X

ആസിഫ കണ്ട നവഫാസിസത്തിന്റെ മുഖം

കെ.പി ജലീല്‍

ഗുജ്ജാര്‍ എന്ന പേരിനുപിന്നില്‍ ഒരു സമുദായത്തിന്റെ അതിജീവനകഥയുണ്ട്. പാക്കിസ്താനുള്‍പ്പെടെയുള്ള ഇന്ത്യാഉപഭൂഖണ്ഡത്തിലും അഫ്ഗാനിസ്ഥാനിലുമായി ജീവിക്കുന്ന മനുഷ്യരുടെ പച്ചയായ ജീവിതകഥയാണത്. വനാന്തരങ്ങളിലും മരുഭൂമികളിലും കടല്‍തീരങ്ങളിലുമൊക്കെയായി കൃഷി മുഖ്യതൊഴിലായി കഴിയുന്ന ഗുജ്ജാറുകളുടെ ജനസംഖ്യയെക്കുറിച്ച് ഏകദേശകണക്കേ സര്‍ക്കാരുകളുടെ കയ്യിലുളളൂ. അതത് സ്ഥലങ്ങളിലെ പൊതുഭാഷക്ക് പുറമെ ഡോഗ്‌രി പോലെ സ്വന്തമായ ഭാഷയുള്ളവരാണിക്കൂട്ടര്‍. ഒട്ടകത്തെയും കുതിരയെയും ആടിനെയും പോറ്റി അതില്‍നിന്നുകിട്ടുന്ന പാലും തോലും കൊണ്ടൊക്കെയാണ് ഇവരുടെ ജീവിതം. ചിലര്‍ കരകൗശല വസ്തുക്കളില്‍ പ്രാവീണ്യരാണ്. ഗുജറാത്തിലെ ക്ഷീര വിപ്ലവത്തിന് കാരണമായ അമുലിന്റെ വിജയത്തിന് പിന്നില്‍ ഈ സമുദായത്തിന്റെ അനേകം വിയര്‍പ്പുതുള്ളികളുണ്ട്. മുസ്്‌ലിംകളാണ് ഇവരില്‍ ബഹുഭൂരിപക്ഷവും. ഇന്ത്യയില്‍ ഗുജറാത്ത്, ജമ്മുകശ്മീര്‍, ഹരിയാന, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഇവരുള്ളത്. ജമ്മുവിലെ കത്വ ഹരിനഗറിലെ ക്ഷേത്രത്തിനകത്ത് മൂന്നുമാസം മുമ്പ് പിച്ചിച്ചീന്തപ്പെട്ട ബാലികയുടെ കുടുംബവും ഈ സമുദായത്തില്‍പെട്ടവരാണ്. കത്വയിലെ വാടകക്കെടുത്ത പുല്‍മേടുകളില്‍ കുതിരകളെയും കാളകളെയും മേച്ചുനടക്കുന്ന വിഭാഗക്കാരാണ് ‘ബക്കര്‍വാല’കളെന്ന ആസിഫയുടെ സമുദായം. ബക്കരി അഥവാ പശു
എന്ന വാക്കില്‍നിന്നാണ് ഈ പേരിന്റെ ഉല്‍ഭവം. ജമ്മുകശ്മീരിലും ഹിമാചല്‍ പ്രദേശിലും ഇവര്‍ പട്ടികവര്‍ഗക്കാരാണ്.
നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും സ്വന്തമായി വാസസ്ഥലമില്ലാതെ, നാടോടികളായി കഴിഞ്ഞുവരുന്ന ഈ സമുദായക്കാരില്‍ പലരും കാലികള്‍ക്ക് തീറ്റതേടി പുല്ലുനിറഞ്ഞ കൃഷി പ്രദേശങ്ങളില്‍ അഭയം തേടുകയാണ് പതിവ്. ഈ താവളങ്ങളില്‍ ഇടക്കാലത്ത് കഴിച്ചുകൂട്ടുന്ന ഇവര്‍ ചില സമയങ്ങളില്‍ മറ്റിടങ്ങളിലേക്കും കാലികളുമായി യാത്രപോകും. ജമ്മുവിലെ കത്വയില്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി കഴിയുന്ന ബക്കര്‍വാലകള്‍ക്ക് സ്വന്തമായി ഒരു തുണ്ടുഭൂമി പോലുമില്ല. ധാന്യപ്പുരകളും ആവശ്യത്തിന് വെള്ളവുമില്ല. കത്വ മേഖലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി ജലസാന്നിധ്യം കുറഞ്ഞുവരികയുമാണ്. ഹിന്ദുത്വ രാഷ്ട്രീയം കനക്കുകയും വംശീയതാവാദം ഭയപ്പാടോടെ ഉയര്‍ന്നുവരികയും മനുഷ്യമനസ്സുകളില്‍ വര്‍ഗീയത അടിച്ചേല്‍പിക്കപ്പെടുകയും ചെയ്യുന്ന കാലത്താണ് ആസിഫ എന്ന എട്ടു വയസ്സുകാരി ഈ സമുദായത്തില്‍ നിന്ന് അതിനീചമായി ബലാല്‍സംഗത്തിനിരയായി കൊലചെയ്യപ്പെടുന്നത്. പല കാരണങ്ങളാല്‍ ഗോത്ര സമുദായങ്ങള്‍ പീഡിപ്പിക്കപ്പെടുന്ന കാലഘട്ടമാണിത്. മ്യാന്മറിലെ രക്കൈന്‍ പ്രവിശ്യയിലെ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ ഇതിനുദാഹരണം. സമാനമായ അവസ്ഥയാണ് ഇപ്പോള്‍ ഗുജ്ജാറുകളും നേരിട്ടുകൊണ്ടിരിക്കുന്നത്. ഭൂമി കയ്യേറുന്ന വ്യവസായ ലോബികളാണ് ഇതിലൊന്നെങ്കില്‍ ഹിന്ദുത്വരാഷ്ട്രീയം തലക്കുപിടിച്ച ഫാസിസ്റ്റുകള്‍ ഇവരെ പലായനം ചെയ്യിക്കാന്‍ പയറ്റുന്നത് ഇസ്്‌ലാം എന്ന മതചിഹ്നത്തെയാണ്.
ഇസ്‌ലാമികമായി വലിയ ആചാരാനുഷ്ഠാനങ്ങളിലൊന്നും ഭാഗഭാക്കാകാത്ത സമുദായമാണ് ഇവരുടേതെങ്കിലും ജമ്മുവിലെ വലിയൊരു വിഭാഗത്തിന്റെ ആചാരങ്ങള്‍ ഇവരില്‍ പലരും കൊണ്ടുനടക്കുന്നുണ്ട്. 2016ല്‍ കത്വയില്‍ ഭൂമി ഒഴിപ്പിക്കാനായി ബി. ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന ശ്രമത്തെ ചെറുത്തുതോല്‍പിച്ചെങ്കിലും അന്ന് പൊലീസ് വെടിവെപ്പില്‍ മുസ്‌ലിം യുവാവ് ഇവിടെ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാഷ്ട്രപതി ഭരണത്തിലെ സ്വാധീനം ഉപയോഗിച്ചായിരുന്നു സംഘ്പരിവാറിന്റെ ഈ വംശീയ ഉന്മൂലനശ്രമം. ജമ്മുവില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണിത്. ജമ്മുവില്‍ ആറുമാസത്തിലൊരിക്കല്‍ സംസ്ഥാന ഭരണ സിരാകേന്ദ്രമാകുന്നുണ്ടെങ്കിലും ജമ്മുനിവാസികള്‍ക്ക് ഇതുകൊണ്ട് വലിയ കാര്യമൊന്നുമില്ല. വെറും കാലാവസ്ഥ പരിഗണിച്ചുമാത്രമാണ് തലസ്ഥാനമാറ്റം. ആസിഫയുടെ ദാരുണമരണം നടന്നപ്പോഴും ജമ്മുനഗരത്തില്‍ കാര്യമായ ഒരു അനക്കവുമുണ്ടായില്ല. കശ്മീരിലെ ശ്രീനഗറിലായിരുന്നു ആദ്യമായി പ്രശ്‌നത്തില്‍ പ്രതിഷേധം അണപൊട്ടിയത്. മരണത്തെക്കുറിച്ച് സംസ്ഥാന പൊലീസ് സംഘം തയ്യാറാക്കിയ കുറ്റപത്രം പുറത്തുവന്നപ്പോഴാണ് മനുഷ്യകുലത്തിനാകെ അപമാനമായ ക്രൂരതയാണ് ആസിഫ ബാനുവിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് വ്യക്തമായത്.
ഈ വര്‍ഷം ജനുവരി പത്തിനാണ് ആസിഫയെ കാണാതാകുന്നത്. കുതിര മേച്ചും കളിച്ചും ഉല്ലസിച്ചും ഓടിനടന്നിരുന്ന പെണ്‍കുട്ടിയുടെ തിരോധാനം വലിയ ഒച്ചപ്പാടൊന്നും ആദ്യം ഉണ്ടാക്കിയില്ലെങ്കിലും വിഷയം രൂക്ഷമായത് കേസിലെ കുറ്റപത്രം വൈകിയെങ്കിലും പുറത്തുവന്നതോടെയാണ്. വിഷയം സംസ്ഥാന നിയമസഭയിലും വലിയ ഒച്ചപ്പാടുണ്ടാക്കി. അല്ലെങ്കില്‍ ഈ കൊടുംക്രൂരത പുറം ലോകം അറിയാതെ തേച്ചുമായ്ക്കപ്പെടുമായിരുന്നു. ഒരു ഇംഗ്ലീഷ് ദിനപത്രമാണ് കുറ്റപത്രത്തിലെ ക്രൂരമായ സംഭവവിവരണം വാര്‍ത്തയാക്കിയത്. ഇതോടെ വിഷയം രാജ്യശ്രദ്ധ നേടി. കുതിരയെ കാട്ടിത്തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ സമീപത്തെ ഹിന്ദു ക്ഷേത്രത്തിലേക്കാണ് പ്രതികള്‍ ആദ്യം കൊണ്ടുപോയത്. സഞ്ജീവ് റാം എന്ന ക്ഷേത്രകാര്യവാഹിയായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. ഇയാളെക്കുറിച്ച് പറഞ്ഞാണ് കുട്ടികളെ രക്ഷിതാക്കള്‍ പേടിപ്പിക്കുന്നതത്രെ. സ്ത്രീകള്‍ക്കും ഇയാള്‍ നിരന്തര പേടിസ്വപ്‌നമാണ്. സഞ്ജീവ് റാമിന്റെ ഭീഷണി ഇതിനകം തന്നെ നിലനില്‍ക്കുന്നതിനാല്‍ കുട്ടിയെ കാണാതായതിന്റെ കാരണത്തെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് റാമില്‍ സംശയം ജനിപ്പിച്ചിരുന്നു.
രാജസ്ഥാനില്‍ പശ്ചിമബംഗാള്‍ തൊഴിലാളിയെ തലക്കടിച്ചും കത്തിച്ചും കൊലപ്പെടുത്തി മുസ്്‌ലിംകളെയും ഇതരസംസ്ഥാന തൊഴിലാളികളെയും ഭയപ്പെടുത്തുന്ന തന്ത്രമാണ് കത്വയിലും ആര്‍.എസ്.എസ് സ്വീകരിച്ചതെന്നാണ് മനസ്സിലാക്കേണ്ടത്. പാണ്ഡവ -കൗരവ യുദ്ധത്തിലെന്നതുപോലെ സ്ത്രീയെ ലൈംഗികമായി അപമാനിക്കുന്ന തന്ത്രമാണ് ഇവരും സ്വീകരിച്ചിരിക്കുന്നത്. മുസ്‌ലിംകള്‍ക്ക് പിന്തുണയുമായി സന്നദ്ധസംഘടനകളും പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ ശ്രീനഗര്‍ പതിവുപോലെ സംഘര്‍ഷഭരിതമായി. സ്വാഭാവികമായും പ്രതികളായ ബി.ജെ. പിക്കാരും സംഘ്പരിവാരവും പ്രതികള്‍ക്കുവേണ്ടി പരസ്യമായി രംഗത്തുവന്നു. മാനഭംഗക്കൊലയേക്കാളും രാജ്യത്തെ ഞെട്ടിപ്പിക്കുന്നത് ഇതിനെ ന്യായീകരിക്കുന്നവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളും വീരവാദങ്ങളുമാണ്. ആ പെണ്‍കുട്ടി കൊല്ലപ്പെട്ടത് നന്നായെന്നും അല്ലെങ്കില്‍ മുസ്‌ലിംകളായ തീവ്രവാദികളുടെ എണ്ണം കശ്മീരില്‍ വര്‍ധിക്കുമെന്നുവരെ പോസ്റ്റിട്ട നരാധമന്മാരുണ്ട്. ബംഗളൂരുവില്‍ പ്രമുഖ പത്രപ്രവര്‍ത്തകയും ആക്ടിവിസ്്റ്റുമായ ഗൗരി ലങ്കേഷിനെ സംഘ്പരിവാര്‍ വെടിവെച്ചുകൊന്നശേഷം അവര്‍ നടത്തിയ ലഡു വിതരണവും ആഹ്ലാദപ്രകടനവും കേന്ദ്ര ഭരണകക്ഷിയുടെയും ആര്‍.എസ്. എസ്സിന്റെയും നികൃതമുഖത്തെയാണ് വ്യക്തമാക്കിത്തന്നത്. കേന്ദ്രമന്ത്രി സ്മൃതിഇറാനിക്ക് വരെ ഇരയെ അധിക്ഷേപിക്കരുതെന്ന് പറഞ്ഞ് രംഗത്തുവരാന്‍ നിര്‍ബന്ധിതമായെങ്കില്‍ എത്ര വഷളത്തരമായാണ് സംഘ്പരിവാറും ബി.ജെ.പിയും ജനങ്ങളോടും സ്ത്രീകളോടും പെണ്‍കുട്ടികളോടും പെരുമാറുന്നതെന്നതിന് വേറെ തെളിവുവേണ്ട.
വെറുമൊരു മാനഭംഗക്കൊലയായി തള്ളിപ്പറയാന്‍ കഴിയാത്തത്ര വിപുലവും അഗാധവുമാണ് ആസിഫയുടെ മേലുള്ള ഇരവല്‍കരണം. ഡല്‍ഹിയില്‍ 2012ല്‍ ക്രൂരമായി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ കാര്യത്തില്‍ പോലും അങ്ങനെ വ്യാഖ്യാനിക്കാമെങ്കിലും ആസിഫയുടെ കാര്യത്തില്‍ വംശീയവും മതപരവും സാമ്പത്തികവുമായ ഘടകങ്ങളുണ്ട്. ഭൂമി കാശുള്ളവനും കയ്യൂക്കും അധികാരവും ഉള്ളവനും മാത്രമായി പരിമിതപ്പെടുന്ന കാലത്താണ് ആസിഫ ബാനും ഇതിന്റെ ഇരയാകുന്നത്. നിര്‍ഭയയുടെ കാര്യത്തിലും ചെറുതായെങ്കിലും ഗ്രാമീണതയില്‍നിന്ന് നഗരവത്കരണത്തേക്ക് തുടച്ചുമാറ്റപ്പെട്ടവരുടെ തീക്ഷ്ണാവസ്ഥയുണ്ടായിരുന്നുവെന്ന് മറക്കുന്നില്ല. ജമ്മുകോടതിയില്‍ ബി.ജെ.പി -ഹിന്ദുത്വ അഭിഭാഷകര്‍പോലും പ്രതികള്‍ക്കുവേണ്ടി പരസ്യമായി രംഗത്തുവന്നുവെന്നത് ന്യൂനപക്ഷങ്ങളോടും സ്ത്രീകളോടും കുട്ടികളോടും കേന്ദ്ര ഭരണത്തിലുള്ളവരുടെ നയമെന്താണെന്ന് വേറെ പറഞ്ഞുബോധിപ്പിക്കേണ്ടതില്ല.
ആസിഫയുടെ രോദനം മനുഷ്യകുലവും ന്യൂനപക്ഷങ്ങളും അരികുവല്‍കരിക്കപ്പെട്ടവരും അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊടിയ പീഡനങ്ങളുടെ നേര്‍ചിത്രമാണ് വരച്ചുവെച്ചിരിക്കുന്നത്. കുട്ടികള്‍ക്കെതിരായ പീഡനക്കേസുകളില്‍ വധശിക്ഷ വേണമെന്ന വാദവുമായി പ്രകൃതിസ്‌നേഹിയായ കേന്ദ്രമന്ത്രി മേനകഗാന്ധി രംഗത്തിറങ്ങിയത് വിഷയത്തിന്റെ ഗൗരവം കുറച്ചുകാണലായി വേണം കാണാന്‍. അവരുടെ ഭര്‍തൃസഹോദരീ പുത്രി പ്രിയങ്കാഗാന്ധി ഡല്‍ഹിയിലെ ഇന്ത്യാഗേറ്റില്‍ പ്രകടിപ്പിച്ച ധാര്‍മികരോഷം വരുംകാലത്തെ ആശങ്കകളുടെ മുനയൊടിക്കുമെന്ന് കരുതി തത്കാലത്തേക്ക് സമാധാനിക്കാം.

chandrika: