X

അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയത് 2.4 കോടി രൂപ, രണ്ടുപേര്‍ പിടിയില്‍

തൃശ്ശൂരില്‍ യുവാക്കളുടെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ കയറിയത് രണ്ടരകോടിയോളം രൂപ. സ്വന്തം അക്കൗണ്ടിലേക്ക് ഇത്രയും പണം എങ്ങനെ എത്തി എന്ന അന്ധാളിപ്പില്‍ യുവാക്കള്‍. പിന്നീട് അധികം സമയം ചെലവാക്കാതെ അത് ചിലവാക്കാനും മടിച്ചില്ല. ഒടുവില്‍ പിടിവീഴുകയും ചെയ്തു. തൃശ്ശൂര്‍ അരിമ്പൂര്‍ സ്വദേശികളായ നിധിന്‍, മനു എന്നിവരാണ് അറസ്റ്റിലായത്. സൈബര്‍ ക്രൈം പോലീസാണ് ഇവരെ പിടിച്ചത്.

ന്യൂജെന്‍ ബാങ്കുകളിലൊന്നിലാണ് സംഭവമുണ്ടായത്. പിടിയിലായവരില്‍ ഒരാള്‍ക്ക് ഈ ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ അക്കൗണ്ടിലേക്ക് പണമെത്തിയത്. എത്തിയ ഉടന്‍ ഇരുവരും പണം മത്സരിച്ച് ചിലവാക്കാന്‍ തുടങ്ങി. ഏകദേശം രണ്ടരകോടിയോളം രൂപയാണ് ഇരുവരും ചേര്‍ന്ന് ചിലവഴിച്ചത്.

പുതിയ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പലതും ഇവര്‍ വാങ്ങികൂട്ടി. ഈ പണം ഉപയോഗിച്ച് ട്രേഡിങ്ങ് നടത്തി കടങ്ങള്‍ വീട്ടി ഷെയര്‍ മാര്‍ക്കറ്റിലും മറ്റും പണം ഇന്‍വെസ്റ്റ് ചെയ്തു. പല തവണയായി എത്തിയ പണം ഉപയോഗിച്ച് 171 ഇടപാടുകളാണ് ഇവര്‍ നടത്തിയത്. ബാങ്കിന് പണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വോഷണത്തിലാണ് സംഭവം പുറത്തുവന്നത്. അക്കൗണ്ടുള്ള ബാങ്കും മറ്റൊരു സ്വകാര്യ ബാങ്കും തമ്മില്‍ ലയനനീക്കം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലായിരിക്കാം പണം നഷ്ടപ്പെട്ടതെന്ന് കരുതുന്നു. ഇവര്‍ ചിലവഴിച്ചതില്‍ ഭൂരിഭാഗവും തിരിച്ചുപിടിക്കാനായി എന്നാണ് അറിയുന്നത്.

webdesk14: