X

ബഹുഭാര്യത്വമാണോ ബാബരി കേസാണോ പ്രധാനം?

കേസ് വിശാല ബെഞ്ചിന് വിടാത്തത് ചോദ്യംചെയ്ത് മുസ്്‌ലിം കക്ഷികളുടെ അഭിഭാഷകന്‍

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസ് സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിടാത്തതിലെ അതൃപ്തി തുറന്നു പ്രകടിപ്പിച്ച് മുസ്്‌ലിംകളെ പ്രതിനിധീകരിക്കുന്ന കക്ഷികള്‍. ബഹു ഭാര്യത്വമാണോ ബാബരി കേ സാണോ പ്രധാനമെന്ന് സുപ്രീംകോടതി വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുമ്പാകെ മുസ്്‌ലിം കക്ഷികള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ രാജീവ് ധവാന്‍ ആവശ്യപ്പെട്ടു.
45 മിനുട്ട് നീണ്ട വാദത്തിനിടെ രണ്ടു വിഷയത്തിലും നീതിപീഠം പുലര്‍ത്തുന്ന വ്യത്യസ്ത താല്‍പര്യങ്ങള്‍ തുറന്നു കാണിക്കാനാണ് രാജീവ് ധവാന്‍ ശ്രമിച്ചത്. ഇത് പല ഘട്ടത്തിലും ജുഡീഷ്യറിയുമായി ഏറ്റുമുട്ടല്‍ സ്വഭാവത്തിലേക്ക് മാറുകയും ചെയ്തു. ബഹുഭാര്യത്വം നിരോധിക്കണമെന്ന ഹര്‍ജി എത്ര വേഗത്തിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടത്. എന്നാല്‍ ബാബരി കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും തീരുമാനമെടുത്തില്ല. ബഹു ഭാര്യത്വം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന മുസ്്‌ലിംകള്‍ക്ക് ദോഷകരായ ഹര്‍ജിയാണോ, രാം ജന്മഭൂമി – ബാബരി മസ്ജിദ് ഉടമസ്ഥാവകാശ തര്‍ക്കമാണോ പ്രധാനം?. ഏതാണെന്ന് നിങ്ങള്‍ പറയണം. ഞാനിവിടെയുണ്ട്. മാധ്യമങ്ങളും ഇവിടെയുണ്ട്- ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിനെ രാജീവ് ധവാന്‍ വെല്ലുവിളിച്ചു.
ബഹുഭാര്യത്വ കേസ് ഭരണഘടനാ ബെഞ്ചിന് വിടാമെങ്കില്‍ ബാബരി കേസും ഭരണഘടനാ ബെഞ്ചിന് വിടാന്‍ കഴിയണം- ധവാന്‍ പറഞ്ഞു. ബഹു ഭാര്യത്വ കേസ് ഹര്‍ജി പരിഗണിച്ച ആദ്യ ദിവസം തന്നെ, 2018 മാര്‍ച്ച് 26ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടാന്‍ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. ബാബരി കേസിന് അതിനേക്കാള്‍ പ്രധാന്യമുണ്ട്. ഇന്ത്യന്‍ മേതതരത്വത്തെ തന്നെ സ്വാധീനിക്കുന്ന കേസാണിത്. ബഹുഭാര്യത്വത്തേക്കാള്‍ എന്തുകൊണ്ടും ഈ വിഷയത്തിന് പ്രസക്തിയുണ്ടെന്നും അദ്ദേഹം വാദിച്ചു.
ഇസ്മായില്‍ ഫാറൂഖി വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ 24 വര്‍ഷം മുമ്പ് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്നാണ് ബാബരി കേസില്‍ മുസ്്‌ലിംപക്ഷത്തെ പ്രതിനിധീകരിക്കുന്ന കക്ഷികളുടെ ആവശ്യം. ഇസ്്‌ലാമിക വിശ്വാസ പ്രകാരം ജീവിക്കുന്നതിന് പള്ളികള്‍ അവിഭാജ്യ ഘടകമല്ലെന്നും മുസ്്‌ലിംകള്‍ക്ക് എവിടെ വേണമെങ്കിലും നമസ്‌കാരം നിര്‍വഹിക്കാമെന്നുമായിരുന്നു 1994ല്‍ ഭരണഘടനാ ബെഞ്ച് വിധിച്ചത്. ഈ വിധി പുനഃപരിശോധിക്കല്‍ അനിവാര്യമാണ്. എങ്കിലേ ബാബരി കേസിന്റെയും ഇസ്്‌ലാമിക വിശ്വാസമനുസരിച്ച് പള്ളി പുനഃസ്ഥാപിക്കേണ്ടതിന്റെയും പ്രസക്തി ബോധ്യപ്പെടുത്താനാവൂ. 1994ലെ വിധി ഭരണഘടനാ ബെഞ്ചിന്റേതായതിനാല്‍ ഭരണഘടനാ ബെഞ്ചിന് മാത്രമേ ഇതില്‍ പുനഃപരിശോധന സാധ്യമാവൂ. അതുകൊണ്ടാണ് ബാബരി കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് മുസ്്‌ലിംകള്‍ നിരന്തരം ആവശ്യപ്പെടുന്നതെന്നും അഡ്വ. രാജീവ് ധാവന്‍ വാദിച്ചു.
അതേസമയം ബഹുഭാര്യത്വ കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത് ബാബരി കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യത്തിന് പശ്ചാത്തലമാക്കേണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നിലപാട്.
ബാബരി കേസില്‍ അല്‍പാല്‍പമായ വിധിപ്രസ്താവം സാധ്യമല്ലെന്നും ഇരുപക്ഷത്തിനും പറയാനുള്ളത് കേട്ട ശേഷം മാത്രമേ കോടതി തീരുമാനം എടുക്കൂവെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഭൂഷണും വ്യക്തമാക്കി. ഇതിനിടെ ഇരു പക്ഷത്തെ അഭിഭാഷകര്‍ തമ്മിലും രൂക്ഷ വാഗ്വാദം അരങ്ങേറി. എതിര്‍ പക്ഷത്തിനു വേണ്ടി ഹാജരായ അഡ്വ. പരാശരനുമായി രാജീവ് ധവാന്‍ കൊമ്പു കോര്‍ത്തതോടെ ജസ്റ്റിസ് ഭൂഷണ്‍ ഇടപെട്ടു.
ഇവിടെ മാധ്യമങ്ങള്‍ ഉണ്ടെന്നും അവര്‍ വ്യത്യസ്തമായ ജോലിയാണ് ചെയ്യുന്നതെന്നുമുള്ള കാര്യം ഓര്‍ക്കണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. മാധ്യമങ്ങള്‍ ഉള്ളതില്‍ എന്താണ് തെറ്റെന്നായി അഡ്വ. ധവാ ന്‍. അവര്‍ക്ക് ഇവിടെ വരാനുള്ള അവകാശമുണ്ട്. ഇവിടെ നടക്കുന്നത് എന്തെന്ന് അറിയാനുള്ള അവകാശം ഇന്ത്യയിലെ ജനങ്ങള്‍ക്കുമുണ്ട്. മറുപക്ഷത്തു നിന്ന് പല സമ്മര്‍ദ്ദങ്ങളുമുണ്ടാകാം, എന്നാല്‍ എനിക്ക് നീതിയില്‍ മാത്രമാണ് താല്‍പര്യം. ഞാനെന്റെ കേസ് വാദിക്കും- ധവാന്‍ കൂട്ടിച്ചേര്‍ത്തു.
എതിര്‍ ഭാഗം വക്കീല്‍ കോടതിയെ ഭീഷണിപ്പെടുത്തി കേസ് ഭരണഘടനാ ബെഞ്ചിന് വിടുവിക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു അഡ്വ. പരാശരന്റെ വാദം. ബഹുഭാര്യത്വം പുതിയ വിഷയമാണ്. അയോധ്യ കേസ് അങ്ങനെയല്ല. 24 വര്‍ഷം മുമ്പുള്ള വിധി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. കേസിന്റെ ഗൗരവവും പ്രാധാന്യവും കോടതിക്ക് ബോധ്യമുണ്ട്. മുസ്്‌ലിംകളുടെ ആരാധനക്കുള്ള അവകാശവുമായി കേസിന് എത്രത്തോളം ബന്ധമുണ്ട് എന്നതും ചീഫ് ജസ്റ്റിസിന് അറിയാം. അതുകൊണ്ടാണ് കേസ് ആഴത്തില്‍ പരിശോധിക്കണമെന്ന് തീരുമാനിച്ചത്.
ചില സ്ഥലങ്ങള്‍ക്ക് മതവിശ്വാസവുമായും ആരാധാനയുമായും ബന്ധപ്പെട്ട അവിഭാജ്യ ഘടകമാണെന്ന വാദമാണ് ഫാറൂഖി കേസില്‍ ഉന്നയിക്കപ്പെട്ടിരുന്നതെന്നും പരാശരന്‍ വാദിച്ചു.
എന്നാല്‍ പള്ളി ഇസ്്‌ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന് പറഞ്ഞ്, മുസ്്‌ലിംകളോട് തുറന്ന സ്ഥലത്ത് ആരാധന നടത്താന്‍ കല്‍പ്പിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് അഡ്വ. ധവാന്‍ തിരിച്ചടിച്ചു. തകര്‍ക്കപ്പെട്ടു കഴിഞ്ഞതിനാല്‍ പള്ളി എന്നത് കേവലം ആരാധനയുടെ മാത്രം പ്രശ്‌നമല്ലെന്നും അദ്ദേഹം വാദിച്ചു. കേസില്‍ ഈ മാസം 27ന് വാദം തുടരും.

chandrika: