X
    Categories: Views

നജീബ് എവിടെ?

ഷംസീര്‍ കേളോത്ത്
രു വര്‍ഷക്കാലമായി ഒരു മാതാവ് തെരുവിലാണ്. നീതി തേടിയുള്ള അവരുടെ അലമുറകള്‍, അലച്ചിലുകള്‍ രാജ്യത്തിന്റെ നൈതിക മൂല്യങ്ങളുടെ വിശ്വാസത്തെ തന്നെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മകന്റെ തിരോധാനം ബാക്കിയാക്കുന്ന ചോദ്യങ്ങള്‍ക്കുത്തരം ലഭിക്കാതെ ഭരണകൂട ശാസനകളും പീഡനങ്ങളുമേറ്റുവാങ്ങി ഫാത്തിമ നഫീസെന്ന മധ്യവയസ്‌ക ദല്‍ഹി ലോദി റോഡിലേ സി.ബി.ഐ ഓഫീസിനു മുന്നില്‍ സമരത്തിലിരിക്കുന്നു. എം.എസ്‌സി ബയോടെക്‌നോളജി വിദ്യാര്‍ത്ഥി രാജ്യത്തെ പേരുകേട്ട ക്യാമ്പസുകളിലൊന്നില്‍ നിന്നും അപ്രത്യക്ഷനായിട്ട് ആണ്ടൊന്നു തികയുന്നു. ഡല്‍ഹി പൊലീസും ക്രൈംബ്രാഞ്ചും ഇപ്പോള്‍ സി.ബി.ഐയും കേസന്വേഷണം നടത്തിയിട്ടും നജീബിനെന്ത് പറ്റിയെന്നത് ഉത്തരം ലഭിക്കാത്ത ചോദ്യമായവസാനിക്കുന്നു. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രതീക്ഷയുടെ തിരിനാളമായ വിദ്യാഭ്യാസ വിമോചനത്തിന്റെ അസ്തിവാരത്തിനു തന്നെ വെല്ലുവിളിയുയര്‍ത്തിയ നജീബ് തിരോധാനം മതേതര ഇന്ത്യയുടെ മാറ്റു നോക്കുന്ന ഉരസുകല്ലായി തീര്‍ന്നിരിക്കുന്നു.

പശ്ചിമ ഉത്തര്‍പ്രദേശിലെ ബദയൂന്‍ ജില്ല സ്വദേശിയാണ് നജീബ് അഹമദ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലേ അംഗം. പഠിക്കാന്‍ മിടുക്കനായിരുന്നതിനാല്‍ രോഗിയായ ഭര്‍ത്താവിന്റെ ആശ്രയമില്ലാതിരുന്നിട്ടും ഫാത്തിമ നഫീസ് മകനെ വേണ്ടുവോളം പഠിപ്പിച്ചു. തന്റെ പരാധീനതകള്‍ക്ക് മാറ്റമുണ്ടാക്കാന്‍ മക്കള്‍ക്കാവുമെന്നവര്‍ പ്രത്യാശിച്ചു. രാജ്യത്തെ മൂന്ന് പ്രധാന സര്‍വകലാശാല പ്രവേശന പരീക്ഷകളില്‍ ഉന്നത വിജയം നേടിയാണ് നജീബ് അഹമ്മദ് കുടുംബത്തിനു തന്നിലുള്ള വിശ്വാസത്തിനു കരുത്ത്പകര്‍ന്നത്. ജെ.എന്‍.യു മാത്രമല്ല ജാമിയ മില്ലിയ ഇസ്‌ലാമിയ, അലിഗര്‍ മുസ്‌ലിം സര്‍വകലാശാല പരീക്ഷകളില്‍ വിജയിച്ച നജീബ് രണ്ട് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് പകരം ഉന്നത വിദ്യാഭ്യസത്തിനു തെരഞ്ഞടുത്തത് ജെ.എന്‍.യു ആയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായ ക്യാമ്പസില്‍ മറ്റെല്ലാ വിദ്യാര്‍ത്ഥികളേയും പോലെ നജീബ് അഹമ്മദും പ്രതീക്ഷയോടെയാണ് പഠനം തുടങ്ങിയത്.

‘ഡല്‍ഹിയില്‍ പോയി പഠിച്ച് വലിയ പ്രശസ്തനാവണം’ എന്ന് തന്റെ മകനെ ആശീര്‍വദിച്ചത് ഫാത്തിമ നഫീസ് തന്റെ പ്രസംഗങ്ങളില്‍ ഓര്‍ത്തെടുക്കാറുണ്ട്. ‘എന്നാല്‍ ഇങ്ങനെയാണവന്‍ പ്രശസ്തനായത്’ എന്ന് ഇടറുന്ന വാക്കുകളില്‍ അവര്‍ പറഞ്ഞു വെക്കുമ്പോള്‍ നിറമുള്ള സ്വപ്‌നങ്ങള്‍ തകര്‍ന്നുപോയ കീഴാള മുസ്‌ലിം കുടുംബത്തിന്റെ ദൈന്യത നിറഞ്ഞ പരിവേദനങ്ങളാണതില്‍ നിഴലിച്ച് കാണാനാവുക. ക്യാമ്പസിലെ ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയായ നജീബിന്റെ ഹോസ്റ്റല്‍ മുറിയിലേക്ക് തങ്ങളുടെ വിഷലിപ്തമായ പ്രത്യയശാസ്ത്രവുമായെത്തിയവര്‍ വാഗ്വാദത്തിലേര്‍പ്പെടുകയും സംഘം ചേര്‍ന്നു മര്‍ദ്ദിക്കുകയുമായിരുന്നു.

2016 ഒക്ടോബര്‍ 15നു നജീബ് ജെ.എന്‍.യുവില്‍നിന്ന് ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷനായി. മറ്റൊരുവന്റെ മുറിയിലേക്ക് അതിക്രമിച്ചുകയറി പ്രശ്‌നമുണ്ടാക്കിയ സംഘ്പരിവാര്‍ സംഘടനാ പ്രവര്‍ത്തകരെ ആരും അന്നു തെറ്റുകാരാക്കിയില്ല, എന്നാല്‍ നിരവധി പേരടങ്ങുന്ന സംഘം മാരകമായി തല്ലി പരിക്കേല്‍പ്പിച്ചിട്ടും നജീബ് അഹമ്മദായിരുന്നു അന്ന് രാത്രി പലര്‍ക്കും കുറ്റക്കാരന്‍. ഇത് നജീബ് അഹമ്മദ് മാത്രം അനുഭവിച്ച ക്രൂരതയല്ല, മറിച്ച് രാജ്യത്തെ മുസ്‌ലിം മതന്യൂനപക്ഷങ്ങളെല്ലാവരും നേരിടാനിടയുള്ള സ്വത്വ പ്രതിസന്ധിയാണ്. തന്റെ പേരും ജനനവും സംസ്‌കാരിക ചിഹ്നങ്ങളും താന്‍ ചെയ്യാത്ത തെറ്റിനു തന്നെ കുറ്റക്കാരനാക്കാം എന്ന ദുസ്ഥിതി. പ്രബുദ്ധ ക്യാമ്പസിലെ ഇടത് വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് മോഹിത് പാണ്ഡെയടക്കം അന്നുരാത്രി തന്നെ നജീബിനെ കുറ്റക്കാരനാക്കി ഹോസ്റ്റല്‍ ട്രാന്‍സ്ഫറടക്കമുള്ള ശിക്ഷയും വിധിച്ച് ‘സംഘ്പരിവാറിനെ പ്രതിരോധിക്കാനുള്ള’തങ്ങളുടെ കടമ നിര്‍വഹിച്ചപ്പോഴും ഭൂമിയോളം താഴ്ന്നാലും ചവിട്ടിതാഴ്ത്താതെ കലിയടങ്ങാത്ത സവര്‍ണ്ണ ഫാഷിസ്റ്റുകളുടെ ആധുനിക പ്രായോക്താക്കള്‍ക്ക് നജീബിനോടുള്ള വിദ്വേഷം കെട്ടടങ്ങിയിട്ടുണ്ടായിരിക്കില്ല. ജെ.എന്‍.യുവിലെ മാഹിമാണ്ടവി ഹോസ്റ്റലിലെ ചുമരുകളില്‍ ‘മുസ്‌ലിംകള്‍ പാക്കിസ്താനില്‍ പോവുക’ എന്ന വിദ്വേഷം നിറഞ്ഞ വാക്കുകള്‍ എഴുതിവച്ച തീവ്ര ഹിന്ദുത്വ ദേശീയവാദികള്‍ നജീബിനെ ആക്രമിക്കുന്നതിലൂടെ തങ്ങളുടെ വെറുപ്പിന്റെ രാഷ്ട്രീയം പുറത്തെടുക്കുകയായിരുന്നു.

സംഘ്പരിവാര്‍ വിധ്വംസക പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ വിചാരണ ചെയ്യപ്പെടേണ്ടതാണ് മുസ്‌ലിംകള്‍ക്കെതിരെയുള്ള അക്രമണങ്ങളോടുള്ള ഇടത് ലിബറല്‍ മതേതര നിസംഗതയും. കേരളത്തില്‍ വിസ്ഡം പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടതിനു കാരണം ആര്‍.എസ്.എസ്സിനെ പ്രകോപിച്ചതാണന്ന് പറഞ്ഞുവച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടത് യുക്തി തന്നെയാണ് നജീബിനെ കുറ്റക്കാരനാക്കി പ്രശ്‌ന പരിഹാരത്തിനു ശ്രമിച്ച മോഹിത് പാണ്ഡയിലും കാണാന്‍ കഴിയുക. തങ്ങളെ പ്രകോപിപ്പിക്കരുതെന്ന സംഘ്പരിവാരത്തിന്റെ യുക്തിയെ (പ്രകോപന ഹേതു പലതുമാവാം. കലാപ വേളകളില്‍ മുസ്‌ലിം ആയിരിക്കുക എന്നത് തന്നെ അവരെ പ്രകോപിപ്പിക്കാറുണ്ടല്ലോ) പുരോഗമന നാട്യത്തില്‍ അവതരിപ്പിക്കുകയാണ് മുഖ്യധാര ഇടത്പക്ഷവും പലപ്പോഴും ചെയ്തുപോരുന്നത്. സംഘര്‍ഷത്തിനു പിറ്റേന്ന് ക്യാമ്പസിലെത്തിയ ഉമ്മ ഫാത്തിമ നഫീസിനു മകനെ കണ്ടെത്താനായില്ല. ഇന്നും അവര്‍ അവനു വേണ്ടിയുള്ള അലച്ചില്‍ തുടരുകയാണ്.

സര്‍വകലാശാല എടുത്തണിഞ്ഞിട്ടുള്ള പ്രബുദ്ധതയുടെ മേലങ്കികളെ കരിച്ചുകളയാന്‍ പ്രാപ്തിയുണ്ട് ഫാത്തിമ നഫീസയുടെ കണ്ണുനീര്‍ തുള്ളികള്‍ക്ക്. നജീബ് സ്വയം ക്യാമ്പസ് വിട്ട് പോയതാണെന്ന് റിപ്പോര്‍ട്ടെഴുതിയ ജെ.എന്‍.യു അധികാരികള്‍ യാതൊരു തത്വദീക്ഷയുമില്ലാെതയാണ് വിഷയം കൈകാര്യം ചെയ്തത്. നജീബിനു വേണ്ടി സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ സസ്‌പെന്‍ഷനും ഭീമമായ പിഴയും ചുമത്തിയ സര്‍വകലാശാലാ അധികൃതര്‍ നജീബിനെ മര്‍ദ്ദിച്ചവരെ സസ്‌പെന്റ് ചെയ്യാന്‍ പോലും തയ്യാറായിട്ടില്ല. കലാപങ്ങളില്‍ ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുന്ന മുസ്‌ലിം ബഹുജനങ്ങളോട് ഭരണകൂടം തുടരുന്ന കുറ്റകരമായ നിസ്സംഗതയും നീതി നിഷേധവും മാത്രമാണ് സംഘ്പരിവാര്‍ വൈസ് ചാന്‍സലറില്‍ നിന്നും പ്രതീക്ഷിക്കാന്‍ തരമുള്ളൂ. ഭരണഘടനയോടോ രാജ്യത്തിന്റെ നീതിന്യായ സംവിധാങ്ങളോടെ യാതൊരു പ്രതിബദ്ധതയുമില്ലാത്തവര്‍ നാഗ്പൂരിലെ തിട്ടൂരങ്ങളെയാണ് നടപ്പാക്കികൊണ്ടിരിക്കുന്നത്.

നജീബിന് ഐസിസ് ബന്ധമുണ്ടെന്ന് നട്ടാല്‍മുളക്കാത്ത വ്യാജ വാര്‍ത്തയെഴുതിയ ‘ടൈംസ് ഓഫ് ഇന്ത്യ’ നജീബിനെ തീവ്രവാദിയാക്കാനാണ് ശ്രമിച്ചത്. തലകുനിക്കാന്‍ പറയുമ്പോള്‍ ഫാഷിസത്തിനു മുമ്പില്‍ മുട്ടിലിഴയാന്‍ ശ്രമിക്കുന്ന ചില മാധ്യമങ്ങളില്‍ നിന്നു ഇതിലപ്പുറവും പ്രതീക്ഷിക്കാവുന്നതാണ്. രാജ്യത്തെ മുസ്‌ലിമിനാകെ തീവ്രവാദ പട്ടം നല്‍കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ ശ്രമങ്ങള്‍ക്ക് വിടുവേല ചെയ്യുന്ന പത്രങ്ങള്‍ നജീബിനെ ഐസിസ് ആക്കി ചിത്രീകരിക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അപ്രത്യക്ഷനാവുന്നതിനു മുമ്പ് നജീബിനെ മര്‍ദ്ദിച്ച എ.ബി.വി.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാന്‍ പോലും അന്വേഷണ ഏജന്‍സികള്‍ തയ്യാറായിട്ടില്ല. എന്നാല്‍ സമാധാനപരമായി സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെയും മാതാവ് ഫാത്തിമ നഫീസിനെതിരെപോലും നിരവധി കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. അര്‍ധരാത്രി നജീബിന്റെ വീട് റെയ്ഡ് ചെയ്ത് ഭീകരാന്തരീക്ഷം സൃ്ഷ്ടിച്ച പൊലീസ് നീതിക്ക് വേണ്ടിയുള്ള ഫാത്തിമ നഫീസിന്റെ സമരങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാനും ശ്രമിക്കുന്നതായിക്കാണാം. തന്റെ മകനു വേണ്ടി മാത്രമല്ല ഈ സമരമെന്നും ഇനിയൊരു നജീബ് അഹ്മദിനു ഇത്തരമൊരു ദുസ്ഥിത് ഇല്ലാതിരിക്കാനും കൂടിയാണ് താന്‍ പോരാടുന്നതെന്നും പറഞ്ഞുവെക്കുന്ന ആ മാതാവ് രാജ്യത്തെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിനു നിലക്കാത്ത ഊര്‍ജ്ജമായിത്തീര്‍ന്നിരിക്കുന്നു.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അടക്കമുള്ളവര്‍ ഡല്‍ഹി പൊലീസ് അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിക്കുകയും സി.ബി.ഐ അന്വേഷണം പാര്‍ലമെന്റില്‍ ആവശ്യപ്പെടുകയും ചെയ്തതിനു ശേഷമാണ് സി.ബി.ഐ കേസേറ്റെടുത്തത്. എന്നാല്‍ കേന്ദ്ര ഏജന്‍സിയും വളരെ പക്ഷപാതപരമായാണു കേസന്വേഷണംകൊണ്ട് പോവുന്നതെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നു. നജീബിനെ മര്‍ദ്ദിച്ചവരെ ചോദ്യം ചെയ്യാന്‍ പോലും ഏജന്‍സികള്‍ തയ്യാറായിട്ടില്ല എന്നത് ഭരണകൂട നിസ്സംഗതയാണ് കാണിക്കുന്നത്. ഇതിനെതിരെ രാജ്യത്തിന്റെ മുക്കിലും മൂലയിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. നീണ്ട മയക്കത്തില്‍ നിന്നും അടിച്ചമര്‍ത്തപ്പെട്ട ജനത ഉയിര്‍ത്തെഴുനേല്‍ക്കേണ്ടതിന്റെ കാലം അതിക്രമിച്ചിരിക്കുന്നു. ഭരണഘടനാനുസൃതമായ അവകാശപോരാട്ടങ്ങളെ ഏകോപിപ്പിച്ച് മതനിരപേക്ഷ മൂല്യങ്ങള്‍ അടിസ്ഥാനമാക്കി മുസ്‌ലിം പ്രശ്‌നങ്ങളെ മുഖ്യധാരയിലേക്കുയര്‍ത്തികൊണ്ടുവരാന്‍ കഴിയണം. ഇടത് ലിബറല്‍ നിസ്സംഗതയും സവര്‍ണ്ണ ഫാഷിസവും ഒന്നു മറ്റൊന്നിനു വെള്ളവും വളവുമായിത്തീരുമ്പോള്‍ അഭിമാനകരമായ നിലനില്‍പ്പിനായുള്ള പോരട്ട രാഷ്ട്രീയത്തെ ശക്തിപ്പെടുത്തേണ്ടതായുണ്ട്. താഴ്ന്ന ജാതികളുടെ ചരിത്രപരമായ പിന്നാക്കാവസ്ഥ മറികടക്കാന്‍ വിപി സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന മണ്ഡല്‍ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്നതിനെതിരെ തീകൊളുത്തി ആത്മാഹൂതിക്ക് ശ്രമിച്ച രാജീവ് ഗോസാമിമാര്‍ സൃഷ്ടിച്ച സാമൂഹിക പിരിമുറുക്കം പോലും നജീബിന്റെ തിരോധാനവും രോഹിത് വെമുലയുടേതും മുദസ്സിര്‍ ഖംറാന്റെയും ആത്മഹത്യകളും സമൂഹത്തില്‍ സൃഷ്ടിക്കുന്നില്ലെങ്കില്‍ സംഘ്പരിവാര്‍ സൃഷ്ടിക്കുന്ന പൊതുബോധത്തെ നമ്മള്‍ ഭയപ്പെടേണ്ടിയിരിക്കുന്നു. ജനാധിപത്യ ന്യൂനപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയല്ലാതെ നമുക്കു മുമ്പില്‍ മാര്‍ഗങ്ങളൊന്നുമില്ല. കവലകളും ക്യാമ്പസുകളും നജീബിനെ ഓര്‍മ്മിച്ചെടുക്കുകയും രോഹിത് വെമുലയുടെ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രതിരോധങ്ങളാണ് രാജ്യം ഫാഷിസ്റ്റ് കാലത്ത് ആവശ്യപ്പെടുന്നത്.
(ജെ.എന്‍.യു യൂണിറ്റ് എം.എസ്.എഫ് പ്രസിഡണ്ടാണ് ലേഖകന്‍)

chandrika: