X

ചുവട് മാറ്റി; ‘നോട്ട് നിരോധനം കളളപ്പണവേട്ടയ്ക്ക് മാത്രമായിരുന്നില്ല’, ന്യായീകരണവുമായി അരുണ്‍ ജെയ്റ്റ് ലി

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിന് ശേഷം തിരിച്ചെത്തിയ നോട്ടുകളുടെ കണക്കുകള്‍ ആര്‍ബിഐ പുറത്ത് വിട്ടതിന് പിന്നാലെ വിശദീകരണവുമായി ധനമന്ത്രി
അരുണ്‍ജെയ്റ്റ്‌ലി. നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം കള്ളപ്പണം വേട്ടയ്ക്ക് മാത്രമായിരുന്നില്ല എന്ന് ജെയ്റ്റ്ലി. നോട്ട് ഉപയോഗം കുറയ്ക്കുന്നതിന് ഈ നടപടി കാരണമായിയെന്ന് അരുണ്‍ ജെയ്റ്റ്ലിയുടെ വാദം. രാജ്യത്ത് നികുതിദായകരുടെ എണ്ണം വര്‍ധിച്ചെന്നും, പണലഭ്യത 17ശതമാനം കുറഞ്ഞുവെന്നും അരുണ്‍ ജെയ്റ്റ്ലി ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നോട്ട് നിരോധനത്തെപ്പറ്റി പലര്‍ക്കും ഇതുവരെ മനസ്സിലായിട്ടില്ലെന്നും കേന്ദ്ര ധനമന്ത്രി ആരോപിച്ചു. വാര്‍ത്താ സമ്മളനം വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.

പിന്‍വലിച്ച നോട്ടുകളില്‍ സമ്പദ് വ്യവസ്ഥയിലുണ്ടായിരുന്ന 99 ശതമാനം രൂപയുടെ നോട്ടുകളും തിരിച്ചെത്തിയതായാണ് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. 15.4 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയത്. എന്നാല്‍ 15.28 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ തിരിച്ചെത്തിയതായാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍.

2.5 ലക്ഷം കോടി രൂപയുടെ കള്ളനോട്ടുകള്‍ മാത്രമാണ് പിടിച്ചെടുത്തതെന്ന് റിസര്‍വ് ബാങ്ക് കണക്കുകളില്‍ പറയുന്നുണ്ട്. 6.7 ലക്ഷം കോടി രൂപയുടെ ആയിരം രൂപയുടെ നോട്ടുകളായിരുന്നു പുറത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ 8295 കോടി രൂപയുടെ 1000 ത്തിന്റെ നോട്ടുകള്‍ മാത്രമാണ് മടങ്ങി വരാനുള്ളതെന്നും റിസര്‍വ് ബാങ്ക് പറയുന്നു. അതേസമയം പുതിയ നോട്ടുകള്‍ അച്ചടിക്കാനായി 7,965 കോടി രൂപ ചിലവായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ 500 നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ ഇറങ്ങിയതിനാല്‍. 2017 മാര്‍ച്ചുവരെ 500 നോട്ടുകളുടെ കണക്കുകള്‍ കൃത്യമായി ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 1000ത്തിന്റെ 99 ശതമാനം നോട്ടുകളും മടങ്ങിയെത്തിയെങ്കില്‍ 500 നോട്ടിന്റെ കാര്യത്തിലും വ്യത്യസ്തമായ കണക്ക് ഉണ്ടാകുവാന്‍ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

പിന്‍വലിച്ച മുഴുവന്‍ നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയതായി നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥരീകരിക്കാന്‍ ആര്‍ബിഐ തയ്യാറായിരുന്നില്ല. ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ പ്രകാരം 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയാതായി റിസര്‍വ് ബാങ്ക് സ്ഥിരീകരിക്കുന്നുണ്ട്.

chandrika: