X

മോദിയുടെ മെയ്ക് ഇന്‍ ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

അഹമ്മദാബാദ്: കൊട്ടിഘോഷിച്ച് ഗുജറാത്തില്‍ ആരംഭിച്ച നാനോ കാര്‍ നിര്‍മാണ യൂണിറ്റ് സമ്പൂര്‍ണ പരാജയമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും സവിശേഷ പദ്ധതിയായി ഉയര്‍ത്തിക്കാട്ടിയ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി അകാല ചരമമടിഞ്ഞതായും ഗുജറാത്തിലെ നികുതി ദായകരുടെ 33,000 കോടി ചാരമായതായും രാഹുല്‍ കുറ്റപ്പെടുത്തി.

നികുതി ദായകരുടെ പണം ചാരമാക്കിയതിന് ആരാണ് ഉത്തരവാദിത്വം ഏല്‍ക്കുകയെന്നും അദ്ദേഹം ചോദിച്ചു. സാനന്ദില്‍ നാനോ കാര്‍ ഫാക്ടറിക്കായി 33,000 കോടി ചെലവിട്ടത് ലാഭമുണ്ടാകുമെന്ന വാഗ്ദാനത്തിലാണ്. എന്നാല്‍ മോദിയുടെ മെയ്ക് ഇന്‍ ഇന്ത്യ ചരമമടഞ്ഞു. സാനന്ദിലെ നാനോ പ്ലാന്റില്‍ നിന്നും ശരാശരി ഒരു ദിവസം രണ്ട് കാറുകള്‍ മാത്രമാണ് പുറത്തിറങ്ങുന്നതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നതെന്നും രാഹുല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

നേരത്തെ ഈമാസം ആദ്യം സാനന്ദില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ ടാറ്റക്ക് നാനോ ഫാക്ടറിക്കായി അനുവദിച്ച 33,000 കോടി യു.പി.എ സര്‍ക്കാര്‍ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിക്ക് നീക്കി വെച്ചതിന് തുല്യമാണെന്ന് പറഞ്ഞിരുന്നു. യു.പി.എ തൊഴിലുറപ്പ് പദ്ധിക്കായി പണം നീക്കി വെച്ചു ഇതേ പണം ഒരു കമ്പനിക്കായി ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നു. ഇതു മൂലം എന്തെങ്കിലും ഗുണം ജനങ്ങള്‍ക്ക് ലഭിച്ചോ എന്നും അദ്ദേഹം ചോദിച്ചു. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറെന്ന അവകാശവാദവുമായി എത്തിയ ടാറ്റ നാനോ ആവശ്യക്കാര്‍ കുറഞ്ഞതോടെ ഉല്‍പാദനം കുറച്ചിട്ടുണ്ടെന്നും എന്നാല്‍ കമ്പനി അടച്ചു പൂട്ടില്ലെന്നും ടാറ്റ അറിയിച്ചിരുന്നു. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി നിരവധി മജീഷ്യന്‍മാരെ വാടകക്കെടുത്തിട്ടുണ്ടെന്നും എന്നാല്‍ തങ്ങളുടെ മാന്ത്രികന്‍മാര്‍ ജനങ്ങളെ വശീകരിക്കുന്നതില്‍ പരാജയപ്പെട്ടതായി താമസിയാതെ മനസിലാവുമെന്നും രാഹുല്‍ പറഞ്ഞു. നിരവധി മാന്ത്രികന്‍മാരെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടു വരുന്നതായി താന്‍ പത്രത്തില്‍ വായിച്ചു. 22 വര്‍ഷമായി പല മാന്ത്രിക വിദ്യയുമായി നടക്കുന്നവരുള്ളപ്പോള്‍ എന്തിനാണ് ഇവരെ കൊണ്ടു വരുന്നതെന്ന് താന്‍ അല്‍ഭുതപ്പെട്ടതായും ദഹോദില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഇത്തവണ തങ്ങളുടെ യഥാര്‍ത്ഥ മാന്ത്രികന്‍ (മോദി) പരാജയമാണെന്ന് ബി.ജെ.പി തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ കാരണം കൊണ്ടാണ് പുറത്തു നിന്നും മജീഷ്യന്‍മാരെ കൊണ്ടുവന്നതെന്നും അദ്ദേഹം ആരോപിച്ചു. 2007ല്‍ ഗുജറാത്ത് മുഖ്യമന്ത്രി വാഗ്ദാനം തെയ്തത് ആദിവാസികള്‍ക്കായി 15,000കോടിയുടെ വന്‍ ബന്ദു യോജന പദ്ധതി നടപ്പാക്കുമെന്നാണ്. അഞ്ചു വര്‍ഷം കഴിഞ്ഞ് അദ്ദേഹം പറഞ്ഞു 40,000 കോടിയുടെ പദ്ധതി നടപ്പിലാക്കുമെന്ന് ഇപ്പോള്‍ പറയുന്നു ഒരു ലക്ഷം കോടിയുടെ പദ്ധതി നടപ്പിലാക്കുമെന്ന്. നാനോയ്ക്കു വേണ്ടി ഒരു മിനിറ്റു കൊണ്ട് 30,000 കോടിയുടെ അനുമതി നല്‍കിയവര്‍ക്ക് ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഇത്രയും താമസം എന്തു കൊണ്ടെന്നും അദ്ദേഹം ചോദിച്ചു. നര്‍മദ ജലം വൈദ്യുതി തുടങ്ങി എല്ലാ സഹായവും നാനോക്കു വേണ്ടി നല്‍കി എന്നിട്ടും നാനോ കാറുകള്‍ എവിടേയും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിജിയുടെ നോട്ട് നിരോധന മാജിക് കാരണം എല്ലാ കള്ളപ്പണക്കാരുടെയും പണം വെള്ളപ്പണമായി. മറ്റൊരു അര്‍ധരാത്രി ജി.എസ്.ടി മാജിക് അവതരിപ്പിച്ച് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും തകിടം മറിച്ചു. 22 വര്‍ഷം മാന്ത്രികന് ഒന്ന് ചെയ്യാനായില്ലെന്നും രാഹുല്‍ പരിഹസിച്ചു.

chandrika: