X

സിറ്റിക്ക് വീണ്ടും ബാര്‍സ പരീക്ഷ

മാഞ്ചസ്റ്റര്‍: ഏകപക്ഷീയമായ നാലു ഗോളിന്റെ തോല്‍വിക്ക് സ്വന്തം മൈതാനത്ത് പകരം ചോദിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കരുത്തുണ്ടോ. എതിരാളികള്‍ ബാര്‍സലോണയാണെന്നതിനാല്‍ ഉത്തരം എളുപ്പമല്ല. ഗ്രൂപ്പ് സിയില്‍ മരണക്കളിക്കാണ് സിറ്റി ഒരുങ്ങുന്നത.് അവസാന ലീഗ് മത്സരത്തില്‍ എവേ മൈതാനത്ത് വെസ്റ്റ് ബ്രോമിനെ തിരിച്ചുകിട്ടാത്ത നാലു ഗോളുകള്‍ക്ക് മുക്കിയാണ് സിറ്റി ഒരുക്കം പ്രഖ്യാപിച്ചത്. ബാര്‍സയാകട്ടെ ലീഗിലെ അവസാന സ്ഥാനക്കാരായ ഗ്രനാഡയുമായി ഒരു ഗോളിന്റെ നിറംകെട്ട വിജയവുമായാണ് വരുന്നത്. രാത്രി 1.15നാണ് മത്സരം.

ഇതേ സമയത്ത് നടക്കുന്ന മറ്റു മത്സരങ്ങളില്‍ ഇംഗ്ലീഷ് പ്രമുഖരായ ആഴ്‌സനല്‍ ലുദോ ഗോററ്റ്‌സിനെ എവേ മൈതാനത്ത് നേരിടും. ആഴ്‌സനല്‍ കളിക്കുന്ന ഗ്രൂപ്പ് എയില്‍ ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിക്കും ഇന്ന് മത്സരമുണ്ട്. ഗ്രൂപ്പ് ഡിയില്‍ ഡച്ച് പ്രമുഖരായ പി.എസ്.വിയും ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കും തമ്മിലാണ് മറ്റൊരു പ്രധാന മത്സരം. ഇതേ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സ്പാനിഷ് ടീം അത്‌ലറ്റിക്കോ മാഡ്രിഡ് റോസ്‌റ്റോവുമായി കളിക്കും. തുടരെ നാലാം വിജയമാണ് ഡീഗോ സിമിയോണിയുടെ കുട്ടികള്‍ ലക്ഷ്യമിടുന്നത്.
ഗോളടിച്ചാല്‍ മാത്രം മതിയാകില്ല, ബാര്‍സലോണ ഗോളടിക്കുന്ന തടുക്കുകയും വേണം എന്ന ദുഷ്‌കരമായ ദൗത്യമാണ് സിറ്റിക്കും ഗ്വാര്‍ഡിയോളക്കുമുള്ളത്. നൗകാമ്പില്‍ ഒരു എവേ ഗോള്‍ നേടാന്‍ പോലുമാകാത്തതിനാല്‍ എം.എസ്.എന്‍ ത്രയം നയിക്കുന്ന ബാര്‍സയുടെ ലോകോത്തര മുന്‍നിരയെ ഗോളടിക്കാന്‍ അനുവദിക്കാതിരിക്കുക എന്ന വെല്ലുവിളി ഭാരിച്ചതായിരിക്കും.

തങ്ങളുടെ മുന്‍ പരിശീലകന്‍ കൂടിയായ ഗ്വാര്‍ഡിയോളയുടെ ഇംഗ്ലണ്ടിലെ ആദ്യ പരീക്ഷണം കൂടുതല്‍ പ്രയാസകരമാക്കുകയായിരുന്നു ബാര്‍സ. ഗ്രൂപ്പ് സിയില്‍ കളിച്ച മൂന്നിലും ജയിച്ച് ഒമ്പതു പോയിന്റുമായി ബാര്‍സ ഒന്നാമത് നില്‍ക്കുമ്പോള്‍ മൂന്നു കളികളില്‍ നാലു പോയിന്റുള്ള സിറ്റി, മൂന്നു പോയിന്റുമായി തൊട്ടരികെ നില്‍ക്കുന്ന ജര്‍മന്‍ ടീം ബൊറൂഷ്യ ഗ്ലബാഷില്‍ നിന്ന് വെല്ലുവിളി നേരിടുകയാണ്. ഇന്ന് സിറ്റി ജയിക്കാതിരുന്നാല്‍, സ്വന്തം മൈതാനത്ത് സെല്‍റ്റിക്കിനെ തോല്‍പ്പിച്ച് ഗ്ലബാഷിന് രണ്ടാം സ്ഥാനത്തേക്കു കയറാനാകും. പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള സിറ്റിക്ക് അത് നാണക്കേടാകും. വലിയ പ്രതീക്ഷകളുമായി ബയേണ്‍ മ്യൂണിക്കില്‍ നിന്നെത്തിയ പെപ് ഗ്വാര്‍ഡിയോളക്ക് പ്രത്യേകിച്ചും.

ബാര്‍സലോണ താരങ്ങള്‍ ഇന്നലെ മാഞ്ചസ്റ്ററിലെത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്നു പുറത്തുവരുന്ന സ്പാനിഷ് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോ പിടിക്കാനും ഓട്ടോഗ്രാഫ് എഴുതിവാങ്ങിക്കാനും ആളുകള്‍ മത്സരിക്കുകയായിരുന്നു. നൗകാമ്പില്‍ സിറ്റിയെ മുക്കുന്നതിന് നേതൃത്വം നല്‍കിയ ലയണല്‍ മെസ്സിയാണ് ശ്രദ്ധാകേന്ദ്രം. സിറ്റിയുമായുള്ള മത്സരത്തിന്റെ മുന്നിലെ വാരം പരിക്കുമാറി ടീമില്‍ തിരിച്ചെത്തിയ മെസ്സി ഹാട്രിക് കുറിച്ച് സിറ്റിക്കെതിരെ ഗോളടിച്ചു കൂട്ടുന്ന ശീലം തുടരുകയായിരുന്നു. ഇംഗ്ലീഷ് ടീമുകള്‍ക്കെതിരെ മാസ്മരിക ഫോമാണ് മെസ്സി കാഴ്ചവെക്കുന്നത്. പ്രീമിയര്‍ ലീഗ് ടീമുകള്‍ക്കെതിരെ ഒടുവിലെ പതിഞ്ച് മത്സരങ്ങളില്‍ നിന്ന് പതിനാറ് ഗോളുകളാണ് മെസ്സി അടിച്ചുകൂട്ടിയത്. ഇതില്‍ അഞ്ചും സിറ്റിക്കെതിരെ ആയിരുന്നു.

ആക്രമണം തന്നെയായിരിക്കും ബാര്‍സയുടെ മുഖമുദ്ര. സിറ്റിയുടെ തട്ടകമായ ഇത്തിഹാദില്‍ ഒരു ഗോള്‍ നേടാന്‍ ബാര്‍സക്കു കഴിഞ്ഞാല്‍ സിറ്റിയുടെ വിജയ മാര്‍ജിന്‍ 6-1 ആയി ഉയരും. കളിയുടെ സ്വഭാവം പെട്ടെന്നു വിലയിരുത്തിയ ശേഷം വലിയ മാനക്കേട് ഒഴിവാക്കാനായി പ്രതിരോധത്തിലൂന്നി കളിക്കാന്‍ പെപ് ശ്രമിച്ചാലും അത്ഭുതമില്ല. ഗ്രൂപ്പ് എയില്‍ ആഴ്‌സനലും പി.എസ്.ജിയും ഒപ്പത്തിനൊപ്പം കുതിക്കുകയാണ്. മൂന്നു കളികളില്‍ ഇരുടീമുകള്‍ക്കും ഏഴു പോയിന്റ് വീതം. ഗോള്‍ ശരാശരിയില്‍ മൂന്നു ഗോളിന്റെ മുന്‍തൂക്കവുമായി ആഴ്‌സനലാണ് ഒന്നാമത്. ലുദോ ഗോററ്റ്‌സിനെ നേരിടുന്ന ആഴ്‌സനലിനും ബേസലിനെ നേരിടുന്ന പി.എസ്.ജിക്കും എതിരാളികളുടെ മൈതാനങ്ങളിലാണ് കളി.

ഗ്രൂപ്പ് ഡിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനു പിന്നിലായിപ്പോയ ബയേണിന് പി.എസ്.വിയുടെ മൈതാനത്ത് കളി എളുപ്പമാകില്ല. മൂന്നു കളികളില്‍ ഒാരോ പോയിന്റുമായി നില്‍ക്കുകയാണ് പി.എസ്.വിയും റോസ്‌റ്റോവും. ഇന്നു ജയിച്ചില്ലെങ്കില്‍ സാധ്യതകള്‍ക്ക് തിരിച്ചടിയേല്‍ക്കുമെന്നതിനാല്‍ ഡച്ചുകാര്‍ തങ്ങളുടെ വമ്പന്‍ എതിരാളികള്‍ക്കെതിരെ കൈമെയ് മറന്നു പൊരുതിയേക്കും. അതേസമയം, റോസ്‌റ്റോവിനെ വീഴ്ത്തി ലീഡുയര്‍ത്താനായിരിക്കും അത്‌ലറ്റിക്കോയുടെ ശ്രമം. കഴിഞ്ഞ മത്സരത്തില്‍ ബയേണിനെ വീഴ്ത്തി അവര്‍ കരുത്തുകാട്ടിയിരുന്നു. അത്‌ലറ്റിക്കോക്ക് ഒമ്പതും ബയേണിന് ആറും പോയിന്റാണ് നേട്ടം.

chandrika: