X
    Categories: indiaNews

ബാബരി ധ്വംസന കേസില്‍ രണ്ടായിരം പേജ് വരുന്ന വിധി പ്രസ്താവം

ലഖ്‌നൗ: ബാബരി മസ്ജിദ് കേസില്‍ വിചാരണക്കോടതിയുടേത് രണ്ടായിരം പേജ് വരുന്ന വിധി പ്രസ്താവം. പ്രത്യേക കോടതി ജഡ്ജ് ജ. സുരേന്ദ്രകുമാര്‍ യാദവാണ് സുപ്രധാന വിധി പ്രസ്താവം നടത്തുന്നത്.

വിധി കേള്‍ക്കാന്‍ പ്രതികളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി എന്നിവര്‍ അടക്കം ആറു പേര്‍ ആരോഗ്യകാരണങ്ങളാല്‍ കോടതിയില്‍ ഹാജരാകുന്നില്ല.
ഇവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിധി കേള്‍ക്കുന്നത്‌.

28 വര്‍ഷം നീണ്ട വിചാരണക്കിടെ 354 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. മൊത്തം 49 പ്രതികളാണ് രണ്ട് കേസുകളിലായി (എഫ്‌ഐആര്‍ 197/1992, 198/1992) ഉള്ളത്. ഇതില്‍ 17 പേര്‍ മരിച്ചു. എട്ട് ബിജെപി നേതാക്കളുടെ പേരാണ് എഫ്‌ഐആറില്‍ ഉള്ളത്. എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ്, വിനയ് കത്യാര്‍, സാക്ഷി മഹാരാജ്, ലല്ലു സിങ്, ബിബി ശരണ്‍ സിങ് എന്നിവര്‍.

ലഖ്‌നൗവിലെ കൈസര്‍ബാഗിലെ ഓള്‍ഡ് ഹൈക്കോര്‍ട്ട് ബില്‍ഡിങിലെ അയോധ്യ പ്രകാരന്‍ കോടതിയിലായിരുന്നു വിചാരണ നടപടികള്‍. 2017ലാണ് സുപ്രിംകോടതി കേസ് ഈ കോടതിയിലേക്ക മാറ്റിയത്.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്. രാമന്റെ ജന്മസ്ഥലമാണ് എന്നാരോപിച്ചായിരുന്നു മസ്ജിദ് ധ്വംസനം. പിന്നീട് ബാബരി മസ്ജിദ്-രാമജന്മഭൂമി ഭൂമി തര്‍ക്കകേസില്‍ മസ്ജിദ് നിലനിന്നിരുന്ന സ്ഥലം സുപ്രിം കോടതി രാമക്ഷേത്രത്തിനായി വിട്ടു കൊടുത്തിരുന്നു. എന്നാല്‍ മസ്ജിദ് തകര്‍ത്തത് നിയമ ലംഘനമാണ് എന്നും പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു.

 

Test User: