X

പാകിസ്താനും ഇപ്പോള്‍ ഒരു കോഹ്ലിയായി; പേര് ബാബര്‍ അസം

പ്രവചനാതീതമായിരുന്നു എന്നും പാകിസ്താന്‍ ക്രിക്കറ്റ് ടീം. ഏത് മത്സരവും ജയിക്കാനും ഏത് ചെറിയ ടീമിനോട് തോല്‍ക്കാനും അറിയുന്നവര്‍. എന്നാല്‍ സമീപകാലത്ത് സ്ഥിരത പുലര്‍ത്തുന്ന അവര്‍ക്ക് മുതല്‍കൂട്ടാവുകയാണ് ബാബര്‍ അസമെന്ന് ലാഹോറുകാരന്‍.അസ്ഥിരതക്ക് പേര് കേട്ട പാകിസ്താന്‍ ക്രിക്കറ്റില്‍ യുവതാരം വളരുകയാണ്. ഓരോ മത്സരം കഴിയും തോറും കൂടുതല്‍ കരുത്തനായി. കഴിഞ്ഞ ദിവസം അസമിനെ വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് ടീമിലേക്ക് തെരഞ്ഞെടുത്തു. 21കാരന്റെ അരങ്ങേറ്റ ടെസ്റ്റാണ് യുഎഇയില്‍ വിന്‍ഡീസിനെതിരെ നടക്കുക.

വിന്‍ഡീസിനെതിരായ മൂന്നു മത്സര ഏകദിന പരമ്പര പാകിസ്താന്‍ തൂത്തുവാരിയപ്പോള്‍ മൂന്നു മത്സരങ്ങളിലും സെഞ്ചുറി നേടി അസം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. ആദ്യ മത്സരത്തില്‍ 120 റണ്‍സ് നേടിയ അസം അടുത്ത മത്സരങ്ങളില്‍ 123ഉം 117ഉം റണ്‍സ് നേടി. മൂന്നു മത്സര പരമ്പരയില്‍ തുടര്‍ച്ചയായി മൂന്നു സെഞ്ചുറി നേടുന്ന രണ്ടാമത്തെ ക്രിക്കറ്ററെന്ന നേട്ടവും അസം സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്കാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ക്രിക്കറ്റര്‍. തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ റണ്‍സെന്ന നേട്ടം ബാബറിനു തന്നെ (360 റണ്‍സ്).

മറ്റൊരു റെക്കോര്‍ഡ് നേട്ടത്തിലേക്കാണ് ഇപ്പോള്‍ ക്രിക്കറ്ററുടെ കണ്ണ്. 11 ഏകദിന മത്സരങ്ങളില്‍ നിന്ന് 886 റണ്‍സ് നേടിയ അസം ഏറ്റവും വേഗത്തില്‍ 1000 തികക്കുന്ന  ക്രിക്കറ്ററാവാനൊരുങ്ങുകയാണ്. 21 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ സാക്ഷാല്‍ വിവ് റിച്ചാര്‍ഡ്‌സ്, ഇംഗ്ലീഷ് ക്രിക്കറ്റര്‍മാരായ കെവിന്‍ പീറ്റേഴ്‌സണ്‍, ജൊനാഥന്‍ ട്രോട്ട്, ക്വിന്റണ്‍ ഡികോക്ക് എന്നിവരാണ് മുന്‍ഗാമികള്‍.

ഇന്ത്യയുടെ കോഹ്ലിയെ പ്പോലെ മധ്യനിരയില്‍ വിശ്വസ്തനായ ഒരു താരത്തെ ലഭിക്കുന്നതോടെ പാകിസ്താന്‍ ടീം കൂടുതല്‍ കരുത്തരാവുകയാണ്. ഒരുപക്ഷെ കോഹ്ലിക്ക് പോലും കഴിയാത്ത റെക്കോര്‍ഡുകള്‍ തകര്‍ത്താണ് ബാബര്‍ അസമിന്റെ വരവ്.

Web Desk: