X
    Categories: Video Stories

പ്രസക്തി നഷ്ടമാകുന്ന ഇടതുപക്ഷം

കെ.പി നൗഷാദ് തളിപ്പറമ്പ്
പശ്ചിമബംഗാളിലും ത്രിപുരയിലും അധികാരം നഷ്ടമായതിനുപിന്നാലെ അവസാന തുരുത്തായ കേരളത്തിലും അടിത്തറയിളകുന്നു എന്ന തിരിച്ചറിവ് സൃഷ്ടിച്ച വിഭ്രാന്തിയിലാണ് സി.പി.എം നേതൃത്വവും അണികളും. തറവാട് കുളംതോണ്ടിയെന്ന യാഥാര്‍ഥ്യം അംഗീകരിക്കാനാവാതെ സമചിത്തത നഷ്ടപ്പെട്ട് ഉമ്മറത്തെ ചാരുകസേരയിലിരുന്ന് വലിയ വായില്‍ വീരവാദം മുഴക്കുന്ന ഗൃഹനാഥന്റെ ദയനീയ അവസ്ഥയിലാണ് സി.പി.എം സംസ്ഥാന നേതൃത്വമിപ്പോള്‍. നരേന്ദ്രമോദിയുടെ മുഖംമൂടി പിച്ചിച്ചീന്തി, കാവല്‍ക്കാരന്‍ കള്ളനാണെന്ന് വിളിച്ചുപറഞ്ഞ്, രാജ്യത്തെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് നായകത്വം വഹിക്കുന്ന രാഹുല്‍ഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവോടെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ ചുവപ്പുകണ്ട കാളകളെ പോലെയാണ് പെരുമാറുമാറിയത്. തികച്ചും അപക്വമായ പെരുമാറ്റമാണ് ഇടതു നേതൃത്വത്തില്‍നിന്ന് പ്രത്യേകിച്ച് സി.പി.എമ്മിലെ കേരള നേതാക്കളില്‍നിന്ന് ഉണ്ടായത്.
2009ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ 18 സീറ്റ് നേടിയ തൃണമൂല്‍ കോണ്‍ഗ്രസ് സി.പി.എമ്മിന്റെ രാവണന്‍ കോട്ടയില്‍ അവരെ ഒന്‍പത് സീറ്റിലൊതുക്കിയതോടെയാണ് ഇടതുപക്ഷത്തിന്റെ തകര്‍ച്ച തുടങ്ങുന്നത്. തൊട്ടുടനെയുണ്ടായ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാള്‍ മമതാബാനര്‍ജി പിടിച്ചെടുത്തു. 2014ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി അവര്‍ക്ക് നേരിടേണ്ടിവന്നു. 1971ല്‍ 10 സംസ്ഥാനങ്ങളില്‍ നിയമസഭാപ്രാതിനിധ്യമുണ്ടായിരുന്ന, 2004ല്‍ 59 പാര്‍ലമെന്റ് സീറ്റുകളുണ്ടായിരുന്ന ഇടതുപാര്‍ട്ടികളുടെ സാന്നിധ്യം 11 എം.പിമാരുമായി മൂന്ന് സംസ്ഥാനങ്ങളില്‍ ഒതുങ്ങി. ലഭിച്ച സീറ്റുകളുടെ എണ്ണം വച്ച് എട്ടാം സ്ഥാനത്തേക്ക് ഇടതുപാര്‍ട്ടികള്‍ പിന്തള്ളപ്പെട്ടു. 1980 മുതല്‍ 2004 വെരയുള്ള തെരഞ്ഞെടുപ്പുകളില്‍ പശ്ചിമബംഗാളില്‍ ആകെയുള്ള 42 സീറ്റുകളില്‍ ശരാശരി 31 സീറ്റുകള്‍ മുടങ്ങാതെ കിട്ടിക്കൊണ്ടിരുന്ന സി.പി.എം 2014ല്‍ രണ്ട് സീറ്റിലാണ് വിജയിച്ചത്. അവസാനമായി രണ്ടു പതിറ്റാണ്ടിലേറെയായി തങ്ങളുടെ തട്ടകമായിരുന്ന ത്രിപുരയും നഷ്ടമായി.
ആസന്നമായ തെരഞ്ഞെടുപ്പിലാവട്ടെ പശ്ചിമ ബംഗാളിലും കേരളത്തിലും ത്രിപുരയിലും അടക്കം മങ്ങിയ സാധ്യതകള്‍ മാത്രമേ ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ കല്‍പ്പിക്കുന്നുള്ളൂ. നേരത്തേ ഇടതു സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുകയോ ജയിക്കുകയോ ചെയ്ത മണ്ഡലങ്ങളില്‍പോലും അവര്‍ക്ക് സീറ്റ് നല്‍കാന്‍ എന്‍.ഡി.എ വിരുദ്ധ സഖ്യങ്ങള്‍ തയ്യാറായിട്ടില്ല. കുറഞ്ഞ സീറ്റുകള്‍കൊണ്ട് തൃപ്തിപ്പെടാന്‍ ഒരുക്കമായിരുന്നുവെങ്കിലും ഒരുകാലത്ത് ചെങ്കോട്ടയായിരുന്ന പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യശ്രമം പരാജയപ്പെടുകയാണുണ്ടായത്. ബിഹാറില്‍ ഇടതുസാന്നിധ്യം നാമമാത്രമാണെന്ന കാരണത്താല്‍ ഒരു സീറ്റ് പോലും നല്‍കാന്‍ രാഷ്ട്രീയ ജനതാദള്‍ തയ്യാറായില്ല. അടുത്ത കാലത്ത് വലിയ കര്‍ഷക സമരത്തിന് സാക്ഷ്യം വഹിച്ച മഹാരാഷ്ട്രയില്‍പോലും ഇടതിനു സീറ്റ് നല്‍കാന്‍ എന്‍.സി.പി സഖ്യം ഒരുക്കമല്ല. ബിഹാറില്‍ മല്‍സരിക്കാന്‍ ഒരു സീറ്റെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവസാനം വരെ. പക്ഷേ അവസാന നിമിഷം ആര്‍.ജെ.ഡിയും കൈയൊഴിഞ്ഞു.
കൊലപാതക രാഷ്ട്രീയം, പ്രളയകാലത്ത് ഡാമുകള്‍ തുറന്നതുമായി ബന്ധപ്പെട്ട അമികസ്‌ക്യൂറി വെളിപ്പെടുത്തല്‍, പ്രളയ പുനരധിവാസത്തിലെ പ്രശ്‌നങ്ങള്‍ തുടങ്ങി പല കാരണങ്ങളാല്‍ പരിതാപകരമാണ് സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണിയുടെ കേരളത്തിലെ അവസ്ഥ. ഈ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞുവേണം, ലോക്‌സഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ആകാന്‍ തങ്ങള്‍ക്ക് യോഗ്യതയുണ്ടോ എന്നു വിലയിരുത്താന്‍.
മൂന്നു പതിറ്റാണ്ടിലേറെ ഭരിച്ചിട്ടും അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ ബംഗാളിലും ത്രിപുരയിലും സി.പി.എമ്മിന് സാധിച്ചിട്ടില്ല എന്നതു തന്നെയാണ് അവര്‍ക്കേറ്റ വന്‍ തിരിച്ചടിക്കു കാരണം. ഇവിടങ്ങളിലൊക്കെ ഭീഷണിപ്പെടുത്തിയും മസില്‍ പെരുപ്പിച്ചും ഭയത്തിന്റെ നിഴലില്‍ ജനങ്ങളെ കൂടെനിര്‍ത്തുകയായിരുന്നു ഇത്രയും കാലം. അതുകൊണ്ടാണ് മറ്റൊരു ബദലിന് സാധ്യത തെളിഞ്ഞമാത്രയില്‍ ജനങ്ങളൊന്നാകെ തൃണമൂലിലേക്കും ബി.ജെ.പിയിലേക്കും തിരിഞ്ഞത്. 35 വര്‍ഷക്കാലം പാര്‍ട്ടി ക്ലാസുകള്‍ കേട്ട് വളര്‍ന്നവരും തങ്ങള്‍ക്കുമാത്രം വോട്ട് ചെയ്തവരും തന്നെയാണ് എതിര്‍ പാളയങ്ങളിലേക്ക് ഇരച്ചെത്തിയത്. സി.പി.എമ്മിനെ പിന്തള്ളി മുഖ്യ പ്രതിപക്ഷ കക്ഷിയായി ബി.ജെ.പി വളര്‍ന്നുവരുന്ന സാഹചര്യമാണവിടെ. 35 വര്‍ഷം സി. പി.എം ഉഴുതുമറിച്ച ബംഗാളിന്റെ മണ്ണില്‍ ഫാഷിസ്റ്റ് കക്ഷിയായ ബി.ജെ.പി വിതച്ച വിത്ത് എത്ര വേഗത്തില്‍ എങ്ങനെ മുളച്ചുപൊന്തിയെന്ന കാര്യം മതേതരത്വത്തിനുവേണ്ടിയും വര്‍ഗീയതക്കെതിരായും നാഴികക്ക് നാല്‍പതുവട്ടം നാവിട്ടലയ്ക്കുന്ന ഇടതുകക്ഷികള്‍ വിശദീകരിക്കേണ്ടതാണ്. കുത്തൊഴുക്കില്‍ പാര്‍ട്ടി അണികള്‍ മാത്രമല്ല, നേതാക്കളും പാര്‍ട്ടി ചട്ടക്കൂട് തന്നെയും ഒഴുകിപ്പോയ സാഹചര്യത്തില്‍ ഏഴു വര്‍ഷത്തിലേറെയുള്ള മമതയുടെ ഭരണത്തിനെതിരേയുണ്ടാവാന്‍ സാധ്യതയുള്ള വികാരത്തെപോലും വോട്ടാക്കി മാറ്റാന്‍ ഇടതിന് സാധിക്കില്ലെന്ന സ്ഥിതിയാണവിടെ. ഇടതു വിംഗിലെ ഈ ഒഴിവിലാണ് ബി.ജെ.പി കയറിക്കളിക്കുന്നത്.
ജനപ്രിയ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ മമതാസര്‍ക്കാര്‍ ചെറിയ തോതിലെങ്കിലും വിജയം നേടിയെന്നതാണ് സി.പി.എമ്മിന്റെ ഇവിടത്തെ തകര്‍ച്ച ശാശ്വതമാക്കുന്ന മറ്റൊരു പ്രധാന ഘടകം. ബ്യൂറോക്രസിയുടെ സ്വഭാവം മാറിയതോടെ ഭരണത്തിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാരിലെത്തിത്തുടങ്ങി. സി.പി.എം ഭരിച്ച മൂന്നര പതിറ്റാണ്ടുകാലം തികച്ചും പാര്‍ട്ടിവത്കരിക്കപ്പെട്ട ഉദ്യോഗസ്ഥ വൃന്ദത്തിന്റെ കൈയിലായിരുന്നു കാര്യങ്ങള്‍. അതുകൊണ്ടുതന്നെ ഭരണത്തിന്റെ ഗുണഫലങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍വഴി വിതരണം ചെയ്യപ്പെടുന്നതിന്പകരം പാര്‍ട്ടി ഓഫീസുകളിലൂടെയായി. ഇത് ഒരു വിഭാഗം ജനങ്ങളെ വികസന പദ്ധതികളില്‍നിന്ന് തികച്ചും അകറ്റിനിര്‍ത്തപ്പെടുന്നതിന് കാരണമായി.
ന്യൂനപക്ഷ പ്രദേശങ്ങളോട് പശ്ചിമബംഗാളിലെ ഇടതു സര്‍ക്കാര്‍ സ്വീകരിച്ചുവന്നിരുന്ന വിവേചനം പുതിയ വാര്‍ത്തയല്ല. എവിടെയാണോ ടാറിട്ട റോഡുകള്‍ അവസാനിക്കുന്നത്, വൈദ്യുതി പോസ്റ്റുകള്‍ അവസാനിക്കുന്നത് അവിടെയാണ് പശ്ചിമ ബംഗാളിലെ മുസ്‌ലിം ദലിത് പ്രദേശങ്ങള്‍ തുടങ്ങുന്നത് എന്ന് എഴുതിയത് വലിയ സത്യമാണെന്ന് അവിടെ സന്ദര്‍ശിച്ചവര്‍ക്കറിയാം. അതുകൊണ്ടുതന്നെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വോട്ട് ബേസായി ഈ രണ്ടു വിഭാഗങ്ങള്‍ നിലകൊള്ളുന്നതും.
കേരളത്തില്‍ സി.പി.എം ഇപ്പോഴും പിടിച്ചുനില്‍ക്കുന്നതിന് അവര്‍ നന്ദി പറയേണ്ടത് കോണ്‍ഗ്രസും മുസ്‌ലിം ലീഗുമുള്‍പ്പെടുന്ന ഐക്യജനാധിപത്യ മുന്നണിയോടാണ്. തുടര്‍ച്ചയായ ഇടവേളകളില്‍ അധികാരത്തിലെത്തുന്ന യു.ഡി.എഫ് നടപ്പിലാക്കുന്ന വികസന നയങ്ങള്‍ പിന്തുടരാന്‍ ഇടതുപക്ഷം നിര്‍ബന്ധിതരാവുന്നു എന്നതാണ് പശ്ചിമബംഗാളില്‍നിന്നും ത്രിപുരയില്‍നിന്നും കേരളത്തെ വ്യതിരിക്തമാക്കുന്നത്.
ബംഗാളിലെ മാള്‍ഡ ജില്ലയിലെ ഹബീബ്പൂര്‍ അസംബ്ലി സീറ്റ് പട്ടിക വര്‍ഗ സംവരണ സീറ്റാണ്. 1962 മുതല്‍ സി.പി.എമ്മിന്റെ കുത്തക സീറ്റായിരുന്നു ഇത്. 1967ലെ തെരഞ്ഞെടുപ്പില്‍ മാത്രമാണ് സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചത്. കഴിഞ്ഞ മൂന്നു തവണ ഇവിടെ നിന്ന് ജയിച്ചുപോരുന്നത് സി.പി.എം നേതാവ് ഖാഗോന്‍ മുര്‍മുവാണ്. എന്നാല്‍ മുര്‍മു ഇപ്പോള്‍ ഹബീബ്പൂര്‍ ഉള്‍പ്പെട്ട മാള്‍ഡ മണ്ഡലത്തിലെ ലോക്‌സഭാ സ്ഥാനാര്‍ഥിയാണ്. സി.പി. എം സ്ഥാനാര്‍ഥിയല്ലെന്നു മാത്രം. മറിച്ച് ബി.ജെ. പി ടിക്കറ്റിലാണ് മല്‍സരിക്കുന്നത്. മുര്‍മു മാത്രമല്ല മാറിയത്; ഒപ്പം നിരവധി ഗ്രാമങ്ങളും. ഇവിടെയൊന്നും സി.പി.എമ്മിന്റെ പൊടിപോലും കാണാനില്ലെന്ന സ്ഥിതിയാണ്.
ഇത് മാള്‍ഡയില്‍ മാത്രം ഒതുങ്ങുന്ന പ്രതിഭാസമല്ലെന്നും പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും സ്ഥിതി ഇതുതന്നെയാണെന്നും മറ്റാരെക്കാളും നന്നായി അറിയാവുന്നവരാണ് ഇടതു നേതൃത്വം. എന്നിട്ടാണ് കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന ആരോപണവുമായി ഇവിടെ രംഗത്തെത്തിയിരിക്കുന്നത്. പൊതുവെ ഇത്തരം നിറംമാറ്റം വിരളമായ കേരളത്തില്‍ നിന്ന് ബി.ജെ.പിയിലേക്ക് പോയത് ഇപ്പോള്‍ കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനമെന്ന മുന്‍ ഇടത് എം.എല്‍.എയാണെന്ന് ഓര്‍ക്കണം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: