X

ന്യൂനപക്ഷ വകുപ്പിലെ വിവാദ നിയമനങ്ങള്‍: സെക്രട്ടറി വിശദീകരണം തേടി

ന്യൂനപക്ഷ വകുപ്പില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് നൂറോളം പേരെ നിയമിച്ചതുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ വകുപ്പ് ഡയറക്ടറോട് വകുപ്പ് സെക്രട്ടറി വിശദീകരണം തേടി. വിവിധതലങ്ങളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നതോടെയാണ് വകുപ്പ് സെക്രട്ടറിയുടെ ഇടപെടല്‍ ഉണ്ടായത്.

ന്യൂനപക്ഷ ഡയറക്ടറേറ്റിലും 16 ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകളിലും മതിയായ യോഗ്യതയില്ലാത്തവരെ നിയമിച്ചതും നിയമനങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതും ‘ചന്ദ്രിക’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തയെ അടിസ്ഥാനമാക്കി വിവരാവകാശ പ്രവര്‍ത്തകര്‍ വകുപ്പിനെ സമീപിച്ചെങ്കിലും 48 ദിവസം കഴിഞ്ഞിട്ടും മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് നിയമനം നിഷേധിക്കപ്പെട്ടവര്‍ സെക്രട്ടറിയെ സമീപിച്ചത്. അതേസമയം വേങ്ങര സ്വദേശി അസീസ് മാടഞ്ചേരി വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിന് മറുപടി നല്‍കിയത് ഒരുകോച്ചിംഗ് സെന്റര്‍ മാത്രമാണ്. അപേക്ഷകന്‍ ന്യൂനപക്ഷ ഡയറക്ടറേറ്റിന് സമര്‍പിച്ച ചോദ്യങ്ങള്‍ ഡയറക്ടറേറ്റ് 16 കോച്ചിംഗ് സെന്ററുകളിലേക്കും അയച്ചുകൊടുത്തിരുന്നു.
പെരിന്തല്‍മണ്ണ കോച്ചിംഗ് സെന്ററില്‍ നിന്നുമാത്രമാണ് മറുപടി ലഭിച്ചത്. ഇതിലാകട്ടെ പ്രിന്‍സിപ്പലിന്റെ പേരും മേല്‍വിലാസവും യോഗ്യതയും മാത്രമാണുള്ളത്. മറ്റ് ജീവനക്കാരുടെ വിവരങ്ങള്‍ വിവരാവകാശ മറുപടിയില്‍ ഉള്‍പെടുത്തിയിട്ടില്ല. ഇതേത്തുടര്‍ന്ന് അപേക്ഷകന്‍ വിവരാവകാശ കമ്മീഷണര്‍ക്ക് പരാതി നല്‍കി. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിട്ടും മറുപടി ലഭ്യമാക്കാത്ത വകുപ്പിന്റെ നടപടിക്കെതിരെ അടുത്തദിവസം തന്നെ അസീസ് മാടഞ്ചേരി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യും. നിയമനങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സിനെയും സമീപിക്കുന്നുണ്ട്. നൂറോളം നിയമനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഗവര്‍ണര്‍ക്കും അപേക്ഷ നല്‍കും.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തിടുക്കത്തില്‍ നടത്തിയ നിയമനങ്ങളാണ് വിവാദമായത്. ന്യൂനപക്ഷ വകുപ്പിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളെല്ലാം അട്ടിമറിച്ചായിരുന്നു തീരുമാനം. ഓരോ തസ്തികയിലേക്കും നിശ്ചയിക്കപ്പെട്ട യോഗ്യത ഉറപ്പുവരുത്തിയിരുന്നില്ല. മാധ്യമങ്ങളില്‍ പരസ്യം ചെയ്ത് അപേക്ഷ ക്ഷണിക്കാതെയായിരുന്നു നിയമനം. ഇന്റര്‍വ്യൂ പ്രഹസനമാക്കി. ഇന്റര്‍വ്യൂവിന് ഹാജരായവരുടെ മാര്‍ക്ക് ലിസ്റ്റ് തയാറാക്കുകയോ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയോ ചെയ്തിരുന്നില്ല. സി.പി.എം ജില്ലാ കമ്മിറ്റികള്‍ നല്‍കിയ ലിസ്റ്റ് പ്രകാരമാണ് മന്ത്രിയുടെ ഓഫീസ് ഇടപെട്ട് നിയമനങ്ങള്‍ നടത്തിയത്. നിയമനങ്ങളില്‍ മന്ത്രിയുടെ പെഴ്‌സണല്‍ സ്റ്റാഫിലെ പ്രമുഖന്റെ അനാവശ്യ ഇടപെടലുകളെ കുറിച്ച് സി.പി.എം സംസ്ഥാന നേതൃത്വത്തിന് വിവിധ ജില്ലാകമ്മിറ്റികള്‍ പരാതി നല്‍കിയിരുന്നു.
സര്‍ക്കാരുകള്‍ മാറിവരുമ്പോള്‍ പാര്‍ട്ടി അനുഭാവികള്‍ക്ക് നിയമനം നല്‍കാറുണ്ട്. എന്നാല്‍ ഇവിടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയും യോഗ്യതയില്ലാത്തവരെയുമാണ് നിയമിച്ചതെന്നാണ് ആക്ഷേപം. ഇത് ശരിവെക്കുന്നതാണ് വകുപ്പിന്റെ ഒളിച്ചുകളി. ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍, ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവരുടെ പേരുവിവരങ്ങള്‍, മാര്‍ക്ക് ലിസ്റ്റ്, റാങ്ക് ലിസ്റ്റ്, യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ എന്നിവ വെളിപ്പെടുത്താന്‍ വകുപ്പ് തയാറാകുന്നില്ല.

chandrika: