X

ട്രംപിന്റെ വെബ്‌സൈറ്റില്‍നിന്ന് മുസ്‌ലിം വിലക്ക് നീക്കി

വാഷിങ്ടണ്‍: അമേരിക്കയിലേക്ക് മുസ്്‌ലിംകള്‍ക്ക് പ്രവേശനം നിഷേധിക്കുമെന്ന പരാമര്‍ശം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെബ്‌സൈറ്റില്‍നിന്ന് നീക്കി. പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപ് നടത്തിയ പ്രഖ്യാപനം അദ്ദേഹം പ്രസിഡന്റായ ശേഷവും വെബ്‌സൈറ്റില്‍ തുടര്‍ന്നിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകയുടെ ഇടപെടലിനെ തുടര്‍ന്നാണ് പരാമര്‍ശം നീക്കാന്‍ വൈറ്റ്ഹൗസ് നിര്‍ബന്ധിതമായത്.

അമേരിക്കയിലേക്ക് കടക്കുന്നതില്‍നിന്ന് മുസ്്‌ലിംകളെ പൂര്‍ണമായും തടയുമെന്ന തെരഞ്ഞെടുപ്പ് പ്രഖ്യാപനം എന്തുകൊണ്ടാണ് വെബ്‌സൈറ്റില്‍നിന്ന് നീക്കാത്തതെന്ന് എ.ബി.സി ലേഖിക വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസറോട് ചോദിച്ചിരുന്നു. വെബ്‌സൈറ്റില്‍ പറയുന്നത് എന്താണെന്ന് തനിക്ക് അറിയില്ലെന്നും അതേക്കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്നുമായിരുന്നു സ്‌പൈസറുടെ മറുപടി. എന്നാല്‍ മാധ്യപ്രവര്‍ത്തകയുടെ ചോദ്യവും സ്‌പൈസറുടെ മറുപടിയും കഴിഞ്ഞ് മിനുട്ടുകള്‍ക്കകം ട്രംപിന്റെ വെബ്‌സൈറ്റില്‍നിന്ന് മുസ്്‌ലിം വിരുദ്ധ പരാമര്‍ശം അപ്രത്യക്ഷമായി.

മുസ്്‌ലിംകളെ അമേരിക്കയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചാണ് ട്രംപ് വോട്ടു തേടിയത്. അത്തരമൊരു വാഗ്ദാനം വെബ്‌സൈറ്റില്‍നിന്ന് നീക്കിയത് എന്തിനാണെന്നായിരുന്നു തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വന്നപ്പോള്‍ സ്‌പൈസര്‍ നേരിട്ട ചോദ്യം. മുസ്്‌ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ട്രംപ് ഉദ്ദേശിച്ചിരുന്നില്ലെന്നും ശരിയായ ഉദ്ദേശ്യത്തോടെ ആളുകള്‍ അമേരിക്കയിലേക്ക് വരണമെന്ന് ഉറപ്പക്കാനായിരുന്നു അദ്ദേഹം ആലോചിച്ചിരുന്നതെന്നും സ്‌പൈസര്‍ മറുപടി നല്‍കി. എന്നാല്‍ മുസ്്‌ലിം വിലക്ക് തന്നെയാണ് ട്രംപ് ലക്ഷ്യമിട്ടിരുന്നതെന്ന് നിരവധി കോടതികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

chandrika: