X

ടെലഗ്രാമില്‍ സിനിമ ഡൗൺലോഡ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; നടപടിയുമായി കേന്ദ്രം

സിനിമാമേഖലയെ സാമ്പത്തികമായി തകർക്കുന്ന വിഷയങ്ങളിൽ കർശന നടപടിയുമായി കേന്ദ്രം. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പൈറേറ്റഡ് ഉള്ളടക്കം നീക്കം ചെയ്യാൻ ശേഷിയുള്ള സർക്കാർ നോഡൽ ഓഫീസർമാരെ നിയോഗിച്ചു. പാർലമെന്റിൽ പാസാക്കിയ സിനിമാട്ടോഗ്രാഫ് ഭേദഗതി ബിൽ 2023ന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എന്നാണ് ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വെള്ളിയാഴ്ച വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചത്.

നിലവിൽ, പകർപ്പവകാശ നിയമത്തിനും ഐപിസിക്കും കീഴിലുള്ള നിയമനടപടിയല്ലാതെ പൈറേറ്റഡ് ഫിലിം ഉള്ളടക്കത്തിൽ നേരിട്ട് നടപടിയെടുക്കാനുള്ള അനുമതി സര്‍ക്കാറിന് ലഭിച്ചിരുന്നില്ല. ഒരു നല്ല കണ്ടന്‍റ് ഉണ്ടാക്കാന്‍ അതിന്‍റെ നിര്‍മ്മാതാക്കള്‍ ധാരാളം സമയവും ഊർജവും പണവും ചെലവഴിക്കുന്നു. എന്നാല്‍ അത് പൈറസി വഴി സ്വന്തമാക്കുന്നവര്‍ അത് ഒരു നിയന്ത്രണവും ഇല്ലാതെ പ്രചരിപ്പിക്കുന്നു. പ്രതിവർഷം 20,000 കോടി രൂപയുടെ നഷ്ടമാണ് ഇത് സിനിമ വ്യവസായത്തിനുണ്ടാകുന്നത്, ഇത് തടയാനാണ് ഈ തീരുമാനം എന്നാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറയുന്നത്.

ഇൻഫർമേഷൻ ആന്റ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിലും സെൻട്രൽ ബ്യൂറോ ഓഫ് ഫിലിം സർട്ടിഫിക്കേഷനിലും (സിബിഎഫ്‌സി) 12 നോഡൽ ഓഫീസർമാരെ നിയമിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇവര്‍ക്ക് സിനിമാ പൈറസിയുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാന്‍ സാധിക്കും. ഇത്തരം പരാതികളില്‍ 48 മണിക്കൂറിനുള്ളിൽ നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

webdesk13: