X
    Categories: columns

അഭിപ്രായ സ്വാതന്ത്ര്യവും കോടതിയലക്ഷ്യവും

സുഫ്‌യാന്‍ അബ്ദുസ്സലാം

പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത്ഭൂഷനെതിരെ കോടതിയലക്ഷ്യക്കുറ്റത്തിന് കേസെടുക്കുകയും അദ്ദേഹം മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് ശഠിക്കുകയും ചെയ്തതോടെ പ്രശ്‌നം സങ്കീര്‍ണ്ണമായിരിക്കുകയാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ഡെയെ വ്യക്തിപരമായും സുപ്രീംകോടതിയെ പൊതുവായും പ്രശാന്ത് ഭൂഷണ്‍ വിമര്‍ശിച്ചു എന്നതാണ് കോടതിയലക്ഷ്യ നടപടിയിലേക്ക് എത്തിച്ചത്. സുപ്രീംകോടതിക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് നാഗ്പൂരില്‍ ബി.ജെ.പി നേതാവിന്റെ 50 ലക്ഷം രൂപ വിലമതിക്കുന്ന ആഢംബര ബൈക്കില്‍ മാസ്‌കും ഹെല്‍മെറ്റും ധരിക്കാതെ ഇരുന്നതിനെതിരെയാണ് ചീഫ് ജസ്റ്റിസിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഇന്ത്യയില്‍ ജനാധിപത്യം നശിപ്പിക്കപ്പെടുന്നതിലെ ചില മുന്‍ ചീഫ് ജസ്റ്റിസുമാരുടെ പങ്ക് സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം വിമര്‍ശിച്ചത്.

വിമര്‍ശനം ഭരണഘടന നല്‍കിയ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നാണ് പ്രശാന്ത്ഭൂഷന്റെ വിശദീകരണം. അഭിപ്രായ സ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശമാണ്. എന്നാല്‍ കോടതിക്കെതിരെ നേരിട്ടോ ചീഫ് ജസ്റ്റിസിനെതിരെ വ്യക്തിപരമായോ നടത്തുന്ന വിമര്‍ശനം ഭരണഘടന നല്‍കിയ മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമോ എന്ന പ്രശ്‌നമാണ് നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ മര്‍മ്മം. ചീഫ് ജസ്റ്റിസ് വിമര്‍ശിക്കപ്പെടാനുണ്ടായ കാരണവും സാഹചര്യവുമാണ് പരിശോധിക്കപ്പെടേണ്ടത്. അതോടൊപ്പം വിമര്‍ശനത്തില്‍ വ്യക്തിഹത്യയോ അശ്ലീലച്ചുവയുള്ള പ്രയോഗങ്ങളോ ഉണ്ടോ എന്നതുകൂടി നോക്കേണ്ടതുണ്ട്. രാജ്യം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് കഴിയുമ്പോള്‍ മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് ബൈക്കില്‍ കയറി ഫോട്ടോക്ക് പോസ് ചെയ്ത ചീഫ് ജസ്റ്റിസിന്റെ നടപടി ശരിയായില്ല എന്ന വിമര്‍ശനം സ്വാഭാവികമാണ്. അത്തരത്തിലുള്ള ഫോട്ടോകള്‍ പൊതുസമൂഹത്തില്‍ പ്രചരിക്കപ്പെടുമ്പോള്‍ തെറ്റായ സന്ദേശമാണ് നല്‍കുക. വിമര്‍ശിക്കപ്പെട്ട കാരണവും സാഹചര്യവും അതുകൊണ്ടുതന്നെ കൃത്യവും സ്വാഭാവികവുമാണ്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ പാലിക്കേണ്ട അച്ചടക്കവും മര്യാദയും പാലിക്കപ്പെടാതെ വരുമ്പോഴുള്ള വിമര്‍ശനമാണത്. രാജ്യത്തിന്റെ പ്രഥമപൗരന്‍ മുതല്‍ ഉന്നതസ്ഥാനീയരായ എല്ലാവരും ജനാധിപത്യ സംവിധാനത്തില്‍ ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നതിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല.

ചീഫ് ജസ്റ്റിസിനെതിരെയുള്ള വിമര്‍ശനത്തില്‍ പരിധിവിട്ടിട്ടുണ്ടോ എന്നതാണ് അടുത്ത പ്രശ്‌നം. രാജ്യത്തെ ഏതൊരു വ്യക്തിക്കെതിരെയും വിമര്‍ശനം നടത്തുമ്പോള്‍ അതിനു ചില പരിധികള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. പരിധികള്‍ ലംഘിക്കപ്പെടുമ്പോള്‍ ഏതൊരാള്‍ക്കും കോടതിയെ സമീപിക്കാം. ചീഫ് ജസ്റ്റിസിനെതിരെയുള്ള പ്രശാന്ത്ഭൂഷന്റെ വിമര്‍ശനത്തില്‍ വ്യക്തിഹത്യാപരമായ എന്തെങ്കിലും ഉള്ളതായി കാണാന്‍ സാധിക്കില്ല. അതേസമയം കോടതിയെയും ജുഡീഷ്യറിയെയും നിന്ദിക്കാന്‍ ‘ബോധപൂര്‍വമുള്ള’ ശ്രമം പ്രശാന്ത് ഭൂഷന്റെ ഭാഗത്തുനിന്നും ഉണ്ടായി എന്ന് വ്യാഖ്യാനിക്കാന്‍ വിധി പറയുന്ന ജഡ്ജിമാരുടെ മനോഗതങ്ങള്‍ക്ക് സാധിക്കും. കോടതിയലക്ഷ്യ കേസുകളില്‍ ഒരേ സംഭവങ്ങളില്‍തന്നെ വിവിധ ജഡ്ജുമാരില്‍ നിന്നു അനുകൂലവും പ്രതികൂലവുമായ വിധികള്‍ മുമ്പുണ്ടായിട്ടുള്ളത് മനോഗതമനുസരിച്ചാണ്. 1970 ല്‍ ഇ.എം.എസിന്റെ കോടതിയലക്ഷ്യ പ്രസ്താവനകളില്‍ ഉണ്ടായ വിധികള്‍ ഇതിനുദാഹരണമാണ്. ന്യായാധിപന്മാര്‍ക്ക് വര്‍ഗപരമായ ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടെന്നും പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള തര്‍ക്കത്തില്‍ പണക്കാരോട് മമത കാട്ടാനുള്ള സ്വാഭാവിക പ്രവണതയുണ്ട് എന്നും പറഞ്ഞതായിരുന്നു ഇ.എം.എസിന്റെ പേരിലുള്ള കോടതിയലക്ഷ്യമായി ജസ്റ്റിസ് എം ഹിദായത്തുള്ള കണ്ടെത്തിയിരുന്നത്.

എന്നാല്‍ അതേ വിധിയില്‍ ജസ്റ്റിസ് കെ.കെ മാത്യു കണ്ടെത്തിയത് മറിച്ചായിരുന്നു. കോടതിയലക്ഷ്യ നടപടികള്‍ ജനാധിപത്യത്തില്‍ തന്നെയുള്ള ഇടപെടലാണ് എന്നും പൊതു സമൂഹത്തിലെ ആശയ പ്രചാരണത്തിനും അഭിപ്രായപ്രകടനത്തിനും മേലുള്ള കൈയ്യേറ്റമാണെന്നുമായിരുന്നു ജസ്റ്റിസ് മാത്യു പറഞ്ഞത്. 1988 ല്‍ അന്നത്തെ കേന്ദ്ര നിയമമന്ത്രി വി. പി ശിവശങ്കറിന്റെ വിവാദമായ പ്രസ്താവന ഇങ്ങനെയായിരുന്നു. ‘സുപ്രീം കോടതി വരേണ്യ വര്‍ഗ പ്രതിനിധികളാല്‍ നിറഞ്ഞതാണ്. അവര്‍ക്ക് ജന്മിമാരോട് മറയില്ലാത്ത അനുകമ്പയുണ്ട്. സാമ്പത്തിക കുറ്റവാളികള്‍, നവവധുക്കളെ ചുട്ടുകരിക്കുന്നവര്‍ മുതലായ എല്ലാ സാമൂഹ്യ ദ്രോഹികളും സുപ്രീംകോടതിയെ സ്വര്‍ഗമായി കാണുന്നു’. ഈ പ്രസ്താവന പ്രത്യക്ഷത്തില്‍ കോടതിയലക്ഷ്യമാണെന്നു അന്നത്തെ മാധ്യമങ്ങള്‍പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സുപ്രീംകോടതി ജഡ്ജി എസ് മുഖര്‍ജി ഇത് കോടതിയലക്ഷ്യമായി കണ്ടില്ല. ഇ.എം.എസിന്റെയും ശിവശങ്കറിന്റെയും കേസുകള്‍ താരതമ്യം ചെയ്തു പഠിക്കുന്ന നിയമവിദ്യാര്‍ത്ഥി രണ്ടു വിധികളും കണ്ടു ആശയക്കുഴപ്പത്തിലായില്ലെങ്കില്‍ അത്ഭുതമായിരിക്കും.

2002 ലാണ് നര്‍മദാ ബച്ചാവോ ആന്തോളന്‍ കേസില്‍ അരുന്ധതി റോയിക്ക് എതിരെ കോടതിയലക്ഷ്യത്തിന്റെ പേരില്‍ കേസെടുക്കുകയും ഒരു ദിവസത്തെ ജയില്‍ശിക്ഷയും രണ്ടായിരം രൂപ പിഴയും ചുമത്തിയ സംഭവമുണ്ടായത്. നര്‍മദാ വിഷയത്തില്‍ സുപ്രീംകോടതിയുടെ വിധിക്കെതിരെ കോടതിക്ക് മുമ്പില്‍ നടന്ന ധര്‍ണ്ണയില്‍ പങ്കെടുത്തതിനായിരുന്നു അരുന്ധതിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തതെങ്കിലും ശിക്ഷ വിധിച്ചത് അതിനായിരുന്നില്ല. കോടതിക്ക് എഴുതിക്കൊടുത്ത സത്യവാങ്മൂലത്തിലെ പരാമര്‍ശത്തിന്റെ പേരിലായിരുന്നു. പ്രസ്തുത പരാമര്‍ശം ഇ.എം.എസിന്റെയോ ശിവശങ്കറിന്റെയോ പ്രസ്താവനകളുടെ അത്ര കടുപ്പമുള്ളതായിരുന്നില്ല. ഇങ്ങനെ ജഡ്ജിമാര്‍ കോടതിയലക്ഷ്യ വിഷയത്തില്‍ വിവിധ നിലപാടുകള്‍ സ്വീകരിച്ചതായി കാണാം. ചിലര്‍ വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കണ്ടിട്ടുമുണ്ട്.

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസുമാര്‍ പോലും സുപ്രീംകോടതിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച സംഭവങ്ങള്‍ ഏറെയുണ്ട്. 2018 ജനുവരി 12ന് സുപ്രീംകോടതിയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ മറക്കാറായിട്ടില്ല. ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ തുഗ്ലക് റോഡിലെ ഔദ്യോഗിക വസതിയില്‍ ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ് എന്നിവര്‍ സുപ്രീംകോടതിക്കെതിരെ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ പേരില്‍ അവര്‍ക്കെതിരെ കോടതിയലക്ഷ്യം ചുമത്തിയതായി കാണുന്നില്ല. സുപ്രീംകോടതിയുടെ പ്രവര്‍ത്തനം താളം തെറ്റിയെന്നും ജനാധിപത്യം സംരക്ഷിക്കപ്പെടുന്നില്ലെന്നും മാധ്യമങ്ങളെ സാക്ഷിനിര്‍ത്തിയാണ് അവര്‍ അന്ന് രാജ്യത്തോട് വിളിച്ചുപറഞ്ഞത്.

അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് നേരെയായിരുന്നു നാല് പേരും വിരല്‍ ചൂണ്ടിയത്. അമിത്ഷാ പ്രതിപ്പട്ടികയിലുണ്ടായിരുന്ന സൊഹ്‌റാബുദ്ദീന്‍ ഷേക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദം കേട്ടിരുന്ന സി.ബി.ഐ സ്‌പെഷ്യല്‍ കോടതി ജഡ്ജി ബ്രിജ് ഗോപാല്‍ ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് വിടാതെ ജൂനിയര്‍ ജഡ്ജി അരുണ്‍ മിശ്ര അധ്യക്ഷനായ പത്താം നമ്പര്‍ കോടതിക്ക് വിട്ടതില്‍ ദുരൂഹതയുണ്ടെന്നായിരുന്നു അവര്‍ ചൂണ്ടിക്കാണിച്ച പ്രധാന വിഷയം. രാജ്യത്തെ തന്നെ പിടിച്ചു കുലുക്കിയ സൊഹ്‌റാബുദീന്‍ കേസിലെ ജഡ്ജിയുടെ മരണം കൊലപാതകമാണെന്ന ആരോപണം നിലനില്‍ക്കുമ്പോള്‍ അത്തരം കേസുകള്‍ ജഡ്ജിമാര്‍ക്ക് കൈമാറുമ്പോള്‍ കാണിക്കേണ്ട സൂക്ഷ്മത ചീഫ് ജസ്റ്റിസിന്റെ പക്കല്‍ നിന്നുണ്ടായില്ല എന്ന ആരോപണം വളരെ ഗൗരവമുള്ളതായിരുന്നു. അടുത്ത് വിരമിച്ച ചീഫ് ജസ്റ്റിസിന്റെ അവസാന വിധികളില്‍ പല വിമര്‍ശനങ്ങളും ഉണ്ടാവുകയും വിരമിച്ച ഉടനെ അദ്ദേഹത്തെ രാജ്യസഭാംഗമാക്കുകയും ചെയ്ത നടപടി ജുഡീഷ്യറിയെ സംശയമുനയില്‍ നിര്‍ത്തിയിട്ടുണ്ട് എന്ന കാര്യം നിഷേധിക്കാന്‍ സാധ്യമല്ല.

അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നത് ജനാധിപത്യ സംവിധാനത്തില്‍ ശരിയല്ല. അതേസമയം കോടതിയലക്ഷ്യ കാര്യങ്ങളായി വ്യക്തമായി പ്രതിപാദിക്കപ്പെട്ട കാര്യങ്ങളില്‍ നടപടി എടുക്കുകയും വേണം. കോടതിയുടെ ഏതെങ്കിലുമൊരു വിധിന്യായത്തോട് ആജ്ഞാ ലംഘനം കാണിക്കുകയോ കോടതിക്ക് നല്‍കിയ ഉറപ്പുകള്‍ ലംഘിക്കുകയോ വാചികമായോ ലിഖിതമായോ മറ്റേതെങ്കിലും രൂപത്തിലോ കോടതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കല്‍ അനിവാര്യമാണ്. രാജ്യത്തെ നിയമസംവിധാനങ്ങളെ മുഴുവന്‍ വെല്ലുവിളിക്കുന്ന തരത്തില്‍ ആര് പ്രവര്‍ത്തിച്ചാലും അത് രാജ്യത്തിന്റെ ഭദ്രതക്ക് കോട്ടം തട്ടുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല. അത് പരമോന്നത കോടതിയുടെ വിശ്വാസ്യതയും സുതാര്യതയും നശിപ്പിക്കും. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ ചോദ്യം ചെയ്യുകയും അതിനെ നിരാകരിക്കുകയും അവയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന പ്രവണതകളെ തടയിടുന്നതിനുവേണ്ടി മാത്രമായിരിക്കണം കോടതിയലക്ഷ്യ നടപടികള്‍.

 

web desk 3: