X

പി.എം ആര്‍ഷോയ്ക്ക് എതിരായ കൃഷിവകുപ്പ് സെക്രട്ടറിയുടെ പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമം

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്ക്ക് എതിരായ കൃഷിവകുപ്പ് സെക്രട്ടറിയുടെ ഓഫീസിന്റെ പരാതി പൊലിസിന് കൈമാറാതെ ഒതുക്കി തീര്‍ക്കാന്‍ ശ്രമം. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന്റെ ഓഫീസില്‍ അതിക്രമിച്ച് കടന്നുവെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടേറിയേറ്റ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ക്ക് നല്‍കിയ പരാതിയാണ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നത്. പൊലിസിന് കൈമാറാന്‍ തക്ക ഗൗരവമുളള പരാതിയല്ലെന്നാണ് സെക്യൂരിറ്റി ഓഫിസറുടെ നിലപാട്.

പരാതി കൈമാറണമെന്ന് കൃഷി വകുപ്പ് സെക്രട്ടറിയുടെ ഓഫീസും ആവശ്യപ്പെട്ടിട്ടില്ല. ബുധനാഴ്ച വൈകുന്നേരമാണ് സെക്രട്ടേറിയേറ്റിലെത്തിയ പി.എം ആര്‍ഷോ അനുവാദമില്ലാതെ ബി അശോകിന്റെ ഓഫീസില്‍ കയറി ശബ്ദം ഉയര്‍ത്തി സംസാരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

ബി അശോക് ഐ.എ.എസിന്റെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ആണ് ആര്‍ഷോയ്ക്കെതിരെ സെക്രട്ടേറിയേറ്റ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ക്ക് പരാതി നല്‍കിയത്. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. ബി അശോക് കേന്ദ്ര സര്‍ക്കാരിന്റെ കൃഷി സെക്രട്ടറിമാരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് ആര്‍ഷോ അതിക്രമിച്ച് കയറിയതെന്നാണ് പരാതി. യോഗം കഴിയുന്നത് വരെ കാത്തിരിക്കാന്‍ വിസമ്മതിച്ചായിരുന്നു അനുവാദമില്ലാതെ അകത്ത് കയറിയത്. സുരക്ഷാ ഉദ്യോഗസ്ഥരെ ആര്‍ഷോ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

 

webdesk13: