X

ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ മകന്റെ മൃതദേഹം ബാഗിലാക്കി പിതാവ് ബസില്‍ സഞ്ചരിച്ചത് 200 കിലോമീറ്റര്‍

കൊല്‍ക്കത്ത: ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി പിതാവിന് സഞ്ചരിക്കേണ്ടി വന്നത് 200 കിലോമീറ്റര്‍. പശ്ചിമ ബംഗാളിലെ മുസ്തഫനഗറിലെ ഡംഗിപാറയിലാണ് ഈ ദാരുണമായ സംഭവം നടന്നത്. അസിം ദേവശര്‍മ എന്നയാളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ചത്. ബസില്‍ സഞ്ചരിച്ചാണ് മകന്റെ മൃതദേഹം വീട്ടിലെത്തിയത്.

ആംബുലന്‍സിന് നല്‍കാന്‍ 8000 രൂപ ഇല്ലാത്തതിനാലാണ് ബസില്‍ യാത്ര ചെയ്യേണ്ടിവന്നതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഇരട്ടകുട്ടികളെയും കാളഗഞ്ച് ജനറല്‍ ആശുപത്രിയിലും പിന്നീട് നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. അസുഖം ഭേദമായ കുട്ടിയെയും കൊണ്ട് ഭാര്യ വീട്ടിലേക്ക് പോയി. രണ്ടാമത്തെ കുട്ടി രാത്രിയോടെ മരിക്കുകയായിരുന്നു. മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകണമെങ്കില്‍ 8000 രൂപ നല്‍കണമെന്ന് ഡ്രൈവര്‍ പറഞ്ഞു. 102 സ്‌കീമിന് കീഴിലുള്ള ആംബുലന്‍സ് രോഗികള്‍ക്ക് മാത്രമാണ് സൗജന്യമെന്നും എന്നാല്‍ മൃതദേഹം കൊണ്ടുപോകാനുള്ള സൗകര്യമല്ലെന്നും ഡ്രൈവര്‍ പറഞ്ഞു.

എന്നാല്‍ അത് നല്‍കാന്‍ തന്റെ പക്കല്‍ പണമില്ലായിരുന്നെന്ന് പിതാവ് പറയുന്നു. കുട്ടികളുടെ ആറു ദിവസത്തെ ചികിത്സക്ക് മാത്രം 16000 രൂപ ചെലവായെന്നും ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആംബുലന്‍സിന് നല്‍കാന്‍ പിന്നെ കൈയില്‍ ഒന്നുമില്ലായിരുന്നു.

മറ്റ് വഴികളില്ലാതെ ഡാര്‍ജലിംഗ് ജില്ലയിലെ സിലിഗുരിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയിലെ കലിയഗഞ്ചിലേക്ക് മൃതദേഹവുമായി ബസില്‍ യാത്ര ചെയ്തു. എന്നാല്‍ ഇക്കാര്യം ആരെയും അറിയിച്ചില്ല. ആരെങ്കിലും അറിഞ്ഞാല്‍ സഹയാത്രികര്‍ തന്നെ ഇറക്കിവിടുമോ എന്ന് ഭയന്നിരുന്നെന്നും അസിം വെളിപ്പെടുത്തി.

webdesk13: