുത്തുന്നു-ഞങ്ങളുടെ അരികിലൂടെ ഒരു മൃതദേഹം കൊണ്ടുപോയി. പ്രവാചകന്‍ (സ) എഴുന്നേറ്റു. കൂടെ ഞങ്ങളും. പിന്നെ ഞങ്ങള്‍ ചോദിച്ചു-പ്രവാചകരെ, അതൊരു ജൂതന്റെ ജഡമല്ലേ? അദ്ദേഹം തിരിച്ചു ചോദിച്ചു-ഒരു മനുഷ്യശരീരം തന്നെയല്ലേ അത്? മൃതദേഹം കൊണ്ടുപോകുന്നതു കണ്ടാല്‍ നിങ്ങള്‍ എഴുന്നേല്‍ക്കുക. നബി (സ) പറഞ്ഞു. സൂക്ഷിക്കുക, അമുസ്‌ലിം പൗരന്മാരെ വല്ലവരും അടിച്ചമര്‍ത്തുകയോ, അവരുടെ കഴിവിന്നതീതമായി നികുതിഭാരം ചുമത്തുകയോ അവരോട് ക്രൂരമായി പെരുമാറുകയോ അവരുടെ അവകാശങ്ങള്‍ വെട്ടിക്കുറക്കുകയോ ചെയ്യുകയാണെങ്കില്‍ അന്ത്യനാളില്‍ അവര്‍ക്കെതിരെ ഞാന്‍ സ്വയം തന്നെ പരാതി ബോധിപ്പിക്കുന്നതാണ് (അബൂദാവൂദ്).
-തുടരും

chandrika: