X

സി.പി.എം വിട്ട കുടുംബം സംരക്ഷണം തേടി കലക്ടറേറ്റില്‍

കണ്ണൂര്‍: പാര്‍ട്ടി ബന്ധം ഉപക്ഷിച്ച കുടുംബം സി.പി.എം നേതാക്കളുടെ ഭീഷണിയില്‍ നിന്നു രക്ഷിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റ് പടിക്കല്‍. തില്ലങ്കേരി സ്വദേശി അശോകനും കുടുംബവുമാണ് സംരക്ഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ സമരം നടത്തുന്നത്.
കലക്ട്രറെ നേരില്‍ കാണാനെത്തിയ കുടുംബത്തെ ജീവനക്കാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് കലക്ടറേറ്റ്‌ പടിക്കല്‍ കുത്തിയിരിക്കുന്നത്.

സി.പി.എം പ്രവര്‍ത്തകര്‍ നിരന്തരം ഫോണില്‍ ഭീഷണിമുഴക്കുന്നതിനെതിരെ കഴിഞ്ഞ ഏപ്രിലില്‍ കലക്ടര്‍ക്ക് അശോകനും ഭാര്യയും പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടി സ്വീകരിക്കാതായതോടെ പൊലീസ് കപ്ലയിന്റ് അതോറിറ്റിയില്‍ പരാതി നല്‍കി. തുടര്‍ന്ന് നടപടിക്ക് ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഇതില്‍ പ്രകോപിതരായ സി.പി.എം പ്രവര്‍ത്തകര്‍ തില്ലങ്കേരിയിലെ അടച്ചിട്ടവീട് കുത്തിത്തുറന്ന് ഭാര്യയുടെ വിവിധ സര്‍ട്ടിഫിക്കറ്റള്‍ മോഷ്ടിക്കുകയും ചെയ്തു. സംഭവത്തില്‍ വിരലടയാള വിദഗ്ധര്‍ തെളിവുശേഖരിച്ചെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായിട്ടില്ല.
കുടുംബത്തിനെതിരെ നിരന്തരം ഭീഷണിമുഴക്കുന്നവര്‍ക്കെതിരെ ഹൈക്കോടതില്‍ നല്‍കിയ ഹരജി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.  എതിര്‍ കക്ഷിക്കെതിരെ നടപടി സ്വീകരിക്കുന്നതിനു പകരം ഇരിട്ടി സി.ഐയും രണ്ടു പൊലീസുകാരനും തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് അശോകന്‍ പറഞ്ഞു. കുടുംബത്തിലെ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ അശോകനെതിരെ തിരിഞ്ഞത്. ഇതോടെ ഇയാള്‍ പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തി. ഇതോടെ ഭീഷണിയും അക്രമവും പതിവായെന്ന് അശോകന്‍ പറയുന്നു.

chandrika: