X

താനൂര്‍ ദുരന്തം: പ്രതിയെ രക്ഷപെടുത്താന്‍ പൊലീസ് ശ്രമമെന്ന് കെപിഎ മജീദ്

താനൂര്‍ ബോട്ട് ദുരന്തത്തില്‍ ദുര്‍ബല വകുപ്പുകള്‍ ചുമത്തി പ്രതിയെ പൊലീസ് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് കെപിഎ മജീദ്. അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഉന്നതരാഷ്ട്രീയ സ്വാധീനമില്ലാതെ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് വിനോദ സഞ്ചാരത്തിന് ഉപയോഗിക്കാന്‍ കഴിയില്ലെന്നും കെപിഎ മജീദ് കൂട്ടിച്ചേര്‍ത്തു. ബോട്ടപകടത്തില്‍ ഉടമ നാസറിനെതിരെ കൊലക്കുറ്റം കൂടി ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാളെ ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. അപകടം ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടിട്ടും ബോട്ട് സര്‍വീസ് നടത്തിയതിനാലാണ് കൊലക്കുറ്റം ചുമത്തിയുള്ള നടപടി. ഒളിവില്‍ കഴിയുന്ന ബോട്ട് സ്രാങ്ക് ദിനേശിനായി അന്വേഷണം ഊര്‍ജിതമാക്കി.

ഫെയ്‌സ്ബുക് പോസ്റ്റ്:

താനൂർ ബോട്ടപകടം തികഞ്ഞ അശ്രദ്ധയുടെയും ക്രമക്കേടുകളുടെയും ഫലമാണ്. ഒരു ഫിഷിങ് ബോട്ട് രൂപമാറ്റം വരുത്തിയതിന് ആരാണ് അനുമതി നൽകിയത്? ഭരണസ്വാധീനമില്ലാതെ അനുമതി കിട്ടില്ലെന്ന് ഉറപ്പാണ്. അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. ഉന്നതർക്ക് ബന്ധമുണ്ടെങ്കിൽ അവരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണം.
22 മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്. സംഭവത്തെ വളരെ ലാഘവത്തോടെയാണ് സർക്കാർ കാണുന്നത്. പ്രതിക്ക് വേണ്ടി നേരത്തെയും വലിയ സമ്മർദ്ദങ്ങളുണ്ടായിരുന്നു. ബോട്ട് സർവ്വീസ് നടത്താൻ ഉയർന്ന രാഷ്ട്രീയ, ഭരണ സ്വാധീനം ലഭിച്ചു എന്ന കാര്യം ഉറപ്പാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥരെ കൂടി പ്രതിയാക്കണം. ജുഡീഷ്യൽ അന്വേഷണത്തിന് മുമ്പ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ അന്വേഷിച്ച് നടപടി എടുക്കണം.
ഇപ്പോഴത്തെ അറസ്റ്റ് ജനരോഷം മറയ്ക്കുന്നതിന് വേണ്ടി മാത്രമാണ്. പ്രതിക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചേർക്കണം.
എന്തെങ്കിലും ഗിമ്മിക്കുകൾ കാട്ടി രക്ഷപ്പെടാമെന്ന് സർക്കാർ കരുതരുത്.ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സത്യം തെളിയണം.
ഭരണസ്വാധീനം ക്രമക്കേടുകൾക്കുള്ള പ്രേരണയാകരുത്. മനുഷ്യജീവനുകളെ പന്താടുന്ന വിനോദം അവസാനിപ്പിക്കണം.

webdesk14: