X

കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് തലകറങ്ങി താഴേക്ക്, കാലില്‍ പിടിച്ച് ബാബു എടുത്തുയര്‍ത്തിയത് ഒരു ജീവന്‍

വടകര: കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്നു തലകറങ്ങി വീണ ആളെ കാലില്‍ പിടിച്ചു രക്ഷപ്പെടുത്തിയ തൊഴിലാളിക്ക് അഭിനന്ദന പ്രവാഹം. വടകര കേരള ബാങ്കിന്റെ ശാഖ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വരാന്തയില്‍ നില്‍ക്കുമ്പോള്‍ താഴേക്കു പതിച്ച അരൂര്‍ ഹരിത വയല്‍ ബിനു നിലയത്തില്‍ ബാബു(38)വിനെയാണ് സമീപത്തു നില്‍ക്കുകയായിരുന്ന തയ്യില്‍ മീത്തല്‍ ബാബുരാജ് (45) രക്ഷിച്ചത്.

തൊഴിലാളികളായ ഇരുവരും ക്ഷേമനിധി അടയ്ക്കാനാണ് ബാങ്കില്‍ എത്തിയത്. ഊഴം കാത്ത് ബാങ്ക് വരാന്തയില്‍ നില്‍ക്കുമ്പോള്‍ ബിനു പെട്ടെന്ന് കെട്ടിടത്തിന്റെ കൈവരിയും കടന്ന് പിറകിലേക്കു വീഴുകയായിരുന്നു. പെട്ടെന്ന് ബിനുവിന്റെ കാലിന്മേല്‍ പിടിത്തം കിട്ടിയ ബാബുരാജ് കൈവരിയോട് കാല്‍ ചേര്‍ത്തു പിടിച്ച് ആത്മസാന്നിധ്യം കൈവിടാതെ നിന്നു. തുടര്‍ന്നു മറ്റുള്ളവരെ സഹായത്തിനായി വിളിച്ചു. അപ്പോഴേക്കും ബാങ്കില്‍ എത്തിയവരും ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരനും ഓടിയെത്തി ബിനുവിനെ പിടിച്ച് ഉയര്‍ത്തി വരാന്തയില്‍ കിടത്തി.

നേരത്തെ യുഎല്‍സിസിഎസിലെ ജീവനക്കാരനായിരുന്നു ബിനു. നിര്‍മാണ തൊഴിലാളിയാണ് രക്ഷപ്പെടുത്തിയ ബാബുരാജ്. ആശുപത്രിയില്‍ പ്രഥമശുശ്രൂഷയ്ക്ക് ശേഷം ബിനുവിനെ വീട്ടിലേക്ക് വിട്ടു. തക്ക സമയത്ത് ഒരാളെ രക്ഷിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ബാബുരാജ്. ബിനു വീഴുന്നതിന്റെയും ബാബുരാജ് രക്ഷിക്കുന്നതിന്റെയും സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തയ്യില്‍ മീത്തല്‍ പരേതനായ കണ്ണന്റെയും മാതുവിന്റെയും മകനാണ് ബാബുരാജ്. ഭാര്യ: നിഷ. മകള്‍: അവന്തിക.

 

web desk 3: