X
    Categories: MoreViews

ഏകദിന പരമ്പര; ഇന്ത്യ-ഓസീസ് പോരിന് ഇന്നു തുടക്കം

ചെന്നൈ: ഇന്ത്യ ഓസീസ് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ശ്രീലങ്കക്കെതിരായ പരമ്പരയിലെ ടെസ്റ്റ്, ഏകദിന, ടി 20 മത്സരങ്ങള്‍ ഏകപക്ഷീയമായി വിജയിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ഓസീസിനെ നേരിടുന്നത്. 2019ലെ ലോകകപ്പ് മുന്‍നിര്‍ത്തിയുള്ള ബാറ്റിങ്, ബൗളിങ് പരീക്ഷണങ്ങള്‍ തുടരാന്‍ തന്നെയാണ് ക്യാപ്റ്റന്‍ കോലിയുടേയും കോച്ച് രവിശാസ്ത്രിയുടേയും തീരുമാനം. ടെസ്റ്റില്‍ അഞ്ചു ബൗളര്‍മാരെ കളിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന ക്യാപ്റ്റന്‍ കോലി ഓസീസിനെതിരായ ഏകദിനത്തില്‍ മൂന്ന് ബൗളര്‍മാരേയും രണ്ട് ബൗളിങ് ഓള്‍റൗണ്ടര്‍മാരേയും കളിപ്പിക്കുമെന്ന സൂചനയാണ് നല്‍കിയത്. ബാറ്റിങിലും ബൗളിങിലും ടീമിന് ആഴത്തിലുള്ള നേട്ടം നിലനിര്‍ത്തേണ്ടതുണ്ട്. ഓള്‍റൗണ്ടര്‍മാര്‍ ഇക്കാര്യത്തില്‍ സഹായിക്കുമെന്ന് മത്സരത്തിനു മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ കോലി പറഞ്ഞു. ലങ്കന്‍ പര്യടനത്തിലെ നേട്ടത്തിനൊപ്പം ഓസീസിനെ ചെറുതായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലങ്കന്‍ പര്യടനത്തില്‍ പരാജയമായിരുന്ന കെ.എല്‍ രാഹുല്‍ നാലാം നമ്പറില്‍ തന്നെ ബാറ്റു ചെയ്യുമെന്ന സൂചനയും ക്യാപ്റ്റന്‍ നല്‍കി. ഇതോടൊപ്പം ഭാര്യയുടെ അസുഖം മൂലം ടീമില്‍ നിന്നും പിന്‍മാറിയ ഓപണര്‍ ശിഖര്‍ ധവാനു പകരം അജിന്‍ക്യ രഹാനെ ഇന്നിങ്‌സ് ഓപണ്‍ ചെയ്യും. റാങ്കിങില്‍ രണ്ടാം സ്ഥാനക്കാരായ ഓസീസിനും മൂന്നാം സ്ഥാനക്കാരായ ഇന്ത്യക്കും പരമ്പരയില്‍ 4-1ന് വിജയിക്കാനായാല്‍ ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഒന്നാമതെത്താനാവും. അതേ സമയം ഓസീസ് നിരയില്‍ പരിക്കിനെ തുടര്‍ന്ന് ഓപണര്‍ ആരോണ്‍ ഫിഞ്ച് ഇന്ന് ഇറങ്ങിയേക്കില്ല. ഡേവിഡ് വാര്‍നര്‍ക്കൊപ്പം ട്രവിസ് ഹെഡായിരിക്കും ഓസീസ് ഇന്നിങ്‌സ് ഓപണ്‍ ചെയ്യുക. സ്വന്തം കാണികള്‍ക്കു മുന്നില്‍ കളിക്കുന്ന കോലിപ്പടക്കാണ് നിരീക്ഷകര്‍ മുന്‍തൂക്കം നല്‍കുന്നതെങ്കിലും കണക്കുകളുടെ ചരിത്രത്തില്‍ ഓസീസിന് തന്നെയാണ് മുന്‍തൂക്കം. ഇരു ടീമുകളും ഇതുവരെ 123 ഏകദിനങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 72ലും ജയം ഓസീസിനൊപ്പമായിരുന്നു 42 മത്സരങ്ങളിലാണ് ഇന്ത്യ ജയിച്ചത്. നേരത്തെ നടന്ന ഓസീസിന്റെ ഇന്ത്യന്‍ പര്യടനം കളത്തിന് അകത്തും പുറത്തും വാക് പോരിന് കാരണമായിരുന്നു. സ്വന്തം നാടിനു പുറത്ത് ഓസീസിന്റെ ഏകദിന പ്രകടനം അവസാന എട്ടു മത്സരങ്ങളിലും ദയനീയമാണ്. 2016 സെപ്തംബറില്‍ അയര്‍ലന്‍ഡിനെതിരെയാണ് ഓസീസ് അവസാനമായി ജയിച്ചത്. എന്നാല്‍ ഇന്ത്യ അവസാനം കളിച്ച 15 ഏകദിനങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് പരാജയപ്പെട്ടത്. ടീമിലെ സീനിയര്‍ സ്പിന്നര്‍മാരായ ജഡേജ, അശ്വിന്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചതിനാല്‍ കുല്‍ദീപ് യാദവ്, യജുവേന്ദ്ര ചാഹല്‍ എന്നിവരാണ് സ്പിന്‍ ഡിപാര്‍ട്‌മെന്റ് നിയന്ത്രിക്കുക. അക്‌സര്‍ പട്ടേല്‍ ഇന്നത്തെ മത്സരത്തില്‍ പുറത്തിരിക്കേണ്ടി വരും. ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാര്‍ എന്നീ പേസര്‍മാര്‍ക്കൊപ്പം ഹര്‍ദിക് പാണ്ഡ്യയും അടങ്ങുന്നതാണ് ഇന്ത്യയുടെ പേസ് പട. ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ സ്പിന്‍ ബൗളിങ് ഉപയോഗപ്പെടുത്താമെന്നതിനാല്‍ ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ മാത്രമായിരിക്കും ഓസീസ് ഇന്നിറക്കുക. ചെന്നൈ ചിദംബരം സ്റ്റേഡിയം ബാറ്റ്‌സ്മാന്‍മാരുടെ പറുദീസയാണെങ്കിലും മത്സരം പുരോഗമിക്കുന്നതിനനുസരിച്ച് സ്പിന്‍ ബൗളിങിന് അനുകൂലമാവുമെന്നാണ് കരുതുന്നത്. ഉച്ചക്ക് 1.30ന് ആരംഭിക്കുന്ന മത്സരത്തിന് മഴ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇന്ത്യയും ഓസീസും തമ്മില്‍ 2013 ജനുവരിക്കു ശേഷം ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 321 റണ്‍സാണ്.

chandrika: