X

സ്വാതന്ത്ര്യത്തിന് കാതോര്‍ത്ത് കാറ്റലോണിയ; കരുത്ത് കാട്ടി ഐക്യറാലി

Demonstrators wave Spanish flags and shout in front of city hall during a demonstration in favor of a unified Spain a day before a banned October 1 independence referendum in Catalonia, in Madrid, Spain, September 30, 2017. REUTERS/Sergio Perez

മാഡ്രിഡ്: ഹിതപരിശോധന നടത്തി കാറ്റലോണിയ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് കാത്തിരിക്കെ സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍ ഐക്യറാലി. സ്‌പെയിനില്‍നിന്ന് വേറിട്ടുപോകാനുള്ള മാഡ്രിഡിന്റെ നീക്കത്തിനെതിരെ നടന്ന റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.

ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് ആഹ്വാനം ചെയ്ത് കാറ്റലന്‍ നഗരമായ ബാഴ്‌സലോണയിലും റാലി നടന്നു. കാറ്റലന്‍ നേതാവ് കാള്‍സ് പ്യൂഗ്‌ഡെമൗണ്ട് ചൊവ്വാഴ്ച പാര്‍ലമന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇത് തടയുന്നതിന് സ്പാനിഷ് ഭരണഘടനാ കോടതി തിങ്കളാഴ്ച തുടങ്ങുന്ന കാറ്റലന്‍ പാര്‍ലമെന്റ് സമ്മേളനം നിര്‍ത്തിവെച്ച് ഉത്തരവിട്ടിരുന്നു.

പാര്‍ലമെന്റ് ഏകപക്ഷീയ സ്വതന്ത്ര്യ പ്രഖ്യാപനം നടത്തുമെന്ന് സ്‌പെയിന്‍ ഭയക്കുന്നു. എന്തു വിലകൊടുത്തും സ്വാതന്ത്ര്യ പ്രഖ്യാപനം തടയാനാണ് സ്പാനിഷ് ഭരണകൂടത്തിന്റെ തീരുമാനം. ഹിതപരിശോധനക്കിടെ 900 പേര്‍ക്ക് പരിക്കേറ്റ പൊലീസ് നടപടിയില്‍ സ്പാനിഷ് ഭരണകൂടം കാറ്റലോണിയയോട് മാപ്പുപറഞ്ഞു. പൊലീസുകാര്‍ക്കുവേണ്ടി മാപ്പുപറയുന്നതായി സര്‍ക്കാര്‍ വക്താവ് എന്റിക് മില്ലോ അറിയിച്ചു.

ഹിതപരിശോധന തടയുന്നതിന് പോളിങ് സ്‌റ്റേഷനുകളിലേക്ക് ഇരച്ചുകയറിയ പൊലീസ് വോട്ടര്‍മാരെ ബലമായി നീക്കുകയും ബാലറ്റ് ബോക്‌സുകള്‍ പിടിച്ചെടുക്കുയും ചെയ്തിരുന്നു. രാഷ്ട്രീയ അരക്ഷിതാവസ്ഥക്ക് കാരണമായ ഹിതപരിശോധനയുടെ പശ്ചാത്തലത്തില്‍ നിരവധി കമ്പനികള്‍ കാറ്റലോണിയയില്‍നിന്ന് പുറത്തുപോയിത്തുടങ്ങി.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ കെയിക്‌സ ഫൗണ്ടേഷന്‍ തങ്ങളുടെ ആസ്ഥാനം പാല്‍മയിലേക്ക് മാറ്റുന്നതായി അറിയിച്ചു.  ദിവസങ്ങള്‍ക്കു മുമ്പ് നടന്ന ഹിതപരിശോധനയില്‍ വോട്ടര്‍മാരില്‍ 90 ശതമാനം പേരും സ്വാതന്ത്ര്യത്തെ അനുകൂലിക്കുകയായിരുന്നു.

chandrika: