X

ബാൾട്ടിമോർ അപകടം: രണ്ട് നിര്‍മാണത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് പാലം തകര്‍ന്ന അപകടത്തില്‍ പുഴയിലേക്ക് വീണ് കാണാതായ 2 പേരുടെ മൃതദേഹം കണ്ടെത്തി. പട്ടാപ്‌സ്‌കോ പുഴയില്‍ ചുവപ്പ് പിക്കപ്പിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍.

കാണാതായ എട്ടുപേരില്‍ രണ്ടുപേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. പാലത്തിലെ കുഴികള്‍ നികത്തുന്ന പണിയിലേര്‍പ്പെട്ടിരുന്നവരാണ് 8 പേരും. മെക്‌സിക്കോ, ഗ്വാട്ടിമാല, എല്‍ സാല്‍വദോര്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണിവര്‍.

ഇരുട്ടും അടിയൊഴുക്കും വെള്ളത്തിന്റെ കൊടുംതണുപ്പും കാരണം ചൊവ്വാഴ്ച രാത്രി നിര്‍ത്തിവെച്ച തിരച്ചില്‍ ബുധനാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. ബാക്കിയുള്ള നാലുപേര്‍ക്കായുള്ള തിരച്ചില്‍ കോസ്റ്റ് ഗാര്‍ഡ് അവസാനിപ്പിച്ചു. തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കംചെയ്തതിനുശേഷം ഇവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കും. അതേസമയം, അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനായി കപ്പലിലെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കാണ് ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം ചരക്കുകപ്പലിടിച്ചു തകര്‍ന്നത്. 948 അടി നീളമുള്ള കപ്പല്‍ തുറമുഖത്തുനിന്ന് പുറപ്പെട്ട് അരമണിക്കൂറിനുള്ളിലാണ് അപകടമുണ്ടായത്. പാലത്തിലുണ്ടായിരുന്ന വാഹനങ്ങളും ആളുകളും നദിയില്‍ വീണു. മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗത്തിലാണ് കപ്പല്‍ നീങ്ങിയിരുന്നത്.

ശ്രീലങ്കയിലേക്കു ചരക്കുമായി യാത്രതിരിച്ച, സിങ്കപ്പൂര്‍ കൊടിയുള്ള ദാലി എന്ന കപ്പലാണ് പാലത്തിലിടിച്ചത്. മലയാളിയായ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിയുടെ സിനര്‍ജി മറൈന്‍ ഗ്രൂപ്പാണ് ‘ദാലി’യുടെ നടത്തിപ്പുകാര്‍. കപ്പലിലെ രണ്ടു കപ്പിത്താന്മാരുള്‍പ്പെടെ 22 ജീവനക്കാരും ഇന്ത്യക്കാര്‍ ആയിരുന്നു.

അപകടത്തിനു മുന്‍പേ അപായസന്ദേശം നല്‍കി പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെക്കാന്‍ സഹായിച്ച കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ ജീവനക്കാരെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഭിനന്ദിച്ചിരുന്നു. പാലം ഉടന്‍ പണിയുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

2023-ല്‍ ചിലിയില്‍ നടത്തിയ പരിശോധനയില്‍ കപ്പലിന്റെ ചില യന്ത്രങ്ങള്‍ക്കും കപ്പലിന്റെ ചലനത്തിലും കുഴപ്പമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, പിന്നീട് നടന്ന പരിശോധനകളില്‍ പ്രശ്‌നമില്ലെന്നു വ്യക്തമായതായി സിങ്കപ്പൂരിലെ മാരിറ്റൈം ആന്‍ഡ് പോര്‍ട്ട് അതോറിറ്റി പറഞ്ഞു. സിങ്കപ്പൂര്‍ കമ്പനിയായ ഗ്രേസ് ഓഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് കപ്പലിന്റെ ഉടമകള്‍. നടത്തിപ്പുകമ്പനിയായ സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെയും ആസ്ഥാനം സിങ്കപ്പൂരാണ്.

webdesk13: