X

അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ്; എസ്ബിഐ നേടിയത് 1771 കോടി

ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് അക്കൗണ്ടുകളില്‍ നിന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1771 കോടി പിഴ ഈടാക്കിയതായി റിപ്പോര്‍ട്ട്. 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 1,771 കോടി രൂപ സമാഹരിച്ചതായി ധനമന്ത്രാലയത്തിന്റെ കണക്കുകളാണ് വ്യക്തമാക്കുന്നത്.

എസ്ബിടി അടക്കമുള്ള ബാങ്കുകളുടെ ലയനത്തിന് ശേഷം നടപ്പിലാക്കിയ തീരുമാനത്തിലൂടെയാണ് എസ്.ബി.ഐ ഇത്രയും കോടി രൂപ നേട്ടമുണ്ടാക്കിയത്. എസ്ബിഐയുടെ മൂന്നാം പാദത്തിലെ ലാഭത്തേക്കാള്‍ ഉയര്‍ന്നതാണ് ഇത്. 1356 കോടിയായിരുന്നു 2017 ലെ ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള ലാഭം. ഇതിന് പുറമേ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ആറ് മാസം കൊണ്ട് നേടിയ 3500 കോടിയില്‍ പരം രൂപയുടെ ലാഭത്തിന്റെ നേര്‍പകുതിയുമാണിത്.

എസ്ബിഐക്ക് മൊത്തം 42 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളാണുള്ളത്്. ഇതില്‍ 13 കോടി ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളും പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളുമാണ്. പ്രധാനമന്ത്രി ജന്‍ധന്‍ യോജനയിലൂടെ ആരംഭിച്ച സാധാരണക്കാരുടെ സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്നുമാണ് എസ്ബിഐ നേട്ടമുണ്ടാക്കിയത്.

അതേസമയം 2016-17 സാമ്പത്തിക വര്‍ഷത്തില്‍ മാസവാടകയായി മിനിമം ബാലന്‍സ് ഇനത്തില്‍ എസ്ബിഐ പിഴ ഈടാക്കിയിരുന്നില്ല.

മാസത്തില്‍ ഈടാക്കുന്ന പുതിയ പിഴ വഴി ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 1,581.55 കോടി രൂപയായി ഉയര്‍ന്നു. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ആദ്യപാദത്തിലെ അറ്റാദായം 3,586 കോടി രൂപയായിരുന്നു. 2017 ഏപ്രില്‍ ഒന്നിന് ശേഷമാണ് ലെവി ഈടാക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചത്.

എസ്ബിഐക്ക് കഴിഞ്ഞാല്‍ മിനിമം ബാലന്‍സ് ഇനത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 97.34 കോടി രൂപ ഈടാക്കിയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് രണ്ടാം സ്ഥാനത്തെത്തിയത്.

chandrika: