X
    Categories: MoreViews

ബലാത്സംഗ കേസില്‍ ആസാറാം ബാപ്പുവിന് മരണം വരെ ജീവപര്യന്തം

ജോധ്പൂര്‍: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവിന് മരണം വരെ ജീവപര്യന്തം തടവുശിക്ഷക്കു കോടതി ഉത്തരവിട്ടു. ആസാറാമിനൊപ്പം കുറ്റക്കാരെന്നു കണ്ടെത്തിയ രണ്ടു പേര്‍ക്ക് 20 വര്‍ഷം വീതം തടവിനും ജോധ്പൂരിലെ പ്രത്യേക കോടതി വിധിച്ചു. അതേസമയം കേസില്‍ പ്രതികളായ രണ്ടു പേരെ കോടതി വെറുതെവിട്ടു.

ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ സ്വദേശിനിയായ പതിനാറുകാരിയെയാണ് ആസാറാം ബാപ്പു പീഡിപ്പിച്ചത്. മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്ന പെണ്‍കുട്ടിയെ ചികിത്സക്കായാണ് മാതാപിതാക്കള്‍ ആശ്രമത്തിലെത്തിച്ചത്. മാതാപിതാക്കളോട് പുറത്ത് നില്‍ക്കാന്‍ പറഞ്ഞ ശേഷം പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. 2013 ഓഗസ്റ്റിലുണ്ടായ സംഭവത്തിലെ സാക്ഷികളില്‍ ഒമ്പതുപേര്‍ ആക്രമിക്കപ്പെടുകയും മൂന്നുപേര്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പോലും വധഭീഷണി ഉയര്‍ന്നിരുന്നു.

നിരവധി അനുയായികളുള്ള ആളാണ് ആസാറാം ബാപ്പു. വിധി പ്രസ്താവിക്കുമ്പോള്‍ അനുയായികള്‍ അക്രമം നടത്താന്‍ സാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഹരിയാന, രാജസ്ഥാന്‍, ഇരയുടെ സംസ്ഥാനമായ ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും ജോധ്പൂര്‍ ജയിലും പൊലീസിന്റേയും അര്‍ധസൈനിക വിഭാഗത്തിന്റേയും കനത്ത സുരക്ഷാ വലയത്തിലാണ്.

chandrika: