X

അവര്‍ണന്‍ കര്‍ണന്‍

ജസ്റ്റിസ് ചിന്നസ്വാമി സ്വാമിനാഥന്‍ കര്‍ണന്‍ എന്ന ന്യായാധിപന്‍ ഇന്ത്യയിലെ പരമോന്നത നീതിന്യായ പീഠത്തിന് മുമ്പില്‍ നില്‍ക്കുകയാണ് നീതിക്ക് വേണ്ടി, കോടതിയലക്ഷ്യ നടപടികള്‍ നേരിട്ടുകൊണ്ട്. സംഗതി ചില്ലറയല്ല. കോടതിക്ക് മുമ്പും സി.എസ് കര്‍ണന്‍ എന്ന ജഡ്ജ് തലവേദന ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴദ്ദേഹം കോടതിയലക്ഷ്യ നടപടികളെ നേരിടേണ്ടിവന്നത് അഴിമതിക്കാരായ 20 ന്യായാധിപന്മാരുടെ പേരുകള്‍ പ്രധാനമന്ത്രിക്ക് രേഖാമൂലം നല്‍കിയതിനാണ്. കര്‍ണന്‍ എഴുതി നല്‍കിയ പേരുകാര്‍ അഴിമതിക്കാരാണോ എന്ന് വ്യക്തമല്ല, എന്നാല്‍ ഇതേ കാര്യം പലരായി ബഹുജന സമക്ഷം അറിയിച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ഏതാണ്ട് ഇതേ കാര്യത്തിന് സുപ്രീംകോടതിയുടെ നടപടികളെ അഭിമുഖീകരിക്കുകയാണ്.

ജസ്റ്റിസ് കര്‍ണന്റേത് ഭ്രാന്തന്‍ നടപടികളെന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ ജത്മലാനിയുടെ പക്ഷം. അതേസമയം ദലിതന് ഏത് തലത്തിലും അവഗണന നേരിടേണ്ടിവരുന്നുവെന്ന് ഉന്നത രംഗത്തുള്ളവര്‍ തന്നെ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. 2009 മാര്‍ച്ച് 30നാണ് ഹൈക്കോടതി ജഡ്ജ് ആയി സി.എസ് കര്‍ണന്‍ നിയമിതനാകുന്നത്. അന്നുമുതല്‍ കര്‍ണനുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ സംഭവിക്കുന്നു. ഇന്ന് കര്‍ണന്റെ വിമര്‍ശനത്തിന് ആധാരമായ രണ്ടു കാര്യങ്ങളാണ് അന്നു ഇദ്ദേഹത്തെ ഈ പദവിയിലേക്ക് ഉയര്‍ത്തിയത്. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന കൊളീജിയത്തില്‍ ജസ്റ്റിസ് ഗാംഗുലിയുടെ ശിപാര്‍ശ പ്രകാരമായിരുന്നു സി.എസ് കര്‍ണന്‍ വന്നത്. ദലിതനായ ഒരാള്‍ കൂടി ഉന്നത ന്യായാധിപരായി ഉണ്ടാകട്ടെ എന്ന താല്‍പര്യം അന്നുണ്ടായെന്ന് ഗാംഗുലി വിശദീകരിച്ചിട്ടുണ്ട്. ന്യായാസനങ്ങള്‍ ദലിതനായതിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുകയും അവഗണിക്കുകയും ചെയ്യുന്നുവെന്നാണല്ലോ കര്‍ണന്റെ പരാതി.
1955 ജൂണ്‍ 12 തമിഴ്‌നാട്ടിലെ കുടല്ലൂര്‍ ജില്ലയില്‍ ചിന്നസ്വാമിയുടെയും കമലമ്മാളിന്റെയും മകനായി ജനിച്ച കര്‍ണന്റെ പ്രാഥമിക വിദ്യാഭ്യാസം പ്രദേശത്തെ മംഗലംപേട്ട് സ്‌കൂളിലായിരുന്നു. ബിരുദ പഠനം ചെന്നൈ ന്യൂകോളജിലും നിയമ ബിരുദ പഠനം മദ്രാസ് ലോ കോളജിലുമായിരുന്നു. 1983ല്‍ അഭിഭാഷകനായി ജോലിയില്‍ പ്രവേശിച്ചു. സിവില്‍ കേസുകളായിരുന്നു കര്‍ണന്‍ കൈകാര്യം ചെയ്തത്. വിവിധ സ്ഥാപനങ്ങളുടെ നിയമോപദേശകനായി പ്രവര്‍ത്തിച്ച അദ്ദേഹം കേന്ദ്ര സര്‍ക്കാറിന്റെ സ്റ്റാന്റിങ് കോണ്‍സലായും സേവനം ചെയ്തു.
മദ്രാസ് ഹൈക്കോടതിയില്‍ ന്യായാധിപനായിരുന്ന എട്ടു വര്‍ഷം സംഭവബഹുലമായിരുന്നു. അവിടെനിന്ന് കൊല്‍ക്കത്തയിലേക്ക് സ്ഥലം മാറ്റിയതും വാര്‍ത്തയായി. 2011 നവംബറില്‍ അദ്ദേഹം ദേശീയ പട്ടിക ജാതി/ പട്ടിക വര്‍ഗ കമ്മീഷനു മുന്നില്‍ പരാതിയുമായെത്തി. ദലിതനായതിന്റെ പേരില്‍ സഹ ജഡ്ജുമാര്‍ തന്നെ പീഡിപ്പിക്കുന്നുവെന്നായിരുന്നു പരാതി. ജോലി വിഭജനം നടത്തുമ്പോള്‍ പ്രധാനപ്പെട്ടതൊന്നും തനിക്ക് തരുന്നില്ല. ഒരു വിവാഹച്ചടങ്ങില്‍ വെച്ച് സഹജഡ്ജുമാരിലൊരാള്‍ മനപ്പൂര്‍വം കാലുകൊണ്ടു തട്ടിയെന്നുവരെ പരാതിയിലുണ്ടായിരുന്നു. അന്നത്തെ കമ്മീഷന്‍ പരാതി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കൈമാറി. അദ്ദേഹമാകട്ടെ നടപടിയൊന്നുമെടുത്തില്ല. 2014 ജനുവരിയില്‍ ജഡ്ജുമാരെ നിയമിച്ചതിനെച്ചൊല്ലിയുള്ള ഒരു പൊതു താല്‍പര്യ ഹരജിയില്‍ ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കെ കോടതിമുറിയിലേക്ക് കടന്നുവന്ന്, ജഡ്ജുമാരെ നിയമിക്കുന്ന രീതി ശരിയല്ലെന്ന് പരസ്യമായി പറഞ്ഞു. ഈ സംഭവമാണ് എത്രയും വേഗം ജസ്റ്റിസ് കര്‍ണനെ മാറ്റണമെന്ന് മദ്രാസ് ചീഫ് ജസ്റ്റിസ് ആര്‍.കെ അഗര്‍വാള്‍ സുപ്രീംകോടതിക്ക് കത്തയക്കാനിടയാക്കിയത്. കര്‍ണന്റെ പെരുമാറ്റത്തെ സുപ്രീംകോടതി ശക്തമായ ഭാഷയില്‍ അപലപിച്ചു. അമാന്യമായ നടപടിയെന്ന് വിശേഷിപ്പിച്ചു. സഹപ്രവര്‍ത്തകരുമായി യോജിച്ചുപോകുന്നില്ലെന്നും അനാവശ്യ ബഹളമുണ്ടാക്കുകയാണെന്നും പറഞ്ഞ അഗര്‍വാള്‍ ഒന്നുകൂടി വ്യക്തമാക്കി. കര്‍ണനെ സ്ഥലം മാറ്റാന്‍ കഴിയില്ലെങ്കില്‍ എന്നെ മാറ്റിയേക്കുകയെന്ന്. ഇതിനിടയില്‍ സഹ ജഡ്ജ് ഓഫീസ് ഗുമസ്തയായ വനിതയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഈ സംഭവത്തില്‍ ജസ്റ്റിസ് മണികുമാറിന്റെ ഭാര്യ ബേല രാജകുമാരി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. തെറ്റായ പ്രചാരണം നടത്തി കുടുംബത്തെ അപമാനിച്ചുവെന്നും മകളോട് മോശമായി സംസാരിച്ചുവെന്നുമായിരുന്നു ബേല രാജകുമാരിയുടെ പരാതി.
കര്‍ണനെ മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി ഉത്തരവായി. ഈ ഉത്തരവ് ജസ്റ്റിസ് കര്‍ണന്‍ തന്നെ സ്റ്റേ ചെയ്തു. സുപ്രീംകോടതി ബെഞ്ചാണ് ഈ സ്‌റ്റേ നീക്കി കൊല്‍ക്കത്തക്ക് അയച്ചത്. സ്റ്റേ ഉത്തരവിനെ പിന്നീട് കര്‍ണന്‍ തള്ളിക്കളഞ്ഞു. മാനസികമായ പ്രയാസത്തിനിടയില്‍ സംഭവിച്ചതെന്നായിരുന്നു വിശദീകരണം. കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിച്ചുവരുമ്പോഴാണ് അഴിമതിക്കത്തും നടപടികളും. സ്ഥാനമൊഴിഞ്ഞ ശേഷവും താമസസ്ഥലവും ഫയലുകളും വിട്ടുകൊടുക്കാത്തതിനാല്‍ അതും പരാതിയായി.
ജാതി വ്യവസ്ഥ പ്രത്യക്ഷദൃഷ്ടിയില്‍ നിന്ന് മാഞ്ഞതല്ലാതെ ജാതി അസ്തമിച്ചെന്ന് ആരും കരുതില്ല. ദലിതന്‍ ഇരുന്ന കസേരയില്‍ ശുദ്ധികലശം നടത്തിയാണ് സവര്‍ണ ഉദ്യോഗസ്ഥര്‍ ഇരിക്കുന്നത്. മന്ത്രിമാരുടെ കാര്യത്തിലും ഇത് സംഭവിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ബാബു ജഗ്ജീവന്‍ റാമിന് പോലും ഇത്തരം അനുഭവം ഉണ്ടായി. ഏറ്റവും ഒടുവില്‍ സുപ്രീംകോടതിയോടും പടയ്‌ക്കൊരുങ്ങിത്തന്നെയാണ് കര്‍ണന്‍ നില്‍ക്കുന്നത്. തന്നെ ജോലിയില്‍ നിന്ന് മാറ്റിയ ഏഴ് ജഡ്ജിമാര്‍ക്കു നേരെയും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയ അദ്ദേഹം സുപ്രീംകോടതിയെ പോലും സമ്മര്‍ദത്തിലാക്കി. കര്‍ണാവതാരം.

chandrika: