X
    Categories: indiaNews

മഹാമാരിക്കിടെ തിരക്കിട്ട് കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് എന്തിന്? നിയമങ്ങളുടെ പകര്‍പ്പ് കീറിയെറിഞ്ഞ് കെജരിവാള്‍

ന്യൂഡല്‍ഹി: കാര്‍ഷിക സമരങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് നിയമസഭയില്‍ വലിച്ചുകീറി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കോവിഡ് മഹാമാരിക്കിടെ ഇത്ര തിടുക്കത്തില്‍ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. എഎപിയുടെ മഹേന്ദ്ര ഗോയല്‍, സോംനാഥ് ഭാരതി എന്നിവരും ബില്ലുകളുടെ പകര്‍പ്പ് കീറുന്നത് ദൃശ്യങ്ങളില്‍ കാണാം. ‘കര്‍ഷകര്‍ക്കെതിരായ ഈ കറുത്ത നിയമങ്ങള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.’ ഗോയലും ഭാരതിയും പറഞ്ഞു.

ഈ നിയമങ്ങളെ തങ്ങള്‍ എതിര്‍ക്കുന്നുവെന്നും അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും ഗതാഗതമന്ത്രി കൈലാഷ് ഗഹ്‌ലോത് പറഞ്ഞു. ‘കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും ഞങ്ങള്‍ പിന്തുണയ്ക്കുന്നു. അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ന്യായമുളളതാണ്.’ കെജരിവാള്‍ പറഞ്ഞു.

കര്‍ഷകസമരം അവസാനിപ്പിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചു. കര്‍ഷകര്‍ക്ക് സമാധാനപരമായി സമരം ചെയ്യാന്‍ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് വരെ നിയമം നടപ്പാക്കുന്നത് നീട്ടിവെച്ചുകൂടെയെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ആരാഞ്ഞു. കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനം അറിയിക്കാമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: