X

അവിഷ്ണയുടെ ആരോഗ്യനില അതീവ ഗുരുതരം

നാദാപുരം: വളയത്തെ വീട്ടില്‍ നിരാഹാര സമരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ ആരോഗ്യനില അതീവ ഗുരുതരമായി. ഇന്നലെ രാവിലെ രക്ത സമ്മര്‍ദ്ദം 80ലേക്ക് താഴ്ന്നു. ഉച്ചയോടെ ഡ്രിപ്പ് നല്‍കിയതിനാല്‍ ബി.പി അല്‍പം ഉയര്‍ന്നിട്ടുണ്ട്.

ബി.പി ഇനിയും കുറഞ്ഞാല്‍ അടിയന്തിരമായി ആസ്പത്രിയിലേക്ക് മാറ്റേണ്ടി വരുമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് കെ.സി സോമന്റെ നേതൃത്വത്തിലുള്ള മെഡിക്കന്‍ സംഘം അറിയിച്ചു. ഇന്നലെ രാവിലെ മുതല്‍ ഉദ്വോഗജനകമായ രംഗങ്ങളാണ് ജിഷ്ണുവിന്റെ വീട്ടില്‍ കണ്ടത്. ആരോഗ്യം മോശമായതിനാല്‍ അവിഷ്ണയെ ആസ്പത്രിയിലേക്ക് മാറ്റാന്‍ പൊലീസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ പൊലീസിന്റെ അനുരഞ്ജന നീക്കം കുടുംബം തള്ളി.
പിന്നീട് റൂറല്‍ എസ്.പി എം.കെ പുഷ്‌കരന്‍, ഡി.വൈ.എസ്.പി ഇസ്മായില്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരും കുടുംബാംഗങ്ങളുമായും രാഷ്ട്രീയകക്ഷി പ്രതിനിധികളുമായും ചര്‍ച്ച നടത്തി. ബലം പ്രയോഗിച്ച് ആസ്പത്രിയിലേക്ക് മാറ്റാനുള്ള ശ്രമത്തെ ചെറുക്കാന്‍ നിരവധിപേര്‍ വീട്ടിലെത്തിയിരുന്നു. വൈകീട്ട് ആറിന് മെഡിക്കല്‍ കോളജ് സുപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം അവിഷ്ണയെ പരിശോധിച്ചതോടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് വ്യക്തമായി. അവിഷ്ണക്ക് മൂത്രത്തില്‍ അണുബാധ കണ്ടെത്തിയിട്ടുണ്ട്. കിഡ്‌നി പരിശോധനാ ഫലം കൂടി ലഭിച്ചാലേ ആറോഗ്യനില സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂ.
ഉത്തരമേഖലാ എ.ഡി.ജി.പി രാകേഷ് ദിവാന്റെ നേതൃത്വത്തില്‍ കനത്ത പൊലീസ് സന്നാഹം വീട്ടിനടുത്ത് ക്യാമ്പ് ചെയ്യുകയാണ്. അവിഷ്ണയെ അറസ്റ്റു ചെയ്ത് നീക്കുന്നതിനെതിരെ നാട്ടുകാര്‍ വീട്ടിനടുത്ത് സംഘടിച്ചെത്തിയിട്ടുണ്ട്.

chandrika: