X
    Categories: CultureMoreViews

ബാര്‍സക്ക് അടിതെറ്റി; അവസരം മുതലെടുത്ത് റയല്‍

ഡിപോര്‍ട്ടിവോ രണ്ടാം ഗോള്‍ നേടിയപ്പോള്‍ നിരാശയോടെ ലയണല്‍ മെസ്സി

സ്പാനിഷ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബാര്‍സലോണക്ക് എവേ ഗ്രൗണ്ടില്‍ തോല്‍വി. ഡിപോര്‍ട്ടിവോ ലാ കൊരുണയോടാണ് ഒന്നിനെതിരെ രണ്ടു ഗോളിന് ബാര്‍സ തോറ്റത്. കാറ്റലന്‍ ടീമിന്റെ വീഴ്ച മുതലെടുത്ത റയല്‍ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളിന് റയല്‍ ബെറ്റിസിനെ കീഴടക്കി പോയിന്റ് ടേബിളിലെ ലീഡ് തിരിച്ചുപിടിച്ച്. ബാര്‍സയേക്കാള്‍ ഒരു കളി കുറവ് കളിച്ച റയലിന് ഇപ്പോള്‍ രണ്ട് പോയിന്റ് ലീഡുണ്ട്.

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ പി.എസ്.ജിയെ 6-1 ന് തകര്‍ത്ത് ചരിത്രം കുറിച്ച ബാര്‍സലോണക്ക് ഡിപോര്‍ട്ടിവോയുടെ തട്ടകത്തില്‍ കനത്ത വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്. 40-ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കിനെ തുടര്‍ന്ന് ബോക്‌സിലുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ ബാര്‍സ കീപ്പര്‍ ടെര്‍സ്റ്റെയ്ഗന്റെ പിഴവ് മുതലെടുത്ത് ഹൊസേലു ആതിഥേയര്‍ക്ക് ലീഡ് നല്‍കി. ഇടവേള കഴിഞ്ഞെത്തിയ ഉടന്‍ ലൂയിസ് സുവാരസ് ബാര്‍സയെ ഒപ്പമെത്തിച്ചു. എന്നാല്‍ 74-ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ തലവെച്ച് അലെയാന്ദ്രോ ബെര്‍ഗന്റിനോസ് ഡിപോര്‍ട്ടിവോക്ക് ജയം സമ്മാനിച്ചു. പുറത്താകല്‍ ഭീഷണിയില്‍ നില്‍ക്കുന്ന ഡിപോര്‍ട്ടിവോക്ക് ഈ ജയം വന്‍ നേട്ടമായപ്പോള്‍ ഏറെ കാലത്തിനു ശേഷം ലീഗില്‍ ലീഡ് പിടിച്ചെടുത്ത ബാര്‍സക്ക് തിരിച്ചടിയായി.

ബാര്‍സയുടെ മത്സരത്തിനു ശേഷം റിയല്‍ ബെറ്റിസിനെ നേരിട്ട റയല്‍ മാഡ്രിഡ് സാന്റിയാഗോ ബര്‍ണേബുവില്‍ ഒരു ഗോൡന് പിന്നില്‍ നിന്ന ശേഷമാണ് ജയിച്ചു കയറിയത്. 24-ാം മിനുട്ടില്‍ ബെറ്റിസ് താരത്തിന്റെ ഷോട്ട് പിടിച്ചെടുക്കുന്നതില്‍ റയല്‍ കീപ്പര്‍ കെയ്‌ലര്‍ നവാസ് ഭീമാബദ്ധം വരുത്തിയപ്പോള്‍ ആതിഥേര്‍ ഗോള്‍ വഴങ്ങി. എങ്കിലും ഇടവേളക്ക് പിരിയുന്നതിനു മുമ്പ് മാര്‍സലോയുടെ ക്രോസില്‍ നിന്ന് ഹെഡ്ഡര്‍ ഗോളുതിര്‍ത്ത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒപ്പമെത്തിച്ചു.

81-ാം മിനുട്ടില്‍ സെര്‍ജിയോ റാമോസ് റയലിന്റെ വിജയ ഗോള്‍ നേടി. പതിവു പോലെ ടോണി ക്രൂസിന്റെ കോര്‍ണര്‍ കിക്കില്‍ തലവെച്ചായിരുന്നു റാമോസിന്റെ ഗോള്‍. ഇഞ്ചുറി ടൈമില്‍ നിന്ന് തകര്‍പ്പന്‍ ഡൈവിങ് സേവോടെ കെയ്‌ലര്‍ നവാസ് തന്റെ പിഴവിന് പ്രായശ്ചിത്തം ചെയ്തതോടെ റയല്‍ മൂന്നു പോയിന്റും ലീഡും സ്വന്തമാക്കി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: