X

ലാലീഗ: ബാര്‍സലോണ കുതിക്കുന്നു, റയലിന് സമനില

മാഡ്രിഡ്: സ്പാനീഷ് ലാലീഗില്‍ ബാര്‍സലോണ കുതിക്കുന്നു. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ലെഗാനസിനെ തോല്‍പ്പിച്ചാണ് ബാര്‍സ 12 ലീഗ് മത്സരങ്ങളില്‍ നിന്നായി പതിനൊന്നാം ജയം സ്വന്തമാക്കുന്നത്. റയല്‍- അത്‌ലറ്റികോ മാഡ്രിഡ് പോരാട്ടം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചതും പോയിന്റ് ടേബിളില്‍ വ്യക്തമായ മുന്‍തൂക്കം നേടാന്‍ ബാര്‍സക്ക് ഗുണകരമായി.

ഉറുഗ്വെയ്ന്‍ താരം ലൂയിസ് സുവാരസിന്റെ ഇരട്ടഗോള്‍ പ്രകടനമാണ് ബാര്‍സക്ക് ജയമൊരുക്കിയത്. സീസണില്‍ ഗോള്‍ നേടുന്നതില്‍ പിറകോട്ടുപോയ സുവാരസ് ലെഗാസിനെതിരെ 28,60 മിനുട്ടുകളിലാണ് ലക്ഷ്യം കണ്ടു ഫോം വീണ്ടെടുത്തത് .90-ാം മിനുട്ടില്‍ ബ്രസീലിയന്‍ താരം പൗളിഞ്ഞോ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

നഗരവൈരികള്‍ ഏറ്റുമുട്ടിയ റയല്‍ -അത്‌ലറ്റികോ സമനിലയില്‍ പിരിഞ്ഞത് റയലിന് തിരിച്ചടിയായി. ക്രിസ്റ്റിയാനോയും കരീം ബെന്‍സമയും അണിനിരന്ന റയല്‍ മുന്നേറ്റനിര ഗോള്‍ നേടുന്നതില്‍ ഒരിക്കല്‍കൂടി പരാജയപ്പെട്ടു. ലീഗില്‍ ഒരു ഗോള്‍ മാത്രം നേടിയ ക്രിസ്റ്റിയാനോ സമ്മര്‍ദ്ദത്തിലാണ്. പോയിന്റ് ടേബിളില്‍ ബഹുദൂരം മുന്നിലുള്ള ബാര്‍സയെ മറികടന്ന് കിരീടം നിര്‍ത്താന്‍ റയലിന് നന്നേ വിയര്‍പ്പൊഴുക്കേണ്ടിവരും.

12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലീഗില്‍ 34 പോയിന്റുമായി ബാര്‍സയാണ് തലപ്പത്ത്. വലന്‍സിയ (27), റയല്‍ മാഡ്രിഡ് (24), അത്‌ലറ്റികോ മാഡ്രിഡ് (24) യഥാക്രമം ആദ്യനാലു സ്ഥാനങ്ങളില്‍. 12 ഗോള്‍ നേടിയ ബാര്‍സ താരം ലയണല്‍ മെസ്സിയാണ് ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ മുന്നില്‍

chandrika: