X

ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി, ഇടുക്കിയില്‍ ഷട്ടറുകള്‍ ഉടന്‍ അടക്കില്ല

വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഷട്ടറുകള്‍ 90 സെ.മീറ്ററില്‍ 120 സെ.മീ ആയാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. 150 സെ.മീറ്ററിലേക്ക് ഘട്ടം ഘട്ടമായി ഉയര്‍ത്താനാണ് തീരുമാനമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നാലു ഷട്ടറുകളാണ് ഉയര്‍ത്തിയിരിക്കുന്നത്. 77 ക്യുമെക്‌സ് വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കികൊണ്ടിരിക്കുന്നത്.

വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്തതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതാണ് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്താന്‍ കെഎസ്ഇബി നിര്‍ബന്ധിതമായിരിക്കുന്നത്. ഇതേ തുടര്‍ന്ന് പരിസര പ്രദേശങ്ങളിലുള്ള ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസം ബാണാസുരസാഗര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെയാണ് തുറന്നതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. മുന്നറിയിപ്പില്ലാതെ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതാണ് ജനങ്ങളെ ദുരിതത്തിലാക്കിയതെന്ന് ആരോപിച്ച് പടിഞ്ഞാറത്തറ വില്ലേജ് ഓഫിസര്‍ പിപി പ്രസാദും രംഗത്തെത്തിയിരുന്നു.

chandrika: