X

എ.ടി.എം സേവന നിരക്കുകള്‍ ഉയര്‍ത്താന്‍ നീക്കം

മുംബൈ: ഇന്റര്‍ ബാങ്കിങ് എ.ടി.എം സേവനങ്ങള്‍ക്ക് നല്‍കുന്ന നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് ഓപ്പറേറ്റര്‍മാര്‍. നോട്ടു നിരോധനത്തിനു ശേഷം എ.ടി.എം ഉപയോഗത്തിലുണ്ടായ കുറവ് കാരണം മെയിന്റനന്‍സ് ചെലവ് ഒത്തുപോകാത്ത പശ്ചാത്തലത്തിലാണ് പുതിയ ആവശ്യം. നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച ആവശ്യം ഉന്നയിച്ചത്.

മറ്റ് ബാങ്കുകളുടെ എ.ടി.എമ്മില്‍നിന്നും പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും നിലവില്‍ നിശ്ചിത തുക സേവന നിരക്ക് ഈടാക്കുന്നുണ്ട്. ഈ തുക വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ് ഓപ്പറേറ്റര്‍മാര്‍ ഉന്നയിച്ചിരിക്കുന്നത്. സ്വന്തമായി എ.ടി.എം നെറ്റ് വര്‍ക്കുകള്‍ കുറവുള്ള ചെറുകിട ബാങ്കുകളെയാണ് തീരുമാനം ബാധിക്കുക. നിലവില്‍ നിശ്ചിത എണ്ണം ഇടപാട് സൗജന്യവും തുടര്‍ന്നുള്ള ഓരോ ഇടപാടിനും ഉപഭോക്താവില്‍നിന്ന് നിശ്ചിത തുക സേവന നിരക്കായി ഈടാക്കുകയുമാണ് ബാങ്കുകള്‍ ചെയ്യുന്നത്.

ഓപ്പറേറ്റര്‍മാര്‍ നിരക്ക് ഉയര്‍ത്തിയാല്‍ സൗജന്യ ഇടപാടുകളുടെ എണ്ണം വെട്ടിക്കുറക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമാകും. നിശ്ചിത എണ്ണത്തില്‍ കവിഞ്ഞ ഇടപാടിന് നിലവില്‍ ഈടാക്കിക്കൊണ്ടിരിക്കുന്ന സേവന നിരക്ക് ഉയര്‍ത്തേണ്ടിയും വരും. സ്വകാര്യ ബാങ്കുകളാണ് നിരക്ക് ഉയര്‍ത്തണമെന്ന ആവശ്യവുമായി പ്രധാനമായി രംഗത്തുള്ളത്. പൊതുമേഖലാ ബാങ്കുകള്‍ ഇത്തരമൊരു നീക്കത്തിന് എതിരാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

chandrika: