X
    Categories: Video Stories

ഇന്ത്യന്‍ മതേതരത്വം പ്രതീക്ഷകളും ആശങ്കകളും

എം.സി മായിന്‍ഹാജി
സെക്യുലറിസം അഥവാ മതേതരത്വം എന്ന ആശയം ലോകാടിസ്ഥാനത്തില്‍ പ്രധാനമായും മൂന്നു വിധത്തില്‍ നിര്‍വചിക്കപ്പെട്ടുവരുന്നുണ്ട്. ഒന്നാമത്തെ രീതി മതനിരാസം അല്ലെങ്കില്‍ ദൈവനിഷേധത്തിന്റേതാണ്. രണ്ടാമത്തെ രീതിയനുസരിച്ച് അവരവരുടെ വ്യക്തി ജീവിതത്തില്‍ ദൈവവിശ്വാസം ആവാമെങ്കിലും മനുഷ്യന്റെ സാമൂഹിക ജീവിതത്തില്‍ ഇടപെടാന്‍ മതത്തെയോ ദൈവ വിശ്വാസത്തെയോ അനുവദിക്കുന്നില്ല. മൂന്നാമത്തെ രീതിയനുസരിച്ച് എല്ലാ മതങ്ങളെയും ഒരു പോലെ പരിഗണിക്കുകയും അവരവര്‍ക്കിഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കാന്‍ സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നു. ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിസ്ഥാനം മൂന്നാമത്തെ രീതിയാണ്.
1976 ല്‍ രണ്ടാം ഭരണഘടനാഭേദഗതിയോടെയാണ് സെക്യുലറിസം എന്ന പദം ഒരു ആശയമായി ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. സെക്യുലറിസത്തെ മലയാളവത്കരിക്കുമ്പോള്‍ മതേതരത്വം എന്നു പറയാമെങ്കിലും മതനിരപേക്ഷത എന്നതാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ കൂടുതല്‍ അനുയോജ്യം. അഥവാ ഒരു മതത്തോടും പ്രത്യേക മമതയോ വിദ്വേഷമോ ഇല്ല, ഇന്ത്യക്ക് ഒരു മതമില്ല, എന്നാല്‍ ഇന്ത്യക്കാരനു ഏതു മതവുമാവാം. ഇതര മതസ്ഥരെ വിഷമിപ്പിക്കാത്തവിധം വിശ്വാസം ആചരിക്കുകയും പ്രചരിപ്പിക്കുകയുമാവാം. ദൈവ വിശ്വാസമോ മതമോ ഇല്ലാത്തവന് അങ്ങനെയുമാവാം. ഇന്ത്യക്കാരനെന്ന നിലയില്‍ എല്ലാ പൗരന്മാരെയും ഒരുപോലെ കാണാനും വൈവിധ്യങ്ങളില്‍ അഭിമാനം കൊള്ളാനുമുള്ള ദേശീയ ബോധമാണ് ഇന്ത്യന്‍ ഭരണഘടനയെ വ്യതിരക്തമാക്കുന്നത്.
ലോകത്തുള്ള ഏതാണ്ടെല്ലാ മതങ്ങളും അവക്കിടയിലെ അവാന്തര വിഭാഗങ്ങളും ഭരണഘടനാനുസൃതമായിതന്നെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവാന്തര വിഭാഗങ്ങളെയെല്ലാം ഒന്നിച്ചെടുത്താല്‍ ഹൈന്ദവര്‍ ഭൂരിപക്ഷവും മറ്റു മതസ്ഥര്‍ ന്യൂനപക്ഷവുമാണ്. മുസ്ലിംകളാണ് ഇന്ത്യയിലെ ഏറ്റവും വലിയ മത ന്യൂനപക്ഷം. എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംകള്‍ അധിവസിക്കുന്ന രണ്ടാമത്തെ രാഷ്ട്രം ഇന്ത്യയാണ്. ഭരണ സംവിധാനത്തില്‍ എല്ലാവര്‍ക്കും അര്‍ഹമായ പരിഗണന നല്‍കുകയും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നിയമാനുസൃതമായി തന്നെ സംവരണം ഏര്‍പ്പെടുത്തി മുഖ്യധാരയിലേക്ക് കൈ പിടിച്ചുയര്‍ത്തുകയും ചെയ്യുന്നുവെന്നത് ഇന്ത്യന്‍ ഭരണഘടനയുടെ പ്രത്യേകതയാണ്.
വര്‍ഗീയ തീവ്രവാദവും ഭീകരവാദവുമാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ എക്കാലത്തെയും പ്രധാന വെല്ലുവിളി. മത സമുദായങ്ങള്‍ക്കകത്ത് വര്‍ഗീയത അജണ്ടയാക്കി പ്രവര്‍ത്തിക്കുന്ന ചെറിയൊരു വിഭാഗത്തിന്റെ അപക്വമായ സമീപനങ്ങളും പ്രവര്‍ത്തനങ്ങളും മതനിരപേക്ഷ ഇന്ത്യയുടെ സല്‍പ്പേരിനേല്‍പിച്ച കളങ്കങ്ങള്‍ പലതും മായ്ക്കാനോ മറയ്ക്കാനോ പറ്റാത്തവയാണ്. വൈദേശികാധിപത്യത്തില്‍നിന്നും മോചനം നേടി ആറു മാസം പിന്നിടുന്നതിനുമുമ്പുതന്നെ രാഷ്ട്രപിതാവ് രക്തസാക്ഷിയാവേണ്ടിവന്നത് ഇന്ത്യക്കാരനായ വര്‍ഗീയ തീവ്രവാദിയുടെ തോക്കിലൂടെയാണ്. 1975 ല്‍ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് നടപ്പാക്കിയ അടിയന്തരാവസ്ഥയും തുടര്‍ന്നുവന്ന ഭരണമാറ്റവും ഇന്ത്യയുടെ രാഷ്ട്രീയ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് കാരണമായി. 1984 ല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപം ലോകത്തിനുമുമ്പില്‍ ഇന്ത്യയുടെ നിറം കെടുത്തി. ഭഗല്‍പൂര്‍, മുറദാബാദ്, നെല്ലി, ഭീവണ്ഡി കലാപങ്ങള്‍ ഇന്ത്യക്കുമേല്‍ ചോരപ്പാടുകള്‍ തീര്‍ത്തു. ലോക രാഷ്ട്രങ്ങള്‍ക്ക്മുമ്പില്‍ ഇന്ത്യ തല കുനിക്കേണ്ടിവന്ന രണ്ടാമത്തെ വന്‍ ദുരന്തം നടന്നത് 1992 ലെ ബാബരി മസ്ജിദ് ധ്വംസനത്തോടെയാണ്. രാമരാജ്യ സങ്കല്‍പവും അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണവും ലക്ഷ്യമാക്കി 1990 കളുടെ ആദ്യത്തില്‍ എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്ര അവസാനിച്ചത് ബഹുസ്വരതയില്‍ കെട്ടിപ്പടുത്ത ഭാരതത്തിന്റെ അഭിമാന സ്തംഭങ്ങളെ തച്ചുടച്ചുകൊണ്ടായിരുന്നു.
രാഷ്ട്രീയ പ്രക്രിയയില്‍ ശക്തമായി ഇടപെടുന്നതോടൊപ്പം രാജ്യത്തൊട്ടാകെ വര്‍ഗീയ കലാപങ്ങളും സാമുദായിക സംഘര്‍ഷങ്ങളും സൃഷ്ടിക്കുകയാണ് അധികാരത്തിലെത്താനുള്ള കുറു ക്കുവഴിയെന്ന് വര്‍ഗീയ വാദികള്‍ തിരിച്ചറിഞ്ഞതിന്റെ ആദ്യ പരീക്ഷണമായിരുന്നു ബാബരി മസ്ജിദ് തകര്‍ക്കല്‍. ഇതിനെതുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കലാപങ്ങളുടെ അനന്തര ഫലമായി രണ്ട് എം.പിമാര്‍ മാത്രമുണ്ടായിരുന്ന ബി.ജെ.പി കൂട്ടുകക്ഷി സംവിധാനത്തിലൂടെയാണെങ്കിലും ഇന്ത്യയുടെ ഭരണ സിരാകേന്ദ്രത്തില്‍ വൈകാതെതന്നെ സ്ഥാനംപിടിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികാരത്തിലേറി. വര്‍ഗീയ ലഹള എന്ന പേരില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ ഏകപക്ഷീയമായി ഹനിക്കപ്പെടുന്ന കൊലവിളികള്‍ നിരവധിയുണ്ടായി. 1992 -1993 കാലയളവില്‍ മണ്ണിന്റെ മക്കള്‍ വാദത്തില്‍നിന്നും ഹിന്ദുത്വ തീവ്രവാദത്തിലേക്ക് ബാല്‍താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന ചുവടുവെച്ചു. താക്കറെയുടെയും ശിവസേന നേതാക്കളുടെയും നാക്കും വാക്കും 1993 ലെ മുംബൈ കലാപം ഉള്‍പ്പെടെ നിരവധി മുസ്ലിം വേട്ടകള്‍ക്ക് വഴിവെച്ചു.
സ്വതന്ത്ര ഭാരതത്തില്‍ ഭരണകൂട പിന്തുണയോടെ നടന്ന ഏറ്റവും വലുതും ആസൂത്രിതവുമായ വംശഹത്യയായിരുന്നു 2002 ല്‍ നരേന്ദ്ര മോദിയുടെ കാര്‍മ്മികത്വത്തില്‍ അരങ്ങേറിയ ഗുജറാത്ത് കലാപം. വ്യാജ ഏറ്റു മുട്ടല്‍ എന്ന ഏകപക്ഷീയകൊലപാതകങ്ങള്‍ക്ക് ഇന്ത്യയില്‍ തുടക്കംകുറിക്കുന്നതും ഗുജറാത്തില്‍ നിന്നുതന്നെയാണ്. ഗുജറാത്തിലെ പോലെ യു.പിയിലും ആന്ധ്രയിലും ഇന്റലിജന്‍സ് ബ്യൂറോയിലെ വര്‍ഗീയവാദികള്‍ നല്‍കുന്ന വിവരമനുസരിച്ച് അറസ്റ്റിലായ നിരപരാധികള്‍ നിരവധിയാണ്. ഹൈദരാബാദിലെ ഇരട്ട സ്ഫോടനം, മക്ക മസ്ജിദ് സ്ഫോടനം, മലേഗാവ് സ്ഫോടനം, സംഝോത എക്സ്പ്രസ് സ്‌ഫോടനം തുടങ്ങി നൂറുകണക്കിന് നരഹത്യകളുടെ അന്തര്‍ധാരകള്‍ രാജ്യസുരക്ഷാസംവിധാനങ്ങളെപോലും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്.
നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ തീവ്രവാദികളെന്നു മുദ്രകുത്തി കരിനിയമങ്ങള്‍ ചുമത്തി പീഡിപ്പിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ നിരവധിയാണ്. സ്ഫോടനങ്ങളും കലാപങ്ങളും ആസൂത്രണം ചെയ്ത് കശാപ്പ് നടത്തിയ ശേഷം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ നിരപരാധികളെ തടങ്കലിലാക്കുകയും ഏതെങ്കിലും തീവ്രവാദ സംഘടനകളുടേതെന്ന് തോന്നിപ്പിക്കുന്ന പേരില്‍ വാര്‍ത്തകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ മെനഞ്ഞുണ്ടാക്കുന്ന കള്ളക്കഥകള്‍ക്ക് വാര്‍ത്താമാധ്യമങ്ങള്‍ നിറംപിടിപ്പിച്ച് വിചാരണകള്‍ നടത്തി മത്സരിക്കുന്നതോടെ കുറ്റാരോപിതര്‍ക്കെതിരെ പൊതുജനാഭിപ്രായം രൂപപ്പെടുന്നു. പിന്നീട് നിരപരാധിയാണെന്നുകണ്ട് വിട്ടയച്ചാലും വാര്‍ത്താമൂല്യം ലഭിക്കാത്തതിനാല്‍ സമൂഹത്തില്‍ അവര്‍ ഒറ്റപ്പെടുന്നു. കോയമ്പത്തൂര്‍ സ്ഫോടനത്തിന്റെ പശ്ചാതലത്തില്‍ പത്തു വര്‍ഷത്തോളം വിചാരണത്തടവുകാരനായി ജയിലിലിട്ട അബ്ദുല്‍ നാസര്‍ മഅ്ദനിയെ തെളിവില്ലാതെ മോചിതനാക്കിയശേഷം വീണ്ടും ബാംഗ്ലൂര്‍ സ്ഫോടനത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളിയായി എന്നാരോപിച്ച് കര്‍ണ്ണാടകയില്‍ ജയിലില്‍ പാര്‍പ്പിക്കുന്നതും ചികിത്സ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശങ്ങള്‍പോലും നിഷേധിക്കുന്നതും രാജ്യത്ത് സംജാതമായ ഇരട്ടനീതിയുടെ ഉത്തമോദാഹരണമാണ്. അസമിലെ വംശീയ കലാപത്തില്‍ കുടിയിറക്കപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളുടെ ദുരിതപൂര്‍ണ്ണമായ അതിരുകളിലേക്ക് ഇക്കഴിഞ്ഞ വര്‍ഷം തള്ളിവിട്ടത് നാലു ലക്ഷത്തോളം മുസ്ലിംകളെയാണ്. പൈശാചികമായ ഈ കശാപ്പില്‍ ഭവനരഹിതരായവരെ പുനരധിവസിപ്പിക്കുന്നതിനുമുമ്പ്തന്നെ വീണ്ടും യു.പിയിലെ മുസഫര്‍ നഗറില്‍നിന്നും മുസ്ലിംകളുടെ കൂട്ട നിലവിളി കേള്‍ക്കേണ്ടിവന്നു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി തലവനായി മോദിയെ തെരെഞ്ഞെടുത്ത ഉടനെ തന്റെ വിശ്വസ്തനും ഗുജറാത്തില്‍ ആഭ്യന്തര സഹമന്ത്രിയുമായിരുന്ന അമിത് ഷായെ രാമക്ഷേത്ര നിര്‍മ്മാണ പ്രചാരണ ദൗത്യവുമായി യു.പിയിലേക്ക് നിയോഗിക്കുന്നതുമുതല്‍ ആരംഭിക്കുന്നു മുസഫര്‍ നഗര്‍ കലാപത്തിന്റെ ചരടുവലി.
വര്‍ഗീയ ഫാസിസത്തിന്റെ ഭീകരത മുഖവും രാഷ്ട്രീയ മുഖവും മാത്രമാണ് പലപ്പോഴും ചര്‍ച്ചകളില്‍ അനാവരണം ചെയ്യപ്പെടാറുള്ളത്. വര്‍ഗീയതയുടെ വിജയ പരാജയങ്ങളെ അളക്കുന്നതും പൊതു തെരെഞ്ഞെടുപ്പ് ഫലവും കലാപങ്ങളുടെ പരപ്പും നോക്കിയാണ്. എന്നാല്‍ സമൂഹത്തിന്റെ പ്രത്യയശാസ്ത്രങ്ങളെയും സംസ്‌കാരത്തെയും കീഴടക്കുന്നിടത്താണ് വര്‍ഗീയത വിജയിച്ചു കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ പദ്ധതികളുടെയും സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും ബാഹ്യരൂപം നല്‍കി സമൂഹത്തെ ആകര്‍ഷിക്കുകയും അവരുടെ സംസ്‌കാരത്തെ ക്രമേണ മാറ്റിയെടുക്കുകയും ചെയ്യുന്ന വര്‍ഗീയ സംഘടനകള്‍ നഗരങ്ങളിലും നാട്ടിന്‍ പ്രദേശങ്ങളിലും സ്ഥാനംപിടിക്കുന്നു. ആര്‍.എസ്.എസിന്റെ സമാന്തര വിദ്യഭ്യാസ സംവിധാനം ചെറുപ്പത്തില്‍തന്നെ വിദ്യാര്‍ത്ഥികളില്‍ ഹിന്ദു ദേശീയവാദത്തിന്റെയും പരമത വിദ്വേഷത്തിന്റെയും വിഷ വിത്തുകള്‍ വളര്‍ത്തുന്നതാണ്. മതവിദ്വേഷം വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയും സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ ഗീതാപാരായണവും ഹൈന്ദവ ആചാരങ്ങളും നിര്‍ബന്ധമാക്കിയും ഭരണസംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ ഇന്ത്യന്‍ മതേതരത്വം പ്രതിരോധത്തിലാവുന്നു.
മതത്തിന്റെ പേരില്‍ പ്രചരിക്കപ്പെടുന്ന അന്ധവിശ്വാസങ്ങളും ചൂഷണങ്ങളും നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് മതേതര സംവിധാനത്തിന്റെ മറ്റൊരു പരിമിതി. വിശ്വാസ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും ആനുകൂല്യത്തില്‍ പുരോഹിതന്മാരും ആള്‍ദൈവങ്ങളും വിശ്വാസ ചൂഷണങ്ങള്‍ നടത്തുന്നത് വര്‍ധിച്ചുവരികയാണ്. ശാസ്ത്ര ലോകം ഉള്‍പ്പെടെ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികള്‍ പലതിനെയും പലതരം അന്ധവിശ്വാസങ്ങള്‍ ഗ്രസിച്ചിരിക്കുന്നു. ഭൂമിപൂജ, ശത്രുപൂജ തുടങ്ങിയ ഹൈന്ദവ മതാചാരങ്ങള്‍ സര്‍ക്കാര്‍ വിലാസത്തില്‍ അരങ്ങേറുകയും സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇത്തരം മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. ഉത്തര്‍പ്രദേശില്‍ ആള്‍ ദൈവം കണ്ട കിനാവിന്റെ അടിസ്ഥാനത്തില്‍ നിധിഖനനം നടത്തി നാണക്കേടുണ്ടാക്കിയത് ഇന്ത്യന്‍ ഭൗമരേഖാവകുപ്പും പുരാവസ്തു ഗവേഷണ വകുപ്പും ആണെന്നറിയുമ്പോള്‍ അന്തപുരങ്ങളുടെ അന്തരംഗങ്ങളിലെ ജീര്‍ണ്ണതയുടെ മുഖം വ്യക്തമാകുന്നുവെന്നതിനുപുറമെ മതനിരപേക്ഷ ഭാരതത്തിനു തീരകളങ്കവുമാകുന്നു.
മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്നതിലും ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്നതിലും ലോകത്തിനുതന്നെ മാതൃകയാണ് കൊച്ചുകേരളമെന്നത് ആശ്വാസത്തിനു വകനല്‍കുന്നു. രഥയാത്രയും ബാബരി മസ്ജിദ് തകര്‍ച്ചയും തീര്‍ത്ത വര്‍ഗീയ ചേരിതിരിവുകളുടെ അനന്തര ഫലമെന്നോണം അങ്ങിങ്ങായി ഒറ്റപ്പെട്ട സമരാഹ്വാനങ്ങളും സംഘം ചേരലുകളും രൂപപ്പെടുകയും മാറാട് കലാപത്തിന്റെയും മറ്റും രൂപത്തില്‍ സമൂഹത്തില്‍ വിള്ളലുകള്‍ തീര്‍ക്കുകയും ചെയ്തെങ്കിലും പ്രബുദ്ധ കേരളം ജാതി, വര്‍ഗ ചിന്തകള്‍ക്കതീതമായി ഭീകരതയെ തടഞ്ഞുനിര്‍ത്തുന്നതില്‍ ഏറെക്കുറെ വിജയിച്ചു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളിലെ ഭാരവാഹിത്വവും സ്ഥാനാര്‍ത്ഥിത്വവും മറ്റു സ്ഥാന മാനങ്ങളുമെല്ലാം മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയും വീതംവെക്കുകയും ചെയ്യുന്നതിനാല്‍ പാര്‍ട്ടികള്‍ക്കകത്ത് പോലും അര്‍ഹരായവര്‍ തഴയപ്പെടുകയും വര്‍ഗീയമായ ചേരിതിരിവുകള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് സമുദായ സംഘടനകളെ പുണരുകയും ആവശ്യം കഴിഞ്ഞാല്‍ പുറംതള്ളുകയും വര്‍ഗീയതയും തീവ്രവാദവും ആരോപിക്കുകയും ചെയ്യുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ പതിവാക്കിയിരിക്കുന്നു. വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് നടത്തുന്ന അവസരവാദ രാഷ്ട്രീയം ന്യൂനപക്ഷങ്ങളെ തെരെഞ്ഞെടുപ്പ് കാലത്തെ സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ മാത്രമാക്കി തളച്ചിടുന്നു. എക്കാലത്തും വേറിട്ടു മാത്രം നില്‍ക്കുന്ന പ്രത്യേക ധാരകളല്ല, അര്‍ഹമായ അവകാശങ്ങള്‍ നല്‍കി പൊതുധാരയില്‍ ഒരുമിച്ച് നിര്‍ത്താനുള്ള ആര്‍ജ്ജവമാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും ന്യൂനപക്ഷങ്ങള്‍ പ്രതീക്ഷിക്കുന്നത്.
കേരള മുസ്ലിം സമൂഹത്തിലെ വിവിധ സംഘടനകളുടെ സജീവ സാന്നിധ്യം മൂലമുണ്ടായ മതപരമായ ഉണര്‍വ് ആശ്വാസകരമാണെങ്കിലും പിളര്‍പ്പുകളും പടലപ്പിണക്കങ്ങളും നിമിത്തം ചെറിയ വിഭാഗങ്ങളെങ്കിലും തീവ്രമായ നിലപാടുകള്‍ സ്വീകരിക്കുന്നതും ബഹുസ്വരതയെ ഉള്‍ക്കൊള്ളാനാവാത്തവിധം സങ്കുചിതമാവുന്നതും കാണാതിരുന്നു കൂട. പൊതുതാല്‍പര്യ മേഖലകളില്‍ നിന്നു വിട്ടുനില്‍ക്കുകയും സൗഹൃദ കൂട്ടായ്മകളും മറ്റും മതബോധത്തിന്റെ പേരില്‍ നിരാകരിക്കപ്പെടുകയും ചെയ്യുന്ന തീവ്ര നിലപാട് കൂടുതല്‍ ശിഥിലീകരണത്തിന് വഴിവെക്കും. സന്മാര്‍ഗവും ദുര്‍മാര്‍ഗവും വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നതിനാല്‍ യാതൊരു ബലാല്‍ക്കാരത്തിനും മതത്തില്‍ സ്ഥാനമില്ലെന്നാണ് ഇസ്ലാമിന്റെ പക്ഷം. വിശ്വാസം ഒരാളെയും അടിച്ചേല്‍പിക്കേണ്ടതല്ല, ഉണ്ടാവേണ്ടതാണ്. മതപ്രബോധനമെന്നാല്‍ ദൈവിക സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കല്‍ മാത്രമാകുന്നു. ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ, ഇഷ്ടമില്ലാത്തവര്‍ അവിശ്വസിക്കട്ടെ. മാനുഷികമായ കൊടുക്കല്‍ വാങ്ങലുകളിലും ഇടപാടുകളിലും അവരുടെ മതമോ വിശ്വാസമോ പരിഗണിക്കേണ്ടതില്ല. ഇസ്ലാമിക രാഷ്ട്ര സംവിധാനത്തില്‍പോലും അമുസ്ലിം പൗരന്മാര്‍ക്ക് അവരുടെ വിശ്വാസ സ്വാതന്ത്ര്യം അംഗീകരിക്കുന്നു. എന്നാല്‍ മത സൗഹാര്‍ദ്ദത്തിന്റെ പേരില്‍ അന്യമത ആചാരങ്ങളും അടയാളങ്ങളും സ്വാംശീകരിക്കുന്നതിനെയോ ആചാരമിശ്രണത്തെയോ ഇസ്ലാം അംഗീകരിക്കുന്നില്ല. ആദര്‍ശത്തില്‍ കണിശത പാലിച്ചു കൊണ്ടുതന്നെ ആവശ്യമായ കാര്യങ്ങളില്‍ ആത്മാര്‍ത്ഥമായി സഹകരിക്കുന്ന മനുഷ്യസൗഹാര്‍ദ്ദമാണ് യഥാര്‍ത്ഥത്തില്‍ മതസൗഹാര്‍ദ്ദം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്.
(മുസ്‌ലിം ലീഗ്‌സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)

ചന്ദ്രിക വെബ് ഡെസ്‌ക്‌: