X
    Categories: indiaNews

അസമില്‍ ഇനി സര്‍ക്കാര്‍ നിയന്ത്രിത മദ്രസകള്‍ ഉണ്ടാകില്ല; തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം

ദിസ്പൂര്‍: സര്‍ക്കാര്‍ നിയന്ത്രിത മദ്രസകളും സംസ്‌കൃത സ്‌കൂളുകളും അടച്ചുപൂട്ടാനുള്ള നീക്കത്തിന് അസം മന്ത്രിസഭയുടെ അംഗീകാരം. ഡിസംബര്‍ 28 മുതല്‍ ആരംഭിക്കുന്ന നിയമസഭയുടെ ശീതകാലസമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിക്കുമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി ചന്ദ്രമോഹന്‍ പട്ടോവറി പറഞ്ഞു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 610 മതപഠനശാലകല്‍ അടച്ചുപൂട്ടി സംസ്ഥാന മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് പിരിച്ചുവിടാനാണ് അസം സര്‍ക്കാരിന്റെ നീക്കം. പ്രതിവര്‍ഷം 260 കോടിരൂപയാണ് മതപഠനശാലകള്‍ക്കായി ചെലവഴിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ നീക്കം.

സര്‍ക്കാര്‍ മദ്രസകള്‍ അടച്ചുപൂട്ടി തല്‍സ്ഥാനത്ത് ഹൈസ്‌ക്കൂളുകള്‍ പ്രവര്‍ത്തനസജ്ജമാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. സംസ്‌കൃത സ്‌ക്കൂളുകള്‍ കുമാര്‍ ഭാസ്‌ക്കര്‍ വര്‍മ്മ സംസ്‌കൃത സര്‍വ്വകലാശാലയ്ക്ക് നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ സ്ഥാപനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച അധ്യാപകരെ വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്‌ക്കൂളുകളിലേക്ക് മാറ്റും.

പൊതുജനത്തിന്റെ പണം ഉപയോഗിച്ച് മതപഠനം നടത്താനാകില്ലെന്ന് വിശദമാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ നിയന്ത്രിത മതപഠനശാലകള്‍ അടച്ചുപൂട്ടാന്‍ നീക്കം നടന്നത്. സംസ്‌കൃതസ്‌ക്കൂള്‍ കെട്ടിടങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരവും പൈതൃകയും പരിചയപ്പെടുത്തുന്ന കേന്ദ്രങ്ങളാക്കിമാറ്റുന്ന പദ്ധതിയും സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് വരികയാണെന്നാണ് റിപ്പോര്‍ട്ട്.

 

web desk 3: