X

ഹാഷിംപുര മതേതര ഇന്ത്യയെ ഓര്‍മ്മിപ്പിക്കുന്നത്

 

അശ്‌റഫ് തൂണേരി

വര്‍ഷങ്ങള്‍ 31 പിന്നിട്ടപ്പോള്‍, ഹാഷിംപുരയിലെ പൊലീസ് ഭീകരതയുടെ ഇരകള്‍ക്ക് പ്രതീക്ഷയുടെ തിരിനാളമായി ഡല്‍ഹി ഹൈക്കോടതിയുടെ വിധി പുറത്തുവന്നിരിക്കുന്നു. കൊന്നു തള്ളിയവരുടെ അതേ മാനസികാവസ്ഥ പേറി നടന്ന ഒരു കൂട്ടം അന്വേഷണ ഉദ്യോഗസ്ഥരാല്‍ നീതി നിഷേധിക്കപ്പെട്ടവരുടെ നിരന്തര പ്രാര്‍ത്ഥനയുടെ ഫലമാണിതെന്ന് വേണം കരുതാന്‍. ജനാധിപത്യ ഇന്ത്യയിലെ ഏറ്റവും ക്രൂരമായ കസ്റ്റഡി കൂട്ടക്കൊലയായ ഹാഷിംപുര ഗൂഢലക്ഷ്യംവെച്ചായിരുന്നുവെന്ന് കോടതി തന്നെ നിരീക്ഷിച്ചിരിക്കുന്നു. ‘ന്യൂനപക്ഷ സമുദായത്തിലെ നിരായുധരായ 42 പേരെ ഹാഷിംപുരയില്‍ കൊലപ്പെടുത്തിയത് ഗൂഢ ലക്ഷ്യംവെച്ചായിരുന്നു. 31 വര്‍ഷമായി ഇരകളുടെ കുടുംബാംഗങ്ങള്‍ നീതിക്കായി കാത്തിരിക്കുന്നു’ ജസ്റ്റിസ് എസ് മുരളീധരനും വിനോദ് ഗോയലും അംഗങ്ങളായ ഡല്‍ഹി ഹൈക്കോടതി ബെഞ്ചിന്റെ നിരീക്ഷണം ഇങ്ങിനെയായിരുന്നു. 16 പൊലീസുകാര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട കേസില്‍ പ്രതികളാക്കപ്പെട്ടത് 17 പേരായിരുന്നു. ഒരാള്‍ മരണമടഞ്ഞു. 19 സേനാംഗങ്ങള്‍ക്കെതിരെയായിരുന്നു കേസെങ്കിലും കുറ്റം ചുമത്തപ്പെട്ടത് 17 പേര്‍ക്കെതിരെ മാത്രം. മനുഷ്യാവകാശ കമ്മീഷന്റേയും ആക്ടിവിസ്റ്റുകളുടേയും നിരന്തര ഇടപെടലും ഉന്നത പൊലീസ് ഓഫീസര്‍മാരുടെയുള്‍പ്പെടെ തുറന്നുപറച്ചിലുമെല്ലാം കേസിന്റെ വഴിതിരിച്ചുവിട്ടുവെന്ന് വേണം അനുമാനിക്കാന്‍. 2015 മാര്‍ച്ചില്‍ വിചാരണക്കോടതി കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടിരുന്നു. പക്ഷേ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടില്ലെന്ന നിരാശയിലേക്ക് ഇരകളുടെ ബന്ധുക്കളെത്തിയില്ലെന്ന് മാത്രമല്ല ക്രൂരത ചെയ്തവര്‍ ജഗന്നിയന്താവിന്റെ മുമ്പില്‍ രക്ഷപ്പെടില്ലെന്ന നിരന്തര പ്രാര്‍ത്ഥനയിലായിരുന്നു ബന്ധുക്കള്‍. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത വീര്‍ ബഹാദൂര്‍ സിങിന്റെ ഭരണകാലത്താണ് ഒരു നിലക്കും ന്യായീകരിക്കാനാവാത്ത ഈ ക്രൂരകൃത്യം നടന്നതെന്നത് വിസ്മരിച്ചുകൂടാ. 1994-2000 കാലയളവിനിടയില്‍ ഗാസിയാബാദ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് 23 തവണ ജാമ്യം ലഭിക്കുന്ന വാറണ്ടും 17 തവണ ജാമ്യമില്ലാ വാറണ്ടുകളും കേസിലെ പ്രതികളായ പൊലീസുകാര്‍ക്കെതിരെ പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും അവരിലാരും കോടതി കയറിയില്ലെന്നത് വിധിവൈപരീത്യം.
ഡല്‍ഹി പാര്‍ലമെന്റ് ഹൗസില്‍നിന്നു 82.5 കിലോമീറ്റര്‍ ദൂരത്താണ് ഹാഷിംപുര. സംസ്ഥാനം ഉത്തര്‍പ്രദേശാണെന്ന് മാത്രം. 1987 മെയ് 22ന് രാത്രി പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പി.എ.സി) സേനയുടെ നരനായാട്ടായിരുന്നു ഹാഷിംപുരയില്‍ നടന്നത്. 1987 ആഗസ്റ്റില്‍ ആരംഭിച്ച മീററ്റ് കലാപത്തിന്റെ തുടര്‍ച്ചെയെന്നോണമാണ് പി.എ.സി കണ്ണില്‍കണ്ട മുസ്‌ലിംകളെയെല്ലാം അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന രീതിക്ക് തുടക്കമിട്ടത്.യു.ആര്‍.യു 1493 എന്ന മഞ്ഞ പൊലീസ് ട്രക്കിലാണ് ഗാസിയാബാദ് ജില്ലയിലെ മുറാദ്‌നഗറിനടുത്തുള്ള കനാലിനടുത്തേക്ക് മുസ്്‌ലിം ചെറുപ്പക്കാരേയും വഹിച്ചുള്ള ആ വാഹനം ആദ്യം പോയത്. പിന്നീട് ഡല്‍ഹിക്കടുത്ത മക്കന്‍പൂരിലേക്കും. രണ്ടു കനാലുകള്‍ക്കടുത്ത് വാഹനം പാര്‍ക്ക് ചെയ്ത് വാഹനത്തില്‍വെച്ച് തന്നെ ഓരോരുത്തരെയായി കൊന്നു തള്ളുകയായിരുന്നുവെന്നാണ് രക്ഷപ്പെട്ടവരില്‍നിന്ന് ലഭിച്ച മൊഴിയില്‍ നിന്ന് ബോധ്യമായത്. നിരപരാധികളെ യാതൊരു മനസ്സാക്ഷിയുമില്ലാതെ കൊന്ന ശേഷം അതേ വാഹനത്തില്‍ പി.എ.സി സേനക്കാര്‍ അവരുടെ ക്യാമ്പുകളിലെത്തുകയും രക്തം കഴുകിക്കളയുകയും ചെയ്തു. ശേഷം ട്രക്കിലെ ഷീറ്റിന് തുളകളുണ്ടാക്കി വെച്ചു. (ഇരകള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് ബോധ്യപ്പെടുത്താനുള്ള പണിയായിരുന്നുവത്രെ ഇത്.) ഇത്രയും മനുഷ്യരെ പച്ചക്ക് കൊന്ന് രാത്രി വൈകി ക്യാമ്പിലെത്തിയ ഈ നരാധമന്മാര്‍ ഒരു കൂസലുമില്ലാതെ കിടന്നുറങ്ങി. മരിച്ചെന്നു കരുതി ഉപേക്ഷിച്ച അഞ്ച് പേരാണ് അരുംകൊല പുറംലോകത്തെത്തിച്ചത്. കേസന്വേഷണം തുടക്കത്തില്‍തന്നെ പ്രഹസനമായിരുന്നു. 28 വര്‍ഷത്തിന് ശേഷം 2015ല്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹി തീസ്ഹസാരി കോടതി പ്രതികളെ വെറുതെ വിട്ടു.
‘ഹാഷിംപുര 22 മെയ്’എന്ന പുസ്തകം പെന്‍ഗ്വിന്‍ പ്രസിദ്ധീകരിക്കുന്നത് 2016 ജൂലൈ ആദ്യവാരത്തിലാണ്. ഹാഷിംപുരയില്‍ നടന്ന സംഭവ വികാസങ്ങള്‍ ഒരു പൊലീസ് ഓഫീസറുടെ അന്വേഷണ ഫലമെന്നോണം തുറന്നെഴുകയാണതില്‍. സംഭവം നടക്കുമ്പോള്‍ ഹാഷിംപുര സ്ഥിതി ചെയ്തിരുന്ന ഗാസിയാബാദ് പൊലീസ് സൂപ്രണ്ടായിരുന്ന വിഭൂതിനാരായണ്‍ റായ് എന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് നിരന്തര അന്വേഷണത്തിനും പലരുടേയും സമ്മര്‍ദ്ദങ്ങള്‍ വകവെക്കാതെയും പുസ്തക രചന നിര്‍വഹിച്ചത്. പുസ്തകം പുറത്തിറങ്ങി ഒരു മാസം കഴിഞ്ഞ് ‘ന്യൂസ് ലോണ്ടറി’ പ്രതിനിധി അനുരാഗ് ത്രിപാദിയുമായി നടത്തിയ സംഭാഷണത്തില്‍ എന്തുകൊണ്ടാണ് ഇത്രയും വൈകിയതെന്ന ചോദ്യത്തിന് റായ് നല്‍കുന്ന മറുപടി ഇങ്ങിനെയായിരുന്നു: ’15 വര്‍ഷങ്ങളെടുത്തു വിവര ശേഖരം പൂര്‍ത്തീകരിക്കാന്‍. നിയമപരമായ പല കാര്യങ്ങളും അന്വേഷിക്കേണ്ടതുണ്ടായിരുന്നു. സ്വാഭാവികമായും ഇത്തരമൊരു രചന പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് തടസ്സങ്ങളുണ്ടായി’. വൈകിയാലും തന്റെ ഔദ്യോഗിക കാലത്ത് നടന്ന മനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങള്‍ പുറംലോകത്തെത്തിച്ചില്ലെങ്കില്‍ നീതികേടാവുമെന്ന റായിയുടെ ബോധ്യമാണ് ഈ രചന. അന്വേഷണങ്ങള്‍ പ്രഹസനമായിരുന്നുവെന്ന് പല തവണ തുറന്നുപറഞ്ഞയാള്‍ കൂടിയാണീ ഓഫീസര്‍. അന്ന് രക്ഷപ്പെട്ടവരില്‍ ഒരാളായ ബാബുദിനെ കണ്ടുമുട്ടിയതാണ് തനിക്ക് ശരിയായ അന്വേഷണത്തിന് വഴിതുറന്നതെന്നും ഈ ഓഫീസര്‍ വ്യക്തമാക്കുകയുണ്ടായി. കസ്റ്റഡി കൊലപാതകമാണെന്ന് തുടക്കം മുതല്‍ വ്യക്തമാക്കിയ റായ് ഇപ്പോഴും ഉന്നത പൊലീസ് ഓഫീസര്‍മാരുടേയും രാഷ്ട്രീയ നേതാക്കളുടെയും പങ്കിനെക്കുറിച്ച് വിളിച്ചുപറയുന്നുണ്ട്. 1987ല്‍ നിന്ന് അധികം ദൂരെയല്ല നാം എന്നതിന് തുടര്‍ച്ചയായി നടന്ന, ഇപ്പോഴും നടക്കുന്ന സംഭവങ്ങള്‍ സാക്ഷിയാണ്. മാത്രമല്ല ഇപ്പോഴും 19 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിലെ പൊലീസ് സേനയിലെ മുസ്‌ലിം പ്രാതിനിധ്യം അഞ്ച് ശതമാനത്തിന് താഴെയാണ്. ഡല്‍ഹി പൊലീസില്‍ ഇത് രണ്ട് ശതമാനമാണ്. മഹാരാഷ്ടയില്‍ ഒരു ശതമാനവും ബീഹാറില്‍ 4.5 ശതമാനവും രാജസ്ഥാനില്‍ 1.2 ഉം മാത്രമാണ്. 2002 ഗുജറാത്ത് കലാപത്തിലെ പൊലീസ് കൊലപാതകങ്ങളുള്‍പ്പെടെ പുനരന്വേഷിക്കുകയും ഇന്ത്യയുടെ തലപ്പത്ത് വിരാജിക്കുന്ന ഫാഷിസ്റ്റ് ഭീകരതയുടെ വക്താക്കളായ നേതാക്കളുള്‍പ്പെടെ വിചാരണ ചെയ്യപ്പെടുകയും ചെയ്യേണ്ടത് ജനാധിപത്യ ഇന്ത്യന്‍ ഭാവിയുടെ സുതാര്യ നിലനില്‍പ്പിന് ആവശ്യമാണ്. ‘നിര്‍മ്മിത’ മതേതരത്വത്തില്‍ നിന്ന് യഥാര്‍ത്ഥ മതേതര ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ അത്തരം പുനരന്വേഷണങ്ങള്‍ പ്രാപ്തമാകുമെന്നാണ് ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷ.

chandrika: