X
    Categories: MoreViews

വിദേശവനിതയുടെ കൊലപാതകം പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

 

തിരുവനന്തപുരം: വിദേശവനിതയുടെ കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതികളായ ഉദയന്‍, ഉമേഷ് എന്നിവര്‍ കുറ്റസമ്മതം നടത്തിയതായും ഉമേഷാണ് കൊല നടത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 17 വരെ പൊലീസ് കസ്റ്റഡിയില്‍വിട്ടു. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ കസ്റ്റഡയില്‍ വിട്ടത്.
യുവതിയെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി കഞ്ചാവ് നല്‍കി ബോധം കെടുത്തിയ ശേഷമാണ് ബലാത്സംഗം ചെയ്തത്. യുവതിയുടെ ചെരിപ്പും അടിവസ്ത്രവും സമീപത്തുള്ള പൊന്തക്കാട്ടില്‍ ഒളിപ്പിച്ചതായും അത് കണ്ടെത്തിതരാമെന്നും പ്രതികള്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. ബലാത്സംഗ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളുമായി വീണ്ടും തെളിവെടുപ്പ് നടത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. വിദേശവനിതയുടെ ചെരുപ്പും അടിവസ്ത്രവും കണ്ടെത്താനാണിത്. വിദേശ വനിതയുടെ മൃതദേഹം 37 ദിവസത്തോളം കണ്ടല്‍ക്കാട്ടില്‍ കിടന്നിരുന്നു. ഈ ദിവസങ്ങളില്‍ ഉമേഷിന്റെയും ഉദയന്റെയും സുഹൃത്തുക്കളായ മൂന്ന് പേര്‍ കൂടി ഈ കാട്ടിലെത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്. അവര്‍ക്കു കൊലപാതകത്തെക്കുറിച്ച് അറിവുണ്ടോയെന്നും അന്വേഷിക്കും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
അതേസമയം കേസില്‍ പങ്കില്ലെന്നും കസ്റ്റഡിയില്‍വെച്ച് പൊലീസ് മര്‍ദിച്ചതായും ഒന്നാം പ്രതി ഉമേഷ് കോടതിയില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മജിസ്‌ട്രേറ്റ് പരാതി എഴുതി വാങ്ങി. അന്യായമായി തടങ്കലില്‍വെച്ചു പൊലീസ് മര്‍ദിച്ചതായി ആരോപിച്ചു പ്രതികളുടെ ബന്ധുക്കളും കോടതിവളപ്പില്‍ പ്രതിഷേധിച്ചു. പ്രതികളെ ഹാജരാക്കുന്നതു റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടയാനും അഭിഭാഷകരുടെ ഭാഗത്തുനിന്നു ശ്രമമുണ്ടായി.
അതേസമയം, വിദേശവനിതയുടെ കൊലപാതകത്തിലെ പ്രതികള്‍ നേരത്തെയും കണ്ടല്‍ക്കാട്ടിലെത്തിച്ചു സ്ത്രീകളെ പീഡിപ്പിച്ചതായി അന്വേഷണസംഘത്തിന് തെളിവു ലഭിച്ചിട്ടുണ്ട്. ഇത് അന്വേഷിക്കാനായി പ്രത്യേക കേസെടുക്കാനും പൊലീസ് തീരുമാനിച്ചു. എട്ടു സ്ത്രീകള്‍ ഇവരുടെ പീഡനത്തിന് ഇരയായെന്നാണ് കണ്ടെത്തല്‍. എല്ലാവരും കോവളത്തും പരിസരത്തുമുള്ളവരാണ്. എന്നാല്‍ ഭീഷണി ഭയന്ന് ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ പുതിയ കേസെടുത്ത് അന്വേഷിക്കാനാണ് പൊലീസിന്റെ ആലോചന.

chandrika: