X

ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നത് മുന്നറിയിപ്പില്ലാതെ; കലക്ടര്‍ വിശദീകരണം തേടി

കല്‍പ്പറ്റ:വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നത് മുന്നറിയിപ്പില്ലാതെയാണെന്ന് റിപ്പോര്‍ട്ട്. ഡാം തുറന്നത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് കലക്ടര്‍ വിശദീകരണം തേടി. മുന്നറിയിപ്പ് ഇല്ലാതെ അര്‍ദ്ധരാത്രി ഡാം തുറന്നുവിടുകയായിരുന്നുവെന്ന് എം.എല്‍.എ ഒ.ആര്‍ കേളു പറഞ്ഞു.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും കെഎസ്ഇബി പാലിച്ചില്ല. ഓറഞ്ച് അലര്‍ട്ടോ റെഡ് അലര്‍ട്ടോ പ്രഖ്യാപിക്കാതെ പാതിരാത്രിയില്‍ ഡാം തുറന്നുവിടുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു.

മുനേരത്തെ ഡാം അടച്ചതും ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നില്ല. ഇടുക്കിയിലെ ജാഗ്രത വയനാട്ടില്‍ കാണിച്ചില്ലെന്നും മുന്നറിയിപ്പില്ലാതെ നടത്തുന്ന ഇത്തരം നീക്കങ്ങളുടെ ജനങ്ങളുടെ ജീവന് ആപത്തുണ്ടാക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബിക്കെതിരെ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.

മുന്നറിയിപ്പില്ലാതെ ഡാം തുറന്നതിനാല്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാനാവാത്ത അവസ്ഥയിലാണ് ആളുകള്‍. കനത്ത നാശനഷ്ടമാണ് ഉണ്ടായത്. തങ്ങള്‍ക്കുണ്ടായ നാശനഷ്ടത്തിന് കെ.എസ്.ഇ.ബി നഷ്ടപരിഹാരം നല്‍കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.

chandrika: