X

ജസ്റ്റിസ് ലോയയുടെ മകനുപിന്നില്‍ അമിത്ഷായെന്ന് അഡ്വ. ബല്‍വന്ദ്

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മകന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നില്‍ അമിത്ഷാ ആണെന്ന് ആക്ഷേപം ഉയരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് മകന്‍ അനൂജ് വാര്‍ത്താസമ്മേളനം നടത്തി മരണത്തില്‍ സംശയമില്ലെന്ന് പറഞ്ഞതെന്ന് ലോയയുടെ സുഹൃത്ത് അഡ്വ. ബല്‍വന്ദ് യാദവ് പറഞ്ഞു.

കാലങ്ങളായി തനിക്ക് ആ കുടുംബത്തെ അറിയാം. അമിത്ഷായെ രക്ഷിക്കാനുള്ള രാഷ്ട്രീയ സമ്മര്‍ദ്ദമാണ് അവരെ ഇപ്പോള്‍ നിശബ്ദരാക്കിയതെന്ന് ബല്‍വന്ദ് പറഞ്ഞു. ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുളള ഒരു അന്വേഷണം വേണം. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചു മാത്രമല്ല 2014 ഡിസംബറില്‍ അദ്ദേഹം മരണപ്പെടാന്‍ കാരണമായ എല്ലാ സംഭവങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നലെയാണ് മകന്‍ അനൂജ് വാര്‍ത്താസമ്മേളനം നടത്തി ലോയയുടെ മരണത്തെക്കുറിച്ച് സംസാരിച്ചത്. ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് അനുജ് ലോയ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കുടുംബത്തിന് യാതൊരു സംശയവും ഇല്ല, പക്ഷേ തങ്ങളെ ചിലര്‍ ഇരകളാക്കുകയും പീഡിപ്പിക്കുകയാണെന്നും അനുജ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം വ്യാപകമാവുകയും ഇതേ കുറിച്ചുള്ള ഹര്‍ജി താരതമ്യേന ജൂനിയറായ ജഡ്ജിയുടെ ബെഞ്ചിലേക്ക് മാറ്റിയതില്‍ പ്രതിഷേധമറിയിച്ച് നാലു സുപ്രീം കോടതി ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തുകയും ചെയ്തതിനു പിന്നാലെയാണ് മകന്‍ പത്രസമ്മേളനം നടത്തിയതെന്നതും ശ്രദ്ധേയമാണ്. തനിക്ക് പിതാവിന്റെ മരണത്തില്‍ യാതൊരു സംശയവുമില്ല. നേരത്തെ ഇതുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംശയങ്ങളെല്ലാം മാറിയെന്നും അനൂജ് ലോയ പറഞ്ഞു. ജസ്റ്റിസ് ലോയ മരിക്കുമ്പോള്‍ തനിക്ക് 17 വയസായിരുന്നു പ്രായം, അന്ന് വൈകാരികമായ മാനസികാവസ്ഥയിലായിരുന്നു. ഒന്നും മനസിലായിരുന്നില്ല അനൂജ് പറഞ്ഞു.

സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റാരോപിതനായിരുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായോട് നേരിട്ട് കോടതിയില്‍ ഹാജരാവാന്‍ വേണ്ടി ജസ്റ്റിസ് ലോയ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെ 2014 ഡിസംബര്‍ ഒന്നിന് നാഗ്പൂരില്‍ വെച്ച് ലോയ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. ലോയക്കു പിന്നാലെ കേസില്‍ വിചാരണ കേട്ട പ്രത്യേക സി.ബി.ഐ ജഡ്ജി അമിത് ഷാ, ഗുജറാത്ത് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെ കേസില്‍ നിന്നും കുറ്റവിമുക്തരാക്കിയിരുന്നു.

അതേസമയം, ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബാംഗങ്ങളുടെ ആരോപണം കാരവന്‍ മാസിക പ്രസിദ്ധീകരിച്ചതോടു കൂടിയാണ് മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയത്. എന്നാല്‍ ജസ്റ്റിസ് ലോയയുടെ മരണത്തെ രാഷ്ട്രീയ വല്‍ക്കരിക്കുകയാണെന്നും തങ്ങളുടെ കുടുംബത്തില്‍ അസംതൃപ്തി വിതക്കാനും പീഡിപ്പിക്കാനുമാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മകന്‍ അനൂജ് പറയുന്നു. കുടുംബാംഗങ്ങളെ പീഡിപ്പിക്കരുതെന്ന് സന്നദ്ധ സംഘടനകളോടും അഭിഭാഷകരോടും അഭ്യര്‍ത്ഥിക്കുന്നതായും അനൂജ് പറഞ്ഞിരുന്നു. ഇതിന് പിന്നില്‍ അമിത്ഷാ ആണെന്നാണ് ഇപ്പോള്‍ ലോയയുടെ കുടുംബത്തോട് അടുത്ത വൃത്തങ്ങളെല്ലാം പറയുന്നത്.

chandrika: