X
    Categories: Views

മോദി ഭരണത്തിലെ യോഗി മാര്‍ഗം

ജനസംഖ്യയില്‍ രണ്ടാമതും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പ്രബലവുമാണ് ഇന്ത്യയില്‍ മുസ്‌ലിംകള്‍. ദേശീയ പ്രസ്ഥാനത്തിന് ഈ വിഭാഗം കനപ്പെട്ട സംഭാവനയേകിയിട്ടുണ്ട്. രാജ്യത്തിന്റെ ഭൂതകാലത്തിലേക്കിറങ്ങിചെല്ലുമ്പോള്‍ നൂറ്റാണ്ടുകളോളം ഭരണ ചെങ്കോലേന്തിയവരെന്ന ഖ്യാതിയുമുണ്ട് അവകാശപ്പെടാന്‍. ഇതിന്റെ ജീവിക്കുന്ന തെളിവുകളാണ് കുത്തബ്മിനാറും ചെങ്കോട്ടയും താജ്മഹലും ഹൈദരാബാദിലെ ചാര്‍മിനാറും ശ്രീരംഗപട്ടണത്തെ ടിപ്പുസുല്‍ത്താന്റെ കൊട്ടാരവുമൊക്കെ. മഹത്തായ ഒരു സാംസ്‌കാരിക പൈതൃകവും കെട്ടുറപ്പുള്ള ഭരണ വ്യവസ്ഥയും മെച്ചപ്പെട്ട ജീവിത രീതിയും ഇതര മതസ്ഥര്‍ തമ്മിലുള്ള പരസ്പര സഹവര്‍ത്തിത്വവും ഇക്കാല ഘട്ടത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. എന്നാല്‍ കാല പ്രവാഹത്തില്‍ ഈ സംസ്‌കൃതി തകര്‍ന്നടിഞ്ഞു. ചൂഷകരും വഞ്ചകരുമായ വെള്ളക്കാരെ ചിലര്‍ പട്ടും വളയും നല്‍കി സ്വീകരിച്ച് സ്വന്തം പുരയിടത്തില്‍ കുടിയിരുത്തിയതോടെ നാം വൈദേശികരുടെ മാറാപ്പിലെ വെറും പാഴ്‌വസ്തുക്കളായി നൂറ്റാണ്ടുകളോളം കഴിയേണ്ടിവന്നു. പിറന്ന നാടിന്റെ വിമോചനത്തിനുവേണ്ടി അടര്‍ക്കളത്തില്‍ അടരാടിയ ടിപ്പുസുല്‍ത്താനേയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും പോലുള്ള ധീര ദേശാഭിമാനികള്‍ ചെഞ്ചോര ഒഴുക്കിയാണ് ഒടുവില്‍ നമുക്ക് സ്വാതന്ത്ര്യം നേടിതന്നത്.
ഭിന്നിപ്പിച്ചു ഭരിക്കുകയെന്നത് ബ്രിട്ടീഷുകാരുടെ തന്ത്രമായിരുന്നു. അധികാരത്തിന്റെ ചക്കരക്കുടം നുണയാന്‍ ഇതവര്‍ക്കാവശ്യവുമായിരുന്നു. അവര്‍ എവിടെയൊക്കെ തങ്ങളുടെ ചൊല്‍പടിക്കു കീഴില്‍ കൊണ്ടു വന്നിട്ടുണ്ടോ അവിടെയൊക്കെ വെട്ടിമുറിച്ച ചരിത്രമേയുള്ളൂ. ഭാരതീയര്‍ സ്വരാഷ്ട്രത്തിന്റെ മോചനത്തിനുവേണ്ടി നൂറ്റാണ്ടുകളോളം പടപൊരുതിയപ്പോള്‍ അവര്‍ക്കിവിടം വിട്ടേച്ചു പോവേണ്ടി വന്നു. ഖജനാവ് കട്ടുമുടിച്ച അവര്‍ ഒരിക്കലും ഉണങ്ങാത്ത മുറിവുണ്ടാക്കിയാണ് പോയത്. ഇന്ത്യയെ വെട്ടിമുറിച്ച് പാക്കിസ്താന്‍ എന്ന മറ്റൊരു രാജ്യത്തിന് ബീജാവാപം നല്‍കിയാണ് സായ്പുമാര്‍ കടല്‍ കടന്നത്. തങ്ങള്‍ക്ക് ജന്മം നല്‍കിയ ഭാരതാംബയെ മാതൃ തുല്യം സ്‌നേഹിച്ചിരുന്ന മുസ്‌ലിംകളില്‍ നല്ലൊരു വിഭാഗം വിഭജനാനന്തരവും ഇവിടെ തന്നെ കഴിഞ്ഞുകൂടാനുള്ള സുപ്രധാന തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഈ മണ്ണും ഇവിടുത്തെ ജീവിത രീതിയുമായി അടര്‍ത്തിമാറ്റാനാവാത്ത ദൃഢമായ മനോബന്ധം മുസ്‌ലിംകള്‍ക്കുണ്ടായിരുന്നു. അവരുടെ രക്തത്തിലും മജ്ജയിലും മാംസത്തിലും രാജ്യ സ്‌നേഹം അലിഞ്ഞുചേര്‍ന്നിരുന്നു. തങ്ങളുടെ പരശ്ശതം സഹോദരന്മാര്‍ സ്വാതന്ത്ര്യ സമര രണാങ്കണത്തില്‍ പിടഞ്ഞുമരിച്ചത് ഇന്ത്യക്കുവേണ്ടി മാത്രമായിരുന്നുവെന്ന ചിന്തയാണ് അവരെ മുന്നോട്ട് നയിച്ചത്.
മുസ്‌ലിംകളെ വിദേശികളെന്ന് മുദ്രകുത്തി അവരുടെ ദേശക്കൂറ് ചോദ്യം ചെയ്യുന്നവരുണ്ടിവിടെ. വിവിധ മത വിശ്വാസികള്‍ രമ്യതയില്‍ കഴിയുന്ന രാജ്യത്ത് മത വിദ്വേഷം കുത്തിവെച്ച് കുഴപ്പങ്ങള്‍ക്ക് തിരികൊളുത്തുകയാണിവരുടെ സ്ഥിരം പരിപാടി. ഇന്ത്യ ആരുടെയും കുത്തകയല്ല. രാജ്യത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ഓരോ ഭാരതീയ പൗരന്റേതുമാണ്. അവിടെ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ക്രിസ്ത്യനെന്നോ സിഖ് എന്നോ പാര്‍സിയെന്നോ ബുദ്ധനെന്നോ ജൈനനെന്നോ മതമുള്ളവനെന്നോ ഇല്ലാത്തവനെന്നോയെന്ന യാതൊരു വ്യത്യാസവുമില്ല. പ്രതിസന്ധികള്‍ക്കു മധ്യേയാണിന്ന് മുസ്‌ലിം സമുദായം. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും ആരാധനാലയങ്ങള്‍ക്കും സുരക്ഷിതത്വം നഷ്ടപ്പെടുന്നു. കൊടിഞ്ഞിയിലെ ഫൈസല്‍ വധവും ചൂരിയില്‍ റിയാസ് മൗലവി അതിദാരുണമായി കൊല്ലപ്പെട്ടതും പ്രബുദ്ധ കേരളം പോലും ഇതില്‍ നിന്ന് മുക്തമല്ലെന്ന സന്ദേശമാണ് നല്‍കുന്നത്.
ഉത്തര്‍പ്രദേശില്‍ അധികാരത്തിലേറിയ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ മതേതര വിശ്വാസികള്‍ ആശങ്കപ്പെട്ടതുപോലെ തനി നിറം പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഉത്തര്‍പ്രദേശിനെ സമ്പൂര്‍ണ മാംസ നിരോധന സംസ്ഥാനമാക്കുന്നതിന്റെ മുന്നോടിയായി തന്റെ മണ്ഡലമായ ഗൊരഖ്പൂരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്പൂര്‍ണ മാംസ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ബീഫിന് പുറമെ ആടും കോഴിയും മീനുമൊക്കെ ഇവിടെ വിലക്കിയിരിക്കുകയാണ്. ഗൊരഖ്പൂരില്‍ മാത്രമല്ല മുസ്‌ലിംകള്‍ കൂടുതലായി അധിവസിക്കുന്ന പശ്ചിമ യു.പിയിലെ അറവുശാലകളെല്ലാം കഴിഞ്ഞ നാലു ദിവസത്തിനകം തന്നെ പൂട്ടി. എന്തുകഴിക്കണമെന്ന മനുഷ്യന്റെ മൗലികാവകാശത്തെ മാത്രമല്ല, ലക്ഷക്കണക്കിന് പേരെ ദുരിതത്തിലാഴ്ത്തുന്ന, മാംസ കയറ്റുമതിയിലൂടെ പ്രതിവര്‍ഷം സംസ്ഥാനത്തിന് ലഭിക്കുന്ന ശരാശരി 11,000 കോടി രൂപയുടെ വരുമാനം നഷ്ടപ്പെടുത്തുന്ന, മൃഗശാലകളില്‍ കഴിയുന്ന മാംസഭുക്കുകളായ മൃഗങ്ങളുടെ നിലനില്‍പ്പിനെ പോലും ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതി വിശേഷമാണ് ഇതിലൂടെ സംജാതമായിരിക്കുന്നത്.
മുഹ്‌സിന്‍ റാസയെ ഉള്‍പ്പെടുത്തി എന്നതൊഴിച്ചാല്‍ ജനസംഖ്യാനുപാതികമായി വേണ്ടത്ര മുസ്‌ലിം പ്രാതിനിധ്യമില്ലാത്ത മന്ത്രിസഭക്കാണ് യു.പിയില്‍ യോഗി ആദിത്യനാഥ് നേതൃത്വം നല്‍കുന്നത്. ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയെപോലും മത്‌സരിപ്പിക്കാതെയാണ് ബി.ജെ.പി തെരഞ്ഞടുപ്പിനെ നേരിട്ടിരുന്നത്. വര്‍ഗീയ വിഷം ചീറ്റി സാമുദായിക ധ്രുവീകരണത്തിലൂടെയാണ് അവര്‍ യു.പിയില്‍ അധികാരത്തിലേറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇതിന് നേരിട്ട് നേതൃത്വം നല്‍കി. സാക്ഷി മഹാരാജിനെയും യോഗി ആദിത്യനാഥിനെയും പോലുള്ളവര്‍ അതേറ്റു പിടിച്ചു. ബാബരി മസ്ജിദ് തകര്‍ത്തിടത്തു തന്നെ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബി.ജെ.പി തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയില്‍ പ്രഖ്യാപിച്ചു. ഖബറിസ്ഥാനു സ്ഥലം ഇല്ലെങ്കില്‍ ഹിന്ദു ആചാരപ്രകാരം മൃതശരീരം ദഹിപ്പിച്ചു കളയണമെന്നു പ്രസംഗിച്ചതു ഇപ്പോഴത്തെ യു.പി മുഖ്യന്‍ യോഗി ആദിത്യ നാഥായിരുന്നു. ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയെപ്പോലും മത്‌സരിപ്പിക്കാതെ തങ്ങള്‍ മുന്നോട്ട് വെച്ച സന്ദേശം യു.പി ജനത ഉള്‍ക്കൊണ്ടതിന്റെ പ്രത്യുപകാരമായാണ് ബി.ജെ. പി എല്ലാ മതവിഭാഗങ്ങളെയും അല്‍പ്പമെങ്കിലും ഉള്‍ക്കൊള്ളുന്ന നേതാവിനെക്കാളുപരി, വിദ്വേഷ പ്രസ്താവനകള്‍ നടത്താന്‍ യാതൊരു മടിയുമില്ലാത്ത ഒരാളെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കാനിടയാക്കിയത്.
മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു ശേഷം ഉത്തര്‍പ്രദേശില്‍ ബി.എസ്.പി നേതാവ് മുഹമ്മദ് ഷാമി അജ്ഞാതരാല്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഗോ സംരക്ഷണത്തിന്റെ പേരില്‍ ബിജ്‌നോര്‍ ജില്ലയിലെ കല്‍കവാലി ദാഗ്രോളിയില്‍ നസീര്‍ എന്ന യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ഉത്തര്‍പ്രദേശില്‍ മുസ്‌ലിംകളായ പ്രദേശവാസികള്‍ നാടുവിട്ടുപോകണമെന്നാവശ്യപ്പെട്ട് ഈയിടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും മുസ്‌ലിംകള്‍ നാടുവിടണമെന്നായിരുന്നു പോസ്റ്ററിലെ സന്ദേശം. ബി.ജെ.പിയുടെ വിജയത്തിന് ശേഷമാണ് മുസ്‌ലിംകള്‍ക്കു നേരെയുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ബറേലിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ജിയാനാഗ്ല എന്ന ഗ്രാമത്തിലാണ് പോസ്റ്ററുകള്‍ കൂടുതലായും കണ്ടത്. ഗ്രാമത്തിലെ ഹിന്ദുക്കള്‍ എന്ന് അവകാശപ്പെട്ട് എഴുതിയിരിക്കുന്ന പോസ്റ്ററില്‍ ഗാര്‍ഡിയനായി ബി.ജെ.പി എം.പിയുടെ പേരാണുള്ളത്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയാണ് അധികാരത്തിലുള്ളത്. അതുകൊണ്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവിടുത്തെ മുസ്‌ലിംകളോട് ചെയ്യുന്നത് ഇവിടുത്തെ ഹിന്ദുക്കളും ചെയ്യുമെന്ന് പോസ്റ്ററില്‍ ഭീഷണിപ്പെടുത്തുന്നു. നാടുവിട്ടുപോയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും പോസ്റ്ററിലുണ്ട്.
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വര്‍ഗീയ ധ്രുവീകരണത്തിലൂടെയാണ് ബി.ജെ.പി അധികാരത്തിലേറിയിരിക്കുന്നത്. വര്‍ഗീയ പ്രചാരണം അത്രകണ്ട് ഗുണം ചെയ്യാത്ത മണിപ്പൂരിലും ഗോവയിലും ഇതര പാര്‍ട്ടികളിലെ നിയമസഭാംഗങ്ങളെ പ്രലോഭിപ്പിച്ച് വശത്താക്കിയാണ് അവര്‍ അധികാരം കൈപ്പിടിയിലൊതുക്കിയിരിക്കുന്നത്. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും വര്‍ഗീയതയിലൂന്നിയുള്ള പ്രചാരണ തന്ത്രങ്ങള്‍ക്ക് തന്നെയാവും അവര്‍ നേതൃത്വം നല്‍കുക. പാര്‍ട്ടിയിലും ഭരണത്തിലും സമ്പൂര്‍ണ ആധിപത്യം നേടിയ മോദി-അമിത്ഷാ കൂട്ടുകെട്ട് ഇത്തരത്തിലുള്ള തെരഞ്ഞടുപ്പ് തന്ത്രങ്ങള്‍ തന്നെയാകും രാജ്യത്തൊട്ടാകെ നടപ്പാക്കുക. യോഗി ആദിത്യനാഥിനെ പോലൊരാളെ യു.പി മുഖ്യസ്ഥാനത്ത് അവരോധിക്കുക വഴി രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ഗതിവേഗം കൂടിയിരിക്കുകയാണ്. പ്രശ്‌ന കലുഷിതമായ അന്തരീക്ഷത്തില്‍പെട്ടുഴലുകയാണിന്ന് ന്യൂനപക്ഷങ്ങള്‍.
ബാഹ്യ ഭീഷണികളെക്കാളുപരി, ആന്തരിക പ്രശ്‌നങ്ങള്‍ സമുദായത്തില്‍ അന്തഃഛിദ്രതക്കിടം നല്‍കുന്നുണ്ടെന്നതാണ് വസ്തുത. മറ്റുള്ളവര്‍ ഇത് സമര്‍ഥമായി മുതലെടുത്ത് കാര്യലാഭം നേടുന്നുമുണ്ട്. കേരളമൊഴിച്ച് ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ അധിവസിക്കുന്ന ന്യൂനപക്ഷങ്ങള്‍ ഇന്ന് ഇടയനില്ലാത്ത ആട്ടിന്‍ പറ്റത്തെപോലെയാണ്. ന്യൂനപക്ഷ സംരക്ഷകരെന്ന കുപ്പായമണിഞ്ഞ് സമുദായത്തെ വോട്ടു ബാങ്കുകളാക്കി മാറ്റാനിറങ്ങി തിരിച്ച രാഷ്ട്രീയ മേലാളന്മാരുടെ കയ്യിലെ കളിപ്പാവകളായി തീര്‍ന്നിരിക്കുകയാണവര്‍. ഫാസിസത്തെ പ്രതിരോധിക്കാന്‍ തങ്ങളുടെ സമ്മതിദാനാവകാശം ഏകോപിപ്പിച്ച് ഏതെങ്കിലുമൊരു സ്ഥാനാര്‍ഥിക്ക് വിനിയോഗിക്കുന്നതിനു പകരം വോട്ടുകള്‍ ചിതറി തെറിച്ചതിന്റെ പരിണിത ഫലമായാണ് യു.പിയില്‍ ബി.ജെ.പി വിജയിച്ചതും യോഗി ആദിത്യനാഥിനെ പോലൊരാള്‍ മുഖ്യമന്ത്രിയായതും. ഭരണഘടനാപരമായുള്ള പൗരന്മാരുടെ സ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള വെല്ലുവിളിയാണ് എന്തു വിശ്വസിക്കണം, ചിന്തിക്കണം, ഭക്ഷിക്കണം, ധരിക്കണം എന്നൊക്കെ മറ്റുള്ളവര്‍ തീരുമാനിക്കപ്പെടുന്നത്. ദലിതര്‍ക്കും മറ്റു പിന്നാക്കക്കാര്‍ക്കുമെല്ലാം ഭീഷണിയായ ഇത്തരം നയ സമീപനങ്ങള്‍ക്കെതിരെ രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളില്‍ നിന്നാണ് തിരുത്തെഴുത്തുണ്ടാകേണ്ടത്.

chandrika: