X
    Categories: Video Stories

സംവരണ നിഷേധത്തിന്റെ മതില്‍

ടി.പി.എം ബഷീര്‍

കെ.എ.എസിലെ സംവരണ നഷ്ടത്തിനെതിരെ പിന്നാക്ക സംഘടനകളും പട്ടികജാതി സംഘടനകളും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെങ്കിലും സംവരണവിരുദ്ധ നിലപാട് തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ഒടുവില്‍ നിയമവകുപ്പ് സെക്രട്ടറിയുടെ നിയമോപദേശം തേടി. കെ.എ.എസ് കേഡറിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് മത്സര പരീക്ഷയിലൂടെ ആയതിനാല്‍ എല്ലാ വിഭാഗങ്ങളിലും സംവരണം നല്‍കണമെന്നായിരുന്നു നിയമവകുപ്പ് സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥിന്റെ നിയമോപദേശം. ഇത് മുഖ്യമന്ത്രിക്ക് സ്വീകാര്യമായില്ല. കെ.എ.എസ് നിയമനങ്ങളില്‍ രണ്ട്, മൂന്ന് ധാരകളില്‍ സംവരണം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തിലെ 9 (സി) വകുപ്പ് പ്രകാരം ചെയര്‍മാന്‍ പി.കെ ഹനീഫ ഉത്തരവ് പുറപ്പെടുവിച്ചു. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ പ്രസിഡണ്ട് എ.എം അബൂബക്കര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ ഉത്തരവ്. പക്ഷേ ഇതും മുഖ്യമന്ത്രി പരിഗണിച്ചില്ല.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പട്ടികജാതി ക്ഷേമസമിതിയുടെ സംസ്ഥാന പ്രസിഡണ്ടും രാജ്യസഭാംഗവുമായ അഡ്വ. കെ. സോമപ്രസാദ് കെ.എ.എസില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഈ നിവേദനം മുഖ്യമന്ത്രിയുടെ കത്ത് സഹിതം അഡ്വക്കറ്റ് ജനറല്‍ സി.പി സുധാകര പ്രസാദിന്റെ നിയമോപദേശത്തിന് നല്‍കി. നിയമവകുപ്പ് സെക്രട്ടറിയുടെ ഉപദേശം തള്ളിയാണ് മുഖ്യമന്ത്രി എ.ജിയുടെ ഉപദേശം തേടിയത്. നേരിട്ടുള്ള നിയമനങ്ങള്‍ക്ക് മാത്രമേ സംവരണം നല്‍കേണ്ടതുള്ളൂ എന്നും ബൈ ട്രാന്‍സ്ഫര്‍, ബൈ പ്രമോഷന്‍ തസ്തികകള്‍ക്ക് സംവരണം ബാധകമല്ലെന്നും അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം നല്‍കി. പുതിയ കേഡറിലേക്ക് പുതിയ അപേക്ഷയുടെയും എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലുള്ള നിയമനമാണെന്ന വസ്തുത വിസ്മരിക്കപ്പെടുകയും സാധാരണ ഗതിയിലുള്ള പ്രമോഷന്‍ നിയമനമെന്ന പരിഗണനയില്‍ ഇവ്വിധമൊരു നിയമോപദേശം നല്‍കുകയുമാണ് എ.ജി ചെയ്തത്. ‘വൈദ്യന്‍ വിധിച്ചതും രോഗി ഇച്ഛിച്ചതും പാല്‍’ എന്ന മട്ടില്‍ എ.ജിയുടെ നിയമോപദേശം മുഖ്യമന്ത്രിക്ക് സ്വീകാര്യമായി.
കെ.എ.എസ് കേഡറില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണ നഷ്ടം നേരിടുന്നത് സംബന്ധിച്ച് പട്ടിക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ കെ.എ.എസില്‍ നിന്ന് സംവരണ വിഭാഗങ്ങളെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും ഇത് സംവരണാധിപത്യ തീരുമാനമാണെന്നും പ്രതികരിച്ചു. മുഖ്യമന്ത്രി ഇതും മുഖവിലക്കെടുത്തില്ല. ഏറ്റവും ഒടുവില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, കെ.എ.എസിലെ സംവരണ നിഷേധം സംബന്ധിച്ച് നിയമസഭയില്‍ നടത്തിയ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ സംവരണ വിരുദ്ധ നിലപാട് ഒന്നുകൂടി വ്യക്തമായി. ‘കെ.എ.എസ് ചട്ടങ്ങള്‍ അനുസരിച്ച് നേരിട്ടും, തസ്തിക മാറ്റം മുഖേനയും മാത്രമാണ് നിയമനം നടക്കുക. നേരിട്ടുള്ള നിയമനങ്ങള്‍ക്ക് പൊതുസംവരണ തത്വങ്ങള്‍ ബാധകമാണ്. എന്നാല്‍ പി.എസ്.സി വഴി തസ്തികമാറ്റ നിയമനം നടത്തുന്ന വിവിധ വകുപ്പുകളുടെ മാതൃകയിലാണ് കെ.എ.എസ് തസ്തിക മാറ്റ നിയമനവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഇവിടെ സംവരണം ബാധകമല്ല’. ഇതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തസ്തികമാറ്റ പ്രകാരമുള്ള നിയമനങ്ങളിലും സംവരണം വേണമെന്ന പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ കമ്മീഷന്റെയും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെയും നിര്‍ദ്ദേശം അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശ പ്രകാരം നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യക്കുറവ് ഉണ്ടെങ്കില്‍ അത് നികത്തുന്നതിന് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ സംവിധാനമുണ്ടെന്നും അത് കെ.എ.എസിനും ബാധകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംവരണം പോലെ ഗൗരവമേറിയ ഒരു പ്രശ്‌നത്തെ എത്ര ലാഘവത്തോടെയാണ് മുഖ്യമന്ത്രി സമീപിക്കുന്നതെന്ന് ഈ മറുപടിയില്‍ നിന്ന് വ്യക്തമാണ്. പട്ടിക വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് നികത്താന്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നിലവിലുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി പിന്നാക്ക സമുദായങ്ങളുടെ കാര്യത്തില്‍ പൂര്‍ണ നിശബ്ദനാണ്. സംവരണം നിലവിലുണ്ടായിട്ടും പിന്നാക്ക സമുദായങ്ങള്‍ക്ക് നഷ്ടപ്പെട്ട തസ്തികകളുടെ കണക്ക് പറയുന്ന നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നമ്മുടെ മുമ്പിലുണ്ട്. പട്ടിക വിഭാഗങ്ങള്‍ക്കും നിരവധി തസ്തികകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് പ്രാതിനിധ്യക്കുറവ് ഉണ്ടായാല്‍ നികത്തുന്നതിലല്ല, കെ.എ.എസ് പോലുള്ള പുതിയ കേഡറില്‍ സംവരണം പൂര്‍ണമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയാണ് മുഖ്യമന്ത്രിയുടെ നിയമപരമായ ബാധ്യത. കെ.എ.എസിലെ സംവരണ നിഷേധം പുനഃപരിശോധിച്ച് എല്ലാ ധാരകളിലും സംവരണം നല്‍കണമെന്നും തസ്തിക മാറ്റത്തിന് സംവരണം വേണ്ടെന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തള്ളിക്കളയണമെന്നും ടി.എ അഹമ്മദ് കബീര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു.
കെ.എ.എസിലെ സംവരണ നിഷേധത്തെപ്പറ്റി ചര്‍ച്ച സംഘടിപ്പിക്കാന്‍ പട്ടികജാതി-വര്‍ഗ കമ്മീഷന്‍ യോഗം വിളിച്ചത് ഡിസംബര്‍ ഒന്നിനായിരുന്നു. ചര്‍ച്ച നടന്നാല്‍ സര്‍ക്കാറിന്റെ സംവരണ വിരുദ്ധത തിരിച്ചറിയപ്പെടും എന്നതിനാല്‍ മുഖ്യമന്ത്രി ഇടപെട്ട് പ്രസ്തുത യോഗം മാറ്റിവെപ്പിക്കുകയും അതേദിവസം ‘നവോത്ഥാന’ സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്ത് വനിതാമതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ‘നവോത്ഥാന’ സംഘടനകളുടെ പട്ടികയില്‍ ഹിന്ദു സമുദായത്തിലെ പിന്നാക്കക്കാരും പട്ടികജാതി-വര്‍ഗ സംഘടനകളെയുമാണ് ഉള്‍പ്പെടുത്തിയത്. സര്‍ക്കാറിന്റെ സംവരണ വിരുദ്ധ നിലപാടുകള്‍ക്കെതിരെ പിന്നാക്ക-പട്ടിക സംഘടനകളുടെ യോജിച്ച മുന്നേറ്റം തടയുക എന്ന ലക്ഷ്യവും വനിതാമതിലിനുള്ളതായി സംശയിക്കേണ്ടതുണ്ട്.
കേരളീയ നവോത്ഥാനത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പങ്കാളിത്തമുണ്ടെന്നിരിക്കെ മുസ്‌ലിം-ക്രൈസ്തവ വിഭാഗങ്ങളെ മാറ്റിനിര്‍ത്തിയും ഈഴവ-പട്ടിക വിഭാഗങ്ങളെ മുന്നില്‍ നിര്‍ത്തിയും ഉയര്‍ത്തുന്ന ഈ മതിലിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞതുകൊണ്ടാണോ എന്‍.എസ്.എസ് വനിതാമതിലിനോട് ‘സമദൂരം’ പാലിക്കുന്നത് എന്നതും ശങ്കാജനകമാണ്. ‘നവോത്ഥാന’ സംഘടനകളുടെ യോഗത്തില്‍ കെ.എ.എസിലെ സംവരണ നിഷേധം ചിലര്‍ ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി കേട്ടഭാവം നടിച്ചില്ല എന്ന വാര്‍ത്തയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സംവരണാവകാശം ആസൂത്രിതമായി നിഷേധിക്കുന്ന മാര്‍ക്‌സിസ്റ്റ് സര്‍ക്കാറിന്റെ സംവരണ വിരുദ്ധ നിലപാടുകള്‍ക്കെതിരെ പുതിയ പോരാട്ടങ്ങളുടെ പോര്‍മുഖം അനിവാര്യമാണ്. ശബരിമല വിവാദത്തിന്റെയും വനിതാ മതില്‍ നിര്‍മ്മാണത്തിന്റെയും ബഹളത്തില്‍ നീതി നിഷേധത്തിന്റെ വഞ്ചനാത്മകത തിരിച്ചറിയപ്പെടാതെ പോകരുത്. പിന്നാക്ക-പട്ടിക വിഭാഗങ്ങളുടെ അവകാശം നിഷേധിച്ച് നവോത്ഥാനം സൃഷ്ടിക്കാനാവുകയില്ല. അതിന്റെ അനന്തരഫലം അധഃപതനമാണ്. (അവസാനിച്ചു)

ചന്ദ്രിക വെബ് ഡെസ്‌ക്‌: