X

സിഡ്‌നിയിലും ഇംഗ്ലണ്ടിന് ദയനീയ തോല്‍വി: ആഷസ് കിരീടംചൂടി ഓസീസ്

 

സിഡ്‌നി : ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലും ദയനീയ പരാജയം ഏറ്റുവാങ്ങി ഇംഗ്ലണ്ട് നാണംകെട്ടു. ഇന്നിങ്‌സിനും 123 റണ്‍സിനും ജയിച്ച ഓസ്‌ട്രേലിയ ആഷസ് കീരിടം ചൂടി. നാലിന് 93 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ്‌നിറങ്ങിയ സന്ദര്‍ശകര്‍ക്ക് കാര്യമായതൊന്നും ചെയ്യാനായില്ല. പാറ്റ് കമ്മിന്‍സും നതാന്‍ ലിയോണും ആതിഥേയരുടെ ബൗളിങിന് ചുക്കാന്‍ പിടിച്ചപ്പോള്‍ ശേഷിച്ച ആറു വിക്കറ്റ് 87 റണ്‍സു ചേര്‍ക്കുന്നതിനിടെ നഷ്ടമായി. പരമ്പരയില്‍ നാലാം ടെസ്റ്റില്‍ സമനില നേടിയതുമാണ് ഇംഗ്ലണ്ടിന്റെ നേട്ടം. സ്‌കോര്‍ ചുരുക്കത്തില്‍ ഇംഗ്ലണ്ട് 346&180 ( ജോ റൂട്ട് 58, പാറ്റ് കമ്മിന്‍സ് 4/39), ഓസ്‌ട്രേലിയ 647/7 ഡിക്ല് ( ഉസ്മാന്‍ കവാജ 171, മോയിന്‍ അലി 2/170).

മാര്‍ഷ് സഹോദരങ്ങളുടെ സെഞ്ചുറികളാണ് അവസാന ടെസ്റ്റില്‍ ഇംഗ്ലീഷ് പ്രതീക്ഷകളെ തകര്‍ത്തെറിഞ്ഞത്. ഷോണ്‍ മാര്‍ഷ് 381 പന്തില്‍ 171 റണ്‍സെടുത്തപ്പോള്‍ അനിയന്‍ മിച്ചല്‍ മാര്‍ഷ് 291 പന്തില്‍ 156 റണ്‍സായിരുന്നു നേട്ടം. 171 റണ്‍സുമായി ഉസ്മാന്‍ ഖവാജ ഗംഭീര പ്രകടനം പുറത്തെടുത്തപ്പോള്‍ 303 റണ്‍സിന്റെ വലിയ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങുകയായിരുന്നു ഇംഗ്ലണ്ട്.

രണ്ടാം ഇന്നിംഗ്‌സിന്റെ തുടക്കത്തിലെ തിരിച്ചടിയേറ്റ ഇംഗ്ലണ്ട് പിന്നീട് ഒരിക്കലും കളിയില്‍ തിരിച്ചുവന്നില്ല എന്നതാണ് സത്യം. ഇംഗ്ലണ്ടിനായി അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത് നായകന്‍ ജോറൂട്ട് മാത്രമാണ്. ഒടുവില്‍ 53 റണ്‍സുമായി നിന്ന റൂട്ട് പരുക്കിനെ തുടര്‍ന്ന് ക്രീസ് വിടുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബെയര്‍സ്‌റ്റോ 38 റണ്‍സെടുത്തു പുറത്തായി. വാലറ്റത്തെ കമ്മിന്‍സ് എറിഞ്ഞിട്ടതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സ് തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. നാലാം ദിനം രണ്ടാം ഇന്നിങ്‌സിലെ മൂന്നാം ഓവറില്‍ തന്നെ സംപൂജ്യനായി മാര്‍ക് സ്‌റ്റോണ്‍മാന്‍ പുറത്തായിരുന്നു. അലിസ്റ്റര്‍ കുക്ക് (10) വിന്‍സ് (18) മലാനും (അഞ്ച് ) പെട്ടെന്ന് മടങ്ങിയതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സ് പരാജയത്തിലേക്ക് അടുക്കുന്ന സൂചനകള്‍ കണ്ടു തുടങ്ങിയിരുന്നു. ഇരു ഇന്നിങ്‌സുകളിലായി എട്ടു വിക്കറ്റ് സ്വന്തമാക്കിയ കമ്മിന്‍സാണ് കളിയിലെ താരം.

 

നായകനെന്ന നിലയില്‍ സ്റ്റീവ് സ്മിത്തിന്റെ കരിയറിലെ ഒരു പൊന്‍തൂവലായി ആഷസ്. പരമ്പരയില്‍ ഉടനീളം ഗംഭീര പ്രകടനം പുറത്തെടുത്ത സ്മിത്ത്് ഏഴ് ഇന്നിങ്‌സുകളില്‍ നിന്നായി മൂന്നു സെഞ്ച്വറിയും രണ്ടു ഫിഫ്ടിയുടേയും അകമ്പടിയോടെ 137.40 ശരാശരിയില്‍ 687 റണ്‍സാണ് അടിച്ചു കൂടിയത്. ടൂര്‍ണമെന്റിലെ താരവും സ്മിത്ത് തന്നെയാണ്. അതേസമയം സമീപകാല ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും മോശപ്പെട്ട പ്രകടനമായി മാറി ആഷസ്. നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ പല കളിക്കാര്‍ക്കും ടീമില്‍ ഇനി സ്ഥാനമുണ്ടാകുമോ എന്ന് കണ്ടറിയണം.

 

chandrika: