X
    Categories: Video Stories

കേന്ദ്ര വിരുദ്ധ മഹാറാലിയും സി.പി.എം നിലപാടും

റാശിദ് മാണിക്കോത്ത്‌

നരേന്ദ്രേ മോദി സര്‍ക്കാറിനെ താഴെയിറക്കുകയെന്ന ലക്ഷ്യവുമായി കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസം നടന്ന മഹാ റാലി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഇടത് പക്ഷത്തിന്റെ ഈറ്റില്ലമായിരുന്ന പശ്ചിമബംഗാളില്‍നിന്നും ചുവപ്പിന്റെ അമരക്കാരില്ലാതെ വീശിത്തുടങ്ങിയ ഫാസിസ്റ്റ് ഭരണകൂട വിരുദ്ധ കൊടുങ്കാറ്റില്‍ മോദിയുടെ സിംഹാസനം പോലും വിറച്ചിരിക്കുന്നു. ബി.ജെ.പി ഭരണ വിരുദ്ധ വികാരത്താല്‍ തിളച്ചുമറിഞ്ഞ ജന ബാഹുല്യം വിളിച്ചോതുന്നത് രാജ്യത്തെ രക്ഷിക്കൂ എന്ന മുറവിളി മാത്രമാണ്. അഞ്ച് വര്‍ഷമാകുന്ന മോദി ഭരണത്തിന്‍ കീഴില്‍ സര്‍വ പീഢനങ്ങളും ഏറ്റുവാങ്ങിയ ഭാരതീയര്‍ മാറ്റത്തിന്റെ പുലര്‍ കാലത്തെയാണ് സ്വപ്‌നം കാണുന്നത്. ജനദ്രോഹപരമല്ലാത്ത ഏത് നടപടിയാണ് മോദിയും കൂട്ടരും കൈക്കൊണ്ടിട്ടുള്ളതെന്ന ഏറെ പ്രാധാന്യമേറിയ ചോദ്യം മഹാറാലിയില്‍ ഉടനീളം ഉയര്‍ന്നു. എല്ലാ അര്‍ത്ഥത്തിലും പാര്‍ശ്വവത്കക്കരിക്കപ്പെട്ട, അരക്ഷിതാവസ്ഥയിലായിത്തീര്‍ന്ന ഭാരതത്തിലെ ബഹുഭൂരിപക്ഷം സാധാരണക്കാരുടെയും മുഷ്ടി ഉയര്‍ത്തിക്കൊണ്ടുള്ള ഈ ചോദ്യം മോദിയുടെ സിംഹാസത്തിനെതിരെ പാഞ്ഞുപോയ ചാട്ടുളികളാണ്. മഹത്തായ ഇന്ത്യാ രാജ്യത്തെ ജനാധിപത്യത്തില്‍നിന്നും ഏകാധിപത്യത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ മോദിയും കൂട്ടരും തങ്ങളുടെ അപ്രമാദിത്വത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുകയാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഭരണ തുടര്‍ച്ച ഉണ്ടായാല്‍ ഭരണഘടനയെ പോലും തിരുത്തിയെഴുതി രാജ്യത്തെ മത രാഷ്ട്രമാക്കിമാറ്റാനും മടിക്കില്ലെന്ന ഭീതിയില്‍നിന്നും മുളച്ച്‌പൊങ്ങിയ ബി.ജെ.പി വിരുദ്ധ വികാരം സഹനത്തിന്റെ നെല്ലിപ്പലകയും കടന്ന് അവശരായിതീര്‍ന്ന പാവപ്പെട്ട ജനതയുടെ അതിജീവനാവകാശത്തിന്റെ പ്രതിഫലനംകൂടിയാണ്. ജനാധിപത്യ-മതേതര മൂല്യങ്ങളോട് എന്നും പുറംതിരിഞ്ഞ് നില്‍ക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ ഇന്ത്യാരാജ്യം ഇക്കാലമത്രയുംകൊണ്ട് നേടിയ ഉന്നമന, മുന്നേറ്റങ്ങളെ അപ്പാടെ തച്ചുടച്ച് മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റാനും നാനാജാതി മതസ്ഥരെ ഇല്ലായ്മ ചെയ്യാന്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് ഭീതി പരത്താനും ശ്രമിച്ചുകൊണ്ടേയിരിക്കുന്നതിന്റെ ഭവിഷ്യത്തുകള്‍ ജനം തിരിച്ചറിഞ്ഞും അനുഭവിച്ചും കൊണ്ടിരിക്കുന്നു. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെയും അവര്‍ണ്ണര്‍ക്കെതിരെയും കര്‍ഷകര്‍ക്കെതിരെയുമെല്ലാം കൊടിയ പീഡനങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന മോദി സര്‍ക്കാറിനെതിരെ ജനാധിപത്യ വിശ്വാസികളെല്ലാം കൈകോര്‍ത്തപ്പോള്‍ സി.പി.എം ‘പിണങ്ങി നില്‍ക്കുന്ന അയല്‍ വീട്ടുകാരന്റെ’ സമീപനം കൈക്കൊണ്ടത് ചര്‍ച്ചാവിഷയമായി തീര്‍ന്നിരിക്കുകയാണ്. പശ്ചിമ ബംഗാളില്‍ മമതാബാനര്‍ജി മുഖ്യ ശത്രു എന്നത്‌കൊണ്ട് രാജ്യത്തിന്തന്നെ ഭീഷണിയായിതീര്‍ന്ന പൊതുശത്രുവിന്‌നേരെ ചെറുവിരല്‍ പോലും അനക്കാന്‍ ശ്രമം നടത്താന്‍ സി.പി. എം തയ്യാറല്ല എന്നത് ആ പാര്‍ട്ടിക്ക് ഫാസിസ്റ്റു ശക്തികളോടുള്ള മൃദു സമീപനത്തിന്റെ വ്യക്തമായ തെളിവാണ് വെളിവായിട്ടുള്ളത്. ഫാസിസ്റ്റുകളില്‍നിന്നും രാജ്യത്തെ മോചിപ്പിക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തില്‍നിന്നും മമതയോടുള്ള വിരോധംകാരണം പുറംതിരിഞ്ഞുനില്‍ക്കുന്ന സി.പി.എം തങ്ങളുടെ ഈ തീരുമാനം ‘ചരിത്രപരമായ വിഡ്ഢിത്തമായിരുന്നു’വെന്ന് പില്‍ക്കാലത്ത് പോളിറ്റ് ബ്യൂറോ ചേര്‍ന്ന് രാജ്യത്തോട് വിളിച്ചു പറയേണ്ട ഗതികേട് ആ പാര്‍ട്ടിക്കുണ്ടാവുമെന്ന് ഉറപ്പാണ്.
ലോക സഭാതെരഞ്ഞെടുപ്പിന് ശേഷം ബി.ജെ. പി അധികാരത്തില്‍ വരുന്നത് തടയാന്‍ പ്രതിപക്ഷ സഖ്യം രൂപപ്പെടുത്തുമെന്നും അതിന് മുമ്പ് പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസൃതമായി മാത്രമേ തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കൂ എന്നുമാണ് സി.പി.എം വ്യക്തമാക്കിയിട്ടുള്ളത്. ഇത് പക്ഷേ സി.പി.എമ്മിന്റെ മറ്റൊരു നയ വൈകല്യമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷ ഐക്യം എന്നത് കേന്ദ്രത്തിലെ ഫാസിസ്റ്റ് പ്രബലത്വം നിഷ്‌കാസനം ചെയ്യുകയെന്ന ലക്ഷ്യത്തിലൂന്നിയ മുന്നേറ്റ കൂട്ടായ്മയാണ്. കക്ഷി രാഷ്ട്രീയങ്ങളുടെ അടിസ്ഥാന നയങ്ങളുടെ സമരസപ്പെടലല്ല ഈയൊരു മുന്നേറ്റത്തിന്റെ കാതല്‍. മറിച്ച് രാജ്യത്തെ അസ്ഥിരതയിലേക്ക് നയിക്കുന്ന, ജനാധിപത്യ വ്യവസ്ഥിതികളെ മാനഭംഗപ്പെടുത്തുന്ന, പാവപ്പെട്ട ജനതയെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിട്ട, നാനാത്വത്തില്‍ ഏകത്വമെന്ന വിശുദ്ധ സംഹിതയെ കശക്കിയെറിഞ്ഞ രാജ്യ വിരുദ്ധരെ എന്നെന്നേക്കുമായി തുടച്ചുനീക്കുകയെന്ന ഒറ്റ ലക്ഷ്യമാണ് ആത്യന്തികം എന്നത് കടുത്ത മമത വിരോധം കാരണം സി.പി.എം വിസ്മരിക്കുന്നു. എന്ത് വില കൊടുത്തും കേന്ദ്ര ഭരണത്തില്‍ നിന്നും ബി.ജെ. പിയെ പുറന്തള്ളുക എന്ന ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ അഭിപ്രായം ശ്രദ്ധേയമാണ്. മമതയും കോണ്‍ഗ്രസുമടക്കമുള്ളവരുടെ രാഷ്ട്രീയ രീതിയോട് പൊരുത്തപ്പെടാനാവില്ലെങ്കിലും ഇപ്പോഴത്തെ പ്രധാന വെല്ലുവിളി നേരിടുന്നതിനായി സമാന ചിന്താഗതിക്കാരുമായി ഒരുമിച്ചുനീങ്ങാന്‍ പാര്‍ട്ടി തീരുമാനമെടുത്തത് ഐകകണ്‌ഠ്യേന ആയിരുന്നുവെന്നാണ് കെജ്രിവാളിന്റെ വെളിപ്പെടുത്തല്‍. ഈ സര്‍ക്കാറിന്റെ കാലത്ത് പ്രധാനമന്ത്രിയെയും കൂട്ടരെയും പുകഴ്ത്തുന്നത് ദേശ സ്‌നേഹവും വിമര്‍ശിക്കുന്നത് ദേശവിരുദ്ധവുമാണ് എന്ന ദയനീയ സ്ഥിതിയാണ്. ജനങ്ങളെ വിഡ്ഢികളാക്കുകയാണ് മോദി. രാജ്യം മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയിലാണ്. ഇതിന്റെ ആഴം ഭീതിതമാകുന്നതിന്മുമ്പ് മോദിയെ പുറത്താക്കുകയാണ് വേണ്ടതെന്ന ഒരു കാലത്ത് ബി.ജെ.പിയുടെ വക്താവായിരുന്ന യശ്വന്ത് സിന്‍ഹയുടെ വാക്കുകള്‍ക്ക് അരികെയെത്താന്‍ പോലും സി.പി.എം നേതൃ തീരുമാനങ്ങള്‍ക്കാവുന്നില്ലായെന്നത് ഖേദകരമാണ്. ഫാസിസ്റ്റുകളെയും സംഘ്പരിവാറിനെയും നഖശിഖാന്തം എതിര്‍ക്കുന്നുവെന്ന് വിളിച്ചുകൂവുന്നവര്‍ ബി.ജെ.പിയോട് വിശിഷ്യാ സംഘ്പരിവാറിനോട് മൃദുസമീപനം പുലര്‍ത്തുന്നത് കേന്ദ്രത്തില്‍ ഭരണമാറ്റം ആഗ്രഹിക്കുന്ന രാജ്യത്തെ ലക്ഷോപലക്ഷം ജനങ്ങളോടും പാര്‍ട്ടി അനുഭാവികളോടും കാട്ടുന്ന കടുത്ത വഞ്ചനയാണ്. കൊല്‍ക്കത്തയിലെ റാലിയില്‍ സി.പി.എം പങ്കാളിത്തം വഹിക്കാതിരുന്നതിന് പിന്നില്‍ സി.പി. എമ്മിന്റെ മമത വിരുദ്ധത ഒന്ന് മാത്രമാണെന്ന വസ്തുത ജനാധിപത്യ ഇന്ത്യയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്ന, ഫാസിസ്റ്റ് ശക്തികളുടെ ഉന്മൂലനം ആഗ്രഹിക്കുന്ന ഇടതുപക്ഷ അനുയായികളില്‍ അമര്‍ഷം തീര്‍ക്കുമെന്നുറപ്പാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: