X

ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ചു;കയറുപയോഗിച്ച് സൈനികനൊപ്പം മലകയറാന്‍ തുടങ്ങി ബാബു

മലമ്പുഴയില്‍ മലയില്‍ കുടുങ്ങിയ യുവാവിനെ തിരിച്ചെത്തിക്കാനുള്ള രക്ഷാദൗത്യം അവസാനഘട്ടത്തില്‍. കുടുങ്ങിക്കിടക്കുന്ന ബാബുവിനെ അരികില്‍ രക്ഷാപ്രവര്‍ത്തനകരില്‍ ഒരാള്‍ എത്തി വെള്ളവും ഭക്ഷണവും എത്തിച്ചു.
കൂടാതെ പതിയെ പതിയെ കയര്‍ ഉപയോഗിച്ച് ഒരു സൈനികന്റെ കൂടെ മലകയറാന്‍ ബാബു ആരംഭിച്ചിട്ടുണ്ട്. മുകളില്‍ നിന്നും താഴേക്ക് കയറു കെട്ടി അതില്‍ പിടിച്ച് പതിയെ പതിയെ ആണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. മണിക്കൂറുകള്‍ക്കകം ബാബുവിനെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്

രക്ഷാ ദൗത്യത്തില്‍ രണ്ട് സംഘമായി മുപ്പതോളം അംഗങ്ങളാണുള്ളത്. ഫോറസ്റ്റ് വാച്ചര്‍മാരും ഡോക്ടര്‍മാരും സംഘത്തിലുണ്ട്.
മലമ്പുഴയില്‍ ട്രക്കിംഗിനിടെ വഴുതിവീണ് പാറയിടുക്കില്‍ അകപ്പെട്ട യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ അര്‍ധരാത്രിയും തുടരുന്നിരുന്നു. എന്‍.ഡി.ആര്‍.എഫ് സംഘങ്ങളുടെ നിരന്തരമായ പരിശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ കര-വ്യോമസേനകളുടെ സഹായംതേടി. ബംഗളുരൂവില്‍ നിന്നും ഊട്ടിയില്‍ നിന്നുമായി സൈനിക ഹെലികോപ്ടറും പര്‍വതാരോഹരും മലമ്പുഴയിലേക്ക് പുറപ്പെട്ടിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് മലമ്പുഴ ചെറാട് സ്വദേശി ബാബു (23) സുഹൃത്തുക്കള്‍ക്കൊപ്പം മലകയറുന്നതിനിടെ കാല്‍വഴുതി മലയിടുക്കില്‍ വീണത്. സുഹൃത്തുക്കള്‍ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. രാത്രിയോടെ പൊലീസും ദുരന്തനിവാരണസേനയും രക്ഷാപ്രവര്‍ത്തനത്തിനായി മലമുകളിലേക്ക് എത്തിയെങ്കിലും യുവാവ് കുടുങ്ങിയ ഭാഗത്തേക്കെത്താന്‍ സാധിച്ചില്ല. പിന്നീട് സംഘം മലയില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു. വന്യമൃഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകളും സംഘം ഒരുക്കിയിരുന്നു. ഇന്നലെ രാവിലെയോടെ രക്ഷാപ്രവര്‍ത്തനം കലക്ടറുടെ നേതൃത്വത്തില്‍ പുനരാരംഭിച്ചു. റോപ്പ് ഉപയോഗിച്ച് ബാബു കുടുങ്ങികിടക്കുന്ന സ്ഥലത്തേക്ക് എത്താനായിരുന്നു ശ്രമിച്ചത്. ചെങ്കുത്തായ മലയായതിനാല്‍ റോപ്പ് കെട്ടാനോ താഴെയിറക്കാനോ സാധിക്കാതെ വന്നതോടെ ആ ശ്രമം ഉപേക്ഷിച്ചു. പിന്നീട് നേവിയുടെ ഹെലികോപ്ടര്‍ എത്തിച്ച് എയര്‍ലിഫ്റ്റ് ചെയ്യാനായിരുന്നു നീക്കം. തുടര്‍ന്ന് ഹെലികോപ്ടറെത്തി ശ്രമം നടന്നെങ്കിലും ശക്തമായ കാറ്റും മലമുകളില്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ കഴിയാത്തതിനാലും ആ ശ്രമം ഉപേക്ഷിച്ചു. ഇതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ അനിശ്ചിതത്വത്തിലായി. ഭക്ഷണമോ വെള്ളമോ ഇല്ലാതെ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ബാബുവിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ട്്.എന്നാല്‍ നിലവില്‍ രക്ഷാദൗത്യം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്.

web desk 3: